നമ്മുടെ ഉടലിന്റെയും ഉയിരിന്റെയും സൂക്ഷ്മ ഭാവങ്ങളെക്കുറിച്ചു സംസാരിക്കുന്നതു ചർമമാണ്. മുഖക്കുരുവും പാടും അസ്വാഭാവിക നിറവ്യതിയാനങ്ങളും രോഗാവസ്ഥകളും ഉൾപ്പെടെ ചർമത്തിലെ ഏതു പ്രതികൂല മാറ്റവും നമ്മെ അലോസരപ്പെടുത്തും. മെല്ലെ മനസ്സിലേക്കും ആ ദുഃഖം പടർന്നിറങ്ങും. വളരെ അവിചാരിതമായി തന്റെ ശരീരത്തിൽ പ്രകടമായ വിറ്റിലിഗോ എന്ന വെള്ളപ്പാണ്ട് രോഗത്തെ നേരിട്ടതും അതിജീവിച്ചതുമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് കൊല്ലം സ്വദേശിനിയായ ഡോ. ജാക്വിലിൻ മൈക്കിൾ.
ഒാസ്ട്രേലിയയിലെ ഡിഡ്നിയിൽ ഹീൽ സൊല്യൂഷൻസ് എന്ന സംരംഭം നടത്തുകയും അവിടെ ഹെൽത് ആൻഡ് ന്യൂട്രിഷൻ കോച്ചായി പ്രവർത്തിക്കുകയുമാണ് ഡോക്ടർ. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഫക്ഷൻ ആൻഡ് ഇമ്യൂണിറ്റിയിൽ ബിരുദാന്തരബിരുദം നേടി. ഇന്റർനാഷനൽ ബോർഡ് ഒാഫ് ലൈഫ് സ്‌റ്റൈൽ മെഡിസിനിൽ ഡിപ്ലോമേറ്റും ന്യൂട്രിഷൻ തെറപ്പിസ്‌റ്റും കൂടിയാണ് ഡോ. ജാക്വിലിൻ.
ജീവിതത്തിലെ അലച്ചിലുകളും ഉലച്ചിലുകളും രോഗകാരണമായെന്നു ഡോക്ടർ പറയുന്നു. രോഗാവസ്ഥയിലേക്കു നയിച്ച പ്രധാന കാരണം ജീവിതശൈലിയിലെ ക്രമരാഹിത്യമാണെന്ന തിരിച്ചറിവു കൂടി ഉൾക്കൊണ്ടാണു ഡോക്ടർ സൗഖ്യത്തിലേക്ക് എത്തിച്ചേർന്നത്. കവിളിൽ ഒരു കുഞ്ഞു പാട് ആ സമയത്ത് കുടുംബസമേതം ഇംഗ്ലണ്ടിലായിരുന്നു. അങ്ങനെയൊരു നാൾ കവിളിൽ ഒരു പൊട്ടുപോലെ ഒരു പാടു ഞാൻ കണ്ടെത്തി.ആദ്യം അത്ര ഗൗനിച്ചില്ല. പിന്നീട് അതു വളർന്നു. പഴയകാലത്തെ അഞ്ചു പൈസാ നാണയത്തേക്കാൾ ചെറിയ ഒരു വെളുത്ത അടയാളമായി അതു മാറി. ആ ഒരു വലുപ്പമെത്താൻ കുറച്ചു മാസങ്ങളെടുത്തുവെന്നു പറയാം. ഇത് എന്താണെന്നുള്ള സംശയം എന്നെ അലട്ടിക്കൊണ്ടിരുന്നു.
പല രോഗകാരണങ്ങളാലും വിവിധ ചർമ രോഗാവസ്ഥകളുടെ ഭാഗമായും ഇതു വരാം. ലെപ്രസി പോലുള്ള അവസ്ഥയിലും വെളുത്ത പാട് വരാറുണ്ട്. ഇതിന്റെ കാരണമറിയാൻ ജനറൽ പ്രാക്‌റ്റീഷനറുടെ ( ജി. പി) അടുത്തു പോയി. ജി പി ലക്ഷണങ്ങളും കാര്യങ്ങളും വിലയിരുത്തി. ഡെർമറ്റോളജിസ്റ്റിനു റഫർ ചെയ്തു. ഡെർമറ്റോളജിസ്‌റ്റ് വിറ്റിലിഗോ ആണെന്നു സ്ഥിരീകരിച്ചു. ആത്മസംഘർഷങ്ങളുടെ കാലം എന്റെ രോഗാവസ്ഥയുടെ യഥാർഥ തുടക്കം അതായിരുന്നില്ല.
അതിനു മുൻപുള്ള രണ്ടു വർഷക്കാലം മറ്റു പല രോഗാവസ്ഥകളിലൂടെയും ഞാൻ കടന്നു പോയിരുന്നു.ജീവിത സംഘർഷങ്ങളുടെ ആ കഠിനകാലത്താണു വിറ്റിലിഗോ തുടങ്ങുന്നത്. ഒരു മിസ്കാര്യേജുമായി ( സ്വാഭാവിക ഗർഭമലസൽ) ബന്ധപ്പെട്ട കുടുംബസമ്മർദങ്ങളുടെ ഫലമായി വിഷാദം ബാധിച്ചിരുന്നു. പിന്നീട് തൈറോയ്ഡ് പ്രശ്നങ്ങൾ, ഫൈബ്രോമയാൽജിയ എന്നിവയും ബാധിച്ചു. ഇതിനിടയ്ക്ക് മറ്റൊരു മിസ്കാര്യേജും സംഭവിച്ചു. ഇതെല്ലാം പോരാത്തതു പോലെയാണ് വിറ്റിലിഗോ വരുന്നത്. അതുകൊണ്ട് വെള്ളപ്പാണ്ടു രോഗത്തിന്റെകാരണങ്ങൾ ചോദിച്ചാൽ രോഗി എന്ന നിലയിലും ഡോക്ടർ എന്ന നിലയിലും എനിക്കു മറുപടി പറയേണ്ടി വരും. രോഗി എന്ന നിലയിൽ അമിത സമ്മർദമാണ് ഒരു പ്രധാന കാരണമെന്നു പറയാം. ചികിത്സയിലേക്ക് ഉടനെ പോയില്ല. ആദ്യഘട്ടത്തിൽ ഈ പാടിനെ അത്ര കാര്യമായെടുത്തുമില്ല. ആ കാലത്ത് ഇംഗ്ലണ്ടിൽ നിന്നു നാട്ടിൽ വന്നു. വീടുപണി നടക്കുകയാണ്. കുട്ടികളുമായി നാട്ടിൽനിന്നാണ് ഞാൻ വീടുപണി പൂർത്തീകരിച്ചത്. പാലുകാച്ചൽ കഴിഞ്ഞ് തിരികെ ഇംഗ്ലണ്ടിലേക്കു പോയി. ആ സമയത്ത് ഗർഭിണിയായിരുന്നു. അപ്പോൾ രോഗം കൂടാനിടയായി. ഇരുകവിളുകളിലും രോഗം പ്രകടമായി. ഡെർമറ്റോളജിസ്റ്റിന്റെ റഫറൽ കിട്ടുമ്പോൾ എന്റെ മുഖത്തിന്റെ ഇരുവശങ്ങളിലും ഓരോ പാടുകൾ ഉണ്ടായിരുന്നു.
എങ്ങുമെത്താതെ ചികിത്സകൾ
ഡെർമറ്റോളജിസ്റ്റ് വെസ്േറ്റൺ മെഡിസിന്റെ ഭാഗമായ മോഡേൺ മെഡിസിൻ ചികിത്സ ആരംഭിച്ചപ്പോൾ പറഞ്ഞു, ഇതോെടാപ്പം കാമഫ്ലാജ് നഴ്സിനെക്കൂടി കാണണം. കാമഫ്ലാജ് നഴ്സ് എന്തെന്നുപോലും എനിക്കു മനസ്സിലായില്ല. ചർമത്തിലെ വെളുത്ത പാട് മറയ്ക്കുന്നതിനാണു കാമഫ്ലാജ് മേക്കപ്പ് ചെയ്യുന്നത്. കാമഫ്ലാജ് നഴ്സിന്റെ കൈയിൽ ഒരു കളർ പാലറ്റ് ഉണ്ട്.എന്നാൽ എന്റെ സ്കിൻ ടോണിന് നഴ്സിന്റെ കൈയിലുള്ള നിറങ്ങൾ യോജിക്കുമായിരുന്നില്ല. നഴ്സ് രണ്ടു വ്യത്യസ്ത നിറങ്ങൾ ചേർത്തപ്പോഴാണ് എന്റെ സ്കിൻ ടോണിനോട് ഏകദേശം സാമ്യമുള്ള ഒരു നിറം ലഭിച്ചത്. ആ നിറം വെളുത്ത പാടുകൾക്കുമേൽ പുരട്ടും. അതൊരു ഫൗണ്ടേഷൻ പോലെയായിരുന്നു. അതിനു മീതെ പൗഡർ ഇടും.താൽക്കാലികമായ ഒരു മറച്ചു വയ്ക്കൽ. എന്റെ മുഖത്തെ പാടുകൾ വൃത്താകൃതിയിലായിരുന്നില്ല. അതിന്റെ അഗ്രമാകട്ടെ ക്രമരഹിതവും. ഈ അപാകത മൂലം കാമഫ്ലാജ് മേക്കപ്പ് ഇടാൻ ബുദ്ധിമുട്ടി.
കവിളിൽ വെള്ളപ്പാടുണ്ടായ സമയത്തെ ചിത്രം
ചികിത്സയുടെ ഭാഗമായി മരുന്നുകളും തുടങ്ങി.പക്ഷേ സ്റ്റിറോയ്ഡുകളും ഇമ്യൂണോ മോഡുലേറ്റർ ക്രീമുകളും പ്രയോജനം ചെയ്തില്ല. വെള്ളപ്പാണ്ടു വളർന്നുകൊണ്ടേയിരുന്നു. രോഗം മൂർച്ഛിച്ചപ്പോൾ ഡോക്ടറെ കൺസൽറ്റു ചെയ്ത ശേഷം നാട്ടിൽ നിന്നു ചില ഹോമിയോ മരുന്നുകളും ഉപയോഗിച്ചു തുടങ്ങി. അവയും പ്രയോജനം ചെയ്തില്ല. ഒന്നുരണ്ടു വർഷക്കാലം ചികിത്സയിൽ ഒരു പുരോഗമനവും ഉണ്ടായില്ല. വെള്ളപ്പാണ്ട് വീണ്ടും പടർന്നു. എന്റെ ഗവേഷണങ്ങളും നിരീക്ഷണങ്ങളും ആ സമയത്ത് ഞാൻ സ്വന്തമായി ഗവേഷണങ്ങളിലേക്കു കടന്നു. ഈ രോഗാവസ്ഥയിൽ നിന്ന് എങ്ങനെ കരകയറാമെന്നുമാത്രമായിരുന്നു മനസ്സിൽ. അപ്പോഴാണ് എന്റെ ജീവിതശൈലീമാറ്റങ്ങളെയും പ്രശ്നങ്ങളെയും കൂടുതൽ മനസ്സിലാക്കിയത്. മാനസികസമ്മർദം ഒരു കാരണമാണെന്നു മനസ്സിലായി.
വെള്ളപ്പാണ്ടു രോഗത്തോടു ജനിതകമായ സംവേദനക്ഷമത ഉള്ളവരിൽ ചില ട്രിഗറുകൾ കൊണ്ടു രോഗം വരാം. ഉദാ. തൊലിപ്പുറത്തെ മുറിവുകൾ, പൊള്ളൽ,രൂക്ഷമായ സൂര്യാതപം ചില രാസപദാർഥങ്ങൾ.. അങ്ങനെ. എന്റെ കാര്യത്തിൽ ഹെയർഡൈയുടെ ഉപയോഗം ഒരു ട്രിഗർ ഫാക്‌റ്റർ ആയിരുന്നു. മെലനോമ എന്ന രോഗത്തിന് ഇമ്യൂണോതെറപ്പി ചെയ്യുന്നവരിലും ചിലപ്പോൾ വിറ്റിലിഗോ കണ്ടുവരാറുണ്ട്. ഇതൊക്കെ പ്രത്യേകമായ കാരണങ്ങൾ ആണെങ്കിലും പൊതുവേ ഒാട്ടോഇമ്യൂൺ അവസ്ഥയിലുള്ള ചില കാരണങ്ങളും ബാധകമാണ്. അതിൽ മാനസിക സമ്മർദം അതിപ്രധാനമാണ്. പ്രത്യേകിച്ച് ദീർഘകാലം നീണ്ടു നിൽക്കുന്ന സമ്മർദം. ഇന്ന് ഞാൻ ചികിത്സിക്കുന്ന രോഗികളിൽ ചിലരുടെ കേസുകൾ പരിഗണിച്ചാൽ കുട്ടിക്കാലത്തെ ട്രോമയും ഒരു പ്രധാന കാരണമാണ്. രോഗകാലത്ത് പുളിയുള്ള ആഹാരം കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കാം. ബീഫ് അധികം കഴിക്കേണ്ട. ഗോതമ്പും ബീഫും ഞാൻ നന്നേ കുറച്ചിരുന്നു. എന്റെ രോഗികളിൽ പലർക്കും ഇമോഷനൽ ഹീലിങ്ങിലൂടെ വെള്ളപ്പാണ്ടിനു സൗഖ്യം ലഭിക്കുന്നുണ്ട്
ആ കാലത്ത് വളരെ താമസിച്ചു കിടന്ന്, നേരത്തെ ഉണരുമായിരുന്നു. ഉറക്കക്കുറവും കാരണമാകാമെന്നു തിരിച്ചറിഞ്ഞു. എന്റെ ജീവിതശൈലിയിലെ താളം തെറ്റലുകൾ രോഗത്തിന് ഇടവരുത്തിയോ എന്നും സംശയമുണ്ടായി. ലോകത്തിലെ തന്നെ മികച്ച ഒരു മെഡിക്കൽ സംവിധാനത്തിലായിരുന്നു അന്നു ഞാൻ ജോലി ചെയ്തിരുന്നത്. ചികിത്സ തേടാൻ പോയപ്പോൾ ഒരു കാര്യം മനസ്സിലാക്കി. ഒരു സ്പെഷലിസ്റ്റിനെ കാണുമ്പോൾ അവർ അവരുടെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. ഡെർമറ്റോളജിസ്‌റ്റ് ചർമത്തിന്റെ പ്രശ്നം മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. എനിക്ക് ഈ രണ്ടു വർഷക്കാലത്തിനിടയിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടായെന്നു തിരിച്ചറിയാനും ആ രീതിയിൽ ചികിത്സിക്കാനും ആരും തയാറായിട്ടില്ല. ഒരു ഡോക്ടറായതുകൊണ്ട് എനിക്ക് എന്തുചെയ്യാനാകുമെന്നായിരുന്നു അടുത്ത ചിന്ത.
എന്താണ് എന്റെ ശരീരത്തിലും ജീവിതത്തിലും സംഭവിക്കുന്നത്? ഞാനതിന്റെ കാരണങ്ങൾ തിരഞ്ഞു. കുറേ പഠനങ്ങളിൽ മുഴുകി. ഓട്ടോഇമ്യൂൺ രോഗാവസ്ഥകൾക്കു കാരണമാകാവുന്ന ബയോകെമിക്കൽ വഴികളെക്കുറിച്ചും എന്തൊക്കെയാണ് അതിന്റെ ഘടകങ്ങളെന്നും തിരിച്ചറിയുന്നതിനുള്ള ഒരു യാത്രയായിരുന്നു പിന്നീട്. ആ യാത്രയിൽ ഗട്ട് ഹെൽത്, ഉറക്കവും ഉറക്കമില്ലായ്മയും പിരിമുറുക്കവും ഇവയെല്ലാം പ്രധാന ഘടകങ്ങളാണെന്നറിഞ്ഞു. അങ്ങനെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിത്തുടങ്ങി. എന്റെ ചെവികളിൽ വെളുത്ത അടയാളങ്ങളുണ്ടായിരുന്നു.കവിളുകൾ, മൂക്കിന്റെ ഇരുവശങ്ങൾ,പുരികങ്ങളുടെ താഴെയും മുകളിലും ഇവിടെയെല്ലാം വെള്ളപ്പാണ്ടു തെളിഞ്ഞു നിന്നു. രോഗത്തിന്റെ മൂർധന്യാവസ്ഥയിലേക്ക് ഞാൻ കടന്നിരുന്നു. ജീവിതശൈലീമാറ്റവും പ്രാർത്ഥനയും ജീവിതശൈലീമാറ്റങ്ങൾ വരുത്തിയതിനൊപ്പം സൗഖ്യത്തിനു വേണ്ടി ഞാൻ പ്രാർത്ഥിച്ചു. ആത്മവിശ്വാസമുള്ള പ്രാർഥനയായിരുന്നു അത്. അതോടെ രോഗത്തിനു ശമനം കിട്ടി. 85-90% സൗഖ്യം എന്നു പറയാം. ഹൃദയം തുറന്നു പ്രാർഥിക്കാൻ ഒരു കാരണമുണ്ടായിരുന്നു. വിറ്റിലിഗോ മൂർധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്താണ് നാട്ടിലേക്കു പോകാൻ തീരുമാനിക്കുന്നത്. വീട്ടുകാർക്ക് എന്റെ രോഗാവസ്ഥ ഇത്ര ഗുരുതരമാണെന്ന് അറിയില്ലായിരുന്നു.
വീട്ടുകാർ കാണുമ്പോഴേക്കും സൗഖ്യം ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. അദ്ഭുതമെന്നു പറയട്ടെ, നാട്ടിലെത്തിയപ്പോഴേക്കും 85 ശതമാനത്തോളം രോഗം കുറഞ്ഞിരുന്നു. നാട്ടിലെത്തിക്കഴിഞ്ഞ് 90 ശതമാനത്തോളം സുഖമായി. അതാണ് ഹീലിങ്ങിന്റെ ആദ്യ ഘട്ടം. സൗഖ്യമേകിയ മരുന്നിന്റെ കഥ നാട്ടിൽ വച്ച് ഒരു കുടുംബത്തെ പരിചയപ്പെട്ടു. ഭർത്താവിന് വിറ്റിലിഗോ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരു മരുന്നിെനക്കുറിച്ച് പറഞ്ഞു. അതൊരു ഹോമിയോ മരുന്നായിരുന്നു. പാടുകളിൽ പുരട്ടാനും ഉള്ളിൽ കഴിക്കാനുമുള്ളവയായിരുന്നു ആ മരുന്നുകൾ. ഞാൻ ആ ആ മരുന്ന് ഉപയോഗിച്ചു തുടങ്ങി. അവശേഷിച്ച രോഗാവസ്ഥ പൂർണമായും സുഖപ്പെട്ടു.
അതിനുശേഷം ഒന്നു രണ്ടു വർഷത്തിനുശേഷം ഓസ്ട്രേലിയയിലേക്കു മാറി. യൂണിവേഴ്സിറ്റിയിൽ മാസ്േറ്റഴ്സിനു ചേർന്നു. അങ്ങനെ ജീവിതം മുൻപോട്ടു പോകവേ ജീവിതശൈലിയിലെ ചിട്ടകളെല്ലാം വീണ്ടും തകിടം മറിഞ്ഞു. മൂന്നു കുട്ടികൾ. കുടുംബത്തിലെ സമ്മർദം, കൃത്യമാകാത്ത ഉറക്കം. ആ സമയത്തു ഞാൻ ഹെയർ കളറിങ്ങും ചെയ്തിരുന്നു. വിറ്റിലിഗോ വീണ്ടും പ്രകടമായി മുഖത്തു വന്നു. വിറ്റിലിഗോ വീണ്ടും വന്നപ്പോൾ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങളെല്ലാം ഞാൻ പ്രാവർത്തികമാക്കി. ഗട്ട് ഹെൽത് ശ്രദ്ധിച്ചു. ഉറക്കം കൃത്യമാക്കി. പിരിമുറുക്കം കുറച്ചു. ശേഷം ഹോമിയോ മരുന്നും കഴിച്ചു. അങ്ങനെ രോഗം സുഖപ്പെട്ടു.
ഉള്ളിൽ നിറയ്ക്കാം സന്തോഷം
വിറ്റിലിഗോ രോഗം ബാധിച്ചവരോട് എനിക്കു പറയാനുള്ളത് സന്തോഷത്തോടെയിരിക്കുക എന്നാണ്. വിഷാദം ഉണ്ടെങ്കിൽ ഡോക്ടറെ കാണുക.രോഗത്തെ ഒാർത്തു വിഷമിക്കരുത്. ആളുകൾ നിങ്ങളെ നോക്കും, രോഗത്തെക്കുറിച്ചു ചോദിക്കും. അതോർമിച്ചു മനസ്സു തളർത്തരുത്. ആവശ്യമെങ്കിൽ പാടുകൾ മറയ്ക്കുന്നതിനുള്ള മേക്കപ്പ് ഉപയോഗിക്കാം. ഒന്നറിയുക, ഈ രോഗം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നില്ല.ആന്തരികാവയവങ്ങൾക്കു പ്രശ്നവും വരുത്തുന്നില്ല. ഇന്നു കണ്ണാടിയിൽ മുഖം നോക്കുമ്പോൾ ഭൂതകാലത്തെ രോഗാവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഒന്നും ഡോ. ജാക്വിലിന്റെ മുഖത്ത് അവശേഷിക്കുന്നില്ല. എങ്കിലും അത് ഒാർമിപ്പിക്കുന്നുണ്ട്, ജീവിതശൈലിയുടെ കൃത്യതയുള്ള ചുവടുകളെയും അതു ജീവിതത്തിനേകുന്ന സമാശ്വാസത്തേയും.
എന്താണ് വിറ്റിലിഗോ? ചികിത്സകൾ?
വിറ്റിലിഗോയ്ക്കു വിവിധങ്ങളായ ചികിത്സകൾ നിലവിലുണ്ട്. യുവി തെറപ്പി, ചർമത്തിൽ പുരട്ടുന്നതരംകോർട്ടിക്കോസ്‌റ്റീറോയ്ഡുകളും ഇമ്യൂണോ മോഡുലേറ്റർ ക്രീമുകളും അതിൽ ഉൾപ്പെടുന്നു.ട്രാൻസ്പ്ലാന്റേഷൻ ഡ്രാഫ്‌റ്റ് പോലുള്ള ചികിത്സകളാണു പുതുതായി കണ്ടു വരുന്നത്. സ്കിൻ ഗ്രാഫ്‌റ്റ് ഉണ്ട്. വെള്ളപാണ്ടു ബാധിച്ച ഭാഗത്തേയ്ക്ക് സാധാരണ സ്കിൻ മാറ്റി വയ്ക്കുന്നു.സെല്ലുലാർ ട്രാൻസ്പ്ലാന്റ് ആണ് മറ്റൊന്ന്.അതായത് മെലനോസൈറ്റ്സ് തന്നെ കൾച്ചർ ചെയ്ത് അതു മാറ്റി വയ്ക്കുന്നു.
നമ്മുടെ ചർമത്തിനു നിറം നൽകുന്നത് ചർമത്തിലുള്ള മെലനോസൈറ്റുകൾ ആണ്. നമ്മുടെ തന്നെ ശരീരത്തിലെ ഇമ്യൂൺ സെൽസ് അഥവാ പ്രതിരോധ കോശങ്ങൾ അവയെ ആക്രമിച്ചു നശിപ്പിക്കുമ്പോഴാണ് പാടുകൾ പോലുള്ള വെളുത്ത പാച്ചസ് ഉണ്ടാകുന്നത്. ഈ പാച്ചസ് ശരീരത്തിലെവിടെയും വരാം.
വിറ്റിലിഗോയുടെ ചില വിഭാഗങ്ങളെ അറിയാം
1. ജനറലൈസ്ഡ്– ശരീരത്തിലെവിടെയും അവിടിവിടെയായി വരാം.
2. സെഗ്മെന്റൽ – ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി വരാം. ഉദാഹരണത്തിന് കൈയിലോ മുഖത്തു മാത്രമായോ വരാം. മ്യൂക്കോസൽ– വായിലോ, ജനനേന്ദ്രിയങ്ങളിൽ ഉള്ള മ്യൂക്കോസൽ ടിഷ്യൂവിലോ. വിറ്റിലിഗോയെ ഒരു ഒാട്ടോ ഇമ്യൂൺ രോഗമായാണ് പൊതുവേ വൈദ്യശാസ്ത്രലോകം വിലയിരുത്തുന്നത്. വിറ്റിലിഗോ കൊണ്ട് അന്തരികാവയവങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ല.ശാരീരികമായി ആരോഗ്യമുള്ള അവസ്ഥയിൽ തന്നെയാണ്.