Saturday 06 March 2021 04:17 PM IST : By സ്വന്തം ലേഖകൻ

‘സ്നേഹത്തിനു മുന്നിൽ തോൽക്കുന്ന അവളുടെ ഹൃദയത്തെ ചേർത്തുപിടിക്കുക; അവളുടെ മനസ്സിനെ അറിയുക’; വനിതാ ദിനത്തോടനുബന്ധിച്ച് ശ്രദ്ധേയമായി കുറിപ്പ്

dr-anuugg55677788

മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനമാണ്. "സ്നേഹത്തിനു മുന്നിൽ തോൽക്കുന്ന അവളുടെ ഹൃദയത്തെ ചേർത്തുപിടിക്കുക, സർവ്വംസഹയായി നിൽക്കുമ്പോഴും പിടയുന്ന അവളുടെ മനസ്സിനെ അറിയുക. അവളുടെ പ്രതീക്ഷകൾ അസ്‌തമിക്കാതിരിക്കട്ടെ. ഓരോ പുലരിയും അവൾക്കായി പൊൻകിരണങ്ങൾ വിതറട്ടെ."- വനിതാ ദിനവുമായി ബന്ധപ്പെട്ട് ഡോക്ടർ അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

ഡോക്ടർ അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

പെണ്ണേ, നീ മാനം മുട്ടെ ഉയരേണം, നിന്റെ സ്വപ്നങ്ങൾക്ക് വർണ്ണങ്ങളേകണം, സ്വതന്ത്ര്യത്തിൻ മധു നുകരേണം, ഇനിയും  ഉയരങ്ങളിലേക്ക് പറക്കാൻ നിനക്കാകണം. ജ്വലിക്കണം നീ, ഉറവ വറ്റാത്ത നദി പോലാകേണം നിന്റെ സ്നേഹം. അനീതിക്കു മേൽ അഗ്നിയായി പടരുക,

മുറിവേറ്റ പക്ഷിയായി മാറിടാതെ, നിന്റെ സ്വപ്നങ്ങൾക്ക് മേൽ ചിറകടിച്ചു ഉയരുക. ഒന്നു തീർന്നാൽ മതിയായിരുന്നു ഈ നശിച്ച ജീവിതമെന്നു വിലപിക്കുന്ന എത്രയോ സ്ത്രീ ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റിലും, ഏതു സാഹചര്യത്തിലും തളരില്ലെന്ന വാശിയിൽ മുന്നോട്ടു നടക്കുന്ന ജീവിതങ്ങളുമേറേ, ആ വാശിയെ അഹങ്കാരമെന്നു മുദ്ര കുത്തുന്നവരാണധികവും, അവൾക്കു തന്റേടം കൂടുതലാ പോലും!

ക്ഷമിച്ചും സ്നേഹിച്ചും കുടുംബത്തെ നേടാനായി, സ്വപ്നങ്ങളെല്ലാം മനസ്സിലൊളിപ്പിച്ചു, ഒരായുസ്സ് മാറ്റി വച്ച ജീവിതങ്ങളുമേറേ, അവളെ ത്യാഗത്തിന്റെ പ്രതീകമായി, കുടുംബത്തിലെ വിളക്കായി മാറ്റുന്നതോടെ ശുഭം! ജോലി, കുടുംബം എന്നു തുടങ്ങി തനിക്കു കുറഞ്ഞതു 10 കൈകൾ എങ്കിലും ഉണ്ടായിരുന്നെങ്കിലെന്നു ചിന്തിച്ചു, ഓരോ ദിനവും സ്വന്തമാക്കാൻ ഓട്ടപ്പാച്ചിൽ നടത്തുന്ന സ്ത്രീ ജീവിതങ്ങളും.

മറുവശത്തു സ്ത്രീയെന്ന പ്രിവില്ലേജിൽ സർവ്വസ്വതന്ത്ര്യവും അനുഭവിച്ചു സമൂഹത്തിനു ഭീഷണിയായി മാറുന്ന ജീവിതങ്ങളുമുണ്ടെന്നതും മറന്നു കൂടാ. ശാരീരികവും മാനസികവുമായ ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ പ്രഹേളികയത്രേ ഓരോ സ്ത്രീ ജീവിതവും, അവളെ അറിയുക.

സ്നേഹത്തിനു മുന്നിൽ തോൽക്കുന്ന അവളുടെ ഹൃദയത്തെ ചേർത്തു പിടിക്കുക, സർവ്വംസഹയായി നിൽക്കുമ്പോഴും പിടയുന്ന അവളുടെ മനസ്സിനെ അറിയുക. അവളുടെ പ്രതീക്ഷകൾ അസ്‌തമിക്കാതിരിക്കട്ടെ. ഓരോ പുലരിയും അവൾക്കായി പൊൻകിരണങ്ങൾ വിതറട്ടെ.

Tags:
  • Spotlight
  • Social Media Viral