Friday 21 July 2023 12:16 PM IST

‘വെടി വച്ചോ വിഷം കൊടുത്തോ അവനെ കൊല്ലും’: അരിക്കൊമ്പനെ പിടികൂടരുതെന്ന് പറയുന്നവർ അറിയണം: ഡോ. അരുൺ സഖറിയ പറയുന്നു

Roopa Thayabji

Sub Editor

arikkomban-

വന്മരങ്ങളും കാട്ടുമൃഗങ്ങളും മാനും മുയലും ആനയുമുള്ള കറുത്ത കാട്. കാടിറങ്ങി നാടു വിറപ്പിക്കുന്ന പല പേരുള്ള ഒറ്റയാന്മാർ. അവരെ തോക്കിനു മുന്നിൽ വിറപ്പിച്ചു നിർത്തുന്ന മനുഷ്യൻ. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഇൻ ചാർജായ ഡോ. അരുൺ സഖറിയയ്ക്കു ലോകം ചാർത്തിക്കൊടുത്ത പേരാണിത്, ‘ആനയെ പിടിക്കുന്ന ഡോക്ടർ.’

മാധ്യമങ്ങളില്‍ അരിക്കൊമ്പന്‍റെ വിേശഷങ്ങള്‍ തീര്‍ന്നിട്ടില്ല. ചിന്നക്കനാലില്‍ നിന്നു മയക്കുെവടി വച്ചു പിടിച്ച് ആനയിറങ്കല്‍ കാടുകളില്‍ കൊണ്ടുവിട്ടതൊക്കെ സിനിമ കാണുന്ന ആവേശത്തില്‍ െടലിവിഷനില്‍ കണ്ടതാണ്. പിന്നെ, കമ്പം പട്ടണത്തില്‍ ഇറങ്ങിയപ്പോള്‍ വീണ്ടും മയക്കുവെടിയും േലാറി യാത്രയും, മൂത്തുകുഴി വനമേഖലയിലേക്ക്. ഇപ്പോള്‍ േകള്‍ക്കുന്നു, കന്യാകുമാരി ജില്ലയിലെ കുറ്റിയാര്‍ അണക്കെട്ടിനു സമീപമുള്ള നിബിഡവനത്തില്‍ ആണെന്ന്.

നടന്നു നടന്ന് അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കു തന്നെ തിരികെ വരുമോ എന്നു േചാദിക്കുമ്പോള്‍ േഡാ. അരുണ്‍ സഖറിയ ചിരിക്കുന്നു. പിന്നെ, പറയുന്നു, ‘‘പെരിയാറിലെ മേദകാനത്തു നിന്നും തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്നാണു ചോദിച്ചവരോടെല്ലാം ഞാൻ പറഞ്ഞത്. പെരിയാറിലേതു നീണ്ടുപരന്നു കിടക്കുന്ന ഭൂപ്രകൃതിയാണ്. മൂന്നാറിലെ കാടു ചിന്നിച്ചിതറി ‘പാച്ചുകൾ’ പോലെയും. അതിനിടയിലെല്ലാം പുൽമേടുകളും തേയിലത്തോട്ടങ്ങളും ഏലവും ഉണ്ട്. ഒരുപാടു ജനവാസ മേഖലകളും. അവയൊക്കെ പിന്നിട്ട് അരിക്കൊമ്പനു തിരികെ വരാനാകില്ല.

പക്ഷേ, അരിക്കൊമ്പൻ ‘ഹാബിച്വൽ കോൺഫ്ലിക്ട് അനിമൽ’ ആണ്. അതായതു നാട്ടിലിറങ്ങി ശീലിച്ച കാട്ടുമൃഗം. അവനെ കാട്ടിൽ കൊണ്ടുവിട്ടാലും ഇറങ്ങിവരാൻ സാധ്യത കൂടുതലാണ്. 2017ൽ ഞങ്ങൾ അരിക്കൊമ്പനെ പിടിക്കാൻ നോക്കിയിരുന്നു. തമിഴ് നാട്ടിൽ നിന്നുള്ള കുങ്കിയാനകളാണ് അന്നു വന്നത്. അവൻ നേർക്കുനേർ പോരാടിയതോടെ അവർ ഭയന്നുപോയി. മിഷൻ വിജയിപ്പിക്കാനായില്ല. അന്നു മുതൽ ശല്യം സഹിക്കുകയാണ് അന്നാട്ടുകാർ.

റേഡിയോ കോളറിലൂടെ ഇപ്പോൾ അരിക്കൊമ്പന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ജിപിഎസ് കോളറായതു കൊണ്ടു സാറ്റലൈറ്റ് വഴി സെർവറിലേക്കു വിവരങ്ങളെത്തും.’’

കാട്ടിലെ സാഹസികതകളും ആനയെ പിടിക്കുന്ന കഥകളും കേൾക്കാനാണു ഡോ. അരുൺ സഖറിയയെ കണ്ടത്. മിഷൻ ഓൺ ആയ ആവേശത്തോടെ അദ്ദേഹം പറഞ്ഞു തുടങ്ങി. ‘‘ഒരു വശത്തു ഡാം, മറുവശത്തു കുത്തനെയുള്ള പാറക്കെട്ട്. അതിനിടയിൽ വച്ചാണ് അരിക്കൊമ്പനെ പിടിച്ചത്. ഓരോ മിഷനിലും ശരീരം മാത്രമല്ല, തലച്ചോറും ബുദ്ധിയുമൊക്കെ ഹൈ ടെൻഷനിലാകും. കാടാണു ഹരം. 52 വയസ്സായി, പക്ഷേ, കാട്ടിൽ കയറിയാൽ ഞാൻ ചെറുപ്പമാകും. പപ്പയും മമ്മിയുമടക്കം കുടുംബത്തിലുള്ള പലരും പറയാറുണ്ട്, ‘ഈ ജോലി നിർത്തൂ...’ എന്ന്.’’

കാടിനോട് എങ്ങനെ ഇത്ര ഇഷ്ടം വന്നു ?

കോഴിക്കോട് മുക്കത്താണു ജനിച്ചു വളർന്ന വീട്. പപ്പയുടെയും മമ്മിയുടെയും തറവാടുകൾ വയനാട്ടിലാണ്. എല്ലാ വെക്കേഷനും അമ്മയുടെ തറവാട്ടിൽ പോകും. ഉറക്കമുണരുമ്പോൾ കേൾക്കുന്നത് ആനയോ കാട്ടുപന്നിയോ കാടിറങ്ങി വന്ന കഥയാണ്. അന്നൊന്നും അവ മനുഷ്യനെ ഉപദ്രവിച്ചിരുന്നില്ല. അവയെ കാണാനായി കാത്തിരിക്കുന്നതായിരുന്നു ഞങ്ങളുടെ പ്രധാനവിനോദം.

പപ്പ കെ.ടി. സഖറിയ സ്റ്റാറ്റിറ്റിക്സ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു, മമ്മി ആലീസ് സഖറിയ ബ യോളജി ടീച്ചറും. പുസ്തകങ്ങളുടെയും ശാസ്ത്ര സാഹിത്യപരിഷത്തിന്റെയും സ്വാധീനമുള്ള കുട്ടിക്കാലമാണ് എ ന്നെ പ്രകൃതിയോടടുപ്പിച്ചത്. മുക്കത്തെ സ്കൂളിൽ നിന്നു പത്താം ക്ലാസ്സു പാസ്സായി ഞാൻ പ്രീഡിഗ്രിക്കു ദേവഗിരി കോളജിൽ ചേർന്നു. മണ്ണുത്തി വെറ്ററിനറി കോളജിൽ നിന്നു ബിരുദം. അന്നേ തീരുമാനിച്ചു വൈൽഡ് ലൈഫ് പഠിക്കണമെന്ന്. വീട്ടുകാരും അപ്പോഴേക്കും കാടിനോടുള്ള എന്റെ ഇഷ്ടം തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ ലണ്ടനിൽ നിന്നു വൈൽഡ് ലൈഫ് മെഡിസിനിൽ ബിരുദാനന്തര ബിരുദമെടുത്തു. വൈൽഡ് ലൈഫ് ജീനോമിക്സിൽ പിഎച്ച്ഡിയും. ആഫ്രിക്ക അടക്കം വിവിധ വനപ്രദേശങ്ങവിൽ പരിശീലനവും നേടി. 1998ൽ വയനാട്ടിൽ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസറായാണു ജോലിക്കു കയറിയത്. അതായതു കാട്ടുമൃഗങ്ങളെ ചികിത്സിക്കുന്ന ഡോക്ടർ.

അരിക്കൊമ്പനെ പിടിക്കരുതെന്നു പറഞ്ഞും ഒരു ബഹളം ഉണ്ടായിരുന്നല്ലോ... ?

നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കുന്ന കാട്ടുമൃഗത്തെ പിടിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതു മാനേജ്മെന്റാണ്. കുഴപ്പക്കാരനെ കാട്ടിലേക്കു തിരിച്ചോടിക്കാൻ പല വഴികളുണ്ട്്. അതൊന്നും ഫലപ്രദമാകാതെ വരുമ്പോഴാണു പിടിക്കാൻ തീരുമാനിക്കുക. അരിക്കൊമ്പനെ പിടികൂടരുത് എന്നൊക്കെ വാദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ടൗണിലെ സുഖസൗകര്യങ്ങളിലിരുന്ന് ഇങ്ങനെ വാദിക്കാൻ എളുപ്പമാണ്. അവൻ തകർത്ത നൂറ്റിയമ്പതിലേറെ വീടുകൾ അവിടെയുണ്ട്. ഉള്ളതെല്ലാം നഷ്പ്പെട്ടു ദുരിതമനുഭവിക്കുന്ന പാവങ്ങളുണ്ട്. അവരുടെ പ്രശ്നത്തിനു പരിഹാരം കാണേണ്ടേ?

സമരക്കാരുടെ പ്രതിഷേധം കാരണം അരിക്കൊമ്പനെ പിടികൂടാതെ വിട്ടാലും പ്രശ്നമാണ്. നാട്ടുകാരോ തോട്ടങ്ങളിലുള്ളവരോ തന്നെ വെടി വച്ചോ വിഷം കൊടുത്തോ അവനെ കൊല്ലും. ധോണി എന്ന ആനയെ പിടികൂടുമ്പോൾ പിൻഭാഗത്തു നിറയെ പെല്ലറ്റുകളായിരുന്നു. നാട്ടിലിറങ്ങുമ്പോൾ തുരത്തിയോടിക്കാൻ ആളുകൾ വെടിവയ്ക്കുന്നതാണ്.

പ്രശ്നക്കാരെ പിടികൂടി ആനത്താവളത്തിൽ എത്തിക്കുകയോ മറ്റെവിടെയെങ്കിലും തുറന്നു വിടുകയോ ആണ് അവസാന പോംവഴി. അരിക്കൊമ്പനു കുടുംബമുണ്ട്, അമ്മയുണ്ട്, കാമുകിയുണ്ട്, ഭാര്യയും കുട്ടിയുമുണ്ട് എന്നൊക്കെ പറയുന്നവർക്കു മറുപടി പോലും നൽകാനില്ല.

arun-zakaria

കാട്ടിലെ ജോലിക്കു വീട്ടിലെ സപ്പോർട്ട് എങ്ങനെ ?

മൂന്ന് ആൺമക്കളാണു ഞങ്ങൾ. മൂത്ത ചേട്ടൻ അനിൽ സഖറിയയാണ് ആദ്യമായി വെറ്ററിനറി തിരഞ്ഞെടുത്തത്. അതാണ് എനിക്കു പ്രചോദനം. അദ്ദേഹം വെറ്ററിനറി ഡോക്ടറായി റിട്ടയർ ചെയ്തു. ഭാര്യ ഡോ. താരയും വെറ്റനറി ഡോക്ടറാണ്. രണ്ടാമത്തെ ചേട്ടൻ അജിത് സഖറിയയ്ക്കു പാലക്കാട് ബിസിനസ്സാണ്. അദ്ദേഹത്തിന്റെ ഭാര്യ അജില പ്ലസ്ടു ടീച്ചറും.

പല തവണ മൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേറ്റു കിടക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ സഹികെട്ടു പപ്പയും മമ്മിയും ചോദിച്ചു, ‘കാട്ടുമൃഗങ്ങളെ പിടിക്കുന്ന ഈ ജോലി നിർത്തി, കോളജിൽ പഠിപ്പിക്കുന്നതു തുടർന്നു കൂടേ’ എന്ന്. സ്നേഹത്തിന്റെ ഭാഷയിലും ശാസനയുടെ രൂപത്തിലുമൊക്കെ അവർ പറഞ്ഞു നോക്കി. അധ്യാപകനായി രണ്ടുവർഷമേ ജോലി ചെയ്തുള്ളൂ. ഈ ലോകമാണ് എനിക്കിഷ്ടം. കാടും പച്ചപ്പും മൃഗങ്ങളും അവയുെട ശ ബ്ദകോലാഹലങ്ങളും.

മണ്ണുത്തിയിൽ ഒരേ ക്ലാസ്സിലാണു ഞാനും സിന്ധുവും പഠിച്ചത്. പഠനകാലത്തെ സൗഹൃദം പ്രണയമായി വിവാഹത്തിലെത്തി. വിവാഹശേഷമാണു ഞാൻ വൈൽ‍ഡ് ലൈഫ് മെഡിസിൻ പഠിക്കാൻ പോയത്. സിന്ധുവിന് അ ന്നേ അറിയാമായിരുന്നു എന്റെ മനസ്സു നിറയെ കാടാണെന്ന്, അതിനെ അവൾ പിന്തുണച്ചു. ഇപ്പോൾ വെറ്ററിനറി വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറാണു ഡോ.സിന്ധു. മൂത്ത മോൾ അഞ്ജലി മൈസൂരുവിൽ നിന്ന് എംബിബിഎസ് പാസ്സായി, ഇപ്പോൾ എംഡിക്കു തയാറെടുക്കുന്നു. ഇളയയാൾ അപർണ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ജൂൺ അവസാന ലക്കത്തിൽ

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ