മീനച്ചിലാറിന് ഒരു പ്രത്യേകതയുണ്ട്. കിഴക്കൻ മല പൊട്ടി വെളളം മദമിളകി വന്നാലും ആറ് നെഞ്ചും വിരിച്ചു നിൽക്കും. എന്നിട്ട് ഉരുൾപൊട്ടി വരുന്ന കുത്തൊഴുക്കിനെ മനസ്സിലങ്ങ് ഒതുക്കി കളയും. ഒന്നോ രണ്ടോ ദിവസം പാലാക്കാർക്കുവെള്ളത്തിൽ ചാടിത്തുള്ളി നടക്കാം, അത്രയേയുള്ളൂ. ആ മീനച്ചിലാറ്റിൽ നീന്തി വളർന്നതു കൊണ്ടാകാം അതേ മനസ്സോടെ ഡോ.ബി. സന്ധ്യ െഎപിഎസ് സർവീസിൽ ഇരുന്നത്.
അധികാര ഉരുൾപൊട്ടലുകളിൽ കാലാകാലങ്ങളായി മലയും മണ്ണും മരവുമൊക്കെ കുത്തിയൊലിച്ചു വന്നിട്ടും വിവാദത്തിന്റെ വലിയ വെള്ളപ്പൊക്കങ്ങളുണ്ടാക്കാതെ എല്ലാം മനസ്സിലൊതുക്കി സന്ധ്യ അങ്ങൊഴുകിപ്പോയി. അതുകൊണ്ടാണു ക്രമസമാധാനപാലന ചുമതലയുള്ള ആദ്യ വനിതാ ഡിജിപി എന്ന പദവിയ്ക്കരികി ൽ എത്തിയിട്ടും മാറ്റിനിർത്തപ്പെട്ടില്ലേ എന്ന ചോദ്യം ചിരിച്ചു തള്ളിക്കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞത്.
‘‘ ട്രെയിനിങ് കഴിഞ്ഞു യൂണിഫോമിട്ടപ്പോഴുള്ള അതേ മനസ്സോടെയാണു ഞാൻ സർവീസിലെ അവസാന ദിവസം മടങ്ങിയത്. തിരികെ പോരുമ്പോഴും എന്റെ ചിറകിലെ തൂവലുകൾ കൊഴിഞ്ഞിട്ടില്ല എന്ന് ഉറപ്പുണ്ടായിരുന്നു. അധികാരത്തിന്റെ അമിത ഭാരം തലയിലേറ്റാത്തതു കൊണ്ടു കഴുത്തുവേദനയും ഇല്ല.’’ തിരുവനന്തപുരത്തു കണ്ണമ്മൂലയിൽ, അകം നിറയെ തണുപ്പുള്ള വീട്ടിലിരുന്നു ഡോ. ബി സന്ധ്യ ഒാർമനക്ഷത്രങ്ങളെ തിരഞ്ഞു.
പെൺകുട്ടികളുടെ ആകാശം അത്ര വിശാലമല്ലാത്ത എഴുപതുകൾ. ആരാണ് സിവിൽ സർവീസിലേക്കു വെളിച്ചം കാണിച്ചു തന്നത് ?
അച്ഛന്റെ അച്ഛനും അമ്മയും അധ്യാപകരായിരുന്നു. സ്വാതന്ത്ര്യസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് അവർ അച്ഛനു ഭാരതദാസ് എന്നു പേരിട്ടു. അച്ഛൻ മെഡിക്കൽ ലബോറട്ടറി നടത്തിയിരുന്നു. അച്ഛനാണ് അക്ഷരം കൂട്ടി വായിക്കാൻ പഠിപ്പിച്ചത്. പത്രം വായിക്കുമ്പോൾ ശല്യപ്പെടുത്താനായി ഉറക്കെ കലപില എന്നൊക്കെ ഞാൻ വായിക്കും. അപ്പോള്‍ അച്ഛൻ പറഞ്ഞു തന്നു, ഇങ്ങനെയല്ല ഓരോ അക്ഷരവും കൂട്ടിയാണു വായിക്കേണ്ടത്. എന്നിട്ടു പത്രത്തിലെ അക്ഷരങ്ങളിൽ വിരൽ വച്ചു കൂട്ടി വായിക്കാൻ പഠിപ്പിച്ചു. ഇന്നും ഒാർമയുണ്ട് അന്ന് ആദ്യമായി ‘മലയാള മനോരമ’ എന്നു വായിച്ചു കഴിഞ്ഞപ്പോഴുണ്ടായ സന്തോഷം. പിന്നെ ബാലരമയും കുഞ്ഞു നോവലുകളും കുട്ടിക്കവിതകളും ഒക്കെയായി വായനയുടെ ലോകത്തായിരുന്നു.
പല വീടുകളിലും കിട്ടാത്ത സ്വാതന്ത്ര്യം എനിക്കു കിട്ടി. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സിസ്റ്റർ റോസിറ്റയാണു ജനങ്ങൾക്കു സേവനമാവുന്ന ജോലി തിരഞ്ഞെടുക്കണം എന്നാദ്യം പറഞ്ഞത്. എപ്പോഴോ പത്രത്തിൽ രജനി സേക്രി െഎഎഎസിന്റെ ഫോട്ടോ കണ്ടപ്പോൾ അതുപോലെ സിവിൽ സർവീസിൽ വരണമെന്ന് ആഗ്രഹം തോന്നി.
ട്രെയിനിങ് കഴിഞ്ഞു പാസിങ് ഒൗട്ടിന്റെ സമയത്ത് അ ച്ഛനും അമ്മയും അതു കാണാനായി വന്നു. റിട്ടയർമെന്റിന്റെ സമയത്തും അവർ എനിക്കൊപ്പമുണ്ടായി. അതു വലിയ ചാരിതാർഥ്യമാണ്.
‘െഎപിഎസ് പൊലീസുകാരി’ – അന്നു നാട്ടുകാർക്കു വലിയ കൗതുകമായിരുന്നില്ലേ ?
എഎസ്പി അണ്ടർ ട്രെയിനി ആയി കണ്ണൂരിൽ ആദ്യ പോസ്റ്റിങ്. ജീപ്പിലൊക്കെ പോകുമ്പോൾ ആൾക്കാർക്കു വലിയ അദ്‌ഭുതമായിരുന്നു. വളപട്ടണത്ത് എസ്എച്ച്ഒ ആയിരിക്കുമ്പോൾ ഉത്സവത്തിന്റെ ബന്തവസ്സ് നോക്കാൻ പോയി. ചെല്ലുമ്പോൾ തെയ്യം, ഭക്തരെ അനുഗ്രഹിക്കുകയാണ്. മൈതാനത്ത് ആൾക്കാരെ നിയന്ത്രിക്കുന്നതു ശ്രദ്ധിച്ചു നി ൽക്കുകയാണു ഞാൻ. കുറച്ചു കഴിഞ്ഞു തെയ്യത്തിന്റെ മുന്നിൽ ആൾക്കാരില്ല. എല്ലാവരും എന്നെ നോക്കി നിൽക്കുന്നു. കുറച്ചു കൂടി കഴിഞ്ഞപ്പോൾ തെയ്യവും എന്നെ നോക്കി നിൽക്കുന്നു.
സ്ത്രീ ആയതു കൊണ്ടു പലർക്കും കാര്യങ്ങൾ തുറന്നു പറയാൻ സ്വാതന്ത്ര്യം തോന്നി. പത്തു വർഷം കൊണ്ടു ന ല്ല പൊലീസ് ഉദ്യോഗസ്ഥ എന്ന പേരുണ്ടാക്കാനായി. ആ വിശ്വാസം നേടാൻ പ്രയാസമായിരുന്നു. ‘യൂണിഫോമിട്ട സ്ത്രീയ്ക്ക് എന്തു ചെയ്യാൻ പറ്റും’ എന്നു സംശയിച്ചവരുണ്ടായിരിക്കാം. പക്ഷേ, അതൊന്നും ശ്രദ്ധിച്ചിട്ടേയില്ല.
പൊലീസിലുള്ളവർക്ക് എല്ലാവരേയും സംതൃപ്തിപ്പെടുത്താനാകില്ല. ഏതു കേസിലും വാദിയും പ്രതിയും ഉണ്ടാകും. ഒരു കൂട്ടർക്കു വിരോധം വരും. അവർ നമ്മളെ കുറിച്ചു പലതും പറഞ്ഞു നടക്കും. അതിൽ വിഷമിച്ചിട്ടു കാര്യമില്ല.
സര്‍വീസിൽ പുരുഷ ഒാഫിസർമാർക്കു മുൻഗണനകൾ കിട്ടുന്നുണ്ടോ ?
അങ്ങനെ പറയാൻ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം പൊലീസ് ലീഡർ എന്ന രീതിയില്‍ എല്ലാവരും സ്വീകരിച്ചു. എന്റെ മുകളിലുള്ള ഒാഫിസർമാരും മറ്റൊരു രീതിയിൽ പെരുമാറിയില്ല. അത്തരം അവസരം ഞാൻ ഉണ്ടാക്കിയിട്ടുമില്ല. ആത്മാർഥതയോടെ, പ്രഫഷനൽ ആയി ജോലി ചെയ്യുകയാണെങ്കിൽ അവിടെ സ്ത്രീ ആണോ പുരുഷൻ ആണോ എന്ന് ചിന്തിക്കേണ്ട കാര്യം ഇല്ല.
എങ്കിലും സ്ത്രീ ആയതു കൊണ്ടു ചില പദവികള്‍ ലഭിക്കാതെ പോയിട്ടില്ലേ ?
സ്ത്രീ ആയതുകൊണ്ടാണു പദവികൾ കിട്ടാതെ പോയതെന്നു തീർത്തു പറയാനാവില്ല. എന്തുകൊണ്ടു കിട്ടിയില്ല എന്നതിനു കാരണം എനിക്കു പറയാനാവില്ല. ഇനി ഞാനൊരു പുരുഷൻ ആയിരുന്നെങ്കിലും ഇങ്ങനെയേ പെരുമാറൂ. ഇങ്ങനെയൊക്കെയേ ജോലി ചെയ്യൂ.
പൊലീസിലെ സ്ത്രീകൾക്കു ‘നെറ്റ്‌വർക്കിങ്’ ഒന്നുമില്ല. അവർക്കു ‘ഗ്ലാസ്മേറ്റ്സ്’ ഇല്ലല്ലോ. അതുകൊണ്ടു തന്നെ മത്സരം ഉള്ളിടത്ത് നെറ്റ്‌വർക്കിങ്ങിന്റെ അഭാവം കൊണ്ടു നമ്മൾ പിന്നിലായേക്കാം. അതു ബാക്കിയുള്ളവരെ സഹായിക്കും. ചില പദവിയിലേക്കെത്താൻ ഇത്തരം കാര്യങ്ങൾ സഹായിക്കുന്നു എന്നത് തെറ്റായ പ്രവണതയാണ്.
െഎപിഎസ് ഉദ്യോഗസ്ഥന്മാർക്കിടയിൽ ജാതിയുടെയോ മതത്തിന്റെയോ ജെൻഡറിന്റെയോ പേരിൽ വേർതിരിവ് ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല. അതു സമൂഹത്തിനു ഗുണം ചെയ്യില്ലെന്നു മാത്രമല്ല വലിയ ദോഷങ്ങളുമുണ്ടാക്കും. െഎപിഎസിന്റെ അന്തസ്സു കെടുത്തും.
ക്രമസമാധാന ചുമതലയുള്ള ആദ്യ വനിതാ ഡിജിപി. ചരിത്രമാകേണ്ട പദവിയിൽ നിന്നു മാറ്റി നിർത്തിയപ്പോൾ വേദനിച്ചോ ?
ആ സമയത്തു സ്വാഭാവികമായും വിഷമം തോന്നിയിരുന്നു. പക്ഷേ, ഞാനത് അപ്പോഴേ മറന്നു. ഇന്നിപ്പോൾ അതിനെ കുറിച്ച് ആലോചിക്കാൻ സമയവുമില്ല. വളരെ സന്തോഷത്തിൽ ഇരിക്കുന്ന നേരമാണിത്. പിന്നെ എന്തും പൊസിറ്റീവ് ആയി ചിന്തിച്ചാൽ മതി. ഫയർഫോഴ്സ് മേധാവി എന്ന രീതിയിൽ ഒരുപാടു കാര്യങ്ങൾ ചെയ്യാനായി.
കേരളത്തിന്റെ ഒാറഞ്ച് ബുക്ക് പ്രകാരം ഒരു പ്രശ്നമുണ്ടാകുമ്പോൾ ആദ്യം റെസ്പോൺഡ് ചെയ്യേണ്ടതു ഫയർഫോഴ്സ് ആണ്. ആ ഫോഴ്സിനെ നയിക്കാനായി എന്നതും അഭിമാനമാണ്. ബ്രഹ്മപുരം, താനൂർ, കൂട്ടിക്കൽ തുടങ്ങി ഒരുപാടു സ്ഥലങ്ങളിലുണ്ടായ ദുരന്തങ്ങളിൽ ഒറ്റമനസ്സോടെ ഫോഴ്സിനെ നിർത്താനായി.
ഏറ്റെടുത്ത എല്ലാ പദവിയിലും നന്നായി പ്രവർത്തിച്ചു എന്നുറപ്പുണ്ട്. അതുകൊണ്ടു തന്നെ കരിയറിൽ നഷ്ടമുണ്ടാെയന്ന ചിന്തയേയില്ല. കിട്ടിയ അവസരങ്ങൾ എങ്ങനെ ഉപയോഗിച്ചു എന്നതിലാണു കാര്യം. കിട്ടാത്ത അവസരങ്ങളെ ഒാർത്തു സങ്കടപ്പെട്ടിരുന്നിട്ട് എന്തു കാര്യം?
ചില അന്വേഷണങ്ങളിലെങ്കിലും രാഷ്ട്രീയ ഇടപെടലുകളുണ്ടായിട്ടില്ലേ ?
എന്നെ സംബന്ധിച്ചിടത്തോളം ഒരന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ല. പ്രവർത്തകർ പറയുന്നതു കേട്ട് ഒരു കേസും കൈകാര്യം ചെയ്തിട്ടില്ല.
ഒരുദാഹരണം പറയാം. തൃശൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി നായനാർ സാറാണ്. രാത്രിയില്‍ വിവരം അറിഞ്ഞ ഉടൻ ഞാൻ സ്പോട്ടിലെത്തി. കൊലപാതകം ചെയ്തു എന്ന് ആരോപിക്കപ്പെട്ടവരുടെ വീടുകളിൽ ഡിവൈഎസ്പിയും എഎസ്പിയും അടങ്ങുന്ന സംഘങ്ങൾ ഉടൻ പരിശോധന നടത്തി. അവരെല്ലാം ഉറങ്ങുകയായിരുന്നെന്നു ബോദ്ധ്യമായി. അന്വേഷണത്തിൽ അതു രാഷ്ട്രീയകൊലപാതകം അല്ലെന്നു തിരിച്ചറിഞ്ഞു.
ജില്ലാ നേതൃത്വം സംശയിച്ചവരെ അറസ്റ്റു ചെയ്യാത്തതോടെ പ്രതിഷേധമായി. പിറ്റേന്നു പൊലീസ് സ്റ്റേഷൻ ഘെരാവോ ചെയ്തു. അന്നു പൊലീസ് ആസ്ഥാനത്തു നായനാർ സാർ പങ്കെടുക്കുന്ന മീറ്റിങ് ഉണ്ടായിരുന്നു. പാർട്ടി നേതൃത്വം അദ്ദേഹത്തോടു പരാതി പറഞ്ഞെന്ന് െഎജി പറഞ്ഞു. ആ മീറ്റിങ്ങിൽ സിഎമ്മിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അദ്ദേഹം ചോദിച്ചു –‘‘അനക്ക് ഉറപ്പുണ്ടോ ചെയ്തത് അവരല്ലെന്ന്?’’ ഉണ്ടെന്നു പറഞ്ഞു. യഥാർഥ പ്രതികളാരൊക്കെ എന്നു മനസ്സിലുണ്ടെന്നും അറിയിച്ചു. എ ന്നാൽ അവരെ അറസ്റ്റ്ചെയ്യണം എന്നു പറഞ്ഞു. അതു കൃത്യമായി ചെയ്തു. പിന്നീടു പാർടി നേതൃത്വത്തിനും ഞാൻ ചെയ്തതാണി ശരി എന്നു ബോധ്യപ്പെട്ടു.
അതുപോലെ കരുണാകരൻ സാർ ഭരിക്കുമ്പോൾ കോ ൺഗ്രസ് ഒാഫിസിനുള്ളിൽ ചെന്നു രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ആ കാര്യം ബോധ്യപ്പെടുത്താനും കഴിഞ്ഞു.
ഇതൊക്കെ ഇന്നു നടക്കുമോ ?
ഭരിക്കുന്ന പാർട്ടിയുടെ ഒാഫിസിൽ ചെന്നു പ്രതികളെന്നു സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ഇന്നു പറ്റുമോ എ ന്ന് എനിക്കറിയില്ല. അന്നു മൊബൈൽ ഫോണുകൾ ഇല്ല. അന്നു ലോ ആൻഡ് ഒാർഡർ നോക്കുക എന്നു പറഞ്ഞാൽ വലിയ പ്രയാസമുള്ള കാര്യമാണ്. ഇപ്പോൾ അങ്ങനെയുള്ള ലോ ആൻഡ് ഒാർഡർ ഉണ്ടോ എന്നു പോലും എനിക്കുറപ്പില്ല. കാലം മാറി, ആളുകൾ മാറി. ആ കാലമൊന്നും എനിക്കു മറക്കാൻ പറ്റില്ല.
ബിറ്റ്സ് പിലാനിയിൽ നിന്നു ഡോക്ടറേറ്റ്, കവിതകളും കഥകളും എഴുതുന്നു പിന്നെ പെയ്ന്റിങ്. ആ താൽപര്യങ്ങളെ കുറിച്ചു പറയാമോ?
അതൊക്കെ എന്നും സന്തോഷങ്ങളാണ്. റിസർച്ചുകൾ ക രിയറിൽ ഒരുപാടു സഹായിച്ചിട്ടുണ്ട്. പിഎച്ച്ഡി െചയ്തതുകൊണ്ടാണ് ഒരു വലിയ റിസർച്ച് സമൂഹവുമായി പരിചയപ്പെടാൻ കഴിഞ്ഞത്. 2018ൽ വെള്ളപ്പൊക്കം വന്ന സമയത്തു റിസർച്ച് ട്രെയിനിങ് ടീം രക്ഷാപ്രവർത്തനത്തിലുൾപ്പെടെ സഹകരിച്ചു. അതിലെ പഠനത്തിൽ നിന്നാണു മഹാപ്രളയം എന്ന പുസ്തകമുണ്ടായത്. ഒരുപക്ഷേ ഇന്നാരും അതു തിരിച്ചറിയണം എന്നില്ല. നൂറുവര്‍ഷമൊക്കെ കഴിഞ്ഞു മറ്റൊരു പ്രളയമുണ്ടാവുമ്പോൾ അതു മാതൃകയാകും, ഉറപ്പാണ്.
കുറേ പുസ്തകങ്ങൾ വായിക്കാനുണ്ട്. റിസർച് പേപ്പറുകൾ പ്രസിദ്ധീകരിക്കാനുമുണ്ട്.
പൊലീസ് സ്റ്റേഷനുകളിൽ പോകാൻ സ്ത്രീകൾ ഇ പ്പോഴും ഭയക്കുന്നുണ്ടോ ?
ഒരിക്കലുമില്ല. 2002ല്‍ ഒരു സർവെ നടത്തിയപ്പോൾ ഒറ്റയ്ക്കു പരാതി നൽകാനായി പോകുന്ന സ്ത്രീകള്‍ ഇല്ലെന്നു തന്നെ പറയാമായിരുന്നു. 2009 ൽ 11 ശതമാനം സ്ത്രീകൾ എത്തി. ഇന്ന് അതിന്റെ എത്രയോ ഇരട്ടിയാണ്.
സബ്ഇൻസ്പെകടർമാരായി സ്ത്രീകളെ നിയമിക്കണം എന്നതു തൊണ്ണൂറുകളിൽ ആവശ്യപ്പെട്ടതാണ്. 2018 ലാണ് ആദ്യ ബാച്ച് വരുന്നത്. ആദ്യത്തെ ജൻഡർ ന്യൂട്രൽ ബാച്ചിനെ പരിശീലിപ്പിക്കാനായി എന്നതും സന്തോഷമാണ്. അവരൊക്കെ ജനങ്ങളോട് എത്ര പോസിറ്റീവ് ആയാണ് ഇടപെടുന്നത് എന്നതിന് ഒരുദാഹരണവും പറയാം.
തിരുവല്ല ഭാഗത്തു നിന്ന് ഒരു സ്കൂൾ കുട്ടിയെ കാണാതായി. ആ സ്റ്റേഷനിൽ എസ്െഎ ഒരു വനിത ആയിരുന്നു– നിത്യ സത്യൻ. മണിക്കൂറുകൾക്കുള്ളിൽ ആ കുട്ടിയെ കണ്ടുകിട്ടി. നാട്ടുകാര്‍ പറഞ്ഞു, ആ വനിത എസ്െഎ ചടുലമായി കാര്യങ്ങൾ നീക്കി. അവരെ ഞങ്ങളുടെ നാട്ടിൽ നിന്ന് മാറ്റരുത്. ഞാൻ പരിശീലിപ്പിച്ചവരെ കുറിച്ചു നല്ല വാക്കുകൾ കേൾക്കുമ്പോൾ ഒരുപാടു സന്തോഷം തോന്നി.
ചോദ്യം ചെയ്യലിനിടയിൽ ആർക്കെങ്കിലും ഒരടി കൊടുക്കണമെന്നു തോന്നിയിട്ടില്ലേ ?
ഒരിക്കലും തോന്നിയിട്ടില്ല. ഞാനാരെയും അടിച്ചിട്ടില്ല. ക ണ്ണൂരിൽ ട്രെയ്നിങ്ങിനായി എത്തിയപ്പോൾ എസ്പി രവിസാർ (ഇപ്പോഴത്തെ തമിഴ്നാട് ഗവർണർ) പറഞ്ഞ കാര്യമുണ്ട് – ‘‘എന്റെ ട്രെയ്നിങ് പിരീഡിൽ മേലുദ്യോഗസ്ഥൻ പറഞ്ഞു തന്നത് അക്രമം കാണിക്കുന്നു എന്നു തോന്നിയവരെ അടിച്ചൊതുക്കണം. എന്നിട്ട് ഏതെങ്കിലും കേസു തലയിൽ വച്ച് അകത്താക്കണം എന്നാണ്.
ഞാൻ പരിശീലിപ്പിക്കുന്നവർ അങ്ങനെ ആകരുത്. ഒരിക്കലും അടിക്കരുത്. അന്യായം ചെയ്തിട്ടു പിന്നീടു ന്യായീകരിക്കാൻ നടക്കരുത്. നിയമപരമായി മാത്രം ശക്തമായി പ്രതികരിക്കണം.’’ രവിസാർ പറഞ്ഞു തന്നതു കൊണ്ട് എല്ലാം നിയമപരമായി ചെയ്യാൻ ആദ്യം തന്നെ ശീലിച്ചു.
കുടുംബത്തെ കുറിച്ചു പറയാമോ?
ഭർത്താവ് മധുകുമാർ കേരള സർവകലാശാലയിൽ നിന്ന് പരീക്ഷാ കണ്‍ട്രോളറായി റിട്ടയർ െചയ്തു. ഇപ്പോൾ ഒരു സ്വകാര്യ സർവകലാശാലയിൽ പരീക്ഷ കൺട്രോളർ. മകൾ ഹൈമ എംബിബിഎസ് കഴിഞ്ഞു പിജി ചെയ്യുന്നു.
എനിക്ക് അനിയനുണ്ട്, മധു. എന്നെക്കാൾ ഏഴു വയസിനിളപ്പമാണ്. കുട്ടിക്കാലത്ത് അവനെ ഒരു കളിപ്പാട്ടം പോലെയാണു കൊണ്ടു നടന്നത്. അയൽ വീട്ടുകാർ അവനെ എടുക്കുമ്പോൾ വീഴുമോ എന്നൊക്കെയായിരുന്നു പേടി. മധു ഇപ്പോൾ ബിസിനസ് ചെയ്യുന്നു.
എഴുതാൻ പോകുന്ന ആത്മകഥയിലെ ഒരധ്യായം ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചായിരിക്കുമോ ?
ആത്മകഥ എഴുതണോ എന്നു പോലും ആലോചിച്ചിട്ടില്ല. പിന്നെ എങ്ങനെയാണതു പറയാൻ പറ്റുക.
ചിരിയും കാര്യവുമായി രണ്ട് മുഖ്യമന്ത്രിമാർ
കരുണാകരൻ സാർ മുഖ്യമന്ത്രിയായ സമയത്താണു കണ്ണൂരിൽ വലിയൊരു രാഷ്ട്രീയ കൊലപാതകം നടന്നത്. ഞാൻ ക്രൈംബ്രാഞ്ച് എഎസ്പിയാണ്. കേസ് ഇപ്പോഴും കോടതിയിലുള്ളതുകൊണ്ടു പേരുകൾ പറയുന്നതു ശരിയല്ല.
ഭരണ മുന്നണിയിൽ പെട്ടവരായിരുന്നു പ്രതികൾ. വ ലിയ കോളിളക്കം ഉണ്ടാക്കിയ സംഭവം. ഹർത്താലും ആക്രമണങ്ങളും നടക്കുന്നു.
അപ്പോഴാണു പ്രതികൾ കോൺഗ്രസിന്റെ പാർട്ടി ഒാഫിസിൽ ഉണ്ടെന്നറിഞ്ഞത്. ലൈറ്റ്നിങ് കോൾ ബുക്ക് ചെയ്തു മുഖ്യമന്ത്രിയോടു ചോദിക്കാനൊന്നും സമയമില്ല. ഞാൻ അവരെ പാർട്ടി ഒാഫിസിൽ കയറി അറസ്റ്റ് ചെയ്തു. ഭരിക്കുന്ന പാർട്ടിയുടെ ഒാഫിസിൽ ഒരു എസ്പി കയറി നേതാക്കന്മാരെ അറസ്റ്റ് ചെയ്തതു വാർത്തായായി.
മുഖ്യമന്ത്രി വഴക്കു പറയാൻ സാധ്യതയുണ്ടെന്നുമേലുദ്യോഗസ്ഥരുടെ വാക്കുകളിൽ നിന്നു മനസ്സിലായി. കരുണാകരൻ സാർ വിളിപ്പിച്ചു. എന്തുകൊണ്ടാണ് അറസ്റ്റ് എന്നു വിശദമായി ഞാൻ സംസാരിച്ചു. എല്ലാം കേട്ട് ഒരു നിമിഷം നിശബ്ദനായിട്ട് അദ്ദേഹം പറഞ്ഞു–നന്നായി നിങ്ങൾ ചെയ്തത്. അദ്ദേഹത്തിന്റെ പാർടിയിൽ പെട്ടവരെ അറസ്റ്റി ചെയ്തപ്പോൾ ചീത്ത പറഞ്ഞില്ലെന്നു മാത്രമല്ല അഭിനന്ദിക്കുകയും ചെയ്തു.
നായനാർ സാറിൽ നിന്നും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാനന്നി തൃശൂർ എസ്പിയാണ്. തേക്കിൻകാട് മൈതാനത്ത് ആയിരക്കണക്കിനു പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം. അദ്ദേഹം അന്നു മുഖ്യമന്ത്രിയാണ്. കോളാമ്പി മൈക്കുകൾ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവു വന്ന സമയം. മൈതാനത്തിനു ചുറ്റും പക്ഷേ, അത്തരം കോളാമ്പി കൾ പിടിപ്പിച്ചതു ശ്രദ്ധയിൽ പെട്ടു. നിയമം പാലിക്കപ്പെട്ടേ പറ്റൂ, കോളാമ്പിയിലേക്കുള്ള വയറുകൾ അഴിച്ചിടാൻ ടൗൺ സിെഎക്ക് നിർദേശം നൽകി. ചില പ്രവർത്തകരും മൈക്ക് ഉടമയും ദേഷ്യത്തിലായി.
മുഖ്യമന്ത്രി എത്തി. ഡ്യൂട്ടി ഉള്ളതു കൊണ്ട് അദ്ദേഹത്തിനൊപ്പം ഞാനുമുണ്ട്. ഗസ്റ്റ് ഹൗസിലെത്തിക്കഴിഞ്ഞ് അദ്ദേഹത്തോടു പറഞ്ഞു,‘‘സാർ, കോളാമ്പി സ്പീക്കറുകൾ ഉപയോഗിക്കരുതെന്നു ഹൈക്കോടതി ഉത്തരവുണ്ട്. അതുകൊണ്ടു ഞാനതു ഡിസ്കണകട് ചെയ്തു. മറ്റു ബോക്സുകൾ ഉണ്ട്. അതിലൂടെ പ്രസംഗം എല്ലാവർക്കും വ്യക്തമായി കേൾക്കാനാകും.’’
അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു– ‘അങ്ങനെ ഉത്തരവ് ണ്ടാ, എന്നാ നമക്ക് കോളാമ്പി വേണ്ട.’ മാത്രമല്ല, പരാതി പറയാൻ കയറിയവരെ അദ്ദേഹം വഴക്കു പറഞ്ഞു എന്നും പിന്നീട് അറിഞ്ഞു.
അദ്ദേഹത്തിന്റെ ഒരു തമാശ കൂടിയുണ്ട്. അതും തൃശൂരിൽ വച്ചു തന്നെ. പ്രസംഗത്തിനിടെ അദ്ദേഹം പറയുകയാണ് –‘‘നിങ്ങള് തൃശൂർകാർക്ക് ഒരു വിചാരമുണ്ട്. നിങ്ങക്കു മാത്രേ വനിതാ എസ്പി ഉള്ളൂ എന്ന്. അത് വെറുതെയാണ് കേട്ടാ. ഈയിടെ ഞാൻ ചൈനയിൽ പോയപ്പോ സുരക്ഷയ്ക്കു വന്ന കൂട്ടത്തിലുമുണ്ട് വനിതാ പോലീസ്. പിന്നെ പോലീസില് വനിതകള് വന്നാ ഒരു ഗുണമുണ്ട്, ഒാരു കൈക്കൂലി വാങ്ങൂല...’’
പിന്നെ കേട്ടതു വലിയൊരു പൊട്ടിച്ചിരിയും കൈയടിയുമായിരുന്നു. സർവീസിന്റെ തുടക്കത്തിൽ കിട്ടിയ ഈ പിന്തുണകൾ എങ്ങനെയാണു മറക്കുക?
വിജീഷ് ഗോപിനാഥ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ