Monday 08 April 2024 02:35 PM IST

മമ്മൂക്ക പറഞ്ഞു, ‘ചെറിയാനേ... എനിക്കൊരു പല്ലുണ്ടാക്കിത്തരണം’: ആ ‘വൃത്തികെട്ട’ പല്ല് എങ്ങനെ ഉണ്ടായി? ഡോ. ചെറിയാൻ കെ. ഏബ്രഹാം പറയുന്നു

V.G. Nakul

Sub- Editor

dr.cheriyan-1

‘ഇനിയെന്താണാടിത്തീർക്കാൻ ബാക്കി ?’ എന്നു ചോദിച്ചവരെ നോക്കി, ദുരൂഹതകളൊരുപാടൊളിപ്പിച്ച ഒരു ചിരിയോടെ മമ്മൂട്ടി എന്ന മഹാനടൻ പറഞ്ഞു – ‘എന്റെ മനയ്ക്കലേക്കു സ്വാഗതം’!

ആ ക്ഷണം ഒരു ‘ഭ്രമയുഗ’ കാലത്തിന്റെ വാതിൽ തുറന്നു. കൊട്ടകകളിലേക്കു ജനമൊഴുകി. ഏതോ മായാജാലത്തിലും മാന്ത്രിക നോട്ടത്തിലും മയങ്ങി ഓരോ പ്രേക്ഷകരും തിരശീലയിലേക്കു മിഴികൾ നട്ടു തരിച്ചിരുന്നു. അവിടെ കറുപ്പിലും വെളുപ്പിലും ഒരു മുത്തശ്ശിക്കഥയിലെന്ന പോലെ ആ മുഖം തെളിഞ്ഞു – കൊടുമൺ പോറ്റി!

ക്രൂരതയുടെ, അധികാര ബോധത്തിന്റെ ആൾരൂപമാണ് പോറ്റി. കണ്ണുകളുടെ ചലനങ്ങളിലും പുരികക്കൊടികളുടെയനക്കത്തിൽ പോലും അതു വ്യക്തമായി തെളിഞ്ഞു കാണാം. മലയാളി പുരുഷ സങ്കൽപ്പങ്ങളുടെ സൗന്ദര്യത്തികവായ മമ്മൂട്ടിയുടെ മുഖം കൊടുമൺ പോറ്റിയെന്ന ക്രൂരരൂപത്തിലേക്കെത്തിക്കുകയെന്നത് നിസ്സാരമായിരുന്നില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയപ്പോഴും ആ പരകായ പ്രവേശമാണ് പ്രധാന ചർച്ചയാത്. അക്കൂട്ടത്തിൽ കാണികളുടെ നോട്ടം ആദ്യം തറച്ചതാകട്ടേ, കൊടുമൺ പോറ്റിയുടെ അഴുക്കും കറയും പുരണ്ട വൃത്തികെട്ട പല്ലുകളിലും.

‘മുല്ലമൊട്ടുകൾ പോലെയുള്ള ആ പല്ലിനെ ഇങ്ങനെയാക്കിയതിച്ചിരി കടുപ്പമായിപ്പോയി കേട്ടോ...’ എന്ന ആരാധകരുടെ സങ്കടം പറച്ചില്‍ കേൾക്കുമ്പോൾ, ദന്തചികിത്സകൻ ഡോ. ചെറിയാൻ കെ. ഏബ്രഹാം ഒരു ചിരിയോടെ പറയുന്നു –

‘‘സത്യം...നന്നായി മിനക്കെട്ടാണ് ആ പല്ലൊരുക്കിയത്’’.

dr.cherian-2

കേരളത്തിലെ പ്രശസ്ത ദന്തചികിത്സകനും സ്മൈൽ കെയർ വിദഗ്ധനുമായ ഡോ. ചെറിയാൻ കെ. ഏബ്രഹാം മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ്. മുൻപ് ‘കറുത്ത പക്ഷികൾ’ എന്ന സിനിമയിൽ മമ്മൂക്കയുടെ കഥാപാത്രത്തിനായി പല്ലുകളൊരുക്കിയതും ഡോ.ചെറിയാനാണ്. ‘ഭ്രമയുഗ’ത്തിന്റെ ചർച്ചകൾ തുടങ്ങി, കഥാപാത്രത്തിന്റെ രൂപത്തെക്കുറിച്ചുള്ള ധാരണയായപ്പോൾ മമ്മൂട്ടി ഡോ.ചെറിയാനെ വിളിച്ചു –

‘ചെറിയാനേ...എനിക്കൊരു പല്ലുണ്ടാക്കിത്തരണം...’

ആ കോൾ കൊടുമൺ പോറ്റിയുടെ പല്ലുകളുടെ പിറവിവിളിയായി.

‘‘‌മമ്മൂക്കയ്ക്ക് പെർഫക്ഷൻ വളരെ പ്രധാനമാണ്. പല്ലുണ്ടാക്കാൻ ഞാൻ‌ മതിയെന്ന് സംവിധായകനോടും മറ്റും അദ്ദേഹം പറഞ്ഞു. നേരിട്ട് വിളിച്ച് ഏൽപ്പിക്കുകയും ചെയ്തു. മമ്മൂക്കയ്ക്ക് എന്നോടുള്ള വിശ്വാസമാണത്. ഉത്തരവാദിത്വവും അത്രത്തോളമായിരുന്നു.

കൃത്യമായി തേച്ചു മിനുക്കാത്ത, കഴുകി വെടിപ്പാക്കാത്ത, വളരെ മോശമായ, വൃത്തികെട്ട പല്ലായിരിക്കണം എന്നതായിരുന്നു ആവശ്യം. വളരെ പരുക്കനായ ആളാണു പോറ്റി. ആ ഭാവം പല്ലിലും വരണം. അതായിരുന്നു പ്രധാന നിർദേശം. അതിനനുസരിച്ച്, കൊടുമണ്‍ പോറ്റിയുടെ സ്വഭാവസവിശേഷതകൾ കൃത്യമായി അടയാളപ്പെടുത്തത്തക്ക തരത്തിലാണ് പല്ലുകൾ തയാറാക്കിയത്’’.– ഡോ. ചെറിയാൻ പറയുന്നു.

dr.cherian-3

തുടക്കം ‘കറുത്ത പക്ഷികൾ’

‘കറുത്ത പക്ഷികൾ’ക്കു വേണ്ടി മമ്മൂക്ക പറഞ്ഞിട്ട് ഞാൻ വളരെ കനം കുറഞ്ഞ, അനായാസം ഉപയോഗിക്കാവുന്ന ഒരു മോഡലാണ് ഉണ്ടാക്കിക്കൊടുത്തത്. അതു വളരെ സ്വാഭാവികമായി തോന്നും. കുറച്ചു കൂടി മികച്ച ഇനമാണ് ഇപ്പോൾ ‘ഭ്രമയുഗ’ത്തിനായി നിർമിച്ചത്. പല്ലിലേക്ക് കയറ്റി വച്ചാൽ മതി. മോണയിലും പല്ലുകൾക്കിടയിലെ നേരിയ വിടവിലുമൊക്കെയായി ഉറച്ചിരിക്കും. ഉപയോഗിക്കുന്നവർക്ക് യാതൊരു അസ്വസ്ഥതയും തോന്നില്ല. എപ്പോൾ വേണമെങ്കിലും അനായാസം ഈരിമാറ്റാനും വീണ്ടും വയ്ക്കാനും പറ്റും. സംസാരിക്കുമ്പോഴൊന്നും യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല.

പല്ല് ഉണ്ടാക്കുന്നതിനെക്കാൾ മിനക്കേട് അതിന്റെ ലുക്കും ക്യാരക്ടറും വരുത്തിയെടുക്കാനാണ്. വെറുതെ കളറൊന്നും വാരിത്തേക്കാനൊക്കില്ല. കൃത്യമായ മിക്സുകളുണ്ടാക്കി വേണം പുരട്ടാൻ‌. ഞങ്ങൾ രണ്ട് സെറ്റ് പല്ലുകൾ തയാറാക്കി മമ്മൂക്കയുടെ സന്തത സഹചാരിയായ ജോർജിനെ ഏൽപ്പിച്ചിരുന്നു. ഒന്നിനെന്തെങ്കിലും കുഴപ്പം സംഭവിച്ചാലും പകരം വേണമല്ലോ. പെട്ടെന്നൊരെണ്ണം ഉണ്ടാക്കിയെടുക്കാനൊക്കില്ല.

‘കറുത്ത പക്ഷികളി’ൽ ഒരു മോശം പല്ല് വേണമെന്നേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ‘ഭ്രമയുഗ’ത്തിൽ അങ്ങനെയായിരുന്നില്ല. ആ കഥാപാത്രത്തിന്റെ കൃത്യമായ സ്വഭാവം പല്ലിലൂടെ വരേണ്ടതുണ്ട്. അത്രയും ശ്രദ്ധയും സൂക്ഷ്മതയും അധ്വാനവും വേണ്ടിവന്നു. അദ്ദേഹത്തിന്റെ പല്ലിന്റെ പെർഫക്ട് ഡ്യൂപ്ലിക്കേറ്റ് എടുത്ത് അതിലേക്കാണ് ഇത് ചെയ്തെടുത്തത്. തൃശൂരിൽ ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് മമ്മൂക്ക ഇതിന്റെ ഫിറ്റ്നസ്സ് ട്രയൽ ചെയ്തത്. എടുത്തു വച്ചു നോക്കിയ ശേഷം, ‘പെർഫക്ട് ഫിറ്റ്. വെരിഗുഡ്’ എന്നു പറഞ്ഞ് എന്നെ ചേർത്തു പിടിച്ചു. ഇപ്പോൾ സിനിമ കണ്ട് ധാരാളം ആളുകൾ മെസേജ് അയയ്ക്കുന്നുണ്ട്. വലിയ സന്തോഷം.

dr-cheriyan-5

ഇത്രയും വൃത്തികെട്ട ഒരു പല്ലുണ്ടാക്കി മമ്മൂക്കയെയും പ്രേക്ഷകരെയും ഞെട്ടിച്ച ഡോ. ചെറിയാൻ പക്ഷേ, മനോഹരമായ ചിരിയുണ്ടാക്കുന്നതിലും കേമനാണ്. കേരളത്തിലെ ഏറെ പ്രശസ്തനായ സ്മൈൽ കെയർ വിദഗ്ധനാണ് അദ്ദേഹം.

ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മെഗാ സ്റ്റാര്‍ വീണ്ടും ആരാധകരെ വിസ്മയിപ്പിക്കുകയാണ് ചിത്രത്തിൽ. കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും മികച്ച പ്രകടനവുമായി കയ്യടി നേടുന്നു.