Wednesday 13 November 2019 02:33 PM IST : By സ്വന്തം ലേഖകൻ

പോരാടാൻ വേറെ വഴികളില്ലായിരുന്നോ?, സ്വയം കൊല്ലണമായിരുന്നോ പിള്ളേരെ; കണ്ണുതുറപ്പിച്ച് കുറിപ്പ്; വേദന

sui

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റേയും മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ഷാഹിറിന്റേയും ആത്മഹത്യാ വാർത്തകൾ നെഞ്ചിടിപ്പോടെയാണ് കേരളക്കര ശ്രവിച്ചത്. ഈ മാസം 9 നാണ്് മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. അധ്യാപകനായ സുദർശൻ പത്മനാഭനായിരിക്കും തന്റെ മരണത്തിന് കാരണമെന്ന് ഫാത്തിമ തന്റെ മൊബൈലിൽ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നു എന്ന് വീട്ടുകാർ പറയുന്നു.

പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായതിനെ തുടർന്നാണ് ഷാഹിർ ആത്മഹത്യ ചെയ്യുന്നത്. പ്രണയവിവരം അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഷാഹിറിനെ പരസ്യമായി മര്‍ദ്ദിച്ചിരുന്നു.രണ്ട് മണിക്കൂറോളം നേരം ആള്‍ക്കൂട്ടം ഷാഹിറിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടിലെത്തിയ ഷാഹിര്‍ തനിക്ക് നേര വധഭീഷണിയുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. അതിന് ശേഷം വീട്ടുകാരുടെ മുന്നില്‍ വെച്ച് തന്നെ വിഷം കുടിക്കുകയായിരുന്നു.

രണ്ട് സംഭവങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം കോളിളക്കം സൃഷ്ടിക്കുന്നതിനിടെ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടർ സിജെ ജോൺ. രണ്ട് കഥകളിലേയും കദനം ചൊല്ലി അതിലേക്കു നയിച്ച വില്ലന്മാരെ കല്ലെറിയുന്ന തിരക്കിൽ ഈ ചെറുപ്പക്കാരുടെ ഉൾ കരുത്തില്ലായ്മയെ കുറിച്ച് വേവലാതിപ്പെടാൻ എല്ലവരും മറന്ന് പോകുന്നുവെന്ന് ഡോക്ടർ കുറിക്കുന്നു. നിസ്സഹായരായ അവർ വേറെന്ത് ചെയ്യാനാണെന്ന ഒരു സന്ദേശം അറിയാതെ നൽകപ്പെടുന്നു .പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ചാകാൻ പുറപ്പെടരുതേ പിള്ളേരെയെന്ന് കൂടി ഈ സാഹചര്യത്തിൽ പുതുതലമുറയെ ഓർമ്മിപ്പിക്കണമെന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ഡോക്ടർ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഒരു പ്രൊഫസ്സർ മനപ്പൂർവം മാർക്ക് കുറച്ചു കൊടുത്തതിൽ മനം നൊന്താൽ സ്വയം കൊല്ലണോ ?അന്യായമാണെങ്കിൽ പോരാടാൻ വേറെ വഴികളില്ലേ?പ്രഫസ്സർ അങ്ങനെ ചെയ്തുവെങ്കിൽ അത് തെറ്റ് .എന്നാൽ അതിനോട് വിദ്യാർത്ഥിനി പ്രകടിപ്പിച്ച പ്രതികരണം അനാരോഗ്യകരമല്ലേ ?ഇത് കൂടി ചേർത്ത് പറഞ്ഞില്ലെങ്കിൽ ചെറുപ്പക്കാർക്ക് ആത്മഹത്യ ഒരു അനുകരണീയ മാതൃകയാണെന്ന തോന്നൽ ഉണ്ടാകും .മലപ്പുറത്തെ യുവാവിന് കാമുകിയുടെ ബന്ധുക്കളിൽ നിന്നും അടി കൊണ്ടപ്പോൾ അവൻ മാനക്കേടിന്റെ പേരിൽ വിഷം കുടിച്ചു ആശുപത്രിയിലായി .പെണ്ണിനെ ഓർത്തതുമില്ല .പിന്നീട് മരിച്ചു .തല ഉയർത്തി നിന്ന് യുവതിയെ ജീവിതത്തിലേക്ക് വിളിക്കാനുള്ള ധൈര്യത്തിന് പകരം അവൻ ഭീരുവായി മരണത്തിന്റെ വഴിയേ പോയി .അവന്റെ മരണമറിഞ്ഞ കാമുകിയും സ്വയം ഉയിരെടുക്കാൻ ശ്രമിച്ചു ഗുരുതരാവസ്ഥയിലാണ്.ഈ കഥയിലെ കദനം ചൊല്ലി അതിലേക്കു നയിച്ച വില്ലന്മാരെ കല്ലെറിയുന്ന തിരക്കിൽ ഈ ചെറുപ്പക്കാരുടെ ഉൾ കരുത്തില്ലായ്മയെ കുറിച്ച് വേവലാതിപ്പെടാൻ എല്ലവരും മറന്ന് പോകുന്നു.നിസ്സഹായരായ അവർ വേറെന്ത് ചെയ്യാനാണെന്ന ഒരു സന്ദേശം അറിയാതെ നൽകപ്പെടുന്നു .പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ചാകാൻ പുറപ്പെടരുതേ പിള്ളേരെയെന്ന് കൂടി നമുക്ക് പറയാം .ഈ ഉൾക്കാഴ്ച ഉണ്ടായിരുന്നെകിൽ ചെന്നൈയിലും മലപ്പുറത്തും ആ ജീവനുകൾ രക്ഷപ്പെട്ടേനേ.ജീവനോടെ ഇരുന്ന് അവരെ വിഷമിപ്പിച്ചവർക്ക് ഒരു പാഠം നൽകാനും സാധിച്ചേനേ.വിഷമത്തിൽ പെടുമ്പോൾ വിശ്വസിക്കാവുന്ന ആരോടെങ്കിലും ഉള്ള് തുറക്കിൻ കൂട്ടരെ. കൊള്ളാവുന്ന ഒരു ജീവിതം ഇങ്ങനെ തകർക്കല്ലേ.
(സി .ജെ .ജോൺ)