Friday 24 July 2020 04:29 PM IST : By സ്വന്തം ലേഖകൻ

കോവിഡിനെ തോൽപ്പിച്ചു, പക്ഷെ...; 10 രൂപയ്ക്ക് ചികിത്സ നൽകിയിരുന്ന ‘ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടർ’ ഇനി ഓർമ

dr-mohan-reddy667899

ചെന്നൈയില്‍ രോഗികളിൽ നിന്ന് ഫീസായി വെറും പത്തു രൂപ മാത്രം വാങ്ങി ചികിത്സിച്ചിരുന്ന ഡോ സി മോഹന്‍ റെഡ്ഡി (84) മരണപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് ‘ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടർ’ ഓർമ്മയായത്. ഡോക്ടർ കോവിഡ് ബാധിതനായിരുന്നെങ്കിലും മരണത്തിനു തൊട്ടുമുൻപുള്ള പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. ലോക് ഡൗണില്‍ പോലും മോഹന്‍ റെഡ്ഡി രോഗികൾക്ക് ചികിത്സ നൽകിയിരുന്നു.

"അദ്ദേഹം കോവിഡിൽ നിന്ന് സുഖം പ്രാപിക്കുകയും റിസൾട്ട് നെഗറ്റീവ് ആകുകയും ചെയ്തു. എന്നാൽ പെട്ടെന്നുണ്ടായ ശ്വാസകോശ സംബന്ധമായ തകരാറു മൂലം മരണം സംഭവിക്കുകയായിരുന്നു."- ഡോ. മോഹൻ റെഡ്ഡിയുടെ സഹോദരനും വാസ്കുലർ സർജനുമായ ഡോ. സിഎംകെ റെഡ്ഡി പറഞ്ഞു. ചികിത്സയ്ക്കായി വില്ലിവാക്കത്തെ സാധാരണക്കാരും ചേരിനിവാസികളുമെല്ലാം അദ്ദേഹത്തെ തേടി വരുമായിരുന്നു. ഡോക്ടറുടെ മരണവാര്‍ത്ത വില്ലിവാക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാരെ ദുഃഖത്തിലാഴ്ത്തി.

സാധാരണക്കാർക്ക് ചികിത്സ നൽകാനായി 30 ബെഡ്ഡുകളുള്ള ചെറിയ ആശുപത്രി ഏതുസമയത്തും പ്രവര്‍ത്തിച്ചിരുന്നു. "ആശ്രയിച്ചെത്തുന്ന ആരോടും അദ്ദേഹം ഇതുവരെ നോ പറഞ്ഞിരുന്നില്ല. ലോക്ക്ഡൗണ്‍ കാലത്ത് ബന്ധുക്കള്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും വന്നാല്‍ രോഗികളെ ആര് ചികിത്സിക്കുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്."- സഹോദരന്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് പട്ടിണിയിലായ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാണ് അദ്ദേഹം ജന്മദിനം ആഘോഷിച്ചത്. ഡോ. മോഹൻ റെഡ്ഡിയുടെ പത്തു വര്‍ഷത്തെ സേവനത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തിരുന്നു.

Tags:
  • Spotlight