Thursday 09 July 2020 02:39 PM IST : By സ്വന്തം ലേഖകൻ

‘മമ്മൂട്ടി വിതുമ്പിയപ്പോൾ തിയറ്ററിലിരുന്ന് ഞാനും കരഞ്ഞു; എന്റെ അപ്പന്റെ സ്വപ്നങ്ങളെല്ലാം തട്ടിത്തകർത്തതിന്’

_ARI2337_1 ഫോട്ടോ: സരിൻ രാംദാസ്

കഴിവും മിടുക്കും ഉണ്ടായിട്ടും വിജയത്തിന്റെ ചവിട്ടുപടികൾ കയറാനാകാതെ കാലിടറി വീഴുന്നവരുണ്ട്. സ്വന്തം വീഴ്ചയിൽനിന്ന് സ്വപ്രയത്നത്തിലൂടെ തിരികെ കയറിയ കഥ എഴുതുന്നു, ഡോ. റെബേക്ക ജോർജ് തരകൻ

പത്താം ക്ലാസിലെ സ്കൂൾ വാർഷിക ദിനമായിരുന്നു അന്ന്. ബെസ്റ്റ് സ്റ്റുഡന്റ് ഉൾപ്പടെ ഒരുപാട് സമ്മാനങ്ങൾ എനിക്ക്. ഒരു സമ്മാനം വാങ്ങി തിരികെയെത്തും മുൻപേ വീണ്ടും പേരു വിളിക്കും. ഒടുവിൽ 12 സമ്മാനങ്ങളുമായി സ്‌റ്റേജിൽ നിന്ന് തിരികെ ഇറങ്ങുമ്പോൾ രണ്ടെണ്ണം താഴെ വീണു. എന്റെ ക്ലാസ് ടീച്ചറായിരുന്ന അംബിക ടീച്ചർ അവ കുനിഞ്ഞെടുത്ത് എന്റെ കൈകളിൽ വച്ചു തന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ നിമിഷം പിന്നീട് പലപ്പോഴും ഞാൻ ഓർത്തിരുന്നു.

ഒന്നാം ക്ലാസു മുതൽ പഠിക്കാൻ മിടുക്കിയായിരുന്നു ഞാൻ. നാലാം ക്ലാസിലും ഏഴാം ക്ലാസിലും സ്കോളർഷിപ്. എസ്എസ്എൽസിക്ക് കണ്ണൂർ ജില്ലയിലും കോഴിക്കോട് ഡയസിസിലും ഒന്നാം സ്ഥാനം. അതൊരു സുവർണ കാലം.

മിടുക്കിയായിരുന്ന മകളെ ഡോക്ടറാക്കാൻ എന്റെ അപ്പൻ ജോർജ് ഇമ്മാനുവൽ രാമപുരം ആഗ്രഹിച്ചു. അങ്ങനെ സയൻസ് ഗ്രൂപ്പ് എടുത്ത് എറണാകുളം സെന്റ് തെരേസാസ് കോളജിൽ ചേർന്നു. രസങ്ങളുടെ, നിറങ്ങളുടെ ഭംഗിയുള്ള ലോകത്തിലേക്ക് ചിത്രശലഭത്തെപ്പോലെ പാറിപ്പറക്കാൻ തുടങ്ങിയ പ്രിഡിഗ്രിക്കാലം. ഹോസ്റ്റൽ താമസവും വട്ടം കൂടിയിരുന്നുള്ള സൊറ പറച്ചിലും പലഹാരങ്ങള്‍ പങ്കുവയ്ക്കലും വൈകുന്നേരങ്ങളിൽ കൊച്ചി നഗരത്തിലൂടെ കറങ്ങിനടപ്പും സിനിമ കാണലും... സ്കൂളിൽ ആദ്യ ബഞ്ചിൽ ടീച്ചറുടെ മൂക്കിൻകീഴിൽ ഇരുന്നിരുന്ന ഞാൻ ലാസ്റ്റ് ബഞ്ചിലേക്ക് സ്ഥലം മാറ്റം നടത്തിയിരുന്നു.

ജയിച്ചെങ്കിലും തോറ്റ പരീക്ഷകൾ

യൂണിവേഴ്സിറ്റി പരീക്ഷ അടുത്തപ്പോൾ വല്ലാതെ പേടിയാകാൻ തുടങ്ങി. ഒരക്ഷരം അറിഞ്ഞുകൂടാ. എന്നെ ഡോക്ടറാക്കാൻ മോഹിച്ച അപ്പൻ. എന്റെ സ്ഥിതി ഇങ്ങനെയും. പരീക്ഷയ്ക്ക് ഒരു മാസം മുൻപേ ഊണും ഉറക്കവുമില്ലാതെ പഠിച്ചു. അദ്ഭുതമെന്ന് പറയട്ടെ, റിസൽറ്റ് വന്നപ്പോൾ ഫസ്റ്റ് ക്ലാസ്. അപ്പന്റെയും അമ്മയുടെയും പ്രാർഥന ദൈവം കേട്ടുകാണും. പല മെഡിക്കൽ കോളജുകളുടെയും എൻട്രൻസ് പരീക്ഷ എഴുതി. എവിടെയും കിട്ടിയില്ല. പാവം അപ്പൻ നിരാശനായി.

rebecca1

ഫ്രഞ്ച് ഭാഷയ്ക്ക് വളരെ നല്ല മാർക്കുണ്ടായിരുന്നു എനിക്ക്. ലിറ്ററേച്ചർ പഠിക്കണമെന്നായിരുന്നു ആഗ്രഹവും. പക്ഷേ, അപ്പൻ പറഞ്ഞു ഡിഗ്രിക്ക് സയൻസ് ഗ്രൂപ് എടുക്കണം. ഒന്നും കൂടെ മെഡിസിന് ശ്രമിക്കാമല്ലോ. എന്റെ ഇഷ്ടം അപ്പനോട് പറയാൻ ധൈര്യപ്പെട്ടില്ല. അങ്ങനെ കെമിസ്ട്രി പഠിക്കാൻ പിന്നെയും എറണാകുളം സെന്റ് തെരേസാസിലേക്ക്.

ഡിഗ്രി പഠനകാലമായിരുന്നു ഉഴപ്പിന്റെ ഉച്ചകോടിയുടെ കാലം. അപ്പൻ പൈസ അയയ്ക്കും. ഞാൻ കൂട്ടുകാരുടെ കൂടെ അടിച്ചുപൊളിച്ച് തിമിർക്കും. അങ്ങനെ മൂന്നുവർഷം. ഫൈനൽ റിസൽറ്റ് വന്നപ്പോൾ വെറും സെക്കൻഡ് ക്ലാസ്സിൽ ജയം. മാർക്കൊന്നും പുറത്തു പറയാൻ കൊള്ളില്ല. അപ്പന്റെ സ്വപ്നങ്ങളെല്ലാം ഞാൻ തകർത്തുകളഞ്ഞെങ്കിലും വഴക്കൊന്നും പറഞ്ഞില്ല. ചാരുകസേരയിൽ മിണ്ടാതെ കിടന്നു.

കല്യാണാലോചനകൾ വന്നു തുടങ്ങുന്ന കാലമായിരുന്നു അത്. വീട്ടിലെ ജോലിക്കാരൊക്കെ ആണുങ്ങളായതുകൊണ്ടാകാം ഞങ്ങൾ പെൺകുട്ടികൾ അടുക്കളയിൽ കയറുന്നത് അപ്പനിഷ്ടമില്ലായിരുന്നു. അതുകൊണ്ട് പാചകമൊന്നും അറിയില്ല. അമ്മ പറ‍ഞ്ഞു ‘ഇനി എന്തു ചെയ്യാൻ, മദ്രാസിലെ കൾച്ചറൽ അക്കാദമിയില്‍ വിടാം. കുക്കിങ്ങും ഹോം മേക്കിങ്ങും ചെയ്യട്ടെ.’ അങ്ങനെ മദ്രാസിൽ ഒരു വർഷത്തെ കോഴ്സ് ചെയ്തു. അടുത്ത കൊല്ലം ബിഎഡും ചെയ്തു.

1979 ൽ വിവാഹം  കഴിഞ്ഞു. എഴുപുന്ന പാറായിലെ ജോർജ് തരകനുമായി. ബെംഗളൂരു സ്പെൻസറിൽ ജോലിയുള്ള എംബിഎക്കാരൻ. ഒരിക്കൽ അപ്പൻ അവിടെ വന്നപ്പോൾ ഞാൻ അടുക്കളയിൽ ചോറു വാർക്കുന്നു, തേങ്ങ ചുരണ്ടുന്നു, സാമ്പാർ ഉണ്ടാക്കുന്നു. അപ്പൻ ഒരിക്കലും അടുക്കളയിൽ കയറാൻ അനുവദിക്കാത്ത, ഡോക്ടറായി കാണാൻ ആഗ്രഹിച്ച മകൾ. അതു കണ്ട് അപ്പൻ അന്ന് കരഞ്ഞു.

മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ ജോർജിന് മദ്രാസിലേക്ക് സ്ഥലംമാറ്റം കിട്ടി. ഞങ്ങൾക്ക് രണ്ടു കുട്ടികൾ ജനിച്ചു. അന്ന ലിസയും ഉമ്മനും. ഒരിക്കൽ എന്റെ അമ്മച്ചി റോസി ജോർജ് എന്നെ കാണാൻ വന്നു. ഞാൻ ദോശ ചുടുകയാണ്. (പറഞ്ഞില്ലല്ലോ, ഇതിനകം ഞാൻ ദോശ ചുടാൻ ഒക്കെ എക്സ്പർട്ട് ആയിരുന്നു). അമ്മച്ചി എന്നെ നോക്കി പറഞ്ഞു ‘നിന്റെ കൂടെ സ്കൂളിൽ പഠിച്ച, നിന്നേക്കാൾ കുറവ് മാർക്ക് കിട്ടിയവർ പോലും ഡോക്ടറായി. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറായി. എന്റെ മകൾ എന്ത് നേടി? നന്നായി ദോശ ചുടാൻ പഠിച്ചു. അത്ര തന്നെ.’

എനിക്കിത് കേട്ട് ദേഷ്യം വന്നു. ഞാൻ പറഞ്ഞു, ‘അമ്മച്ചീ, ഞാൻ കാണിച്ചു തരാം, എനിക്കെന്തു ചെയ്യാൻ പറ്റുമെന്ന്.’ പെട്ടെന്ന് അങ്ങനെ പറഞ്ഞെങ്കിലും എന്തു ചെയ്യണമെന്നൊന്നും ചിന്തിച്ചിട്ടേയില്ല.

എനിക്ക് ഫ്രഞ്ച് ഭാഷയ്ക്ക് മാത്രം എന്നും നല്ല മാർക്കുണ്ടായിരുന്നു എന്ന് പറ‍ഞ്ഞല്ലോ. എല്ലാ വിഷയങ്ങളും എന്നോട് പിണങ്ങി നിന്നപ്പോഴും സ്നേഹത്തോടെ കൂടെ നിന്നത് ഫ്രഞ്ച് മാത്രം. എന്നാൽ, അതു തന്നെയാകട്ടെ എന്റെ വഴി. മകൻ ഉമ്മന് ആറു മാസം മാത്രം പ്രായം. മദ്രാസിലെ സാന്തോമിൽ നിന്ന് രണ്ട് ബസ് കയറി വേണം നുങ്കംപക്കത്തുള്ള ഫ്രഞ്ച് ഭാഷാ പഠനകേന്ദ്രമായ അലയൻസ് ഫ്രാൻസിലെത്താൻ. അവിടെ ചെന്നപ്പോൾ ജീൻസിട്ട് കാറോടിച്ചുവരുന്ന ചെറുപ്പക്കാരികളാണ് ക്ലാസിൽ. സാരിയുടുത്ത, വീട്ടമ്മയായ ഞാൻ ഒരു മൂലയ്ക്ക് ഒതുങ്ങിക്കൂടി.

ഒരിക്കൽ ക്ലാസിലെ കുട്ടികൾ എല്ലാവരും കന്റീനിൽ ഒന്നിച്ചപ്പോൾ എന്തിനാണ് ഫ്രഞ്ച് പഠിക്കുന്നതെന്നായി സംസാരം. ഇത്തവണ കഥ വേറെയാണ്. അവരൊക്കെ രസിക്കാൻ വന്നതും, ഞാൻ സീരിയസായി പഠിക്കാൻ വന്നതും. ‘കാലം മാറും, കാറ്റിൻ ഗതിമാറും’, അപ്പനിഷ്ടമുള്ള പഴയ പാട്ട്. ഒടുവിൽ റിസൽറ്റ് വന്നപ്പോൾ എനിക്ക് ഉയർന്ന മാർക്ക്. ത്രേ ബിയൻ (Tres bien=very good). പിന്നെ, അടുത്ത കോഴ്സും. അതിനടുത്ത കോഴ്സും ചെയ്തു.

ആ കൊല്ലം യൂണിവേഴ്സിറ്റി ഓഫ് മദ്രാസ് എം.എ ഫ്രഞ്ച് കോഴ്സ് ആരംഭിക്കുന്നുവെന്ന് പത്രത്തിൽ പരസ്യം വന്നു. സുഹൃത്ത് രാജി എംഎ ചെയ്യാൻ നിർബന്ധിച്ചു. ഇന്റർവ്യൂവിനു ചെന്നപ്പോൾ പ്രഫസർ പറഞ്ഞു, ‘ഇത് ബുദ്ധിമുട്ടുള്ള കോഴ്സാണ്, നിങ്ങൾ ഒരു വീട്ടമ്മയാണ്. രണ്ട് കുട്ടികളുമുണ്ട്.’

ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ട് ഉത്തരം മനസ്സിൽ കരുതിയിരുന്നു. ‘കുട്ടികളെ നോക്കാൻ എനിക്ക് സഹായിയുണ്ട്. സാർ, ഞാൻ നന്നായി പഠിക്കാം. എനിക്കു പ്രവേശനം തരൂ.’ ഇത്രയും ഞാൻ പറഞ്ഞത് ശുദ്ധമായ സ്‌റ്റൈലിഷ് ഫ്രഞ്ചിൽ തന്നെയാണ്. ചിരിച്ചു കൊണ്ടായിരുന്നു പ്രഫസറുടെ മറുപടി. ‘നന്നായി ഫ്രഞ്ച് സംസാരിക്കുന്നുണ്ടല്ലോ? നിങ്ങൾക്ക് അഡ്മിഷൻ തന്നിരിക്കുന്നു.’

വാശിക്കുള്ള പഠിത്തം

ഇത്തവണ വാശിയോടെയാണ് പഠിച്ചത്. ഞാൻ കാണിച്ചുതരാം എന്ന് അമ്മച്ചിയോട് പറഞ്ഞ വാശി. പലപ്പോഴും ഒരു കയ്യിൽ പുസ്തകം പിടിച്ചുകൊണ്ട് മറുകൈകൊണ്ട് ദോശ ചുട്ടു. മഹാബലിപുരത്തേക്ക് കുടുംബയാത്ര പോയപ്പോൾ കാറിലിരുന്ന് പിറ്റേദിവസത്തെ പരീക്ഷയ്ക്ക് തയാറെടുത്തു. റിസൽറ്റ് വന്നപ്പോൾ ഉയർന്ന ഫസ്റ്റ് ക്ലാസ്. ജോർജ് സമ്മാനമായി എനിക്കൊരു സിൽക് സാരി വാങ്ങിച്ചു തന്നു.

Untitled

പിന്നെ, എം.ഫിൽ കോഴ്സ്. കടുകട്ടിയായിരുന്നെങ്കിലും എല്ലാം പലതവണ വായിച്ച് മനസ്സിലാക്കി. എം.ഫിലിന് തീസിസ് എഴുതി ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യണം. അതിനിടയ്ക്ക് എന്റെ അനിയത്തിയുടെ കുട്ടിയുടെ മാമോദീസ. ആ തിരക്കിനിടയിൽ ടൈപ്പിങ് ശരിയായി അറിയാത്ത ഒരാളെ കൊണ്ടാണ് തീസിസ് അടിപ്പിച്ചത്. അങ്ങനെ കുറെ തെറ്റുകൾ വന്നു. വീട്ടിൽ വിരുന്നുകാരും ബഹളവുമായതുകൊണ്ട് കുറച്ചേ തിരുത്താൻ സാധിച്ചുള്ളൂ.

തീസിസ് സബ്മിറ്റ് ചെയ്യാൻ ചെന്നപ്പോൾ പ്രഫസർ പറഞ്ഞു, ‘സോറി, ഇത് മുഴുവൻ ടൈപ്പിങ് തെറ്റുകളാണ്, ഇതെനിക്ക് സ്വീകരിക്കാൻ കഴിയില്ല.’ വർഷങ്ങളുടെ ശ്രമമാണ് പാഴാകുന്നത്. ഞാൻ അവിടെയിരുന്ന് പൊട്ടിക്കരഞ്ഞു. അപ്പോൾ പ്രഫസർ മദനഗോപാലൻ ഒരു ഉപദേശം തന്നു. ‘തീസിസ് ഫൈനോടുകൂടി സ്വീകരിക്കാൻ ഇനിയും മൂന്നു മാസമുണ്ട്. അതിനിടയ്ക്ക് തെറ്റുകളില്ലാതെ ടൈപ്പ് ചെയ്ത് കൊണ്ടുവരൂ. നിങ്ങളുടെ നൻമയ്ക്കാണ് ഞാനിത് പറയുന്നത്.’

ഞാൻ കരഞ്ഞുകൊണ്ട് വീട്ടിലേക്കു മടങ്ങി. അനുഭവങ്ങളിൽനിന്ന് ഒരു കാര്യം ഞാൻ പഠിച്ചിരുന്നു. ദൈവം നമ്മളെ പലപ്പോഴും സങ്കടക്കടലിന്റെ ആഴത്തിലേക്ക് തള്ളിയിടും. അവിടെ നിന്ന് കൈപിടിച്ച് ഉയർത്തുകയും ചെയ്യും.

കംപ്യൂട്ടർ യുഗം തുടങ്ങുന്ന സമയമാണ്. കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന ടൈപ്പിസ്റ്റിനെക്കുറിച്ച് അറിഞ്ഞു. ചെയ്തു നോക്കിയപ്പോൾ ഹാ, എത്ര ഭംഗിയായി, വൃത്തിയായി ചെയ്യുന്നു. എല്ലാ തെറ്റുകളും ഞാന്‍ ശ്രദ്ധിച്ചിരുന്ന് തിരുത്തി. ഫൈനോടു കൂടി തീസീസ് സബ്മിറ്റ് ചെയ്തു. പരീക്ഷ നന്നായി എഴുതുകയും ചെയ്തു. റിസൽറ്റ് വന്നപ്പോൾ ഞാൻ യൂണിവേഴ്സിറ്റി ഓഫ് മദ്രാസിൽ ഒന്നാമത്. പഴയ തലശ്ശേരി സേക്രട്ട് ഹാർട്ട് സ്കൂളിലെ ബെക്കി ജോർജ് ഉയർത്തെഴുന്നേറ്റിരിക്കുന്നു.

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പഠിച്ച ചർച്ച് പാർക്ക് സ്കൂളിൽ പാർട്ട്ടൈം ഫ്രഞ്ച് ടീച്ചറായിട്ടാണ് ആദ്യം ജോലിക്കു കയറുന്നത്. പിന്നീട് 1990ൽ ചൈന്നൈയിലെ ലയോള കോളജിൽ ലക്ചറര്‍ ആയി. പിന്നീടുള്ള 25 വർഷങ്ങൾക്കിടയിൽ ഡീൻ ആയി, പ്രഫസർ ആയി, ഹെഡ് ഓഫ് ദി ഡിപാർട്മെന്റ് ഓഫ് ഫോറിൻ ലാംഗ്വേജസ് ആയി...

വാക്കുകൾകൊണ്ട് കുത്തിനോവിച്ച് എന്നിൽ വാശി കയറ്റി ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണം, നേടണം എന്ന തോന്നൽ വളർത്തിയ പ്രിയ അമ്മച്ചിക്കാണ് ഞാൻ വിജയങ്ങളെല്ലാം സമർപ്പിച്ചത്.

ഇതിനിടയ്ക്ക് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽനിന്ന് ഫ്രഞ്ച് ഭാഷയിൽ ഡോക്ടറേറ്റ് ബിരുദം നേടി. എം മുകുന്ദന്റെ നോവലുകളിലെ കൊളോണിയലിസവും സാർത്ര്, കാമു എന്നീ ഫ്രഞ്ച് സാഹിത്യകാരൻമാരുമായുള്ള താരതമ്യപഠനമായിരുന്നു വിഷയം. ഇതിനുവേണ്ടി എം മുകുന്ദനെ കണ്ടു സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ ഫ്രഞ്ച് പഠിപ്പിക്കുന്ന ടീച്ചർമാരോട് എനിക്ക് അസൂയയാണ്. നിങ്ങൾ എത്ര സംഗീതാത്മകമായ ഭാഷയാണ് പഠിപ്പിക്കുന്നത്.’

‘അമരം’ സിനിമയിൽ മകളെ ഡാക്കിട്ടറാക്കണമെന്ന് മോഹിച്ച്, മണൽക്കൂമ്പാരം നെഞ്ചോട് ചേർത്ത് കിടന്നു മമ്മൂട്ടി വിതുമ്പിയപ്പോൾ തിയറ്ററിലിരുന്ന് ഞാനും കരഞ്ഞു. എന്റെ അപ്പന്റെ സ്വപ്നങ്ങളെല്ലാം തട്ടിത്തകർത്തതിന്. പിന്നീട് ഒരു മരണ വാർഷിക ദിനത്തിൽ പത്രത്തിൽ അപ്പന്റെ ഫോട്ടോ ഇട്ട് അടിക്കുറിപ്പായി ഞാൻ എഴുതി, ‘അപ്പാ, മെഡിക്കൽ ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിലും പിഎച്ച്ഡി ചെയ്ത് ഞാനൊരു ഡോക്ടറായി, അപ്പനു വേണ്ടി മാത്രം.’ 

Tags:
  • Spotlight
  • Motivational Story