Monday 24 July 2023 11:18 AM IST : By സ്വന്തം ലേഖകൻ

അസ്ഥിയ്ക്കുള്ള ബലക്കുറവ് മനസ്സിനെ ബാധിച്ചില്ല; എംബിബിഎസ് പഠനവും വിജയവും ആഘോഷമാക്കി ഡോ. സാന്ദ്ര സോമനാഥ്

sandra-dr

ശരീരത്തിന്റെ ബലക്കുറവ് മനസ്സിനെ ബാധിക്കാതിരുന്നതിനാൽ സാന്ദ്രാ സോമനാഥിന് എംബിബിഎസ് പഠനവും വിജയവും പ്രതിസന്ധിയായി മാറിയില്ല. കുടുബാംഗങ്ങൾക്കും അധ്യാപകർക്കും, സഹപാഠികൾക്കും ആവേശമായി സാന്ദ്ര ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജിലെ ഇന്നലെ നടന്ന ബിരുദ സമർപ്പണ ചടങ്ങിൽ എൽബോ ക്രെച്ചസിന്റെ സഹായത്താലെത്തി ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോ. സി.പി. വിജയനിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

"Finally My Big day is here.. സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു അവസ്ഥയിലാണ് ഇന്ന് ഞാൻ ആ വലിയ സ്റ്റേജിൽ ഇരുന്നത്... വെറുമൊരു ആഗ്രഹം മാത്രമായിരുന്ന ഈ ദിവസം, പതിയെ എന്റെ സ്വപ്നമായി... ഇന്ന് ആ സ്വപ്നം സാഫല്യമായി. ഈ യാത്രയിലെ പരീക്ഷണങ്ങൾ ചെറുതല്ല. ഇതിനായി എനിക്ക് താങ്ങും തണലുമായവർ മാറ്റിവച്ച സമയം ചെറുതല്ല. ഓരോ തടസ്സങ്ങൾ വരുമ്പോഴും അടിയറവ് പറയാൻ എന്നെ അനുവദിക്കാതിരുന്നത് ഈ ഒരു ദിവസം എന്ന സ്വപ്നമാണ്. ഇപ്പോഴും പ്രതിസന്ധികൾ വന്നു പോകാറുണ്ട്. അവയൊക്കെ എനിക്ക് ചോദ്യചിഹ്നം ആകാറുമുണ്ട്. പക്ഷെ, ഇതെന്റെ സ്വപ്നമാണ്. ഇനി ആ സ്വപ്നം എന്റേതാണ്. വീണുപോകുമ്പോൾ വീണ്ടും എന്നീറ്റു നടക്കാനുള്ള പ്രചോദനമാണ്. കൂടെ നിന്ന് സ്നേഹവും കരുതലും നൽകിയ  എല്ലാവരോടും ഒരുപാട് സ്നേഹം."- ഡോ. സാന്ദ്ര സോമനാഥ് സന്തോഷം പങ്കുവച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ജന്മനാ അസ്ഥിക്ക് ബലക്കുറവുള്ള അസുഖം ബാധിച്ച സാന്ദ്ര സോമനാഥിന് ജനിച്ച് 9ാം മാസം മുതൽ ശസ്ത്രക്രിയ വേണ്ടി വന്നു. ഇതിനോടകം  ചെറുതും വലുതുമായ 20നു മേ‍ൽ ശസ്ത്രക്രിയ നടത്തി. സഹപാഠികളുടെ സഹായമോ എൽബോ ക്രെച്ചസില്ലാതെയോ നടന്നു കഴിഞ്ഞാൽ വീണു പരുക്കേൽക്കുന്നത് പതിവാണ്.എംബിബിഎസ് പഠനത്തിനിടെയിലും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ വേണ്ടി വന്നു. കാറിന്റെ ഡ്രൈവിങ് ലൈസൻസ് എടുത്ത ശേഷം ചെറിയ കാർ ഓടിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിൽ സേവനത്തിനും പോകുന്നു.

തിരുവല്ല കാവുംഭാഗം റിട്ട. കോളജ് പ്രഫ. സോമനാഥപിള്ളയുടെയും റിട്ട. ഹയർ സെക്കൻഡറി അധ്യാപിക കെ. മിനിയുടെയും ഇളയ  മകളാണ് സാന്ദ്ര സോമനാഥ്. എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഫുൾ എ പ്ലസ് വാങ്ങിയ സാന്ദ്രയ്ക്ക് അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ 60ാം റാങ്കും കേരളത്തിൽ 3ാം റാങ്കും ഉണ്ടായിരുന്നു. പിജി പ്രവേശന പരീക്ഷയ്ക്ക് പരിശീലനം തുടരുന്നു. ത്വക്ക് രോഗ വിദഗ്ധയാകാനാണ് ആഗ്രഹം.

Tags:
  • Motivational Story
  • Inspirational Story