Thursday 21 December 2023 10:36 AM IST : By സ്വന്തം ലേഖകൻ

‘അവൻ അണിഞ്ഞിരുന്ന ചതിയുടെ മുഖംമൂടി എനിക്ക് മാറ്റാൻ കഴിഞ്ഞില്ല; ഇനി ഒരാളെയും സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയില്ല’: നോവായി ഷഹ്നയുടെ കുറിപ്പ്

dr-shhhn754688

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഡോ. ഷഹ്ന ജീവനൊടുക്കിയെന്ന കേസിലെ പ്രതി ഡോ. ഇ.എ റുവൈസിനെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമർശങ്ങളുണ്ടെന്നു ഹൈക്കോടതി പറഞ്ഞു. ജീവനൊടുക്കിയ ദിവസം ഷഹ്‌ന റുവൈസിനെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒഴിവാക്കി. 

ഷഹ്നയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നു. മാതാപിതാക്കൾ വീട്ടിൽ ചെന്നപ്പോൾ സാമ്പത്തിക വിഷയത്തെക്കുറിച്ചു സംസാരമുണ്ടായെന്നു ദൃക്സാക്ഷി മൊഴികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഡോ. റുവൈസ് നൽകിയ ജാമ്യാപേക്ഷയിലാണു ഹൈക്കോടതി ഇക്കാര്യം വാക്കാൽ പറഞ്ഞത്. ജസ്റ്റിസ് പി. ഗോപിനാഥ് ഹർജി നാളെ പരിഗണിക്കാൻ മാറ്റി.

‘അവൻ അണിഞ്ഞിരുന്ന ചതിയുടെ മുഖംമൂടി എനിക്ക് മാറ്റാൻ കഴിഞ്ഞില്ല. ഈ ലോകം എന്താണ് ഇങ്ങനെ. അവന് പണം ആണ് വേണ്ടത്. അത് എന്റെ മുഖത്ത് നോക്കി പറഞ്ഞുകഴിഞ്ഞു.  ഇനിയും ഞാൻ എന്തിന് ജീവിക്കണം. ജീവിക്കാൻ എനിക്കു തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിച്ചുകൊടുക്കേണ്ടതാണ്. പക്ഷേ, ഭാവിയിലേക്കു നോക്കുമ്പോൾ ശൂന്യമാണ്. ഇനിയും ഒരാളെയും സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഞാൻ മരിക്കുകയാണു നല്ലത്. അതല്ലാതെ വേറെ മാർഗമില്ല.’- ഡോ .ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിൽ ഈ വരികൾ ഉണ്ടായിരുന്നതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, തന്നെ ആറിന് കസ്റ്റഡിയിലെടുത്തതാണെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതു തന്റെ കരിയറിനെ തകർക്കുമെന്നും ഹർജിക്കാരൻ അറിയിച്ചു. ഡോ. ഷഹ്നയുടെ മാതാവിന്റെയും സഹോദരന്റെയും മൊഴികളല്ലാതെ മറ്റൊരു വസ്തുതകളും കേസിലില്ല. ഇവരുടെ മൊഴിയെടുത്തു. സാക്ഷികളെ സ്വാധീനിക്കുന്ന സാഹചര്യമില്ല. അന്വേഷണത്തിനു കസ്റ്റഡിയുടെ ആവശ്യമില്ല–ഹർജിയിൽ പറയുന്നു.

ഡോ. ഇ.ഐ. റുവൈസിന്റെ പിതാവ് അബ്ദുൾ റഷീദിനെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു. ഹൈക്കോടതിയുടെ നിർദേശമനുസരിച്ചു മൂന്നു ദിവസമാണ് അബ്ദുൾ റഷീദ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായത്.

Tags:
  • Spotlight