Wednesday 20 January 2021 11:52 AM IST : By സ്വന്തം ലേഖകൻ

രോഗിയുടെ ദേഹമാസകലം ചോര, മൂക്കില്‍ നിന്നു ചോര ഒഴുകുന്നു; കാള ഇടിച്ചു വീണതാണ്! ആരോട് പരാതി പറയാന്‍? ആകുലത പങ്കുവച്ച് കുറിപ്പ്

stray-cowss333444dgg

റോഡിലൂടെ അലഞ്ഞു തിരിയുന്ന മൃഗങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. അത്തരത്തില്‍ കാള ഇടിച്ചു പരുക്കേല്‍പ്പിച്ച രോഗിയുടെ അവസ്ഥ പങ്കുവയ്ക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. തെരുവിലൂടെ അലയുന്ന മൃഗങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായാല്‍ ഇവ മൂലമുണ്ടാകുന്ന വാഹന അപകടങ്ങള്‍, മനുഷ്യര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ കുറയുമെന്നും ഷിനു പറയുന്നു.

ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം;

ഒറ്റയ്ക്ക് ഒരാള്‍ ഓഫീസ് ബാഗുമായി ആശുപത്രിയിലേക്ക് കയറി വരുന്നു. ദേഹമാസകലം ചോര. മൂക്കില്‍ നിന്നുമാണ് ചോര വരുന്നത്. മുറിവുണ്ട്. ആദ്യം കരുതി വണ്ടിയില്‍ നിന്നും വീണതാകുമെന്ന്. ചോദിച്ചപ്പോള്‍ വഴിയിലൂടെ നടന്ന് പോകുമ്പോള്‍ കാള വന്ന് ഇടിച്ചതാണത്രെ. കാള ഇടിച്ചു അദ്ദേഹം മുഖം ഇടിച്ചു വീണത് കരിങ്കല്ലിലും. 

ആരോട് പരാതി പറയാന്‍? കാളയോടൊ? കാള ഇടിച്ചു സ്വന്തം മൂക്കില്‍ നിന്ന് ചോര വരുന്നത് വരെ ഇവ വഴിയില്‍ കൂടെ പോകുന്ന വെറും കാളകളായി നമുക്ക് തോന്നാം. വണ്ടികള്‍ക്കും യാത്രക്കാര്‍ക്കും തടസ്സവും അപകടവും ഉണ്ടാകും വിധം വഴിയിലൂടെ ഇവ അലഞ്ഞു തിരിയുന്നത് അപകടകരമാണ്. 

തെരുവിലൂടെ അലയുന്ന മൃഗങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായാല്‍ ഇവ മൂലമുണ്ടാകുന്ന വാഹന അപകടങ്ങള്‍, മനുഷ്യര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ കുറയും. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ വേണ്ടതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി ബ്ലീഡിങ് നിന്നതിന് ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags:
  • Spotlight
  • Social Media Viral