Wednesday 29 August 2018 05:21 PM IST

നാഗവല്ലിയുടെ മനംകവർന്ന് തിരികെപ്പോയ രാമനാഥൻ ചോദിക്കുന്നു, 25 വർഷം എന്തേ ആരും തേടി വന്നില്ല?

Sujith P Nair

Sub Editor

ramanadhan001 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ബെംഗളൂരു ജെ.പി നഗറിലെ ‘റിതംബര’ എന്ന വീടിനും ‘മണിച്ചിത്രത്താഴി’ലെ തെക്കിനിക്കും സമാനതകൾ ഏറെയുണ്ട്. ഒറ്റനോട്ടത്തിൽ പഴമയുറങ്ങുന്ന വീട്. വീടിനെ മറച്ച് മുറ്റത്ത് വലിയ വൃക്ഷങ്ങളുടെ കുളിര്. കാറ്റിൽ ഒഴുകിയെത്തുന്ന ചിലങ്കക്കിലുക്കങ്ങളും പതിഞ്ഞ താളത്തിലുള്ള പാട്ടും. വീടിനു മുന്നിൽ ‘വരുവാനില്ലാത്ത ആരെയോ കാത്ത്’ എന്ന പോലെ രാമനാഥൻ. പ്രണയം ഒളിപ്പിച്ച കണ്ണുകൾ കൊണ്ട് നാഗവല്ലിയെ മന്ത്രവാദ കളത്തിലേക്ക് ആകർഷിച്ചു കൊണ്ടുവന്ന ആ നർത്തകൻ. ‘മണിച്ചിത്രത്താഴ്’ റിലീസായി 25 വർഷം കഴിഞ്ഞെങ്കിലും മലയാളി സ്നേഹിച്ച ആ രാമനാഥന്റെ മിഴികളിലെ തിളക്കത്തിനും ചുവടുകളിലെ വഴക്കത്തിനും ഒട്ടും കുറവില്ല. സിനിമയിൽ തിരക്കിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ പ്രണനോളം പ്രിയപ്പെട്ട നൃത്തം വിളിച്ച വഴിയേ, അനുസരണയോടെ അനുഗമിച്ചു ഡോ. ശ്രീധർ ശ്രീറാം എന്ന രാമനാഥൻ.

"മണിച്ചിത്രത്താഴ് ശരിക്കും ചരിത്രമാണ്. നാലും അഞ്ചും വർഷമൊക്കെ ചില സിനിമകൾ ഓർമയിൽ നിൽക്കും. ഇത് പക്ഷേ, അങ്ങനെയല്ല. എല്ലാ മാസവും ഏതെങ്കിലും ചാനലി ൽ ‘മണിച്ചിത്രത്താഴ്’ ഉണ്ടാകും. അന്ന് ഫോൺ വിളികൾ ഉറപ്പാണ്. കന്നടയിൽ ഏകദേശം 65 സിനിമകളിൽ നായകനായും അല്ലാതെയും അഭിനിയിച്ചു. എങ്കിലും രാമനാഥനാണ് ഇന്നും മറക്കാനാകാത്ത കഥാപാത്രം. മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത്.

അടുത്തിടെ സൂര്യ കൃഷ്ണമൂർത്തി സാറ് സംഘടിപ്പിച്ച ഒരു കേരള പര്യടനമുണ്ടായിരുന്നു. വിവിധ ക്ഷേത്രങ്ങളിൽ ഞങ്ങൾ നൃത്ത പരിപാടി അവതരിപ്പിച്ചു. യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ ‘മണിച്ചിത്രത്താഴ്’ ചിത്രീകരിച്ച പത്മനാ ഭപുരം കൊട്ടാരം സന്ദർശിക്കാൻ പോയി. ഭാര്യയ്ക്കും മോൾക്കുമൊപ്പം പഴയ ഓർമകൾ പങ്കിട്ടു നടക്കുകയാണ്. പെട്ടെ  ന്നാണ് മറ്റൊരു സംഘം മുന്നിലെത്തി ചോദിച്ചത്, ‘നാഗവല്ലിയുടെ രാമനാഥനല്ലേ?’ അദ്ഭുതപ്പെട്ടുപ്പോയി. ‘ഒരു മുറൈ വ ന്തു പാർത്തായാ...’ പാടി ചുവടുവയ്പ്പിച്ച ശേഷമാണ് അവർ പോകാൻ അനുവദിച്ചത്.

മറ്റൊരിക്കൽ സ്വിറ്റ്സർലൻഡിലെ വേദിയിൽ നൃത്തം അവതരിപ്പിച്ച് വിശ്രമിക്കുമ്പോൾ ഒരു മലയാളി കുടുംബം കാണാൻ വന്നു. രാമനാഥനെ പരിചയപ്പെടാനാണ് അവർ വന്നത്. ഒപ്പമുണ്ടായിരുന്നവരോട് ‘മണിച്ചിത്രത്താഴി’നെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുന്നതു കേട്ടപ്പോൾ അഭിമാനം തോന്നി. അക്കാലത്ത് വിദേശ ഷോകളിെലാക്കെ  ‘ഒരു മുറൈ വന്ത് പാർത്തായാ’ നൃത്തരംഗം മസ്റ്റ് ആയിരുന്നു. ഗൾഫിലൊക്കെ എത്ര സ്‌റ്റേജിൽ ഇതു ചെയ്തു എന്നതിന് കണക്കില്ല. ഏത് അവാർഡിനേക്കാളും വലുതാണ് ലഭിക്കുന്ന ഈ സ്നേഹം."-
ഡോ. ശ്രീധർ ശ്രീറാം പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...