Saturday 17 June 2023 12:03 PM IST

‘അവളുടെ വിവാഹം സ്വപ്നം കണ്ടു, ആലോചനകളും തുടങ്ങി പക്ഷേ...’: ഡോ. വന്ദന... അവസാനിക്കാത്ത നോവ്

Roopa Thayabji

Sub Editor

dr-vandana-family-final ഡോ. വന്ദന ദാസിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസിനുള്ളിൽ അച്ഛനും അമ്മയും ബന്ധുവും

ഡോ. വന്ദന ദാസ് എംബിബിഎസ്. ഈ പേരിന് ആമുഖങ്ങളൊന്നും വേണ്ട. അച്ഛനും അമ്മയും എല്ലാ സ്നേഹവാത്സല്യങ്ങളും നൽകി പോറ്റിവള ർത്തിയ മകളെ ലഹരിക്കടിമപ്പെട്ട നരാധമൻ കുത്തി വീഴ്ത്തിയപ്പോൾ പൊലിഞ്ഞത് ഒരു വീടിന്റെ സ്വപ്നങ്ങളാണ്. മകൾ ഡോക്ടറായി തിരികെ എത്തുമ്പോൾ ആഘോഷത്തോടെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ആ വീട്. ആരാണ് അവരുടെ പുഞ്ചിരിയിൽ തീരാനോവിന്റെ കണ്ണീരുപ്പു ചാലിച്ചത്. സഞ്ചയനകർമങ്ങൾ നടന്നതിന്റെ പിറ്റേന്നാണു വന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിൽ ചെന്നത്. ഗേറ്റിൽ തന്നെ സുവർണലിപികളിൽ ആ പേരുണ്ട്, ഡോ. വന്ദന ദാസ് എംബിബിഎസ്. പക്ഷേ, ആ ബോർഡിനപ്പുറം ആയുസ്സില്ലാതെ കൊഴിഞ്ഞു പോയ നൊ മ്പരപ്പൂവായി വന്ദന.

വീടു കാത്തിരുന്നു

സ്വീകരണമുറിയിലെ ഷോകെയ്സിലെ ട്രോഫികളിലൊന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘മാഞ്ഞൂർ എസ്എൻഡിപി കുടുംബയൂണിറ്റിലെ ആദ്യ മെഡിക്കൽ വിദ്യാർഥി വന്ദന ദാസിന് അഭിനന്ദനങ്ങൾ.’ കുറവിലങ്ങാട് ന സ്രത്ത് ഹിൽ ഡി പോൾ പബ്ലിക് സ്കൂളിലാണ് എൽകെജി മുതൽ പ്ലസ്ടു വരെ വന്ദന പഠിച്ചത്. പഠനത്തിൽ മാത്രമല്ല, നൃ‍ത്തമടക്കമുള്ള പാഠ്യേതര പ്രവ ർത്തനങ്ങളിലും മിടുക്കി.

കൂട്ടുകാരുടെ ഉറ്റചങ്ങാതിയായിരുന്നു വന്ദന, അധ്യാപകർക്കും ഏറെ പ്രിയപ്പെട്ടവൾ. 2015ൽ പ്ലസ് ടു ജയിച്ച വന്ദന അമ്മയുടെ ആഗ്രഹപ്രകാരമാണു ഡോക്ടറാകാൻ തീരുമാനിച്ചത്. കൊല്ലം അസ്സീസിയ മെഡിക്കൽ കോളജിൽ എംബിബിഎസിനു അ ഡ്മിഷൻ നേടി. ഇരട്ട എംഎ ഉള്ള അച്ഛൻ മോഹ ൻദാസിനു മകൾക്ക് ഇഷ്ടമുള്ളത്ര പഠിപ്പിക്കണം എ ന്നായിരുന്നു സ്വപ്നം.

ഫെബ്രുവരിയിൽ പഠനം പൂർത്തിയായ വന്ദന എംഡിക്കു ചേരാനിരിക്കുകയായിരുന്നു. ഹൗസ് സ ർജൻസി പൂർത്തിയാക്കി തിരികെയെത്തുന്ന മേയ് 25ന് കൊച്ചുഡോക്ടർക്കു സ്വീകരണം നൽകാനുള്ള തയാറെടുപ്പുകളും നാട്ടില്‍ തുടങ്ങി. പക്ഷേ, വന്ദനയ്ക്കു കണ്ണീരോടെ യാത്രയയപ്പു നൽകാനാണു വിധി അവരെ അനുവദിച്ചത്.

കണ്ണീരിൽ കുതിർന്ന്

ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വന്ദന കുറിച്ചിട്ടുള്ളത് ഇങ്ങനെ, Azeezian Doctor, Passionate dancer, Astrophile, Cynophile, Libra, Karma believer. ഇഷ്ടങ്ങളെ നെഞ്ചോടു ചേർത്ത വന്ദനയുടെ വിയോഗം ഒട്ടും താങ്ങാനാകാത്ത ഒരാൾ മുറ്റത്തു ദീനഭാവത്തിൽ കിടപ്പുണ്ട്. വ ന്ദനയുടെ പ്രിയപ്പെട്ട നായ ബ്രൂണോ.

Cynophile എന്നു വന്ദന പ്രൊഫൈലിൽ കുറിച്ചതു ബ്രൂണോയോടുള്ള വാത്സല്യം കൊണ്ടാണ്, ഈ വാക്കിന്റെയർഥം നായപ്രേമി എന്ന്. പലതും പറഞ്ഞു ബ്രൂണോയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് വന്ദനയുടെ അമ്മാവന്റെ മക്കളായ നിവേദും നിധിനും. വന്ദനയുടെ ചിതയ്ക്കു തീ കൊളുത്തിയതും അന്ത്യകർമങ്ങൾ നിർവഹിച്ചതും നിവേദാണ്.

ഹാളിലെ സെറ്റിയിൽ വന്ദനയുടെ അച്ഛൻ മോഹൻദാസ് ഇരിക്കുന്നു. ഉടഞ്ഞുപോയ വെള്ളഷർട്ടിനുള്ളിൽ ഉ ലഞ്ഞുപോയ അച്ഛന്റെ ഹൃദയം കാണാം. വന്ദനയുടെ ‘ചാച്ചാ...’ എന്ന വിളിയിൽ അലിഞ്ഞു പോയിരുന്ന അച്ഛനാണയാൾ. ആ വിളി ഇനിയില്ലെന്ന യാഥാർഥ്യത്തോടു പൊരുത്തപ്പെട്ടെങ്കിലും അരികിൽ നിന്നുമാറാതെ മോഹ ൻദാസിന്റെ സഹോദരപുത്രൻ ബോബിയും, ആത്മസുഹൃത്തും സഹോദരതുല്യനുമായ പൊന്നപ്പനുമുണ്ട്. ഉള്ളുലയുമ്പോൾ കൈ പിടിക്കുന്നത് അവരാണ്.

മുറിയിൽ വന്ദനയുടെ അമ്മ വസന്തകുമാരി കിടപ്പുണ്ട്. സഹോദരൻ വിനോദും നാത്തൂൻ ബിജിയും അമ്മ തങ്കമണിയും നിർബന്ധിച്ചു കഴിപ്പിക്കുന്ന ഇളനീരും വെള്ളവുമല്ലാതെ ഒരിറ്റു ഭക്ഷണം കഴിച്ചിട്ടില്ല ഈ അമ്മ. ഇടയ്ക്കു മാനസികനില തെറ്റിയതു പോലെ കട്ടിലിൽ നിന്നു ചാടി എ ഴുന്നേൽക്കും. ചുറ്റുമുള്ളവരോടു വിശേഷങ്ങൾ തിരക്കും ചായയും ചോറും കഴിച്ചോ എന്നു ചോദിക്കും. പൊടുന്നനെ ഓർക്കും, എന്റെ മകളുടെ മരണമറിഞ്ഞാണല്ലോ ഇവർ വ ന്നതെന്ന്. പിന്നെ മോളേ... എന്ന് അലമുറയിടും.

വെളുപ്പിനുള്ള വിളി

‘ഒരു ദിവസത്തെ ലീവ് കിട്ടി ചാച്ചാ, ബാഗ് പാക്കു ചെയ്തോട്ടേ...’ എന്നു ചോദിച്ച് ഇടയ്ക്കു വന്ദന വിളിക്കും. എത്ര തിരക്കുകളുണ്ടെങ്കിലും മാറ്റിവച്ചു മോഹൻദാസും വസന്തകുമാരിയും കൊല്ലത്തു പോയി മകളെ കൊണ്ടുവരും. പിറ്റേന്നു വെളുപ്പിനു നാലിനു പുറപ്പെട്ട്, വന്ദനയെ കോളജിൽ തിരികെയെത്തിക്കും. അഞ്ചു വർഷമായി ഈ അച്ഛന്റെ ജീവിതം ഇങ്ങനെയാണ്. ഏകമകളെ ബസ്സിൽ കയറ്റി വിടാൻ മടിച്ച അച്ഛനമ്മമാർക്കു കഴിഞ്ഞ വിഷു നാളിൽ വന്ദന ഒരു സർപ്രൈസ് നൽകി. വീണുകിട്ടിയ അരദിവസത്തെ ലീവിനു തനിച്ച് ഏറ്റുമാനൂരിൽ വന്നിറങ്ങി. എന്നിട്ടു ചാച്ചനെ വിളിച്ചു, ‘ഞാനെത്തി കേട്ടോ.’

അന്നു രാത്രി പതിവില്ലാതെ വന്ദന അമ്മയോടു ചോദിച്ചു, ‘ചോറു വാരിത്തരുമോ...’ വയറു നിറയുവോളം മകളെ ഊട്ടി സന്തോഷത്തോടെ അവർ കിടന്നുറങ്ങി. പിറ്റേന്നും മോഹൻദാസും വസന്തകുമാരിയും കൂടിയാണു മകളെ കൊണ്ടുവിട്ടത്. അടുത്ത തവണ വരാമെന്നു പറഞ്ഞ ദിവസം അവധി കിട്ടിയില്ല എന്നു വന്ദന പറഞ്ഞെങ്കിലും വീണ്ടുമൊരു സർപ്രൈസാണ് അവർ പ്രതീക്ഷിച്ചത്. പക്ഷേ, പിന്നീട് അവൾ വന്നത് അച്ഛനും അമ്മയ്ക്കുമൊപ്പം ആംബുലൻസിലാണ്, ഒന്നുമറിയാതെ കണ്ണടച്ചുറങ്ങി...

2023 മേയ് 10. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മുറിയിൽ വച്ചു സന്ദീപ് എന്ന അക്രമി വന്ദനയുടെ ദേഹത്തുണ്ടാക്കിയ ഓരോ മുറിവും ആഴ്ന്നു പതിച്ചതു നമ്മുടെ മനസ്സിലാണ്. എല്ലാ ദിവസവും രാവിലെ ആറിനു മോഹൻദാസിന്റെ ഫോണിലേക്കു വന്ദനയുടെ വിളിയെത്തും, ചാച്ചനും അമ്മയ്ക്കും ഗുഡ്‌മോണിങ് പറയാൻ. പക്ഷേ, അന്നു വിളിച്ചതു മറ്റാരോ ആണ്. ‘വന്ദനയ്ക്കു ചെറിയ അപകടം പറ്റി, വേഗം പുറപ്പെടണം.’ കേട്ടതു വിശ്വസിക്കാനാകാതെ മോഹൻദാസ് ഒരു നിമിഷമിരുന്നു.

പുറപ്പെടും മുൻപ് ഒരുവട്ടം കൂടി ഫോൺ വന്നു, ‘ഇവിടം വരെ തനിച്ചു ഡ്രൈവ് ചെയ്യുന്നതു ബുദ്ധിമുട്ടല്ലേ. മറ്റാരെയെങ്കിലും കൂടെ കൂട്ടൂ...’ ആ സംസാരത്തിൽ അപകടസൂചന തോന്നിയെങ്കിലും ഭാര്യയോടു പറയാതെ ഭാര്യാസഹോദരൻ വിനോദിനെ വിളിച്ചു വരുത്തി. അവർ മൂന്നും കൂടി കൊല്ലത്തേക്കു തിരിച്ചു. അവർ വന്ദനയുടെ അടുത്തെത്തും മുൻപേ യുവഡോക്ടറുടെ മരണവാർത്ത ടെലിവിഷൻ ചാനലുകളിൽ ബ്രേക്കിങ് ന്യൂസായെത്തി.

vandana-doctor--vanitha

സ്വപ്നങ്ങൾ ബാക്കി

തൊട്ടടുത്തു തന്നെയുള്ള പഴയ വീട്ടിലാണു വന്ദന ജനിച്ചതും വളർന്നതും. ആറു വർഷം മുൻപു പുതിയ വീടു പണിയുമ്പോഴേ മകൾ ഡോക്ടറായി മടങ്ങിയെത്തുന്നത് ഇവർ സ്വപ്നം കണ്ടിരിക്കണം. സിറ്റ്ഔട്ടിൽ നിന്നു പ്രവേശിക്കാവുന്ന തരത്തിൽ, ഭാവിയിൽ ഡോക്ടറുടെ കൺസൽറ്റിങ് മുറിയായി മാറ്റാവുന്ന ഒരു മുറി കൂടി പണിതു. അച്ഛന്റെ ഓഫിസ് മുറിയാണ് അതെങ്കിലും മകൾ അവിടെയിരുന്നു മരുന്നു കുറിക്കുന്നത് അവർ സ്വപ്നം കണ്ടു. ആ മുറിയിലെ മേശപ്പുറത്താണ് ഇപ്പോൾ വന്ദനയുടെ ചിത്രം പൂമാലയിട്ടു വച്ചിരിക്കുന്നത്.

മകളുടെ വിവാഹ സ്വപ്നങ്ങളും അവർ കണ്ടുതുടങ്ങിയിരുന്നു. കന്നി മാസത്തിലെ അനിഴം നാളുകാരിയാണു വ ന്ദന. 24 വയസ്സിനു മുൻപു വിവാഹം നടന്നില്ലെങ്കിൽ പി ന്നെ, 28 വയസ്സു കഴിഞ്ഞേ മംഗല്യയോഗമുള്ളൂ എന്നു കേട്ട് ഈ ഡിസംബറിനുള്ളിൽ വിവാഹം നടത്താനായി കൊണ്ടുപിടിച്ച് ആലോചനകളും തുടങ്ങി. പക്ഷേ, വിധിയുടെ പുസ്തകത്തിലെ എഴുത്തു മറ്റൊന്നായിരുന്നു.

കുത്തേറ്റു ഗുരുതരാവസ്ഥയിലായ വന്ദന അവസാന ശ്വാസത്തിലും ഓർത്തതു വീട്ടിൽ കാത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖമാകും.

അധികൃതരുടെ അനാസ്ഥയെന്നും ഉദ്യേഗസ്ഥരുടെ വീഴ്ചയെന്നുമൊക്കെ പലരും പ്രതിഷേധിക്കുന്നുണ്ട്. പ ക്ഷേ, ഈ വീടിനു നഷ്ടപ്പെട്ട സമാധാനം തിരിച്ചു നൽകാനാകില്ലല്ലോ. വീടിനു പിന്നിലെ ചിത കെട്ടു. പക്ഷേ, ഉള്ളിലെ കനൽ കെടാതെ വന്ദനയുടെ അച്ഛൻ പറയുന്ന വാക്കുകൾ മനസ്സാക്ഷിയെ പൊള്ളിക്കും, ‘‘എന്റെ മകളല്ലെങ്കി ൽ മറ്റൊരാൾ മരിക്കുമായിരുന്നു. ഇനി ഒരാൾക്കും ഈ ദുരന്തം ഉണ്ടാകരുത്...’’