Friday 17 December 2021 03:11 PM IST

‘വൈകിയപ്പോൾ വാതിൽ തുറന്നില്ല, എന്റെ കരണത്താണ് അടിച്ചത്’: കണ്ണുനിറച്ച് ആ അച്ഛൻ പറഞ്ഞു: ലഹരിക്കുരുക്ക്

Vijeesh Gopinath

Senior Sub Editor

drug

ഏതാണ്ട് ആറായിരം കോടി രൂപയുെട ആസ്തിയുണ്ട് ഷാരൂഖ് ഖാന്. 160 കോടി രൂപ മുടക്കി പണിത െകാട്ടാരം പോലുള്ള വീട്. എല്ലാ ആഢംബരങ്ങളോടെ മുന്തിയ ഭക്ഷണം കഴിച്ചു വളർന്ന മകൻ ആര്യൻഖാൻ.

പക്ഷേ, ദിവസങ്ങളോളം ആര്യൻ കിടന്നുറങ്ങിയത് ആ ർതർ റോഡിലെ ജയിലിൽ. കോടികൾ കയ്യിലുണ്ടായിട്ടും ഉന്നതമായ സ്വാധീനങ്ങളുണ്ടായിട്ടും ദിവസങ്ങളോളം ജാമ്യം കിട്ടിയില്ല.

അതുകൊണ്ട് ഒരു കാര്യം മക്കളെ കൃത്യമായി ഒാർമിപ്പിക്കുക– ഷാരൂഖ് ഖാന്റെ മകനായാലും സാധാരണക്കാരന്റെ മകനായാലും ലഹരിക്കേസിൽ പെട്ടാൽ നിയമം ഒരുപോലെയാണ്.

പിന്നെ, നിങ്ങളുടെ പിതാവ് ഷാരൂഖ് ഖാനും അമ്മ ഗൗരിഖാനും അല്ലാത്തതു കൊണ്ട് ആശ്വസിപ്പിക്കാൻ ഒരു സൽമാൻ‌ഖാനും നിങ്ങളുടെ വീടു തേടി വരില്ല. കുടുംബം പോലും ഒറ്റപ്പെടും...

വായിച്ചു മറന്ന പതിവു ഫോർവേഡ് മെസേജുകളിലൊന്നാണ് ഇത്. നമ്മുടെ നാട്ടിൽ ഇതൊന്നുമില്ലെന്ന് ആശ്വസിക്കുന്നവരോട് ചില കണക്കുകൾ പറയാം.

2008 ൽ നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേരളത്തിൽ റജിസ്റ്റർ ചെയ്തത് വെറും 508 കേസുകൾ മാത്രമായിരുന്നു. 2019 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 7099 ആയി. 2020 ൽ കൊറോണയും ലോക്ഡൗണുമൊക്കെയായി നാടു നിശ്ചലമായിട്ടു പോലും നാഷനൽ ക്രൈം റെക്കോർ‌ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 4968 കേസുകൾ കേരളത്തിൽ റജിസ്റ്റര്‍ ചെയ്തു. 2020 ലെ കണക്കനുസരിച്ച് ലഹരിവസ്തുക്കളുമായി ബ ന്ധപ്പെട്ട് ഇന്ത്യയിൽ ആകെ റജിസ്റ്റർ ചെയ്ത കേസുകളില്‍ നാലാം സ്ഥാനത്താണ് നമ്മുടെ കൊച്ചു കേരളം.

കോട്ടയത്തെ ആ 243 കുട്ടികൾ

ഇനി കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറയുന്നതു കേൾക്കുക.

‘‘സ്കൂളുകൾ പ്രവർത്തിച്ചിരുന്ന സമയത്ത് ഒാപ്പറേഷൻ ഗുരുകുലം പ്രോജക്റ്റ് കോട്ടയത്ത് ഉണ്ടായിരുന്നു. തെറ്റായ വഴികളിൽ നിന്നു കുട്ടികളെ രക്ഷിക്കുകയാണ് ല ക്ഷ്യം. സ്കൂൾ അടഞ്ഞു കിടക്കുകയാണെങ്കിലും ഈയടുത്ത് ധാരാളം മാതാപിതാക്കൾ ഗുരുകുലം നമ്പരിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. കൂടുതൽ പേരും വിളിച്ചത് രണ്ടു പ്രശ്നങ്ങൾക്ക്. ഒന്ന് – മൊബൈൽ ഫോണിന്റെ ദുരുപയോഗം. പഠന സമയത്തു പോലും ഗെയിം കളിക്കുന്നു. വീട്ടുകാർ അറിയാതെ വിലകൂടിയ ഗെയിം ടൂൾസ് വാങ്ങുന്നു.

രണ്ട്– പതിമൂന്നു വയസ്സു കഴിഞ്ഞ കുട്ടികളിൽ പലരും വൈകിയാണ് വീട്ടിലെത്തുന്നത്. ഒാൺലൈൻ ക്ലാസുകളിൽ കയറുന്നില്ല. സ്വഭാവത്തിൽ മാറ്റങ്ങൾ വന്നിരിക്കുന്നു.

രണ്ടാമത്തെ വിഭാഗത്തിൽ പെട്ട കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചു സംസാരിച്ചു. അവരിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായി. ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടി വരെ കൂട്ടത്തിലുണ്ടായിരുന്നു. ചിലരെ മാതാപിതാക്കൾ ഞങ്ങളുടെ അടുത്തെത്തിച്ചു. ചില വീടുകള്‍ ഞങ്ങൾ പരിശോധിച്ചു. കിടക്കയ്ക്കുള്ളിൽ‌ നിന്നും ഇൻസ്ട്രുമെന്റ് ബോക്സിൽ നിന്നുമെല്ലാം കഞ്ചാവ് പിടി കൂടി.

തുടർച്ചയായി കുട്ടികൾ വിളിക്കുന്ന ഫോൺ നമ്പരുകൾ പരിശോധിച്ചു. നമ്പരിന്റെ ഉടമകളെ വിളിച്ചു വരുത്തി. അവരുടെ ഫോണുകളും പരിശോധിച്ചപ്പോൾ മയക്കുമരുന്നു കേസുകളിൽ പല പ്രാവശ്യം അറസ്റ്റിലായവരുടെ സംഘത്തിലേക്കാണ് എത്തിയത്. വലിയ നെറ്റ് വർക്ക്. സോഷ്യൽമീഡിയയിലൂടെ കോഡുകൾ ആക്കിയാണ് ആശയവിനിമയം നടത്തിയിരുന്നത്. തുടർന്ന് ഒൻപതു കിലോ കഞ്ചാവുമായി വിശാഖപട്ടണത്തു നിന്നെത്തിയ മൂന്നുപേരെ കോട്ടയം റെയിൽവേസ്റ്റേഷനിൽ പിടികൂടി. അവരുടെ മൊബൈൽ ഫോണിൽ ‌നിന്ന് ഒരുപാടു കുട്ടികളുടെ നമ്പരുകൾ കിട്ടി. അങ്ങനെ രണ്ടുമൂന്നു മാസം കൊണ്ട് കഞ്ചാവ് ഉപയോഗിക്കുന്ന 243 കുട്ടികളെ ഞങ്ങൾ കണ്ടെത്തി. ചിലരുടെ മാതാപിതാക്കൾ വിദേശത്താണ്. ഒരു റിസോർട് മാനേജരുടെ മകനും ഈ സംഘത്തിൽ പെട്ടു പോയിരുന്നു. ആ കുട്ടിയെ ലഹരി കടത്താൻ വരെ ഉപയോഗിച്ചു.

ലഹരിക്ക് അടിമകളായ പല കുട്ടികളും രക്ഷിതാക്കളെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ടാക്സി ഡ്രൈവറായ അച്ഛൻ പറഞ്ഞത് ഇങ്ങനെ. ‘‘മകൻ പ്ലസ് ടു വിന് പഠിക്കുന്നു. അവൻ ആവശ്യപ്പെട്ടത് വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ വീട്ടിലുള്ളതെല്ലാം തല്ലി പൊട്ടിക്കും. മുത്തശ്ശിക്ക് കിട്ടുന്ന പെൻഷൻ എടുക്കും.’’ ഇതുകേട്ട് ഞാൻ ചോദിച്ചു

‘‘നിങ്ങൾ ഒരച്ഛനല്ലേ? ശാസിച്ചു കൂടേ?’’ കണ്ണു നിറച്ച് അദ്ദേഹം പറഞ്ഞു,‘‘ഒരിക്കൽ വൈകി എത്തിയപ്പോൾ വാതിൽ തുറന്നു കൊടുത്തില്ല. നേരം വെളുത്തപ്പോൾ എന്റെ കരണത്താണ് അടിച്ചത്..’’ ഇങ്ങനെ കേരളത്തിലാകെ എത്ര കുട്ടികൾ ലഹരിയിൽ മുങ്ങി പോയിട്ടുണ്ടാകും?