Saturday 21 September 2019 12:56 PM IST : By സ്വന്തം ലേഖകൻ

ജനിച്ചയുടൻ പെറ്റമ്മ ഉപേക്ഷിച്ചു, വളർത്താൻ ഏൽപ്പിച്ച സ്ത്രീയും കയ്യൊഴിഞ്ഞു; കുഞ്ഞിനെ ഒഴിവാക്കിയത് ഇങ്ങനെ!

dubai-boy

ദുബൈയിലെ ദെയ്റ അൽ റീഫ് മാളിൽ അഞ്ചു വയസ്സുകാരനെ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലു സ്ത്രീകൾ അറസ്റ്റിൽ. കുട്ടിയെ വളർത്തിയ രണ്ടു സ്ത്രീകളും അവരുടെ സുഹൃത്തുക്കളുമാണ് പിടിയിലായത്. 12 ദിവസം നീണ്ട ദുരൂഹതകൾക്ക് ഒടുവിലാണ് നാടകീയ വഴിത്തിരിവ്. വർഷങ്ങൾക്കു മുൻപു യഥാർഥ അമ്മ ഉപേക്ഷിച്ചുപോയ കുട്ടിയെ വളർത്താൻ ഏൽപിച്ചവരും കയ്യൊഴിയുകയായിരുന്നു. കുട്ടിയെ ഒഴിവാക്കാൻ നാടകം ആസൂത്രണം ചെയ്തതാണെന്നു ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി മുറഖബാദ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി ഗാനിം പറഞ്ഞു.

കുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച ദുബായ് പൊലീസ്, എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്ത് ആദ്യ 90 മിനിറ്റിനുള്ളില്‍ തന്നെ തങ്ങള്‍ക്ക് ആദ്യ ഫോണ്‍ കോള്‍ ലഭിച്ചുവെന്ന് അല്‍ മുറഖബ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗനം അറിയിച്ചു. കുട്ടിയെ തനിക്ക് അറിയാമെന്നും ഷാര്‍ജയിലുള്ള ഒരു സ്ത്രീയ്ക്കൊപ്പമാണ് അവന്‍ താമസിച്ചിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഉടൻ അന്വേഷണം നടത്തിയ പൊലീസ് ഈ സ്ത്രീയെ കയ്യോടെ പിടികൂടുകയായിരുന്നു. 

കുട്ടിയെ പ്രസവിച്ച വിദേശ യുവതി അഞ്ച് വര്‍ഷം മുന്‍പ് രാജ്യം വിട്ടുപോയി. പിന്നീട് ഇവർ തിരികെ വന്നിട്ടില്ല. പ്രവാസിയായിരുന്ന ഇവര്‍ കുഞ്ഞിനെ സ്വന്തം രാജ്യക്കാരിയായ മറ്റൊരു സ്ത്രീയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു രാജ്യം വിട്ടത്. കുട്ടിയുടെ അമ്മയുടെ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ യാതൊരു വിവരവും തനിക്ക് അറിയില്ലെന്ന് വളർത്താനേൽപ്പിച്ച സ്ത്രീ പറയുന്നു. അമ്മ തിരിച്ചുവരുമെന്ന് കരുതി അധികാരികളെ അറിയിക്കാതെ 5 വർഷമായി കുട്ടിയെ പരിപാലിക്കുക ആയിരുന്നു ഇവർ. പക്ഷേ, കുട്ടിയെ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിനും നല്ല ചിലവ് ഉണ്ടാകുന്നുവെന്നും താങ്ങാവുന്നതിനുമപ്പുറം ആയപ്പോൾ സുഹൃത്തിനോട് സഹായം ആവശ്യപ്പെട്ടു. 

സുഹൃത്ത് കുട്ടിയെ മറ്റൊരു സ്ത്രീക്ക് നൽകണമെന്ന് ഉപദേശിച്ചു. അൽ മുത്തീന പ്രദേശത്ത് താമസിച്ചിരുന്ന മറ്റൊരു സ്ത്രീ കുറച്ചുകാലം കുട്ടിയെ പരിപാലിച്ചുവെങ്കിലും പിന്നീട് അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവരും അവരുടെ ഒരു സുഹൃത്തിനോട് ചോദിച്ചു. അങ്ങനെയാണ് കുട്ടിയെ മാളിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. 

നാല് സ്ത്രീകളുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഇവരാരും കുഞ്ഞിന്റെ അമ്മയല്ലെന്ന് തെളിഞ്ഞതായി ദുബായ് പൊലീസ് അറിയിച്ചു. സെപ്റ്റംബർ ഏഴിനാണ് ദേരയിലെ അൽ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പീൻ സ്വദേശി കണ്ടെത്തി അൽ മുറഖബ പോലീസിൽ ഏൽപ്പിക്കുന്നത്. മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സൂപ്പർമാൻ ആണെന്നായിരുന്നു കുഞ്ഞിന്റെ മറുപടി.

more...

Tags:
  • Spotlight