Wednesday 30 August 2023 12:11 PM IST

വിത്തു പേപ്പർ കൊണ്ട് കല്യാണക്കുറി, വച്ചു വിളമ്പാൻ മണ്‍കപ്പുകളും മുളയും: ഭൂമിക്കു നോവാതെ കല്യാണം

Shyama

Sub Editor

eco-friendly-

വിവാഹ ചടങ്ങുകളെക്കുറിച്ച് ആഴത്തിലൊന്ന് ആലോചിക്കൂ... എത്രയെത്ര പ്ലാസ്റ്റിക് വസ്തുക്കളാണ് ചുറ്റും. പൂക്കൾ അലങ്കരിക്കാനുപയോഗിക്കുന്ന ഒയാസിസ് തൊട്ട്, തീൻമേശയി ൽ വിരിക്കുന്ന വിരിയിൽ, മധുരം കഴിക്കാൻ തരുന്ന സ്പൂണിൽ തുടങ്ങി എങ്ങും പ്ലാസ്റ്റിക്കിന്റെ അതിപ്രസരം. വെള്ളം കുടിക്കുന്ന പേപ്പർ കപ്പിൽ ചിലതിൽ പോലും പ്ലാസ്റ്റിക്കിന്റെ നേർത്ത ആവരണമുണ്ട്.

ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധി വരെ പരിഹാരം തരുന്നതാണ് പ്രകൃതിക്കിണങ്ങിയ കല്യാണ പ്ലാനിങ്ങും വിവാഹ അലങ്കാരങ്ങളും. പുതുതലമുറയിലെ വലിയൊരു വിഭാഗം ആളുകളും തങ്ങളുടെ ‘ബിഗ് ഡേ’ക്കു വേണ്ടി പ്രകൃതി സൗഹൃദമാർഗങ്ങളെ കൂട്ടുപിടിക്കുന്നുണ്ട്.

ഒയാസിസിന് പകരം വാഴപ്പോള

പൂക്കള്‍ കുത്തി നിർത്തി അടുക്കാനുപയോഗിക്കുന്ന ഒയാസിസിൽ വർഷങ്ങളോളം അഴുകാതെ കിടക്കുന്ന ഘടകങ്ങൾ ഉണ്ട്. ഇവ ഒഴിവാക്കി പകരം വാഴപ്പോളയിലും മറ്റും പൂക്കൾ കുത്തി നിർത്താം.

പൂക്കൾ നൂലിലും ചെറിയ കമ്പിയിലും ഒക്കെ കൊരുത്തു തൂക്കിയിടുന്ന രീതിയും തളികകളിലും നിലത്തും പല ആകൃതിയിൽ അലങ്കരിക്കുകയും വഴി ഭംഗിക്ക് ഒട്ടും കുറവില്ലാത്ത പ്രകൃതി സൗഹാർദ അലങ്കാരങ്ങൾ ഒരുങ്ങുന്നു. പ്ലാസ്റ്റിക് അലങ്കാരങ്ങൾക്കു പകരം ലോഹം, തടി, തുണി, ചാക്ക് നൂൽ, മുള, പായ തുടങ്ങി പ്രകൃതി സൗഹാർദ വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.

വിവാഹ ക്ഷണക്കത്ത് അച്ചടിക്കുന്നതു തന്നെ വിത്തുപേപ്പർ കൊണ്ടാണ്. മണ്ണിലേക്കിട്ടാൽ തളിർത്തു പൂക്കുന്ന ഓർമയായി നിങ്ങളുടെ ഏറ്റവും നല്ല ദിനം പ്രിയപ്പെട്ടവരിലേക്കെത്തുന്നു. ഇതുപോലും ഒഴിവാക്കി ഡിജിറ്റൽ കത്തുകൾ നൽകി ക്ഷണിക്കുന്ന രീതിയുമുണ്ട്.

eco-friendly-5

പാചകവും വിളമ്പലും വ്യത്യസ്തം

പാനീയങ്ങൾ നൽകാൻ മൺകപ്പുകളും സ്റ്റീൽ ഗ്ലാസ്സുക ളും ഉപയോഗിക്കുന്നു. ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് സ്പൂണും ഫോർക്കും ഒഴിവാക്കി സ്റ്റീലിന്റേതു നൽകും. അതുമല്ലെങ്കിൽ മുള കൊണ്ടുള്ളവ. പ്രധാന ഭക്ഷണം വിളമ്പുന്നതു വാഴയിലയിൽ. വിഭവങ്ങളുടെ പ്രത്യേകതയനുസരിച്ചു പാള കൊണ്ടുണ്ടാക്കുന്ന പാത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.

ഭക്ഷണ കൗണ്ടറുകൾ മെടഞ്ഞെടുത്ത ഓല കൊണ്ടുതനതായ രീതിയില്‍ ഒരുക്കിയെടുക്കാറുണ്ട്. ഒപ്പം നമ്മുടെ കാലാവസ്ഥയ്ക്കും ശരീരത്തിനും ഏറ്റവും ഇണങ്ങിയ തനതു കായ്കനികൾ കൊണ്ടുള്ള വിഭവങ്ങളും.

പണ്ടുണ്ടായിരുന്ന പല വിഭവങ്ങളും പലഹാരങ്ങളും പുനർജനിക്കുന്ന അവസരം കൂടി ഇതുവഴി ഒരുങ്ങുന്നുണ്ട്. നമ്മുടെ നാട്ടുകൂട്ടായ്മകൾക്കും ചെറുകിട വ്യവസായങ്ങള്‍ക്കും സ്ത്രീസംരംഭങ്ങൾക്കും ഒക്കെ അതിന്റെ ലാഭം കിട്ടും. കപ്പ, ചേന, കൂർക്ക, ചേമ്പ്, കാച്ചിൽ, ഉണ്ണിയപ്പം, അട തുടങ്ങി പലതും മുൻനിരയിലേക്ക് എത്തുന്നുണ്ട്.

വേസ്റ്റ് ഇടാൻ പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കി വലിയ കുട്ടകളാണ് ഉപയോഗിക്കുക. അവയും പല തവണ ഉപയോഗിക്കാം. കേടുവന്നാൽ തന്നെ മണ്ണിൽ കുഴിച്ചിട്ടാൽ വേഗം മണ്ണിനോടു കലർന്നു പോകുകയും ചെയ്യും.

eco-friendly-2

സമ്മാനവും പ്രകൃതിദത്തം

വിവാഹം കഴിഞ്ഞ് റിട്ടേൺ ഗിഫ്റ്റായി തുണി സഞ്ചികൾ സമ്മാനമായി കൊടുക്കുന്ന രീതിയുണ്ട്. ഇതുവഴി ഒാരോ തവണയും കടകളിൽനിന്നു വാങ്ങുന്ന പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കി പല തവണ ഈ തുണി സഞ്ചി ഉപയോഗിക്കാം. നമുക്ക് ഓരോരുത്തർക്കും പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും ബോധപൂർവം ഇത്തരം ചെയ്തികൾ ശീലിക്കാമെന്നും ഈ സമ്മാനം ഓർമപ്പെടുത്തുന്നുമുണ്ട്. തുണി സഞ്ചിയല്ലാതെ പല തരം വിത്തുകൾ, വൃക്ഷത്തൈകൾ ഒക്കെ റിട്ടേൺ ഗിഫ്റ്റായി നൽകുന്നുണ്ട് ചിലർ.

eco-marriage-3

കാടു വച്ചു പിടിപ്പിക്കുക, ഇലക്ട്രിക് വാഹനം സ്വന്തമാക്കുക എന്നതു മാത്രമല്ല പ്രകൃതി സൗഹാർദ പ്രവൃ ത്തികൾ. നമ്മുടെ ദൈനംദിന ജീവിതരീതിയും വീട്ടിലെ ആഘോഷങ്ങളുമെല്ലാം പ്രകൃതിയെ കരുതുന്നതു കൂടിയാകണം.

ഈ രീതിയെ അംഗീകരിക്കാത്തവരും കളിയാക്കുന്നവരുമൊക്കെയുണ്ടെങ്കിലും പുതുതലമുറയിൽ കൂടുതൽ പേ ർ ഇപ്പോൾ ഇന്റിമേറ്റ് വിവാഹം തിരഞ്ഞെടുക്കുന്നുണ്ട്. ചടങ്ങിലും ഭക്ഷണത്തിലും വസ്ത്രത്തിലും ആഭരണത്തിലുമൊക്കെ മിനിമലിസം കൊണ്ടുവരുന്ന രീതിക്കും നമ്മുടെ നാട്ടിലും സ്വീകാര്യത കൂടി വരുന്നു.

കുടുംബബന്ധത്തിനു തുടക്കം കുറിക്കുന്ന വിവാഹം പോലൊരു കർമം നടക്കുമ്പോൾ പ്രകൃതിയെ നോവിക്കാതെ നടക്കുന്ന ചടങ്ങായി അതു മാറ്റാനുള്ള കൂടുതൽ ശ്രമങ്ങൾ ഓരോരുത്തരിൽ നിന്നും ഉണ്ടായി വരട്ടെ.

ശ്യാമ

കടപ്പാട്: ധിഷൻ ചന്ദ്രൻ, ദക്ഷ് ഈവന്റ്സ്