Wednesday 05 September 2018 12:02 PM IST

ഇക്കണോമിക്സ് പഠിപ്പിക്കുകയാണെങ്കിൽ ഇങ്ങനെ വേണം; ക്ലാസ് മുറിയിൽ 'മിഥുന'വും 'ദാക്ഷായണി ബിസ്ക്കറ്റും'

V.G. Nakul

Sub- Editor

nisha-teacher2

'ലൈഫ് ഈസ് ബ്യൂട്ടിഫുള്ളി'ലെ വിനയചന്ദ്രനെ ഒാർമ്മയില്ലേ, വേറിട്ട ശൈലിയിലൂടെ വിദ്യാർത്ഥികൾക്കു പ്രിയങ്കരനായ അധ്യാപകനെ. വിനയചന്ദ്രനായി അഭിനയിക്കുമ്പോൾ മോഹൻലാൽ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല, ഭാവിയിൽ തന്റെ കടുത്ത ആരാധികയായ ഒരു അധ്യാപിക ഇൗ കഥാപാത്രത്തെ ‍ജീവിതത്തിൽ മാതൃകയാക്കുമെന്ന്. തൃശൂർ ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. നിഷ റാഫേലാണ് വ്യത്യസ്തയായ ഇൗ അധ്യാപിക. ഡബ്‌സ്മാഷ് വിഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ താരമായി മാറിയ ടീച്ചറിന് അധ്യാപനത്തിലും തന്റെതായ വഴിയുണ്ട്.

എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികൾക്ക് പൊതുവേ അത്ര താത്പര്യമുള്ള വിഷയമല്ല ഇക്കണോമിക്സ്. ആ പിരീഡിൽ ക്ലാസിൽ കയറുന്ന കുട്ടികൾ തീരേ കുറവ്. അതു മനസ്സിലാക്കിയ ടീച്ചർ ഒരു പുതിയ ആശയം ആവിഷ്ക്കരിച്ചു. സിനിമകളുമായും യഥാർത്ഥ സംഭവങ്ങളുമായും ബന്ധപ്പെടുത്തി ഓരോ പാഠഭാഗവും പഠിപ്പിക്കുക. അതുവഴി കുട്ടികളെ വിഷയത്തിലേക്കടുപ്പിക്കുക. ആ മാർഗ്ഗം തെറ്റിയില്ല. സിനിമാറ്റിക്കലായ ഓരോ ഇക്കണോമിക്സ് ക്ലാസുകളും കുട്ടികൾ രസകരമായി ആസ്വദിക്കുവാൻ തുടങ്ങി. തന്റെ വേറിട്ട ശൈലിയെക്കുറിച്ച് നിഷ ടീച്ചർ വനിത ഓൺലൈനോട് പങ്കുവയ്ക്കുന്നു..

nisha-teacher1

ദാക്ഷായണി ബിസ്ക്കറ്റിൽ തുടങ്ങിയ ഗാഥ..

"ഞാൻ ഒരു പുതിയ ബാച്ചിനെ പഠിപ്പിച്ചു തുടങ്ങുന്നതു തന്നെ 'മിഥുന'ത്തിലെ ദാക്ഷായണി ബിസ്ക്കറ്റ് കമ്പനിയുടെ കഥ പറഞ്ഞു കൊണ്ടാണ്. ഇക്കണോമിക്സുമായി ബന്ധപ്പെട്ട പല അടിസ്ഥാന വിവരങ്ങളും അതിലുണ്ട്. മിക്കവാറും മോഹൻലാൽ സിനിമകളാകും പല പാഠഭാഗങ്ങളുടെയും റഫറൻസുകൾ. അതേ പോലെ പെർഫക്ട് കോംപറ്റീഷൻ മാർക്കറ്റിനെക്കുറിച്ചു പഠിപ്പിക്കുമ്പോൾ തൃശൂരിലെ ശക്തൻ തമ്പുരാൻ മാർക്കറ്റിനെ ഉദാഹരണമാക്കും. ഏതു പാഠത്തെയും ഒരു സിനിമയുമായോ സംഭാഷണവുമായോ യഥാർത്ഥ സംഭവവുമായോ ബന്ധിപ്പിക്കുമ്പോൾ കുട്ടികൾ അവരറിയാതെ അതിലേക്കു വരും. പിന്നീടൊരിക്കലും അവരതു മറക്കുകയുമില്ല."- നിഷ ടീച്ചർ പറയുന്നു.

അങ്ങനെ 'വരവേൽപ്പും' 'നാടോടിക്കാറ്റും' 'വെള്ളാനകളുടെ നാടും' 'ടി.പി ബാലഗോപാലൻ എം.എ'യും 'വന്ദന'വുമൊക്കെ ഇക്കണോമിക്സ് ക്ലാസുകളിൽ പുനരവതരിപ്പിക്കപ്പെടുന്നു. എന്നാൽ പഠിപ്പിക്കാൻ വേണ്ടി മാത്രം ടീച്ചർ കണ്ടത്തിയ ശൈലിയാണിതെന്നു കരുതിയാൽ തെറ്റി.

"ഞാൻ പഠിച്ചിരുന്നതും ഇങ്ങനെ തന്നെയാണ്. പാഠത്തെ ഒരു സിനിമയുമായോ സംഭാഷണവുമായോ യഥാർത്ഥ സംഭവവുമായോ ബന്ധിപ്പിക്കും. ഇപ്പോൾ അധ്യാപികയെന്ന നിലയിൽ അതിനെ കുറച്ചു കൂടി കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്നേയുള്ളൂ. സഹപ്രവർത്തകരിൽ ചിലർക്കൊക്കെ ഇതിൽ എതിർപ്പുണ്ടങ്കിലും അതൊന്നും എന്നെ ബാധിക്കാറില്ല."- ടീച്ചറിന്റെ ഈ ആത്മവിശ്വാസം വെറുതെയല്ല. കാരണം, കഴിഞ്ഞ വർഷത്തെ എൻജിനീയറിങ് പരീക്ഷയിൽ ഇക്കണോമിക്സിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് ടീച്ചറിന്റെ വിദ്യാർത്ഥികളാണ്. ക്ലാസ് റൂമിനു പുറത്തും വിദ്യാർത്ഥികൾക്കൊപ്പം കൂടുന്ന അധ്യാപികയാണ് നിഷ റാഫേൽ. "എന്റെ വിദ്യാർത്ഥികളാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. കോളേജിൽ ഞാൻ അധിക സമയവും കുട്ടികൾക്കൊപ്പമാകും."- ടീച്ചർ പറയുന്നു.

മലയാള മനോരമയും മോഹൻലാൽ മൂവി മേക്കേഴ്സും ചേർന്നു സംഘടിപ്പിച്ച ഡബ്‌സ്മാഷ് കോംപറ്റീഷനിൽ ടീച്ചറിനായിരുന്നു ഒന്നാം സ്ഥാനം. അഭിനയം എന്റെ ലക്ഷ്യമല്ലെന്നും, നേരം പോക്കിനു വേണ്ടി ചെയ്യുന്നതാണിതൊക്കെയെന്നും ടീച്ചർ പറയുന്നു. സംഗീതം, എഴുത്ത്, വസ്ത്രാലങ്കാരം തുടങ്ങി ടീച്ചറിന്റെ ഇഷ്ടമേഖലകളുടെ ലോകം വളരെ വലുതാണ്. ഇൻഡസ്ട്രിയൽ ഇക്കണോമിക്സ് ടെക്‌സ്റ്റ് ആൻഡ് കേസ് സ്റ്റഡി എന്ന പുസ്തകത്തിന്റെ രചയിതാവും ഡോ. നിഷ റാഫേലാണ്. ടീച്ചറിന്റെ മക്കൾ ഒൻപതാം ക്ലാസ്സുകാരി അപർണ്ണയുടെയും നാലു വയസ്സുകാരി അർച്ചനയുടെയും ഡബ്‍സ്‍മാഷ് വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫുട്ബോൾ കമ്പക്കാരനായ ഭർത്താവ് സാബു നൽകുന്ന പിന്തുണയാണ് ഏറ്റവും വലുതെന്ന് ടീച്ചർ പറയുന്നു.