Saturday 23 December 2023 11:05 AM IST : By സ്വന്തം ലേഖകൻ

വലതുകാൽ വച്ചു നന്ദിനി ‘ഗൃഹപ്രവേശം’ നടത്തി; ഇനി പാദരോഗത്തെ പേടിക്കാതെ വൃത്തിയുള്ള റബർ മെത്തയിൽ ഉറങ്ങാം!

thrissur-guruvayoor-nandini-elephant

പിടിയാന നന്ദിനി ഹാപ്പിയാണ്. ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ റബർ മെത്തയിലാണ് ഇന്നലെ മുതൽ നന്ദിനിയുടെ ഉറക്കം. 8 ലക്ഷം രൂപ ചെലവിൽ  കെട്ടുംതറി പണിത് റബർ മെത്ത വിരിച്ചതിന്റെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ നിർവഹിച്ചു. വലതുകാൽ വച്ചു നന്ദിനി ‘ഗൃഹപ്രവേശം’ നടത്തി. ഏറെക്കാലമായി പാദരോഗം മൂലം കഷ്ടപ്പാടിലായിരുന്നു നന്ദിനി. പാപ്പാന്മാരുടെ പരിചരണത്തെത്തുടർന്നു രോഗം മാറി. വൃത്തിയില്ലാത്ത സ്ഥലത്ത് നിന്നാൽ വീണ്ടും രോഗം വരുമെന്ന സ്ഥിതിയായി.  

ഇതിനു പരിഹാരം കാണാൻ ആനക്കോട്ടയിലെ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി നടത്തിയ അന്വേഷണം ആനകൾക്കുള്ള റബർമെത്തയിൽ ചെന്നെത്തി. ലാൻഡ്മാർക്ക് ബിൽഡേഴ്സിലെ ശ്രീനിവാസൻ ഡിസൈൻ ചെയ്ത റബർമെത്ത തയാറായത് ആലുവയിലാണ്. കോയമ്പത്തൂർ സ്വദേശി മാണിക്യൻ പുതിയ കെട്ടുംതറിയും മെത്തയും സ്പോൺസർ ചെയ്തു. മൂത്രവും ആനപ്പിണ്ടവും നീക്കിയാൽ അതിവേഗം ഉണങ്ങുന്നതാണ് മെത്തയും തറിയും.    

ക്ഷേത്രത്തിലെ ഉത്സവ പള്ളിവേട്ടയ്ക്കും ആറാട്ടിനും കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് ഭക്തർക്ക് ഒരു പോറൽ പോലും ഏൽപിക്കാതെ പതിറ്റാണ്ടുകൾ ഓട്ടപ്രദക്ഷിണം നടത്തിയ നല്ല പേരുള്ള ആനയാണ് നന്ദിനി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, മനോജ്.ബി.നായർ, സി.മനോജ്, കെ.ആർ.ഗോപിനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Tags:
  • Spotlight