Wednesday 06 March 2024 10:39 AM IST : By സ്വന്തം ലേഖകൻ

‘രാത്രി മുഴുവനും കഴുത്തറ്റം വെള്ളത്തിൽ; ഭീതിയിൽ നിന്ന് ഇനിയും മുക്തയായിട്ടില്ല’; കാട്ടുപന്നിയുടെ ആക്രമണത്തിൽ രക്ഷ തേടി കിണറ്റിൽ അകപ്പെട്ട എലിസബത്ത് ബാബു

elizabath-babu

കിണറ്റിലകപ്പെട്ട് ഒരു രാത്രി മുഴുവനും കഴുത്തറ്റം വെള്ളത്തിൽ... ഭീതിയിൽ നിന്ന് ഇനിയും മുക്തയായിട്ടില്ല. അടൂർ വയല പ്ലാവിളയിൽ എലിസബത്ത് ബാബു. കാട്ടുപന്നിയുടെ ആക്രമണത്തിൽ രക്ഷ നേടുന്നതിനിടയിൽ കിണറ്റിൽ അകപ്പെട്ട എലിസബത്ത് തിങ്കളാഴ്ച വൈകിട്ട് 5 മുതൽ ഇന്നലെ ഉച്ചയ്ക്ക് 3 വരെയാണു കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്നു മരണത്തെ മുഖാമുഖം കണ്ടത്. ആ സംഭവം ആശുപത്രിക്കിടക്കയിൽ കിടന്ന് ഓർത്തെടുത്തുമ്പോൾ ഭയം വർധിക്കുകയാണെന്ന് അവർ പറഞ്ഞു.

കാട്ടുപന്നി കൈയ്ക്കു വന്നിടിച്ചിതിനു ശേഷം വീണ്ടും ആക്രമിക്കാൻ വരുമ്പോൾ രക്ഷ നേടാനായുള്ള ശ്രമത്തിനിടയിലാണു കിണറ്റിൽ അകപ്പെട്ടത്.  കിണറ്റിലേക്കു വീണതിനു ശേഷം മുകളിലേക്കു പൊങ്ങി വന്നു. ആ സമയം വശത്തുള്ള തൊടിയിൽ പിടിത്തം കിട്ടി. അന്നേരം മുതൽ അലറി വിളിക്കാൻ തുടങ്ങിയതാണ്. പക്ഷെ കിണറിനു നല്ല ആഴമുള്ളതിനാൽ ശബ്ദം മുകളിലേക്ക് എത്താത്തതിനാൽ തന്റെ വിളി ആരും കേട്ടില്ലെന്ന് ഏറത്ത് പഞ്ചായത്തിലെ മികച്ച കർഷക കൂടിയായ എലിസബത്ത് പറഞ്ഞു.

സമീപം വീടുകൾ ഇല്ലാത്തതിനാലും സംഭവം ആരുമറി‍ഞ്ഞതുമില്ല. ഇരുട്ടായി തുടങ്ങിയപ്പോൾ ഭീതി വർധിച്ചു. വീണ്ടും കാട്ടുപന്നി വരുമോയെന്ന ഭയമായിരുന്നു അപ്പോൾ മനസ്സിൽ. എങ്കിലും ദൈവത്തെ വിളിച്ച് പിടിച്ചു നിന്നു. ഇതിനിടയിൽ കാലിനു വേദന തോന്നിയെങ്കിലും അതും സഹിച്ച് തൊടിയിലെ പിടിവിടാതെ നേരം വെളിപ്പിച്ചു. കിണറ്റിലേക്ക് വെട്ടം വീണപ്പോൾ അൽപം ആശ്വാസം തോന്നി. ഇതിനിടയിൽ ദാഹം തോന്നിയപ്പോൾ കിണറ്റിൽ നിന്ന് രണ്ടു കവിൾ വെള്ളം അറിയാതെ അകത്തു ചെന്നു.

പുലർച്ചെ ആരോ കിണറ്റിനടുത്ത് വന്നതായി തോന്നി. അപ്പോഴും ഉറക്കെ വിളിച്ചു നോക്കി കേട്ടില്ല. അതു തന്റെ ഭർത്താവാണെന്ന് ആശുപത്രിയിൽ എത്തി സംഭവത്തെ പറ്റി വിവരിക്കുന്നതിനിടയിലാണ് അറിഞ്ഞത്. രാവിലെയായപ്പോൾ തൊടിയുടെ ഭാഗം കുറച്ച് ഇളകിയതിനാൽ നിൽക്കാൻ ഇടം കിട്ടിയതോടെ പേടി മാറി തുടങ്ങിയിരുന്നു. പിന്നീട് ഇന്നലെ ഉച്ച കഴിഞ്ഞ് രക്ഷകരായി പഞ്ചായത്ത് അംഗം സൂസിയും മുൻ പഞ്ചായത്ത് അംഗം ശൈലേന്ദ്രനാഥും എത്തുകയായിരുന്നു. അപ്പോഴാണു മരണ ഭീതി വിട്ടുമാറിയത്.

പിന്നീട് സ്റ്റേഷൻ ഓഫിസർ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അടൂർ അഗ്നിരക്ഷാസേന വലയിൽ കയറ്റി കരയ്ക്കെത്തിച്ചു. പിന്നീട്അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അജികുമാർ, ഫയർ ഓഫിസർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ കിണറ്റിലിറങ്ങി വലയുടെ സഹായത്തോടെയാണ് എലിസബത്തിനെ രക്ഷിച്ചത്. ദൈവത്തോടും രക്ഷിക്കാൻ എത്തിയവരോടും നന്ദി പറയുമ്പോൾപ്പോലും കഴിഞ്ഞരാത്രിയുടെ ഭീതി വിട്ടുമാറുന്നില്ല എലിസബത്തിനെ.

Tags:
  • Spotlight