Saturday 04 April 2020 04:43 PM IST : By സ്വന്തം ലേഖകൻ

വർക്കൗട്ട് മാത്രം പോരല്ലോ, ഫൂഡും വേണ്ടേ? വ്യായാമത്തിനു മുൻപും ശേഷവും എന്തു കഴിക്കണം...

exer445ftfyfr

രാവിലെ കിടക്ക വിട്ട് എണീറ്റ പാടെ വ്യായാമത്തിലേക്കു കടക്കുന്നതാണോ പതിവ്. വ്യായാമം ഫലപ്രദമാണെങ്കിൽ വ്യായാമത്തിനു മുൻപും ശേഷവും ഉള്ള ഭക്ഷണക്കാര്യത്തിലും ശരിയായ ശ്രദ്ധ വേണം. ഉറങ്ങിയെണീറ്റയുടനെ വെറും വയറ്റിൽ വ്യായാമം ചെയ്താൽ പെട്ടെന്ന് കൊഴുപ്പെരിഞ്ഞ് സ്ലിം ആകും എന്ന് കരുതുന്നത് തെറ്റായ ധാരണയാണ്. വ്യായാമം ചെയ്യാനുള്ള എനർജിയില്ലാതെ ശരീരം ക്ഷീണിക്കാനാണ് ഇതു കൊണ്ട് സാധ്യത. മസിലുകൾക്കു ക്ഷയവും സംഭവിക്കാം. വ്യായാമത്തിനോടു മടുപ്പു തോന്നുകയും ചെയ്യും.രാവിലെ 45 മിനിറ്റ് തൊട്ട് ഒരു മണിക്കൂർ വരെ വ്യായാമം ചെയ്യുമ്പോൾ ഇത്രയും നേരം വർക് ഔട്ട് ചെയ്യാനുള്ള ഇന്ധനം ശരീരത്തിന് ആവശ്യമാണ്.

വ്യായാമത്തിനു മുൻപുള്ള ഭക്ഷണം

വ്യായാമത്തിന് ഒരു മണിക്കൂർ മുൻപ് പോഷകം നിറഞ്ഞ, പെട്ടെന്നു ദഹിക്കുന്ന ലഘുഭക്ഷണം കഴിക്കുക. ഏകദേശം 250 കാലറി വരുന്ന സ്നാക്സ് രൂപത്തിലുള്ള ഭക്ഷണമാണ് നല്ലത്. കട്ടിയാഹാരം പാടില്ല.

ഉദാഹരണം. പാട നീക്കിയ ഒരു ഗ്ലാസ് ഇളം ചൂടുള്ള പാലിൽ പ്രോട്ടീൻ ഷേക്ക് ചേർത്തത് /അല്ലെങ്കിൽ രണ്ടു സ്ലൈസ് ഹോൾ വീറ്റ് ബ്രെഡിൽ പീനട്ട് ബട്ടർ പുരട്ടിയത്/ഏത്തപ്പഴം പുഴുങ്ങിയതും ഓറഞ്ച് ജ്യൂസും/രണ്ട് മുട്ട വെള്ളയും ഒരു ബൗൾ പച്ചക്കറികളും ചേർത്തുണ്ടാക്കിയ ഓംലറ്റ്. ഇതിലേതെങ്കിലും പ്രീ വർക് ഔട്ട് ഫൂഡ് ആയി കഴിച്ചിട്ട് ഒരു മണിക്കൂറിനു ശേഷം വ്യായാമം ചെയ്യുക.

വ്യായാമ ശേഷമുള്ള ഭക്ഷണം

വ്യായാമ ശേഷം 45 മിനിറ്റോടെ ആഹാരം കഴിക്കുന്നതാണ് ഉത്തമം. വ്യായാമത്തിനു ശേഷം അന്നജവും പ്രോട്ടീനും അടങ്ങിയ ആഹാരം തീർച്ചയായും കഴിക്കണം. അല്ലെങ്കിൽ മസിലുകൾക്കു കേടു പാടു വരാം. കാരണം വ്യായാമം ചെയ്യുമ്പോൾ മസിലുകളിൽ ശേഖരിക്കപ്പെട്ട ഗ്ലൈക്കോജൻ ആണ് ഉപയോഗിക്കപ്പെടുന്നത്.

ചപ്പാത്തി, അരിയാഹാരം, ബ്രെഡ് തുടങ്ങിയവയുടെ കൂടെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും കഴിക്കുക.

ചപ്പാത്തി-മുട്ടക്കറി, അപ്പം- കടലക്കറി, നട്ട്സും ഏത്തപ്പഴം നുറുക്കിയതും ചേർത്ത് പാലിൽ കുറുക്കിയ ഓട്സ് മീൽ തുടങ്ങിയ കാർബോഹൈഡ്രേറ്റ് വിത്ത് പ്രോട്ടീൻ ആഹാരം വ്യായാമശേഷം കഴിക്കുക. വ്യായാമത്തിനിടെ വിയർപ്പിലൂടെ ധാരാളം ലവണങ്ങൾ ശരീരത്തിനു നഷ്ടമാകുന്നുണ്ട്. അതിനാൽ ശുദ്ധമായ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. അമിതമായ എണ്ണയും കൊഴുപ്പുമില്ലാത്ത ഭക്ഷണം തിരഞ്ഞെടുക്കുക.

Tags:
  • Spotlight