Tuesday 12 March 2024 12:18 PM IST : By സ്വന്തം ലേഖകൻ

‘സന്ദർശക വീസ തൊഴിൽ വീസയാക്കി മാറ്റിത്തരാം’: ഏജൻസികളുടെ മോഹന വാഗ്ദാനങ്ങളില്‍ വീഴരുത്: അറിയാം ചതിക്കുഴികൾ

norka-ceo

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു കെ.ഹരികൃഷ്ണൻ നമ്പൂതിരി, ഡയറക്ടർ & സിഇഒ, നോർക റൂട്ട്സ്.

പ്രവാസം മലയാളിയുടെ ജീവിതാവസ്ഥയുടെ ഭാഗമായി മാറിയിട്ട് കാലങ്ങളായി. പണ്ടത് ഗൾഫ് രാജ്യങ്ങളും യൂറോപ്പും അമേരിക്കയും മാത്രമായിരുന്നു. നോർക്കയിൽ റജിസ്റ്റർ ചെയ്ത ഒൗദ്യോഗിക കണക്കനുസരിച്ച് ഇന്ന് ലോകത്തെ 195 രാജ്യങ്ങളിൽ 182 ലും മലയാളികൾ ചുവടുറപ്പിച്ചു.

മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും ജീവിതപരിസരങ്ങളും തേടിയുള്ള യാത്രകൾ വർഷം തോറും കൂടി വരികയാണ്. വിദേശജോലിയും കുടിയേറ്റവും ആഗ്രഹിക്കുന്നവർ അതു നിയമപരമായ മാർഗങ്ങളിലൂടെ മാത്രം ചെയ്യാൻ ശ്രദ്ധിക്കണം. അതിനുള്ള മാർഗനിർദേശങ്ങളും സഹായവും ഗവൺമെന്റ് തലത്തിൽ ലഭ്യമാണ്. വിദേശജോലിയും കുടിയേറ്റവും ആഗ്രഹിക്കുന്നവർ പ്രാഥമികമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ആദ്യം പറയാം.

നേരായ വഴിയേ മുന്നോട്ട്

∙ തൊഴിൽദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാൻ മറക്കരുത്. ശമ്പളവ്യവസ്ഥകള്‍ അടങ്ങുന്ന തൊഴി ൽകരാർ വിശദമായി വായിക്കുക. വാഗ്ദാനം ചെയ്ത ജോലിയാണു വീസ രേഖയിലും ഉള്ളതെന്ന് ഉറപ്പു വരുത്താം.

∙ റിക്രൂട്ട്മെന്റ് ഏജൻസിയുടെ വിശദാംശങ്ങൾ കേന്ദ്രഗവൺമെന്റിന്റെ www.emigrate.gov.in എന്ന വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പു വരുത്തണം. ഇ–മൈഗ്രേറ്റ് വെബ്പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഏജൻസികൾ വഴി മാത്രമേ മൈഗ്രേഷൻ നടത്താവൂ. സന്ദർശക വീസ വഴിയുള്ള അനധികൃത കുടിയേറ്റം ഓഫർ ചെയ്യുന്ന ഏജൻസികളുടെ വാഗ്ദാനം സ്വീകരിക്കരുത്.

വിദേശ തൊഴിലുടമ സന്ദർശക വീസ തൊഴിൽ വീസയാക്കി മാറ്റി നൽകിയെന്നിരിക്കാം. പക്ഷേ, തൊഴിൽ കരാർ ഇ–മൈഗ്രേറ്റ് സംവിധാനം വഴി തയാറാക്കുന്നില്ല. ഇക്കാരണത്താൽ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും അർഹമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നിഷേധിക്കുകയും ചെയ്യാം. മോശം സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടതായും വരാം.

എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള 18 ഇസിആർ (എമിഗ്രേഷൻ ചെക് റിക്വേഡ്) രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന ഇസിആർ പാസ്പോർട് ഉടമകൾ കേന്ദ്രഗവൺമെന്റിന്റെ ഇ–മൈഗ്രൈറ്റ് പോർട്ടൽ മുഖാന്തരം എമിഗ്രേഷൻ ക്ലിയറൻസ് ഉറപ്പ് വരുത്തേണ്ടതാണ്.

(നിലവിലെ 18 ഇസിആർ രാജ്യങ്ങൾ – അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ഇന്തോനീഷ്യ, ഇറാഖ്, ജോർദാൻ, സൗദി അറേബ്യ, കുവൈത്ത്, ലബനൺ, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗത്ത് സുഡാൻ, സുഡാൻ, സിറിയ, തായ്‌ലൻഡ്, യുഎഇ, യെമൻ)

∙ വീസ തട്ടിപ്പ്, മനുഷ്യക്കടത്ത്, വ്യാജ റിക്രൂട്ട്മെന്റ് എന്നീ വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയോ 0471 2721547 എന്ന ഹെൽപ്‌ലൈൻ നമ്പറിലോ അറിയിക്കാം.

(വിദേശ കുടിയേറ്റം സംബന്ധിച്ച നിങ്ങളുെട

സംശയങ്ങൾ വാട്സാപ് സന്ദേശമായി:

98953 99206 നമ്പരിലേക്ക് അയയ്ക്കുക.

വിദഗ്ധര്‍ മറുപടി നല്‍കുന്നു.)