Thursday 18 January 2024 02:27 PM IST

ശബ്ദമില്ലാതെ അവരുടെ ലോകം, ആ കഷ്ടപ്പാട് ഹൃദയത്തിൽ കൊണ്ടു... ആംഗ്യഭാഷയിലൂടെ കുർബാന, മൗനം ഈണമാക്കി ഫാ. ജോർജ്

Chaithra Lakshmi

Sub Editor

angya-bhasha

എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തത് ( മത്തായി 25: 40)

സംഗീതത്തിനും പ്രാർഥനകൾക്കും പകരം മൗനം ഈണമാക്കിയ അൾത്താര. കുർബാന അർപ്പിക്കുന്ന വൈദികന്റെ ചുണ്ടുകളല്ല ചലിക്കുന്നത്, കൈകളാണ്. ആംഗ്യഭാഷ കൊണ്ട് ഈ ൈവദികർ ചേർത്തുപിടിക്കുന്നതു ശബ്ദമില്ലാത്തവരുടെ ഹൃദയങ്ങളെയാണ്.

ആംഗ്യഭാഷയിൽ കുർബാന അർപ്പിക്കുകയും കേൾവി പരിമിതിയുള്ളവരുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഫാ. ജോർജിന്റെ ജീവിതം (പ്രിയേഷ്)

‘എഫാത്ത’ – തുറക്കപ്പെടട്ടെ പുതുലോകം

അവർക്കിതു വെറും ആംഗ്യങ്ങളല്ല. നമുക്ക് മാതൃഭാഷയെന്ന പോലെയാണു കേൾവിപരിമിതിയുള്ളവർക്ക് ആംഗ്യഭാഷ.’’ തലശ്ശേരി അതിരൂപതയുടെ ആദം മിനിസ്ട്രി (അക്കംപനിയിങ് ഡിഫറന്റ്‍ലി ഏബിൾഡ് ആൻഡ് അവേക്കനിങ് മിഷൻ) ഡയറക്ടർ ഫാ. ജോർജ് കളരിമുറിയിൽ പറയുന്നു.

‘‘കാസർകോട് ജില്ലയിലെ കണ്ണിവയൽ കളരിമുറിയിൽ സേവ്യർ, മേരിക്കുട്ടി ദമ്പതികളുടെ നാലു മക്കളിൽ മൂത്ത ആളാണു ഞാൻ. അമ്മച്ചിയുടെ സഹോദരനായ കുട്ടിച്ചൻ അങ്കിളിനു (േജാസഫ് തയ്യിൽ) കേൾവിപരിമിതിയുണ്ട്. അങ്കിളും കേൾവിപരിമിതിയുള്ള ചങ്ങാതിമാരും ആംഗ്യഭാഷയിലൂടെ ഹൃദയം പങ്കിടുന്നതു കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. മുതിർന്നപ്പോഴാണു ശബ്ദമില്ലാത്ത ലോകത്തു പല വാതിലുകളും അടഞ്ഞുകിടക്കുകയാണെന്നു തിരിച്ചറിഞ്ഞത്. അങ്കിൾ ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകൾ എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു. സെമിനാരിയിൽ ചേർന്ന ശേഷം ദൈവശാസ്ത്ര പഠനകാലത്താണു ആ തീരുമാനമെടുത്തത്. ശബ്ദമില്ലാത്തവരുടെ ലോകത്തെ അറിയാൻ ആ ഭാഷ പഠിക്കണം. പുരോഹിതനാകുമ്പോൾ ആംഗ്യഭാഷയിൽ കുർബാന നടത്തണമെന്നും കുമ്പസാരിക്കാൻ അവസരമൊരുക്കണമെന്നും മനസ്സിലുറപ്പിച്ചു.

മനസ്സ് തൊട്ട സന്തോഷങ്ങൾ

2003ൽ പുരോഹിതനായ ശേഷം കർത്തവ്യങ്ങളിലും ആ ത്മീയതയിലും മുഴുകി. ഇതിനിടെ നടപ്പാകാതെ പോയ തീരുമാനം മനസ്സിനെ അലട്ടാൻ തുടങ്ങി. രൂപതയുടെ അന്നത്തെ ബിഷപ്പ് മാർ ജോർജ് വലിയമറ്റത്തിന്റെ പിന്തുണയോടെ 2014 ൽ മുംബൈയിലെ എവൈജെഎൻ‌െഎഎച്ച്എച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റേഷൻ ഡിപ്ലോമയ്ക്കു ചേർന്നു.

angya-bhasha-2 ഫാ. ജോർജ് കളരിമുറിയിൽ ആദം മിനിസ്ട്രി അംഗങ്ങൾക്കൊപ്പം ഫോട്ടോ: ഹരികൃഷ്ണൻ, ശ്രീകുമാർ എരുവട്ടി

2016 ൽ പഠനം കഴിഞ്ഞു തിരികെ േകരളത്തിലെത്തി. കേൾവിപരിമിതിയുള്ളവർക്കു വേണ്ടി കുർബാനയർപ്പിക്കാനും ധ്യാനം നടത്താനും തുടങ്ങി. 2017ൽ മെത്രാപ്പോലീത്തയായിരുന്ന മാർ ജോർജ് ഞെരളക്കാട്ടിന്റെ ആശീർവാദത്തോടെ കേൾവി പരിമിതരുടെ ഉന്നമനം ലക്ഷ്യമിട്ട് ആദം മിനിസ്ട്രി ആരംഭിച്ചു. ആത്മീയ ഉന്നമനത്തിനായി ആംഗ്യഭാഷയിൽ കുർബാനയും ധ്യാനങ്ങളും നടത്തി. കണ്ണൂർ ആലക്കോട്, ബെംഗളൂരു, ബത്തേരി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ മാസം ഒരു ഞായറാഴ്ച ആംഗ്യഭാഷയിൽ കുർബാനയർപ്പിക്കും. കോടതിക്കാര്യങ്ങളിലും ആശുപത്രിക്കാര്യങ്ങളിലും ആംഗ്യഭാഷ വ്യാഖ്യാനം ചെയ്യാൻ പോകാറുണ്ട്.

ഇതിനിടെ ഭിന്നശേഷിയുള്ളവരുടെ വീടുകൾ സന്ദർശിക്കുമ്പോൾ അവരിലുണ്ടാകുന്ന സന്തോഷം മനസ്സിനെ സ്പർശിച്ചു. അതോടെ ഭിന്നശേഷിക്കാർക്കു വേണ്ടി മാത്രമായി പ്രവർത്തിക്കണമെന്ന ആഗ്രഹം സഭയെ അറിയിച്ചു. അങ്ങനെ രൂപതയിലെ ഭിന്നശേഷിയുള്ളവരുടെ ആത്മീയ, സാമൂഹിക, വിദ്യാഭ്യാസ ഉന്നമനം എന്ന ഉത്തരവാദിത്തം മാത്രമായി ചുമതല. കേൾവിപരിമിതർക്കൊപ്പം ഭിന്നശേഷിയുള്ളവർക്കും സഹായമുറപ്പാക്കുന്ന രീതിയിൽ ആദം മിനിസ്ട്രി നവീകരിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ കാസർകോട് പടന്നക്കാട് ഗുഡ് െഷപ്പേർഡ് പാസ്കൽ സെന്ററിൽ രൂപത ആർച്ച് ബിഷപ്പ് മാർ േജാസഫ് പാംപ്ലാനി രക്ഷാധികാരിയായുള്ള ആദം മിനിസ്ട്രിയുടെ ഓഫിസ് പ്രവർത്തനം തുടങ്ങി. ഭിന്നശേഷി വിദ്യാർഥികൾക്കു സഹായം ഉറപ്പാക്കുക, സ്വയംസഹായ സംഘങ്ങളുണ്ടാക്കാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സഹായിക്കുക, ഭിന്നശേഷിയുള്ളവരെ സന്ദർശിച്ച് അവരുടെ വീടുകൾ ഭിന്നശേഷി സൗഹാർദമാണെന്ന് ഉറപ്പാക്കാൻ കുടുംബാംഗങ്ങൾക്കു കൗൺസലിങ് നൽകുക ഇവയെല്ലാം പ്രവർത്തനങ്ങളിലുൾപ്പെടുന്നു. മാര്യേജ് ഗൈഡൻസ് കോഴ്സ്, വ്യക്തിത്വ വികസന സെമിനാറുകൾ, മെഡിക്കൽ ക്യാംപ് ഇവ സംഘടിപ്പിച്ച് എന്തിനും ഒപ്പമുണ്ടാകാൻ ശ്രമിക്കാറുണ്ട്.

കേൾവി പരിമിതിയുള്ളവർക്കായുള്ള ഓൺലൈൻ ഗ്രൂപ്പുകൾക്ക് ‘എഫാത്ത’ എന്നാണു പേര്. കേൾവിപരിമിതിയുള്ള ആൾക്കു സൗഖ്യമേകുമ്പോൾ യേശുക്രിസ്തു പറഞ്ഞ വാക്കാണത്. ‘തുറക്കപ്പെടട്ടെ’ എന്നർഥം. ഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലേക്കെത്തിക്കുകയെന്ന സ്വപ്നത്തിലേക്കുള്ള വാതിൽ തുറക്കപ്പെടും എന്നാണ് എന്റെ പ്രതീക്ഷ.