Thursday 04 January 2024 04:52 PM IST

‘ഒരു പോത്തിനെ വാങ്ങി പങ്കുവയ്ക്കും, പങ്കുകൂടാൻ നാനാജാതി മതസ്ഥർ വരും... അന്നു മനുഷ്യനായിരുന്നു പരിഗണന’: ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കൽ

V R Jyothish

Chief Sub Editor

father-joseph-1

മറ്റുള്ളവരെക്കാൾ ഉയരത്തിൽ ജീവിക്കുന്നവരാണു ഞങ്ങൾ ഇടുക്കിക്കാർ. അതുകൊണ്ടുതന്നെ മലമുകളിലെ ക്രിസ്മസിന് നിറവും മണവും രുചിയും കടുപ്പവുമൊക്കെ കുറച്ചു കൂടുതലായിരുന്നു. ഇടുക്കിയിൽ മാത്രമല്ല തെക്ക് അമ്പൂരിയിലും വടക്ക് വയനാട്ടിലും കണ്ണൂരും ഇരിട്ടിയിലും അങ്ങനെ ഉയരങ്ങളിൽ താമസിക്കുന്നിടത്തെല്ലാം ക്രിസ്മസ് അങ്ങനെയായിരുന്നു;

സന്ധ്യ മയങ്ങിയാൽ തമ്പേറിന്റെ ശബ്ദം മുഴങ്ങുന്ന മലനിരകൾ. ചൂട്ടുകറ്റയും മെഴുകുതിരിയുമായി ഘോഷയാത്ര പോലെ കുന്നുക ൾ കയറിയിറങ്ങി പള്ളിയിലേക്കു പോകുന്നവർ. തേയിലക്കാടുകൾക്കപ്പുറം തിളങ്ങുന്ന വെളിച്ചപൊട്ട് പോലെ നക്ഷത്രങ്ങൾ. പ്രകൃതിയിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളാണെന്നു തോന്നും കോടമഞ്ഞ് അതിരിട്ട മലനിരകൾ കാണുമ്പോൾ.

പിന്നെ, ഏറ്റവും പ്രണയാർദ്രമായ ഇലഞ്ഞിപ്പൂമണം കാറ്റിലൂടെ ഒഴുകി വരും. നാട്ടി ൽ ധാരാളം ഇലഞ്ഞിമരങ്ങളുമുണ്ടായിരുന്നു. ക്രിസ്മസ് കാലത്താണ് ഇവ പൂക്കുന്നത്. ഇലഞ്ഞി മാത്രമല്ല തുലാമഴ നനഞ്ഞു ഭൂമിയാകെ കുളിരണിഞ്ഞു നിൽക്കും. പിന്നെ, ആത്മീയ ഉ ണർവിന്റെ വൃശ്ചിക കാറ്റു വീശിത്തുടങ്ങും.

അമ്മയുടെ കൈപിടിച്ചു പാതിരാ കുർബാനയ്ക്കു പോയ മഞ്ഞുവീണ വൈകുന്നേരങ്ങളിൽ തുടങ്ങുകയാണു മലമുകളിലെ ക്രിസ്മസിനെക്കുറിച്ചുള്ള നിറമുള്ള ഓർമകൾ. ക്രിസ്മസിനായാലും ഉയിർപ്പിനായാലും ആഴ്ച കുർബാനയ്ക്കായാലും അമ്മ അന്നമ്മയുടെ കയ്യിൽ തൂങ്ങിയായിരുന്നു യാത്ര.

എന്റെ അപ്പൻ പുത്തൻപുരയ്ക്കൽ ജോസഫ് പട്ടാളക്കാരനായിരുന്നു. പട്ടാളത്തിൽ നിന്നു പിരിഞ്ഞപ്പോൾ അദ്ദേഹം കൃഷിക്കാരനായി. അപ്പൻ നല്ല അധ്വാനിയായിരുന്നു. എപ്പോഴും പറമ്പിലായിരുന്നു. അതുകൊണ്ടു ചോദ്യങ്ങളെല്ലാം അമ്മയോടായിരുന്നു. ഉടുപ്പ് എന്തിയേ? കുട എന്തിയേ? ക്രിസ്മസ് എന്നു പറഞ്ഞാൽ എന്താണ്? എന്തിനാണു പാതിരാകുർബാനയ്ക്കു പോകുന്നത്? അങ്ങനെ അമ്മയോട് ഒരുപാടു ചോദ്യങ്ങൾ. പക്ഷേ, അപ്പനോട് ഒറ്റ ചോദ്യമേയുള്ളു;

‘അപ്പാ.. അമ്മ എന്തിയേ?’

മഞ്ഞണിഞ്ഞ രാവുകൾ

മറ്റിടങ്ങളിലെപ്പോലെയല്ല ഹൈറേഞ്ചിലെ മ ഞ്ഞുകാലം. കിടുകിടാന്നു വിറയ്ക്കുന്ന ത ണുപ്പാണ്. ബെത്‌ലഹേമിലും അതേ തണുപ്പാണ്. സൂര്യൻ‌ നേരത്തെ അസ്തമിക്കും. നേരത്തെ ഇരുട്ടു വീഴും. ലോകത്തിന്റെ ന ല്ലൊരു ഭാഗവും ഇങ്ങനെ തന്നെയാകും. ഡിസംബർ 20 മുതൽ 25 വരെ നീണ്ട രാത്രിയാണ്. രാത്രി കൂടു മ്പോൾ അതിനനുസരിച്ചു തണുപ്പു കൂടും.

അന്നു വന്യമൃഗങ്ങളും മലമ്പനിയും മന്തുമൊക്കെയായിരുന്നു ഞങ്ങളുടെ മുഖ്യശത്രുക്കൾ. അതുകൊണ്ടു മനുഷ്യർ തമ്മിൽ ശത്രുതയുണ്ടായിരുന്നില്ല. മനുഷ്യർക്കു ഭൗതിക സാഹചര്യങ്ങൾ തീരെ കുറവായിരുന്നു. പക്ഷേ, ഹൃദ യം സമ്പന്നമായിരുന്നു. ഇന്നോ ഭൗതിക സാഹചര്യങ്ങൾ കൂടി. പക്ഷേ, മനസ്സും ഹൃദയവും സങ്കുചിതമായി.

ഇടുക്കി ജില്ലയിലെ വലിയതോവാളയിലാണു ഞാൻ ജ നിച്ചു വളർന്നത്. വലിയതോവാള ക്രിസ്തുരാജ ദേവാലയത്തെ ചുറ്റിപടർന്നതാണ് എന്റെ ക്രിസ്മസ് ഓർമകൾ. അവിടെ മാന്നാന്മാർ എന്ന വിഭാഗം ധാരാളമായി കുടിയേറിപാർത്തിരുന്ന സ്ഥലം ആദ്യം വലിയതാവളമെന്നും പിന്നീടത് വലിയതോവാള എന്നും അറിയപ്പെട്ടു. ക്രിസ്തുരാജ ദേവാലയമാണു ഞങ്ങളുെട ഇടവക. അന്ന് അറുനൂറോളം കുടുംബങ്ങൾ മാത്രമാണ് ഇടവകയിലുണ്ടായിരുന്നത്.

വലിയതോവാളയിൽ അന്നുണ്ടായിരുന്നതു മന്നാകുടി ക്ഷേത്രവും സെന്റ്‌മേരീസ് ഓർത്തഡോക്സ് പള്ളിയുമായിരുന്നു. കട്ടപ്പന കഴിഞ്ഞാൽ പിന്നെയൊരു ഹൈസ്കൂൾ ഉണ്ടായിരുന്നതു വലിയതോവാളയിലാണ്, ക്രിസ്തുരാജ ഹൈസ്കൂൾ. 15 കിലോമീറ്റർ വരെ നടന്നു സ്കൂളിലെത്തുന്നവരുണ്ടായിരുന്നു. സ്കൂളിന് അടുത്തായിരുന്നു എന്റെ വീട്. അതുകൊണ്ടു നടക്കേണ്ടി വന്നിട്ടില്ല. പക്ഷേ, നരിയംപാറ േദവസ്വം ബോർഡ് കോളജിലെ പ്രീഡിഗ്രിക്കാലത്തു നന്നായി നടന്നു. വീട്ടിൽ നിന്നു 10 കിലോമീറ്ററിലധികം ദൂരമുണ്ട് കോളജിലേക്ക്.

തീ പിടിച്ച നക്ഷത്രങ്ങൾ

മൊബൈൽ ഫോണ്‍ വഴി നക്ഷത്രങ്ങൾ വീട്ടിലെത്തുന്ന കാലമല്ലായിരുന്നു അന്ന്. പ്രകാശിക്കുന്ന ഒരു നക്ഷത്രമെന്നാൽ 15 ദിവസത്തെ അധ്വാനം എന്നാണ് അർഥം. കാട്ടിൽ പോയി ഈറ്റ വെട്ടി കൊണ്ടുവന്നു മുറിച്ച് ഉണക്കും. നക്ഷത്രം കെട്ടൽ ഒരു കലയാണ്. ഈറ്റക്കമ്പിൽ കെട്ടിയുണ്ടാക്കുന്ന നക്ഷത്രരൂപത്തിൽ ചുവന്ന കടലാസ് ഒട്ടിക്കും. നടുക്കു പലകയുണ്ടാകും. അതിൽ മെഴുകു തിരിയയോ മണ്ണെണ്ണയിൽ പ്രകാശിക്കുന്ന ചെറിയ റാന്തൽ വിളക്കോ വയ്ക്കും.

തുറന്ന് അടയ്ക്കാവുന്ന കിളിവാതിൽ നക്ഷത്രം ഡിസൈൻ ചെയ്യുമ്പോൾ തന്നെ ഉണ്ടാകും. വലിയ മരക്കൊമ്പിലാണു നക്ഷത്രം തൂക്കുക. ഒാരോ ദിവസവും അഴിച്ചു താഴെയിറക്കി വയ്ക്കണം. നക്ഷത്രം കാറ്റിൽ ഉലയാനും പാടില്ല. അങ്ങനെയാണെങ്കിൽ വിളക്കു ചരിഞ്ഞ് അതു കത്തിപ്പോകും. എനിക്ക് ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല ഒരിക്കൽ ഞങ്ങളുടെ ഒരു നക്ഷത്രം കത്തിപ്പോയത്. കുഞ്ഞുമനസ്സുകളെ പൊള്ളിച്ച് ഇതുപോലെ എത്രയോ ന ക്ഷത്രങ്ങൾ തീ പിടിച്ചിരിക്കണം.

നക്ഷത്രങ്ങൾ മാത്രമല്ല പുൽക്കൂടുകളും അന്നു റെഡി മെയ്ഡ് ആയിരുന്നില്ല. ബെത്‌ലഹേമിലും കട്ടപ്പനയിലും വലിയതോവാളയിലുമൊക്കെയുണ്ട് ഉണ്ണീശോപ്പുല്ല്. അ തുകൊണ്ടാണു പുൽക്കൂട് ഒരുക്കുന്നത്. കാട്ടിൽപ്പോയി ഈന്തിന്റെ ഇല വെട്ടിക്കൊണ്ടു വന്നാണു പുൽക്കൂടു മേയുന്നത്. ഒരാഴ്ചത്തെ പരിപാടിയാണു പുൽക്കൂടു നിർമാണം. ഉണങ്ങിയ പുല്ലിന്റെയും ഈന്തിന്റെയും വാസനയുണ്ട് ക്രിസ്മസ് ഓർമകൾക്ക്.

ഇറച്ചിക്കറിയുടെ മണം

അന്ന് ഇടുക്കിയിൽ ഇത്രയും പെറോട്ടക്കടകൾ ഉണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ ഇറച്ചി കിട്ടുന്ന കോൾഡ് സ്റ്റോറേജും ഇല്ല. ഇറച്ചി പങ്കുവയ്ക്കലാണ്. കുറച്ചുവീട്ടുകാർ ചേ ർന്ന് ഒരു പോത്തിനെ വാങ്ങി പങ്കു വയ്ക്കും. പങ്കു കൂടാൻ നാനാജാതി മതസ്ഥരും വരും. അന്നു മനുഷ്യനായിരുന്നു മുന്തിയ പരിഗണന. ജാതിയും മതവും കാട്ടുമൃഗങ്ങളുമൊക്കെ അതുകഴിഞ്ഞേ വരു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. പക്ഷേ, പാതിരാ കുർബാന കഴിഞ്ഞു വീട്ടിൽ വന്നുകഴിച്ച ഇറച്ചിക്കറിയുടെ രുചി ലോകത്ത് ഒരിടത്തു നിന്നും കിട്ടിയിട്ടില്ല. പാതിരാവിന്റെ വിശപ്പു മാത്രമല്ല ആ ‘പങ്ക് ഇറച്ചി’യുടെ രുചി രഹസ്യം. അമ്മമാർ ഒരു മാസം മുൻപേ തുടങ്ങും മുളകും മല്ലിയും മഞ്ഞളുമെല്ലാം വറുക്കാനും പൊടിക്കാനും. മിക്കവാറും ഉരലിൽ ഇടിച്ചാണു പൊടിക്കുന്നത്. അതുകൊണ്ട് രുചി കൂടും.

ക്രിസ്മസ് തലേന്ന് തലനോമ്പ് ദിവസം മിക്ക വീടുകളിലും മിതമായ സസ്യാഹാരമേ ഉണ്ടാകൂ. കുർബാനയ്ക്കു പോകുമ്പോൾ വഴിനീളെ ഇറച്ചിക്കറിയുടെ മണം പൊന്തും. ഒാർമയിൽ രുചി കയ്യൊപ്പിടുന്ന നേരം. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു വരുന്ന കൈപ്പുണ്യമാണ് ക്രിസ്മസ് തലേന്ന് ഇറച്ചിമണമായി അന്തരീക്ഷത്തിൽ പടരുന്നത്.

കാരൾ കാത്തിരിക്കുന്ന നാട്ടുകാർ

പൂത്ത കാപ്പിത്തോട്ടങ്ങൾക്കു നടുവിലൂടെ കാരൾ സംഘത്തിന്റെ പാട്ടിറങ്ങി നടന്നു വരും. കുട്ടികളുടെ കാത്തിരിപ്പിൽ പ്രധാനമാണ് കാരൾ സംഘത്തിന്റെ വരവ്.

ചുറ്റിപ്പിടിക്കുന്ന കോടമഞ്ഞിനു നേരെ കത്തിച്ച ഓലച്ചൂട്ടും വീശിയായിരുന്നു അപ്പനപ്പൂപ്പന്മാരുടെ കാരൾ യാത്രകൾ. ഞങ്ങളുടെ കുട്ടിക്കാലമായപ്പോഴേക്കും പെട്രോൾമാക്സെത്തി. കാരൾ സംഘത്തിന്റെ മുന്നിലും പിന്നിലുമുണ്ടാകും ഓരോന്ന്. സന്ധ്യയ്ക്കു പുറപ്പെട്ടാൽ പിറ്റേന്നു പുലർച്ചെ വരെയാണു യാത്ര. നാലുദിവസമെങ്കിലും കാണും പാട്ടിന്റെ വെട്ടത്തിലുള്ള കാരൾ യാത്രകൾ. ക്രിസ്മസ് കാരൾ കാത്തിരിക്കുക, ൈപസയും ആഹാരവും കൊടുക്കുക, ഇതൊന്നും വലിയ ബുദ്ധിമുട്ടായി കണ്ടിരുന്നില്ല അന്നത്തെ വീട്ടുകാരിൽ ഭൂരിഭാഗവും. പക്ഷേ, വാതിൽ തുറക്കാ ൻ മടിയുള്ള ചിലരുമുണ്ടായിരുന്നു. തുറക്കില്ലെന്ന് ഉറപ്പായാൽ പിന്നെ ഉച്ചസ്ഥായിയിൽ ഒരു പാട്ടാണ്.

‘തന്നതിനെ സ്വീകരിച്ച് ബാലകരാം

ഞങ്ങളിതാ പോകുന്നേൻ’ ഈ വരികളിൽ ‘തന്നത് സ്വീകരിച്ച്’ എന്നത് ഊന്നിപ്പാടാനും ഞങ്ങൾ മറക്കാറില്ലായിരുന്നു. ക്ഷാമകാലമല്ലേ, സംഘത്തിലുള്ള പലരും ഭക്ഷണം പോലും കഴിച്ചിട്ടുണ്ടാകില്ല. അങ്ങനെ പാടിക്കയറി ചെല്ലുമ്പോൾ കിട്ടുന്ന കപ്പയ്ക്കും കാന്താരി ചമ്മന്തിക്കും കട്ടൻകാപ്പിക്കും എന്തു രുചിയാണെന്നറിയാമോ?

നമുക്കിടയിൽ വളർന്ന മതിലുകൾ

അന്നത്തെ മറ്റൊരു പ്രത്യേകത അപൂർവം വീടുകൾക്കു മാത്രമേ മതിലും ഗേറ്റും ഉളളൂ. നമുക്കിടയിൽ അന്ന് ഇത്രമേൽ മതിലുകൾ വളർന്നിരുന്നില്ല. വേലിയാണു മിക്കയിടത്തും. അതുപക്ഷേ ചാടിക്കടക്കാം. അങ്ങനെ കുറേ വേലികളൊക്കെ ചാടിക്കടന്നവരാണു ഞങ്ങൾ.

സാമൂഹിക സേവനത്തിന്റെ ബാലപാഠം കൂടിയാണു കാരൾ യാത്രകൾ. പിരിഞ്ഞു കിട്ടുന്ന തുക സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കു വേണ്ടിയാണു ചെലവാക്കുക. അതിനു ജാതിമത ചിന്തയൊന്നും ബാധകമല്ല.

കാരൾ മത്സരങ്ങൾ, ക്രിസ്മസ് കൂട്ടുകാരനെ തിരഞ്ഞെടുപ്പ്, തപാലിൽ വരുന്ന ക്രിസ്മസ് കാർഡുകൾ ഒക്കെ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ്. തിരുപ്പിറവി ദി നം കഴിഞ്ഞാലും ആഘോഷങ്ങളുടെ ലഹരി നീണ്ടുനിൽക്കും. പോയ വർഷത്തെ മുഴുവൻ തിന്മകളെയും വൈക്കോലു കൊണ്ടുള്ള മനുഷ്യക്കോലമാക്കി കത്തിച്ചു ചാരമാക്കും. ശുഭപ്രതീക്ഷയോടെ പുതുവർഷത്തെ വരവേൽക്കും. തമാശ എന്താണെന്നു വച്ചാൽ തിന്മയുടെ മനുഷ്യക്കോലങ്ങൾ എല്ലാവർഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ്.

ഓർമയിലെ ഗന്ധങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. പുതുവസ്ത്രങ്ങളുടെ ഗന്ധമുണ്ടായിരുന്നു ക്രിസ്മസിന്. സ്കൂൾ തുറക്കുമ്പോഴും പിന്നെ, ക്രിസ്മസിനുമാണ് പുതുവസ്ത്രങ്ങൾ കിട്ടുന്നത്.

സഹകരണത്തിന്റെ ഉത്സവമാണു ക്രിസ്മസ്. ദൈവവും മനുഷ്യനും രാജാവും ഇടയന്മാരും ജന്തുജാലങ്ങളും വലുപ്പചെറുപ്പമില്ലാതെ ക്രിസ്തുവിന്റെ ജനനത്തിനു സാക്ഷികളായി. അവർ ഒരുമിച്ചു നിന്നു.

പുൽക്കൂട്ടിലെ രൂപങ്ങളിൽ കാണുന്ന സഹകരണം മലയോര ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത്രയ്ക്കും ആഴമുണ്ടോ എന്ന് അറിഞ്ഞുകൂടാ; ആഴം അൽപം കുറഞ്ഞാലും ഓളമുണ്ടാകും; അതുറപ്പാണ്.

father-joseph-2

ക്രിസ്മസ് ദിവസം കൃത്യമായി എത്താൻ കഴിഞ്ഞില്ലെങ്കിലും ഡിസംബറിൽ ഏതെങ്കിലും ദിവസം ഞാൻ വലിയതോവാളയിൽ എത്താറുണ്ട്. ഇപ്പോഴും പല്ലു കൂട്ടിയിടിക്കുന്ന തണുപ്പാണ് അവിെട. ജനൽ തുറന്നു തണുപ്പിലേക്കു നോക്കി നിൽക്കുമ്പോൾ പോയകാലമത്രയും മഞ്ഞലകളായ് മനസ്സിലേക്കു കയറി വരും.

സഹകരണത്തിന്റെ കാലം

നവംബറിൽ മലയോരം മഞ്ഞണിഞ്ഞു തുടങ്ങും. ഡിസംബറോടെ കാപ്പിത്തോട്ടങ്ങൾ പൂവിടാൻ തുടങ്ങും. മഞ്ഞുപുതച്ച ആ രാത്രികൾ കാപ്പിപ്പുമണം ചൂടി നിൽക്കും. ഇളവെയിലിൽ വിരിയുന്ന നാട്ടുപുലരികളിലേക്കു വരെ ആ ഗന്ധം തങ്ങി നിൽക്കും.

ഡിസംബർ പകുതിയോടെ മാറ്റാൾ പണികൾ അവസാനിക്കും. ഭൂരിപക്ഷം കുടുംബങ്ങളും കൃഷിക്കാരാണ്. ഞങ്ങളുടെ കയ്യിൽ പൈസയുണ്ടായിരുന്നില്ല. പക്ഷേ, അധ്വാനിക്കാനുള്ള ശേഷിയും മനസ്സുമുണ്ട്. ഞങ്ങളുടെ പറമ്പിൽ കപ്പ ഇടണമെങ്കിലോ പുര മേയണമെങ്കിലോ അയലത്തുകാർ വരും. അവരുടെ ആവശ്യങ്ങൾക്കു ഞങ്ങളും പോകും. ഇ ങ്ങനെ അധ്വാനശേഷി പങ്കിടുന്നതിനെയാണ് മാറ്റാ ൾ പണി എന്നു പറയുന്നത്. ക്രിസ്മസ്കാലത്തോടെ മാറ്റാൾ പണികൾ പൂർത്തിയാകും.

ദൈവത്തിലേക്കുള്ള വഴികൾ

കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രനെ മനുഷ്യൻ മൂന്നു മാർഗങ്ങളിലൂടെയാണു കണ്ടത്. ഒന്നാമത്തേത് കർമമാർഗം. ചെയ്യേണ്ട കർമങ്ങൾ കൃത്യമായി ചെയ്യുക. ഉദാഹരണത്തിന് ആട്ടിടയന്മാർ. കള്ളന്മാരിൽ നിന്നും ചെന്നായ്ക്കളിൽ നിന്നും ആടിനെ രക്ഷിക്കലാണ് അവരുടെ കർമം. അത് അവർ ഭംഗിയായി ചെയ്തു. അവർ ദൈവത്തെ കണ്ടു.

രണ്ടാമത്തേതു ജ്ഞാനമാർഗ്ഗം. അറിവാണ് ദൈ വത്തിലേക്കുള്ള ഏറ്റവും നല്ല വഴി. ചരിത്രത്തിലെ ഏകാധിപതികൾ ദൈവവിരുദ്ധരായിരുന്നു. ഇവിടെ പൗരസ്ത്യദേശത്തെ രാജാക്കന്മാർ നക്ഷത്രങ്ങളെക്കുറിച്ചും സൗരയൂഥത്തെക്കുറിച്ചും ക്ഷീരപഥത്തെക്കുറിച്ചും നന്നായി പഠിച്ചു. അവരാണ് നക്ഷത്രങ്ങളെ നോക്കി ക്രിസ്തു ജനിച്ച കാലിത്തൊഴുത്തു കണ്ടുപിടിച്ചതും അവിടെ എത്തിച്ചേർന്നതും. അവരും ദൈവത്തെ കണ്ടു.

മൂന്നാമത്തേതാണ് ഭക്തിമാർഗം. പ്രാർഥനയും അനുഷ്ഠാനങ്ങളുമാണ് വഴി. ഭക്തിമാർഗത്തിൽ ആദ്യമായി ദൈവത്തെ കണ്ടത് ക്രിസ്തുവിന്റെ അ മ്മയായ മേരിയായിരുന്നു. പിന്നീടു വിശക്കുന്നവന് ആഹാരം കൊടുത്തും മനുഷ്യത്വത്തോടെ മറ്റുള്ളവരോടു പെരുമാറിയും പലരും ദൈവത്തെ കണ്ടുകൊണ്ടിരിക്കുന്നു.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: ഹരികൃഷ്ണൻ