Monday 18 October 2021 10:52 AM IST : By സ്വന്തം ലേഖകൻ

‘ഇത്താ, ഭയങ്കര മഴയാണ്.. പേടിയാകുന്നു, ഞാനും കുട്ടികളും തനിച്ചേ ഉള്ളൂ’; നിമിഷങ്ങൾക്കകം ആ കുഞ്ഞുവീടിനെ വിഴുങ്ങി മലവെള്ളം, തീരാനോവ്

Fousiya-family.jpg.image.845.440

‘ഇത്താ, ഭയങ്കര മഴയാണ്. കൂടിക്കൂടി വരുന്നു. വല്ലാതെ പേടിയാകുന്നു. ഞാനും കുട്ടികളും തനിച്ചേ ഈടുള്ളൂ’- ബന്ധുവായ സിയാനയോടു ഫോണിൽ സംസാരിക്കുകയായിരുന്നു ഫൗസിയ. പറഞ്ഞു മുഴുമിപ്പിക്കാൻ സാധിച്ചില്ല. അതിനുമുന്നേ വലിയൊരു ഇരമ്പലോടെ മലവെള്ളം ആ ചെറിയ വീടിനെ വിഴുങ്ങി. 

ഫൗസിയയുടെ നിലവിളിക്കൊപ്പം ഫോൺ നിലച്ചതോടെ മറുവശത്തു വിറങ്ങലിച്ചു നിൽക്കുകയായിരുന്നു സിയാന. ഇടുക്കി കൊക്കയാർ പൂവഞ്ചിയിലെ കല്ലുപുരയ്ക്കൽ വീട്ടിൽ നിന്ന് പ്രളയമെടുത്തത് 4 കുരുന്നുകളടക്കം 5 ജീവനുകൾ. കല്ലുപുരയ്ക്കൽ നസീറിന്റെ മകൾ ഫൗസിയ, മക്കളായ അംന, അമീൻ, ഫൗസിയയുടെ സഹോദരൻ ഫൈസലിന്റെ മക്കളായ അഹ്സാന, അഹിയാൻ എന്നിവരാണ് മരിച്ചത്.

കാഞ്ഞിരപ്പള്ളിയിലുള്ള ബന്ധു സിയാനയെ ഫോണിൽ വിളിച്ച് മലവെള്ളപ്പാച്ചിലിന്റെ ഭീതി പങ്കുവയ്ക്കുന്നതിനിടെയാണ് ഒരു നിമിഷം കൊണ്ടു വീട് ഉരുളെടുത്തത്. വീടിനു മുന്നിലൂടെ ശക്തിയായി ഒഴുകുന്ന മലവെള്ളത്തിന്റെ അരികിൽ കുട്ടികൾ നിൽക്കുന്ന ദൃശ്യം പകർത്തി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിതൃസഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ഫൗസിയ മക്കളെയും കൂട്ടി തറവാട്ടിലെത്തിയത്.

സഹോദരൻ ഫൈസലിന്റെ 2 മക്കൾ തറവാട്ടിൽ അവരെ കാത്തിരിപ്പുണ്ടായിരുന്നു. പൂവഞ്ചിയിലെ വീട്ടിൽ നിന്നും ഒരു പുഴയ്ക്ക് അപ്പുറമായിരുന്നു കല്യാണപ്പുര. ഇന്നലെ ഉച്ചയോടെ അംന സിയാദിന്റെ (7) മൃതദേഹം കണ്ടെത്തി. വൈകാതെ തന്നെ അക്സാനയുടെയും (8) അഹിയാന്റെയും (4) മൃതദേഹങ്ങൾ ലഭിച്ചു. വീട്ടിലെ ഒരു മുറിയിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങൾ. 

ഇതിനിടെ, കൊക്കയാർ പുഴയിൽ ഒലിച്ചു പോയ ഷാജിയുടെ മൃതദേഹം മുണ്ടക്കയത്തെ മണിമലയാറിൽ നിന്നു കണ്ടെത്തിയെന്ന വാർത്തയെത്തി. 4 മണിയോടെ അൽപദൂരം മാറി ഫൗസിയുടെയും ഏഴു വയസ്സുകാരൻ അമീൻ സിയാദിന്റെയും മൃതദേഹങ്ങൾ ലഭിച്ചു. ഏഴുവയസ്സുകാരൻ സച്ചു ഷാഹുലിനായുള്ള തിരച്ചിൽ രാത്രി വെളിച്ചം കുറഞ്ഞതോടെ നിർത്തിവച്ചു. പുഴയിൽ കാണാതായ ആൻസിക്കുവേണ്ടിയും ഇന്നു തിരച്ചിൽ തുടരും.

Tags:
  • Spotlight