Tuesday 21 July 2020 04:24 PM IST : By സ്വന്തം ലേഖകൻ

വിമർശനങ്ങളും വിവാദങ്ങളും അനാവശ്യം; ഫിന്നിഷ് വിദ്യാഭ്യാസ രീതിയെക്കുറിച്ച് അറിഞ്ഞ ശ്രീനി പറഞ്ഞത്;

sreeni-finnish

വിശ്വപ്രസിദ്ധമാണ് ഫിൻലാൻഡിലെ വിദ്യാഭ്യാസ രീതി. കുട്ടികളുടെ മാനസികവും സാമൂഹികവും ശാരീരികവുമായ വളർച്ചയിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായത്തെ അനുകരിക്കാനും അംഗീകരിക്കാനും ലോകരാജ്യങ്ങൾ മുൻപന്തിയിലുണ്ട്. ലോകോത്തര വിദ്യാഭ്യാസ നിലവാരത്തിന്റെ അളവുകോലായ പിസ റാങ്കിങ്ങിൽ വരെ ഇടം പിടിച്ച ഫിന്നിഷ് വിദ്യാഭ്യാസ രീതിയെ എഴുത്തുകാരി കൂടിയായ നവമി ഷാന്‍ വനിത ഓൺലൈനിലൂടെ വായനക്കാർക്ക് പരിചയപ്പെടുത്തിയിരുന്നു. ഫിന്നിഷ് വിദ്യാഭ്യാസത്തിന്റെ വേറിട്ട മുഖത്തെ കുറിച്ചും അത് പങ്കുവയ്ക്കുന്ന അനന്ത സാധ്യതകളെക്കുറിച്ചുമായിരുന്നു നവമിയുടെ എഴുത്ത്. ആ ലേഖനത്തിനു ശേഷം തന്നെ തേടി വന്ന അപ്രതീക്ഷിത സന്ദേശത്തെക്കുറിച്ച് തുറന്നെഴുതുകയാണ് നവമി. ഫെയ്സ്ബുക്കിലൂടെയാണ് നവമി സന്ദേശം പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

2018 നവംബറിൽ വനിതാ ഓൺലൈനിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്നു പേരുകേട്ട ഫിന്നിഷ് വിദ്യാഭ്യാസ രീതിയെക്കുറിച്ചു ഞാൻ ഒരു ലേഖനം എഴുതിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അതിനു ശേഷം എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടു ഒരു മെസ്സേജ് വന്നത് മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ ശ്രീ ശ്രീനിവാസൻ സാറിന്റെ ആയിരുന്നു. അദ്ദേഹത്തിന് കൂടുതലായി ഈ രാജ്യത്തെക്കുറിച്ചു അറിയുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്നതിവിടെ! ഫിൻലൻഡിന്റെ വിശേഷങ്ങളിലേക്ക്

അറിവിന്റെ ഒരു കലവറയായ അദ്ദേഹത്തിന്, കുറെ കാലമായി ഈ നാട്ടിൽ ജീവിക്കുന്ന ഞങ്ങളെക്കാളും ഈ രാജ്യത്തെക്കുറിച്ചു നല്ല ബോധ്യം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നി . ധാരാളം പുസ്തകങ്ങൾ വായിക്കുകയും അതുപോലെ ലോകത്തിലെ പല രാജ്യങ്ങളും സമൂഹത്തിൽ കൊണ്ടുവന്നിട്ടുള്ള നല്ല മാറ്റങ്ങളെപ്പറ്റിയും അദ്ദേഹത്തിന് അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു. 7 വയസിൽ മാത്രം അക്കങ്ങളുടെയും അക്ഷരങ്ങളുടെയും ലോകത്തിലേക്ക് കുട്ടികൾ പ്രവേശിക്കുന്ന ഫിന്നിഷ് വിദ്യാഭ്യാസരീതികളും, മാലിന്യസംസ്കരണവും ഈ രാജ്യത്തിൽ എവിടെയും ലഭിക്കുന്ന ശുദ്ധജലത്തിന്റെ കാര്യങ്ങളുമെല്ലാം അദ്ദേഹവുമായി ചർച്ച ചെയ്തു. മനുഷ്യന്റെ ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളായ മായമില്ലാത്ത ഭക്ഷണത്തെയും ശുദ്ധജലത്തെപ്പറ്റിയും എപ്പോഴും വാചാലനാകുന്ന അദ്ദേഹത്തിന് നമ്മുടെ കൊച്ചു കേരളത്തിൽ ഇതൊക്കെ പ്രാവർത്തികമാക്കാനുള്ള അഭിവാഞ്ജ ഓരോ വാക്കിലും നിഴലിച്ചിരുന്നു.

അദ്ദേഹത്തിനെതിരെ ഇപ്പോൾ ഉയർന്നു വരുന്ന പരാമർശങ്ങൾ കേൾക്കുമ്പോൾ നിരാശ തോന്നി. നല്ല മാറ്റങ്ങൾ നമ്മുടെ കേരളത്തിൽ കൊണ്ടു വരുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു എന്ന് തോന്നുന്നു. ലോകത്തിലെ തന്നെ പേര് കേട്ട ഫിന്നിഷ് വിദ്യാഭാസരീതിയിൽ ബിരുദവും അതുപോലെ കുട്ടികളുടെ മാനസിക അവസ്ഥകളെക്കുറിച്ചുമൊക്കെ പഠിച്ചവരാണ് കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസത്തിൽ കളികളിലൂടെ ഭാഗഭാക്കാകുന്നത്. മാനസികാരോഗ്യത്തിനു കുട്ടികളുടെ ചെറുപ്പം മുതലേ ഊന്നൽ നൽകേണ്ട ഒരു കാലഘട്ടത്തിൽ കൂടിയാണല്ലോ നാം ഇന്ന് കടന്നു പോകുന്നത്. ഇവിടെ ടീച്ചിങ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവരിൽ സംഗീതം , നൃത്തം ,ചിത്രരചന, ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങൾ അതുപോലെ മറ്റു പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവർക്കും മുൻഗണന ലഭിക്കാറുണ്ട്.

സമൂഹത്തിൽ നല്ല മാറ്റങ്ങൾ അംഗീകരിക്കുവാൻ പ്രാപ്തിയും മനസുമുള്ളവരാണ് നാം മലയാളികൾ. നമ്മുടെ നാട്ടിലെ അംഗൻവാടി ടീച്ചർമാർ സമൂഹത്തിന്റെ താഴെ തട്ടിൽ ഇറങ്ങി ചെയ്യുന്ന സേവനങ്ങൾ എടുത്തു പറയേണ്ടതുണ്ട്. ഈ അദ്ധ്യാപികമാർക്കു കൂടുതൽ പരിശീലനങ്ങൾ നൽകിയും അതുപോലെ അവർ അർഹിക്കുന്ന വേതനവും അംഗീകാരവും നല്കുന്നതുവഴി ഫിൻലൻഡ്‌ പോലുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസ രീതികളുടെ ചില ഭാഗങ്ങളെങ്കിലും നമ്മുടെ നാട്ടിലും പ്രാവർത്തികമാക്കാൻ സാധിച്ചേക്കും.

ഇവിടെ ഫിന്നിഷ് ഡേ കെയറുകളിൽ 7 വയസുവരെ കുട്ടികൾ കളികളുടെയും വർണ്ണങ്ങളുടെയും ലോകത്താണ്. പരിസ്ഥിതിയോടു കൂടുതൽ അടുത്തിണങ്ങുവാനും പരാശ്രയം കൂടാതെ സ്വന്തമായി ചെറിയ കാര്യങ്ങൾ ചെയ്യുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഫിന്നിഷ് ഡേ കെയറുകൾ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അച്ചടക്കത്തിലും വലിയ പങ്കു വഹിക്കുന്നു.

വിദ്യാഭ്യാസം എന്നത് ബിരുദവും സർട്ടിഫിക്കറ്റുകളും നേടുക എന്നത് മാത്രമല്ല മറിച്ചു ഒരു വ്യക്തിയുടെ മാനസികവും സാമൂഹികവും ശാരീരികവുമായ വളർച്ച ആണ് എന്ന അടിസ്ഥാന തത്വം നാം മറക്കാനും പാടില്ല. സ്വഭാവ രൂപീകരണവും അവനവന്റെ സർഗസൃഷ്ടികൾ പരിപോഷിപ്പിക്കുവാനും കായിക ക്ഷമത വളർത്തുവാനും അതിലുപരി അത്യാഹിത സന്ദർഭങ്ങളെ അതിജീവിക്കുവാനുള്ള ചെപ്പടിവിദ്യകൾ കൈവശമാക്കുന്നതിലും നമ്മുടെ വിദ്യാഭ്യാസം നമ്മെ പ്രാപ്തരാക്കണം!