Tuesday 03 December 2019 02:38 PM IST : By സ്വന്തം ലേഖകൻ

ഇനി ഒരു രോഗിയും വിളിക്കേണ്ട, ആരോപണങ്ങളിൽ മനം മടുത്തു; എല്ലാം അവസാനിപ്പിക്കുന്നു; വികാരാധീനനായി ഫിറോസ്

fk

‘കുറേ കല്ലേറ് കിട്ടി. കുടുംബം പോലും എനിക്കെതിരാവുന്നു. ഇനി വിഡിയോ ചെയ്ത് പണം ചോദിച്ച് ഞാൻ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട.’– ജീവകാരുണ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് സാമൂഹ്യപ്രർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞ വാക്കുകളാണിത്. ഫെയ്സ്ബുക്ക് വിഡിയോ വഴി ആയിരങ്ങൾക്ക് സഹായം എത്തിച്ചു നൽകിയ ഫിറോസ് വിഡിയോയിലൂടെ തന്നെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പല വിധ ആരോപണങ്ങളുടെ പേരിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി തന്നെ വേട്ടയാടുന്നു. ഇനി സഹായം ആരുടേയും മുന്നിലെത്തില്ല. സഹായം തേടി ഇനി രോഗികളാരും വിളിക്കേണ്ടതില്ല–ഫിറോസ് നയം വ്യക്തമാക്കുന്നു.

‘തിരുവനനന്തപുരം ഭാഗത്ത് നിന്ന് പലപ്പോഴും  എനിക്കെതിരെ ആരോപണങ്ങൾ വന്നിട്ടുണ്ട്. രോഗികളല്ല മറിച്ച് മറ്റുള്ളവരാണ് എന്നെ കുഴിയിൽ ചാടിക്കാൻ നോക്കുന്നത്. ഇപ്പോഴിതാ എഴുലക്ഷം രൂപ ഫിറോസ് തിരുവനന്തപുരത്ത് ഒരു രോഗിയുടെ കയ്യിൽ നിന്നും വാങ്ങിയെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങൾ പലതായി കേൾക്കുന്നു. മടുത്തു. ഇനി വയ്യ. വീട്, കാർ, വിദേശയാത്ര.. ഒരു മനുഷ്യൻ എന്തൊക്കെ കേൾക്കണം. മടുത്തു. ചിലർ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. മതം നോക്കി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് എനിക്കെതിരെ പറയുന്നത്.’ സമൂഹമാധ്യമങ്ങളിൽ തന്നെ പിന്തുടരുന്ന ആയിരങ്ങളോട് സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകൾ ഇങ്ങനെ പോകുന്നു.

കുറേ കല്ലേറ് കിട്ടി. കുടുംബം പോലും എനിക്കെതിരാവുന്നു. ഇനി വിഡിയോ ചെയ്ത് പണം ചോദിച്ച് ഞാൻ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട. കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം നൂറുശതമാനവും ശരിയാണെന്ന് ഉറപ്പുണ്ട്. ഉദ്ഘാടനങ്ങ‌ളിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രനാൾ ജീവിച്ചത്. എന്റെ മക്കൾക്ക് ഇവിടെ ജീവിക്കണം. എന്റെ മക്കൾ ഒരു കള്ളന്റെ മക്കളായി ജീവിക്കേണ്ടി വരരുത്. ഇനി ‍ഞാൻ എനിക്ക്് വേണ്ടി ജീവിക്കാൻ നോക്കട്ടെ.’ ഫിറോസ് പറഞ്ഞു.  വിഡിയോ കാണാം.