Tuesday 07 May 2024 11:04 AM IST : By സ്വന്തം ലേഖകൻ

‘ആഹ്ലാദക്കടൽ, സങ്കടക്കടലായി...’; കാൽ നനയ്ക്കാന്‍ കടലിൽ ഇറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ തിരയിൽപെട്ട് മുങ്ങിമരിച്ചു

kanyakumari-death

അഞ്ച് മെഡിക്കൽ വിദ്യാർഥികളെ അപ്രതീക്ഷിതമായി എത്തിയ തിരകൾ കവർന്നെടുത്തപ്പോൾ കരയിൽ നിസ്സഹായരായി നോക്കി നിൽക്കാനേ കൂട്ടുകാർക്കു കഴിഞ്ഞുള്ളൂ. സഹപാഠിയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷമാണു 12 പേരുൾപ്പെടുന്ന സംഘം ലെമൂർ ബീച്ചിൽ എത്തിയത്. കള്ളക്കടൽ പ്രതിഭാസം കാരണം ജില്ലാ ഭരണകൂടം ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നതിനാൽ മറ്റൊരു തെങ്ങിൻതോപ്പ് വഴി സംഘം ഇവിടെ എത്തുകയായിരുന്നു. 

എട്ടുപേർ കാൽ നനയ്ക്കാനാണ് കടലിൽ ഇറങ്ങിയത്. നാലു പേർ കരയിലിരുന്നു. പൊതുവേ ശാന്തമെന്നറിയപ്പെടുന്ന ലെമൂർ ബീച്ചിൽ അപ്രതീക്ഷിതമായി വൻ തിര എത്തിയപ്പോൾ 8 പേരും തിരയിൽപെട്ടു. നിമിഷ നേരത്തിനുള്ളിൽ ആഹ്ലാദക്കടൽ, സങ്കടക്കടലായി. ഞായറാഴ്ച എത്തിയ ഡോക്ടർമാരുടെ സംഘം വിവാഹത്തിനു ശേഷം കന്യാകുമാരിയിലെ ഹോട്ടലിൽ തങ്ങി. ഇന്നലെ രാവിലെ കന്യാകുമാരിയിൽ സൂര്യോദയം കണ്ട ശേഷം 9 മണിയോടെയാണ് ലെമൂർ ബീച്ചിൽ എത്തിയത്. 

‘അപകടപ്പെടുത്തുന്ന കടൽ...’

കണ്ടാൽ സുന്ദരമെങ്കിലും ലെമൂർ ബീച്ചിൽ സഞ്ചാരികൾ അപകടത്തിൽപെടുന്നതു പതിവ്. നാഗർകോവിൽ ഗണപതിപുരം ടൗൺ പഞ്ചായത്തിലാണ് ബീച്ച്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ സന്ദർശകരായി എത്താറുണ്ട്. 5 വർഷത്തിനിടെ 25 പേരാണ് ബീച്ചിൽ അപകടത്തിൽപെട്ടതെന്നും എന്നാൽ ഇത്രയധികം പേർ മരിച്ച സംഭവം ആദ്യമാണെന്നും കോസ്റ്റൽ പൊലീസ് പറയുന്നു. പച്ച നിറമാണ് ലെമൂർ ബീച്ചിന്.

മറ്റ് ബീച്ചുകളെക്കാൾ ശാന്തവും. ഇതാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഏതു സമയത്തും തിരകൾ അപകടകാരിയാകുമെന്ന് നാട്ടുകാ‍ർ പലതവണ മുന്നറിയിപ്പു നൽകിയിട്ടും സഞ്ചാരികൾ ഇത് അവഗണിക്കുകയാണു പതിവ്. ഇന്നലെ 5 പേർ മരിച്ച സംഭവത്തെ തുടർന്ന് പഞ്ചായത്ത് ഇവിടെ അപായ സൂചനാ ബോർഡ് സ്ഥാപിച്ചു. ‘അഴകുള്ള കടൽ, ആഴമുള്ള കടൽ, അപകടപ്പെടുത്തുന്ന കടൽ’ എന്ന് തമിഴിൽ രേഖപ്പെടുത്തിയ ബോർഡാണ് സ്ഥാപിച്ചത്. 

അതേസമയം, തമിഴ്നാട്ടിൽ 3 ദിവസത്തിനിടെ തിരയിൽപെട്ട് മരിച്ചത് 8 പേരാണ്. 30 കിലോമീറ്റർ ചുറ്റളവിലായിരുന്നു 8 മരണങ്ങളും. തേങ്ങാപ്പട്ടണം കടൽത്തീരത്ത് 7 വയസ്സുകാരി തിരയിൽപെട്ട് മരിച്ചത് ശനിയാഴ്ചയായിരുന്നു.  കുളച്ചൽ കോടിമുനയിൽ ചെന്നൈയിൽ നിന്നു വിനോദ സഞ്ചാരത്തിന് എത്തിയ 2 പേർ മരിച്ചത് ഞായറാഴ്ച. ലെമൂർ ബീച്ചിൽ 5 യുവ ഡോക്ടർമാർ മരിച്ചത് ഇന്നലെ. 

സ്റ്റാലിൻ  അനുശോചിച്ചു

ലെമൂർ ബീച്ചിൽ 5 യുവ ഡോക്ടർമാർ മരിച്ച സംഭവം വലിയ ഞെട്ടലുണ്ടാക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇവരുടെ മരണം തമിഴ്നാടിന്റെ തീരാ നഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags:
  • Spotlight