Tuesday 21 July 2020 12:38 PM IST : By സ്വന്തം ലേഖകൻ

ഇരുപതിലേറെ കറികൾ കൂട്ടിയൊരൂണ് 70 രൂപയ്ക്ക്..., രുചിയൊട്ടും കുറയാതെ; ഇത് സുശീലച്ചേച്ചിയുടെ വാഗ്ദാനം

food-idukki

അവിയൽ, മൂന്നാലു തരം തോരൻ, മെഴുക്കുപുരട്ടി, ചിക്കൻ, ബീഫ്, മീൻ, മസാലക്കറി, കൂട്ടുകറി, ചമ്മന്തി, അച്ചാറ്, സാലഡ്, പപ്പടം, പായസം, മോര്, സാമ്പാർ, പരിപ്പ്...ലിസ്റ്റിന് ഇനിയും നീളമുണ്ട്. ‘ഇന്നു ഞാൻ തിന്നു മരിക്കും’ എന്നൊക്കെ വെറുതേ പറയാറുണ്ടെങ്കിലും ആ പറച്ചിൽ വെറുതെയല്ല എന്നൊക്കെ തോന്നിപ്പോകും സുശീലച്ചേച്ചിയുടെ ഈ ഊണുകഴിച്ച് കഴിയുമ്പോൾ. രുചി കാരണം നിർത്താനും വയ്യ, വയറാണെങ്കിൽ നിറഞ്ഞും പോയി എന്ന അവസ്ഥ. കൊടുക്കേണ്ടതോ വെറും 70 രൂപ!

കട്ടപ്പന റൂട്ടിലാണ് യാത്രയെങ്കിൽ സുശീലച്ചേച്ചിയുടെ കടയിൽ കയറി ഒരൂണോ ബ്രേക്കഫാസ്റ്റോ കഴിക്കാതെ പോകുന്നത് ശരിയല്ലെന്നാണ് ഇടുക്കിക്കാരുടെ പക്ഷം. അറക്കുളം ജങ്ഷനിൽ നിന്ന് കട്ടപ്പനയ്ക്ക് പോകുന്ന വഴിയിൽ അശോകകവലയ്ക്കടുത്താണണ് ചേച്ചിയുടെ ഡോൺ ഹോംലി ഫൂഡ്സ്.

രുചിക്കു പിന്നിൽ അമ്മയുടെ അനുഗ്രഹം

‘പതിനെട്ടു വയസ്സുവരെ അടുക്കളയുടെ ഏഴയലത്ത് പോലും പോകില്ലായിരുന്നു. അമ്മ വയ്യാതായി കിടപ്പിലായപ്പോൾ ഒരാഗ്രഹം പറഞ്ഞു. സുശീലയുടെ കൈകൊണ്ടുണ്ടാക്കിയ കറി കൂട്ടി ചോറുണ്ണണം എന്ന്. അങ്ങനെ ആദ്യമായി ഇഡ്ഡലിയും ചമ്മന്തിയുമുണ്ടാക്കി അമ്മയ്ക്ക് കൊടുത്തു. അവിടെ നിന്നായിരുന്നു തുടക്കം. അമ്മയുെട അനുഗ്രഹം കൊണ്ടാണ് ഇന്നും ഇത്രയും രുചിയോടെ ഭക്ഷണം വിളമ്പാൻ കഴിയുന്നത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.’ സുശീലചേച്ചി പറയുന്നു.

ഏഴുവർഷമേ ആയിട്ടുള്ളൂ ചേച്ചി കട തുടങ്ങിയിട്ട്. ‘മക്കളുടെ കല്യാണം കഴിഞ്ഞതോടെ കുറച്ച് കടം വന്നു. വേറെ പണികളൊന്നും അറിയില്ല. ആകെയറിയുന്നത് നല്ലപോലെ ഭക്ഷണമുണ്ടാക്കാനാണ്. എന്നാൽ, റോഡരികിലെ വീടിനു മുമ്പിൽ ചെറിയൊരു കട തുടങ്ങിയാലോ എന്ന് ചിന്തിക്കുന്നത് അങ്ങനെയാണ്. വീട്ടിലിരുന്നു തന്നെ ചെയ്യാമല്ലോ. സഹായത്തിന് മറ്റൊരു ചേച്ചിയുമായി വീട്ടിലൂണ് തുടങ്ങി. തുടക്കത്തിൽ കുറച്ചു കൂട്ടം കറികളും ചേർത്തുള്ള ഊണായിരുന്നു. പിന്നീട് കറികളുടെ എണ്ണവും സഹായികളുടെ എണ്ണവും കൂടിക്കൂടി വന്നു. പത്തുപേർക്കു വരെ ജോലി നൽകിയിരുന്നു. കോവിഡ് വന്നതോടെ കച്ചവടം കുറഞ്ഞു.’

രാവിലെ നാലിന് തുടങ്ങും സുശീലച്ചേച്ചിയുടെ ദിവസം. ആദ്യം ബ്രേക്ക്ഫാസ്റ്റിനുള്ള വിഭവങ്ങളും കറികളും റെഡിയാക്കും. കപ്പയും ബീഫും അടക്കമുള്ള മെനു ആണ്. ആറ്-ആറരയോടെ ഊണിനുള്ള ഒരുക്കം തുടങ്ങും.

‘എഴുപതു രൂപയ്ക്ക് ഊണു നൽകിയാൽ വലിയ ലാഭമോ സമ്പാദ്യമോ കിട്ടില്ലെങ്കിലും കാര്യങ്ങൾ കുഴപ്പമില്ലാതെയങ്ങു നടന്നുപോകുന്നുണ്ട്. പിന്നെ ഇത്രയും പേർക്ക് ജോലി കൊടുക്കാനാകുന്നതു തന്നെ വലിയ കാര്യമല്ലേ? എനിക്ക് കരുതുന്നതു പോലെ തന്നെ ഒരു വീതം ഞാൻ അവർക്കും കൊടുക്കും. എല്ലാവരും ചേർന്ന് ജോലി ചെയ്യുമ്പോൾ അതിന്റെ സുഖം ഒന്നു വേറെ തന്നെ.’ ചേച്ചി പറയുന്നു.

ചലച്ചിത്രതാരങ്ങളും രാഷ്ട്രീയനേതാക്കളുമടക്കം പല പ്രമുഖരും ചേച്ചിയുടെ ഊണും കറികളും രുചിക്കാനെത്തിയിട്ടുണ്ട്. വയറിനൊപ്പം മനസ്സും നിറഞ്ഞു എന്ന് ഒരേ സ്വരത്തിൽ പറഞ്ഞേ അവരെല്ലാം പോയിട്ടുള്ളൂ.

Tags:
  • Spotlight