കോട്ടയം തിരുവാതുക്കലില്‍ ദമ്പതികളെ അസം സ്വദേശി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍, ഇവരുടെ മകന്റെ ദുരൂഹസാഹചര്യത്തിലുള്ള മരണവും ചര്‍ച്ചയാകുന്നു. കൊല്ലപ്പെട്ട വിജയകുമാറിന്റെ മകന്‍ ഗൗതം 2017 ലാണ് മരിച്ചത്. തെള്ളകം റെയില്‍വേ ട്രാക്കിന് സമീപം കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.
അന്നത് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞിരുന്നുവെങ്കിലും, വിജയകുമാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഗൗതത്തിന്റെ മരണത്തില്‍, രണ്ടു മാസം മുന്‍പ് സിബിഐ അന്വേഷണം തുടങ്ങിയെന്ന് മുന്‍ ഡിജിപി ടി. ആസഫലി പ്രതികരിച്ചു. ഇതിനുപിന്നാലെ വിജയകുമാര്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നത്.
ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ അസം സ്വദേശി അമിത് ഒരു വര്‍ഷം മുമ്പ്‍ വിജയകുമാറിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. അന്ന് വീട്ടില്‍നിന്ന് ഫോണ്‍ മോഷ്ടിച്ചതിന് അമിത്തിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അടുത്തകാലത്താണ് ഇയാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഇതിന്റെ വൈരാഗ്യത്തിലാണോ കൊല നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വീടിനു ചുറ്റുമുള്ള സിസി ടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്ക് മോഷണം പോയിയിട്ടുണ്ട്. ക്രൂര കൊലപാതകത്തിന് മുന്‍പ് അമിത് സിസി ടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്കും മോഷ്ടിച്ചുവെന്നാണ് കരുതുന്നത്. ഇയാളെ ചോദ്യം ചെയ്താലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന്റെ ഉടമയാണ് കൊല്ലപ്പെട്ട വിജയകുമാര്‍. രാവിലെ എട്ടേമുക്കാലോടെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ പരിശോധന നടത്തുകയാണ്.