Saturday 19 October 2019 03:13 PM IST : By സ്വന്തം ലേഖകൻ

ഇവൾ ഞങ്ങളുടെ മുത്ത്! പത്തോളം കുടുംബങ്ങൾ നിരസിച്ച എയ്ഡ്സ് ബാധിത; ദത്തെടുത്ത് ഗേ ദമ്പതികൾ

olivia

പ്രതീക്ഷകൾ നശിക്കും...വീണു പോയിടത്ത് കൈപിടിക്കാൻ ഇനി ആരും വരില്ലെന്ന് നമ്മൾ കരുതും. ആശയും ആഗ്രഹങ്ങളും ഇവ്വിധം നശിച്ച് ജീവിതം വൃഥാവിലാകുന്ന സമയത്ത്...ദൈവം ചില കാവൽ മാലാഖമാരെ അയയ്ക്കും. നാടകീയതകൾക്കെല്ലാം അപ്പുറം ജീവിതം നമുക്ക് സമ്മാനിക്കുന്ന ചില മുഹൂർത്തങ്ങൾ അങ്ങനെയാണ്. അവഗണനകൾക്കിടെ നമ്മുടെ കൈപിടിക്കാൻ ദൈവം കാവൽമാലാഖമാരെ മനുഷ്യരുടെ രൂപത്തിൽ അയക്കും. അതാണ് ജീവിതത്തിന്റെ കാവ്യനീതി.

ദാമിയൻ ഫിഗിനും ഏരിയൽ വിജാരയും, ഇന്നത് വെറുമൊരു പേരു മാത്രമല്ല. മനസാക്ഷി മരവിച്ചിട്ടില്ലാത്തവർക്കിടയിലെ കാവൽ മാലാഖമാരാണ് ഈ ഗേ ദമ്പതികൾ. അവർ ചെയ്ത നന്മയുടെ വണ്ണം അളന്നു കുറിക്കുക പ്രയാസം. എയ്ഡ്‌സ്  ബാധിതയായ കുഞ്ഞിനെ ദത്തെടുത്ത് മാതൃക കാട്ടിയിരിക്കുകയാണ് ഈ ‘റബ് നേ ബനാദി ജോഡി!’ അർജന്റീനയിലെ സാന്റ ഫെയിൽ നിന്നുള്ള ദമ്പതികളാണ് ഇവർ. പത്തോളം കുടുംബംഗങ്ങൾ നിരസിച്ച കുഞ്ഞിനാണ് ഇവർ തണലായി മാറിയതെന്നത് ആ നന്മയുടെ വലുപ്പമേറ്റുന്നു. ആ നന്മക്കഥ ആരംഭിക്കുന്നതാകട്ടെ 2014ലും

pl3

28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒലിവിയ എന്ന കുഞ്ഞ് മാതാപിതാക്കളെ തേടുന്നു എന്നതായിരുന്നു വാർത്ത. വാർത്തയറിഞ്ഞ സാന്റ ഫെയിലെ ഗേ ദമ്പതികൾ ദാമിയൻ ഫിഗിനും ഏരിയൽ വിജാരയും ഒലിവിയയെ ദത്തെടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ളപ്പോഴാണ് ഒലിവിയയെ ഇവർ ദത്തെടുക്കുന്നത്. കുഞ്ഞിന് എച്ച്ഐവി ബാധയുണ്ടെന്ന് അറിഞ്ഞ് പലരും മുഖം തിരിച്ച ശേഷമാണ് ഇരുവരും എത്തുന്നത്. യാതൊരു മുഷിവും ഇല്ലാതെ ഇരു ൈകയും നീട്ടി അവർ ആ പൈതലിനെ ഏറ്റുവാങ്ങി.

‘കണ്ടപ്പോൾ തന്നെ അവൾ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന തോന്നൽ എന്നിലുണ്ടായി. ഞങ്ങൾക്കിടയിൽ അദൃശ്യ ബന്ധമുണ്ടാകുന്നത് വളരെ പെട്ടന്നായിരുന്നു. കയ്യിലെടുത്തപ്പോൾ അവളൊന്ന് കരഞ്ഞതുപോലും ഇല്ല.’ – ഏരിയൽ പറയുന്നു.

അക്യുനാർ ഫാമിലിയാസ് എന്ന എൻജിഒയുടെ പ്രവർത്തകരാണ് ഏരിയലും ദാമിയനും. ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട കുരുന്നുകളെ ദത്തെടുക്കാൻ സഹായിക്കുന്ന സംഘടനയാണ് ഇത്.

olivia

ഒലിവിയയെ ഇരുവരും പരിചരിച്ച് തുടങ്ങിയത് മുതൽ നല്ല മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. മരുന്നുകളോട് പ്രതികരിക്കുകയും അണ്ടർവെയ്റ്റ് അയിരുന്ന ഒലിവിയയുടെ ഭാരം വർധിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ന് ഒലിവിയയ്ക്ക് അഞ്ച് വയസാണ് പ്രായം. എയ്ഡ്‌സ് ഭേദമാക്കാൻ സാധിക്കാത്ത അസുഖമാണെങ്കിലും ഇന്ന് ഒലിവിയയുടെ ശരീരത്തിൽ എച്ചഐവി വൈറസ് പ്രകടമായി കാണാൻ സാധിക്കുന്നിലെന്നത് പ്രത്യാശയുടെ കിരണമാകുന്നു.

Tags:
  • Inspirational Story