Wednesday 29 June 2022 04:36 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞനാടിനെ പിരിയാൻ വയ്യാതെ സഞ്ജയ്; കച്ചവടക്കാരനുമായി അലമ്പുണ്ടാക്കി കുഞ്ഞൻ! വിറ്റ ആടിനെ അധിക വില കൊടുത്തു തിരികെവാങ്ങി രക്ഷിതാക്കൾ

idukki-mundiyeruma-sanjay-and-goat-story.jpg.image.845.440

പ്രിയപ്പെട്ട കുഞ്ഞനാടിനെ മാതാപിതാക്കൾ വിറ്റു കാശു വാങ്ങിയത് എട്ടാം ക്ലാസുകാരൻ സഞ്ജയ്ക്കു സഹിക്കാനായില്ല. വാങ്ങിച്ചോണ്ട് പോയ വഴിയേ കച്ചവടക്കാരനുമായി കുഞ്ഞൻ ‘ഉടക്കുക’ കൂടി ചെയ്തതോടെ കൊടുത്ത തുകയേക്കാൾ കുടുതൽ നൽകി തിരികെ വാങ്ങി ആടിന്റെയും കുഞ്ഞുടമയുടെയും സങ്കടം ഒന്നിച്ചുമാറ്റി. മുണ്ടിയെരുമയിൽ ഇന്നലെയാണ് രസകരമായ ആടുകഥ നടന്നത്. മുണ്ടിയെരുമ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സഞ്ജയുടെ വളർത്താടാണ് കുഞ്ഞനെന്ന രണ്ടു വയസ്സുള്ള മുട്ടനാട്.

കുഞ്ഞന്റെ ജനനത്തോടെ‌ തള്ളയാട് ചത്തുപോയി. പുറത്തു നിന്നു പാൽ വാങ്ങി നൽകിയാണ് കു‍ഞ്ഞനെ വളർത്തിയത്. ഇരുകാലിനും വൈകല്യമുണ്ടായിരുന്ന കുഞ്ഞനെ നിരന്തര പരിശീലനത്തിലുടെ മാറ്റിയെടുത്തതും സഞ്ജയ് തന്നെ. സ‍ഞ്ജയിനൊപ്പം പ്രഭാതഭക്ഷണത്തോടെയാണ് കുഞ്ഞന്റെ ദിവസം തുടങ്ങുന്നതുതന്നെ. കൂടെ സ്കൂളിൽ പോകാനും ആൾ ഒരുക്കമാണ്. അതിനാൽ വീട്ടുകാർ കെട്ടിയിടും. കഴിഞ്ഞ ദിവസം കുഞ്ഞനെ വിൽക്കാനായി വീട്ടുകാർ തീരുമാനിച്ചു. 16,500 രൂപയ്ക്കു കച്ചവടമുറപ്പിച്ചു.

ഇതറിഞ്ഞതോടെ സഞ്ജയ് കരച്ചിൽ തുടങ്ങി. ആടിനൊപ്പം കരഞ്ഞു കൊണ്ട് പിന്നാലെപ്പോവുകയും ചെയ്തു. വാഹനത്തിൽ കിടന്ന് കുഞ്ഞനാടും ഇടിയും ബഹളവും കരച്ചിലും ആരംഭിച്ചു. ഇതോടെ, സഞ്ജയുടെ പിതാവ് നെടുങ്കണ്ടം കെഎസ്ആർടിസിയിലെ ഡ്രൈവറായ സുനിൽ കുമാറിനെ കച്ചവടക്കാരൻ വിളിച്ചു. ആട് വാഹനത്തിൽ കിടന്ന് അലമ്പുണ്ടാക്കുന്ന വിവരമറിയിച്ചു. സുനിൽ തൂക്കുപാലം ടൗണിലെത്തി 500 രൂപ കൂടുതൽ നൽകി ആടിനെ തിരികെ വാങ്ങി. വീട്ടിലെത്തിയതോടെ കുഞ്ഞനും സന്തോഷം, സഞ്ജയ്ക്കും സന്തോഷം.

Tags:
  • Spotlight