Wednesday 03 January 2024 03:03 PM IST

ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ കംപോസ്റ്റാക്കി മാറ്റാം, നല്ല പ്രകൃതിക്കായി ഈ 8 കാര്യങ്ങൾ ഒപ്പം കൂട്ടാം

Shyama

Sub Editor

waste-management

സ്വന്തം ശരീരവും വീടും വൃത്തിയായിരിക്കണം എന്നു ചിന്തിക്കുന്ന പലർക്കും അന്യരുടെ കാര്യവും ചുറ്റുപാടിന്റെ കാര്യവും ഒക്കെ വരുമ്പോൾ അത്ര ഉത്സാഹം കാണാറില്ല.

സ്വന്തം പറമ്പ് അടിച്ചു വാരി അപ്പുറത്തെ പറമ്പിലേക്ക് ഇടുക, ഒഴിഞ്ഞു കിടക്കുന്ന പറമ്പുകൾ തിരഞ്ഞു വച്ച് രാത്രി മാലിന്യക്കൂമ്പാരങ്ങളാക്കി മാറ്റുക, അടുത്തെങ്ങാനും പുഴയുണ്ടങ്കിൽ അതിൽ കെട്ടുകണക്കിന് മാലിന്യമിട്ട് ഒഴുക്ക് വരെ തടസ്സപ്പെടുത്തുക ഇത്തരം പരിപാടികൾക്ക് നാട്ടിൽ ഇപ്പോഴുമൊരു കുറവില്ല.

അതിനേക്കാൾ മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് പ്ലാസ്റ്റിക് ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കത്തിക്കുന്നത്. ഇതു പ്രകൃതിക്കു ദോഷകരമെന്നു മാത്രമല്ല, വിഷപ്പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ശാസ്ത്രീയമായ മാലിന്യനിർമാർജന മാർഗങ്ങൾ മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് വേണ്ടത്. അതു സമൂഹത്തോടും നമ്മളോടു തന്നെയും ഉള്ള ഉത്തരവാദിത്തമാണെന്ന് ഓരോരുത്തരും തിരിച്ചറിയണം.

ഗ്രീൻ പ്രോട്ടോക്കോൾ

തെർമോക്കോൾ വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുക, മണ്ണിൽ അലിഞ്ഞു ചേരുന്ന മെറ്റീരിയൽസ് മാത്രം ഉപയോഗിക്കുക, അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക, ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുക തുടങ്ങിയവ ഉൾപ്പെടുന്നതാണു ഗ്രീൻ പ്രോട്ടോക്കോൾ.

പ്രകൃതിയെ മാലിന്യമുക്തമായി സംരക്ഷിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ. സ്ഥാപനങ്ങളും പൊതു ഇടങ്ങളും ജലസ്രോതസ്സുകളും മാത്രമല്ല, വീടുകളും ഫ്ലാറ്റുകളുമൊക്കെ പ്രകൃതിസൗഹൃദ ഇടങ്ങളായി മാറ്റാനുള്ള മാർഗമാണിത്. മാലിന്യനിർമാർജനം പോലെ തന്നെ പ്രധാനമാണ് അതുണ്ടാകുന്നത് ഒഴിവാക്കാനുള്ള മാർഗങ്ങൾ അ റിയുന്നതും. അതിനായി ചില കാര്യങ്ങൾ ശീലിക്കാം.

2153366525

പ്രകൃതിക്കു വേണ്ടി ഇവ ഒപ്പം കൂട്ടാം

∙ ഹാൻഡ് ബാഗിലോ വാഹനത്തിലോ സ്ഥിരമായി തുണിസഞ്ചികൾ കരുതാം. ഒരു സ്റ്റീൽ സ്പൂൺ, സ്ട്രോ എ ന്നിവ പുറത്തിറങ്ങുമ്പോൾ കരുതുന്നതും ശീലമാക്കുക. ചില്ലിന്റെയോ സ്റ്റീലിന്റെയോ പ്ലേറ്റുകളും കപ്പുകൾ ഉപയോഗിക്കുക

∙ തുണി സഞ്ചി, തുണിയുടെ ടവ്വലുകൾ

∙ മഷി പേന

∙ സ്റ്റീൽ/ചില്ല് വെള്ളക്കുപ്പികൾ

∙ സ്റ്റീൽ ഫോർക്ക്/സ്പൂൺ

∙ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിക്കുക

∙ ഉപഹാരങ്ങളായി വിത്തുകൾ/തൈകൾ നൽകാം

∙ ആഹാരം പാഴ്സലായി വാങ്ങാനുള്ള സ്റ്റീൽ തട്ട് പാത്രങ്ങൾ കരുതാം. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങളും കവറുകളും വീട്ടിലേക്കെത്തുന്നത് തടയാം

1746394649

ഇവ നമുക്കു വേണ്ട

∙ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കപ്പുകൾ, പ്ലേറ്റുകൾ, സ്ട്രോ, ഗ്ലാസ്, സ്പൂൺ, ഫോർക്ക് തുടങ്ങിയവ

∙ പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് ചോറുപാത്രം, സഞ്ചികൾ

∙ പ്ലാസ്റ്റിക് ബൊക്കെകളും അലങ്കാരങ്ങളും

∙ പ്ലാസ്റ്റിക് പേനകൾ

∙ ടിഷ്യു പേപ്പർ, പ്ലാസ്റ്റിക് മേശ വിരി

∙ മാലിന്യങ്ങൾ വേര്‍തിരിക്കാതെ കൂട്ടിക്കലർത്തി മാലിന്യക്കുട്ടകളിൽ നിക്ഷേപിക്കുന്നത്

ശരിയായ മാലിന്യ സംസ്കരണം ശീലിക്കാം

അടുക്കള മാലിന്യം, കാർഷികാവശിഷ്ടങ്ങൾ, മൃഗാവശിഷ്ടങ്ങൾ തുടങ്ങി എളുപ്പം അഴുകുന്ന/കേടാകുന്ന എളുപ്പം മണ്ണിൽ അലിയുന്നവയെല്ലാം ജൈവമാലിന്യമാണ്. ഇവയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്.

∙ ഭക്ഷ്യവസ്തുക്കൾ പാഴാക്കാതിരിക്കുക. അഥവാ മിച്ചം വന്നാലും വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ആഹാരമായി നൽകാം.

∙ അധികം വരുന്ന ഭക്ഷ്യവസ്തുക്കൾ വളക്കുഴികളിൽ നിക്ഷേപിക്കുക. സ്ഥലപരിമിതിയുള്ളിടത്തു താമസിക്കുന്നവർ കിച്ചൻ ബിൻ, റിങ് കംപോസ്റ്റിങ്, പൈപ്പ് കംപോസ്റ്റിങ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ ജൈവമാലിന്യ സംസ്കരണ രീതികളിലേതെങ്കിലും വഴി തിരഞ്ഞടുത്തു മാലിന്യം കംപോസ്റ്റാക്കുക.

∙ കാർഷികാവശിഷ്ടങ്ങളും പുല്ലും ഇലകളും കത്തിച്ചു കളയുകയാണ് ശീലമെങ്കിൽ അത് ഒഴിവാക്കണം. അവ കുഴി കംപോസ്റ്റിങ്ങോ തുമ്പൂർമുഴി കംപോസ്റ്റിങ്ങോ വ ഴി വളമാക്കി മാറ്റാം.

∙ വീട്ടുസാധനങ്ങൾ (പൊടികളും ബിസ്ക്കറ്റുകളും മറ്റും) വാങ്ങുമ്പോൾ പ്ലാസ്റ്റിക് കവറുകൾ അഴുക്കു കളഞ്ഞു സൂക്ഷിച്ചു വയ്ക്കുക.

അഴുക്കുള്ളവ മൂന്നു വശങ്ങൾ കീറി അഴുക്ക് കളഞ്ഞ് കഴുകി ഉണങ്ങിയ ശേഷം സൂക്ഷിക്കുക. ഇത്തരം കവറുകളും പ്ലാസ്റ്റിക് പേന, റീഫില്‍, കസേര, കുപ്പി, കപ്പ്, പ്ലേറ്റ് തുടങ്ങിയ പ്ലാസ്റ്റിക് വസ്തുക്കളും ഹരിതകർമസേനയ്ക്കോ പാഴ്‌വസ്തു വ്യാപാരികൾക്കോ കൈമാറുക.

∙ കാർഡ് ബോഡുകൾ, പത്രം, പുസ്തകം, മാസിക, ബില്ലുകൾ, ബോക്സുകൾ, കവറുകൾ തുടങ്ങിയവ തരം തിരിച്ചു വച്ചശേഷം ഹരിതസേനയ്ക്കു കൈമാറാം.

ഇ–മാലിന്യം നിർമാർജനം ചെയ്യാൻ

∙ ഫ്യൂസായ ലൈറ്റുകൾ പൊട്ടാതെ സൂക്ഷിക്കുക. കേടായ കാൽക്കുലേറ്റർ, റിമോട്ട്, മൊബൈൽ ഫോൺ, കംപ്യൂട്ടർ, മിക്സി, ബാറ്ററി എന്നിവ തരം തിരിച്ചു ഹരിതകർമ സേനയെ ഏൽപ്പിക്കാം.

സാധനങ്ങൾ വാങ്ങിയ കമ്പനികൾ തന്നെ ഇവ തിരിച്ചെടുക്കുന്നുണ്ടെങ്കിൽ അംഗീകൃത റീസൈക്ലിങ്ങിനായി പോകുന്നു എന്നു ഉറപ്പു വരുത്താം. ഇപിആർ നിയമപ്രകാരം ഇ–മാലിന്യങ്ങള്‍ സംസ്കരിക്കേണ്ടത് ഉൽപ്പാദകന്റെ ഉത്തരവാദിത്തമാണെന്നു വ്യക്തമായി പറയുന്നുണ്ട്.

∙ നമുക്കു പ്രയോജനപ്പെടുന്നതല്ലെങ്കിൽ കൂടി മറ്റുള്ളവർക്ക് ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ സ്വാപ് ഷോപ്പുകൾക്കു നൽകാം. ഇത് ഓൺലൈനായും വിൽക്കാം.

ശ്യാമ

വിവരങ്ങൾക്ക് കടപ്പാട്:

എബ്രഹാം തോമസ് രഞ്ചിത്ത്,

പ്രോഗ്രാം ഓഫിസർ,

കേരള ശുചിത്വമിഷൻ