Tuesday 01 November 2022 03:28 PM IST : By ഉല്ലാസ് ഇലങ്കത്ത്

കീടനാശിനി പരിശോധിച്ച അമ്മാവന്‍ ഒരു കുപ്പിയിൽ കുറവ് കണ്ടെത്തി, ഉടന്‍ ഗ്രീഷ്മയുടെ അമ്മയെ അറിയിച്ചു! കുറ്റബോധമില്ലാതെ ഗ്രീഷ്മ

greeshhhhnm90

‘ഗ്രീഷ്മയുടെ വീട്ടിലുണ്ടായിരുന്ന കഷായം വാങ്ങിയത് എവിടെ നിന്നാണ്?’- ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച്, കാമുകൻ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് മരിച്ച സംഭവത്തിൽ സംശയമുനയിലുണ്ടായിരുന്ന ഗ്രീഷ്മയോട് ജില്ലാ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർ ചോദിച്ചു. പാറശാലയിലെ ഒരു കഷായക്കടയിൽനിന്നാണ് കഷായം വാങ്ങിയതെന്നാണ് റൂറൽ എസ്പി ഓഫിസിലെ ചോദ്യം ചെയ്യൽ മുറിയിൽവച്ച് ഗ്രീഷ്മ പറഞ്ഞത്. അതേസമയം, കഷായത്തിന്റെ പേര് രണ്ടു തവണ മാറ്റിപ്പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം സൃഷ്ടിച്ചു.

ഫിസിയോതെറാപ്പിസ്റ്റായ കസിന്റെ കൂട്ടുകാരനായ ആയുർവേദ ഡോക്ടറാണ് മുട്ടുവേദനയ്ക്ക് കഷായം നിർദേശിച്ചതെന്നും ഗ്രീഷ്മ പറഞ്ഞു. നേരത്തേ ഷാരോണിന്റെ ബന്ധുക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിലും ഇതേ കാര്യമാണ് ഗ്രീഷ്മ പറഞ്ഞിരുന്നത്. ഷാരോണിന്റെ ബന്ധുക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ഗ്രീഷ്മയുടെ മുന്നിൽവച്ച് അന്വേഷണ ഉദ്യോഗസ്ഥർ കേൾപ്പിച്ചു. ഈ പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ, ഉറച്ചു നിൽക്കുന്നു എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.

ഒക്ടോബർ 30ന് രാവിലെയാണ് ഗ്രീഷ്മയെയും അമ്മയെയും അമ്മയുടെ സഹോദരനെയും മകളെയും ചോദ്യം ചെയ്യലിനായി പിഎംജിയിലുള്ള റൂറൽ എസ്പി ഓഫിസിലേക്ക് വിളിപ്പിച്ചത്. പ്രാഥമിക വിവരങ്ങൾ ശേഖരിച്ചശേഷം വ്യത്യസ്ത കേന്ദ്രങ്ങളിലാണ് ഇവരെ ചോദ്യം ചെയ്തത്. ഗ്രീഷ്മയെ ഒരിടത്തു ചോദ്യം ചെയ്യുമ്പോൾ, അച്ഛനെയും അമ്മയെയും ബന്ധുക്കളെയും വിവിധ സ്ഥലങ്ങളിൽ വെവ്വേറെ ചോദ്യം ചെയ്യുകയായിരുന്നു.

കഷായം വാങ്ങിയ മൊഴിയിൽ ഗ്രീഷ്മ ഉറച്ചു നിന്നതോടെ, അമ്മയുടെ സഹോദരന്റെ മകളായ ഫിസിയോതെറാപ്പിസ്റ്റ് നല്‍കിയ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ ഗ്രീഷ്മയ്ക്കു മുന്നിൽ വിശദീകരിച്ചു. അവർ സംസാരിക്കുന്ന ഓഡിയോയും കേൾപ്പിച്ചു.

ഗ്രീഷ്മയ്ക്കു കഷായം വാങ്ങാൻ സഹായം നൽകിയിട്ടില്ലെന്നായിരുന്നു ഇവരുടെ മൊഴി. ഇതോടെ പ്രതിസന്ധിയിലായ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനു മുൻപ് ആയുർവേദ ഡോക്ടറിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. താൻ കഷായം നൽകിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മൊഴി. ആദ്യമായാണ് ഷാരോണിനു വിഷം നൽകുന്നതെന്നും ജൂസിൽ വിഷം കലർത്തിയിരുന്നില്ലെന്നും ഗ്രീഷ്മ പറഞ്ഞതായി പൊലീസ് പറയുന്നു.

പ്രണയബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതോടെയാണ് ഗ്രീഷ്മ കൊലപാതക പദ്ധതി  ആസൂത്രണം ചെയ്തത്. പ്രണയവുമായി മുന്നോട്ടു പോയാൽ അമ്മ ആത്മഹത്യ ചെയ്യുമെന്നു പറയുന്ന ഓഡിയോ ഷാരോണിന് അയച്ചു കൊടുത്തെങ്കിലും ബന്ധത്തിൽ ഷാരോൺ ഉറച്ചു നിന്നു. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്കു ഗ്രീഷ്മ കടന്നത്.

ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ കർഷകനാണ്. ഇദ്ദേഹം താമസിക്കുന്നത് ഷാരോണിന്റെ വീടിനടുത്താണ്. ഇടയ്ക്കു ഗ്രീഷ്മ ആ വീട്ടിലേക്കു പോകുമായിരുന്നു. കളിയിക്കാവിളയിൽനിന്ന് അമ്മാവൻ വാങ്ങിയ കീടനാശിനി ആരും കാണാതെ ഗ്രീഷ്മ കുപ്പിയിൽ ശേഖരിച്ചു. വാങ്ങിയ കഷായത്തിൽ ഇതു കലർത്തി ഷാരോണിനു നൽകുകയായിരുന്നു. ഷാരോൺ അവശനിലയിലായതോടെ ബന്ധുക്കൾക്കു സംശയം ഉണ്ടായി. ഷാരോണുമായി ഇപ്പോൾ ബന്ധമില്ലെന്നാണ് ഗ്രീഷ്മ സ്വന്തം വീട്ടിൽ പറഞ്ഞിരുന്നത്. 

ഷാരോൺ മരിച്ചത് വിഷം കലർന്ന കഷായം കുടിച്ചാണെന്ന വാർത്ത വന്നതോടെ ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ കീടനാശിനികൾ പരിശോധിച്ചു. ഒരു കീടനാശിനിക്കുപ്പിയിൽ കുറവ് കണ്ടെത്തിയതോടെ ഗ്രീഷ്മയുടെ അമ്മയെ വിവരം അറിയിച്ചു. ഇരുവരും ചോദ്യം ചെയ്തതോടെ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. അമ്മയുടെ നിർദേശപ്രകാരം അമ്മാവൻ കുപ്പി കൊണ്ടുപോയി നശിപ്പിച്ചു. പൊലീസ് ചോദ്യം ചെയ്താൽ എങ്ങനെ മറുപടി പറയണമെന്നു മൂന്നുപേരും ചർച്ച ചെയ്തു. അച്ഛനോട് വിവരങ്ങൾ പറഞ്ഞിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, വിഷം കലർത്താൻ അമ്മ ഗ്രീഷ്മയെ സഹായിച്ചു എന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.

ഞായറാഴ്ച രണ്ട് മണിയോടെയാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. എന്താണ് വിഷം, ആരു കൊടുത്തു, എന്തിനു കൊടുത്തു എന്നീ കാര്യങ്ങളാണ് അന്വേഷണ സംഘത്തിന് അറിയേണ്ടിയിരുന്നത്. കുറ്റം സമ്മതിച്ച ഗ്രീഷ്മ ഇക്കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. കുറ്റബോധമൊന്നും ഗ്രീഷ്മയിൽ കണ്ടില്ലെന്ന് ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

for latest updates.. 

Tags:
  • Spotlight