Friday 27 October 2023 02:50 PM IST

‘ഒരാശുപത്രിയും കണ്ടുപിടിക്കാത്ത എന്തു വേദനയാ നിനക്ക്?’: വജൈനൽ ഇൻഫെക്ഷൻ മുതൽ രക്തസ്രാവം വരെ: വേദന തിന്ന ഹർഷീന

Roopa Thayabji

Sub Editor

harsheena-s

സിസേറിയനെ കുറിച്ചു നാട്ടുമ്പുറത്തെ പറച്ചിലുണ്ട്, ‘പ്രസവവേദന സഹിക്കാൻ പറ്റാത്തതു കൊണ്ട് അവൾ കൊച്ചിനെ കീറിയെടുത്തു...’ സിസേറിയൻ ചെയ്തിട്ടുള്ളവർക്കേ ആ വേദനയുടെ ആഴമറിയൂ. വയറും ഗർഭപാത്രവുമടക്കം തുന്നിക്കൂട്ടിയ ഓരോ മുറിവും കാലങ്ങളോളം ഉള്ളിലങ്ങനെ കൊളുത്തി വലിക്കും. രണ്ടു പെൺമക്കൾക്കു ശേഷം ആൺകുഞ്ഞിനു വേണ്ടി മോഹിച്ചാണു നാട്ടുമ്പുറത്തുകാരായ ഹർഷീനയും ഭർത്താവ് അഷറഫും ദിവസങ്ങൾ നീക്കിയത്. ആ ആഗ്രഹം ദൈവം സാധിച്ചു കൊടുത്തപ്പോൾ അ വർ സന്തോഷിച്ചു. പക്ഷേ, പിന്നാലെ വന്ന വേദനയുടെ തിരമാലകൾ അവരെ മുക്കിക്കളഞ്ഞു.

സിസേറിയനിടെ ‘ആരോ’ വയറിനുള്ളിൽ മറന്നുവച്ച അഞ്ചിഞ്ചു നീളമുള്ള ശസ്ത്രക്രിയാ ഉപകരണം നീണ്ട അഞ്ചു വർഷത്തോളമാണു ഹർഷീനയെ വേദനയുടെ കടലിൽ മുക്കിയത്. ഈ ചിത്രത്തിൽ ഉമ്മയെ പറ്റിച്ചേർന്നു നിൽക്കുന്ന മകൻ ഫാരിഖ് സിയാന്റെ പ്രായമുണ്ട് ഇവരനുഭവിച്ച വേദനയ്ക്കും. ചികിത്സാപ്പിഴവു തെളിയിക്കാൻ ഹർഷീന നടത്തുന്ന പോരാട്ടം ദേശീയമാധ്യമങ്ങളിൽ വരെ വാർത്തയായി. പക്ഷേ, നീതിദേവത കണ്ണുമൂടിക്കെട്ടി.

കോഴിക്കോട് പന്തീരാങ്കാവിലെ കൊച്ചു വീട്ടിലിരുന്നു സംസാരിക്കുമ്പോൾ ഹർഷീനയുടെ ശബ്ദത്തിൽ നിശ്ചയദാർഢ്യം. ‘‘കാലിലൊരു മുള്ളു കൊണ്ടാൽ പറിച്ചു കളയുന്നതു വരെയുള്ള വേദന നമുക്കറിയാം. കുഞ്ഞുകൈപ്പത്തിയോളം നീളമുള്ള സ്റ്റീൽ കത്രിക (ആർടറി ഫോർസെപ്സ്) വയറിനുള്ളിൽ കുത്തിനോവിക്കുന്നതു ചിന്തിച്ചു നോക്കൂ.

വർഷങ്ങളോളം സഹിച്ച ആ വേദനയെക്കാളും വിഷമം തോന്നുന്നതുനീതി നിഷേധിക്കുമ്പോഴാണ്. വേദനിച്ചു വേദനിച്ച് ഇപ്പോൾ നല്ല കരുത്താണ്.’’ 31 വയസ്സിനിടെ ഹർഷീന ജീവിതത്തിൽ അധ്യായങ്ങൾ ഏറെ പിന്നിട്ടു.

അധ്യായം ഒന്ന് : പൂമ്പാറ്റ

‘‘വയനാട് അടിവാരത്താണു ഞാൻ ജനിച്ചുവളർന്ന വീട്. ഉപ്പ കാസിം ടാപ്പിങ് തൊഴിലാളിയാണ്. ഉമ്മ റാബിയയും ഞങ്ങൾ മൂന്നു മക്കളും സന്തോഷത്തോടെയാണു ജീവിച്ചത്. പൂമ്പാറ്റയെ പോലെ പാറിനടന്ന സ്കൂൾ കാലം. പ്ലസ്ടു കഴിഞ്ഞു കൊടുവള്ളി കെഎംഒഎ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്‌സി ഫിസിക്സിനു ചേർന്നു. ആ സമയത്താണുവിവാഹാലോചന വന്നത്. ഇക്കയന്ന് എറണാകുളത്തെ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടിവാണ്. പഠിക്കാൻ വിടണം എന്ന ആവശ്യം സമ്മതിച്ചതോടെ വിവാഹത്തിനു സമ്മതം മൂളി.

അധികം വൈകാതെ ഗർഭിണിയായി. ഛർദ്ദിയും ആരോഗ്യപ്രശ്നങ്ങളും കാരണം നാലാം സെമസ്റ്ററിലെ പരീക്ഷ എഴുതാനാകാതെ പഠിത്തം നിന്നു. താമരശേരി താലൂക്കാശുപത്രിയിൽ പ്രസവത്തിനായി ചെന്നപ്പോഴാണു കുട്ടിയുടെ കിടപ്പ് അത്ര പന്തിയല്ലെന്നു ഡോക്ടർ പറഞ്ഞത്. അങ്ങനെ സിസേറിയനിലൂടെ 2012 നവംബർ 23 ന് ഞാൻ പെൺകുഞ്ഞിന്റെ അമ്മയായി. 2016 മാർച്ച് 15നായിരുന്നു രണ്ടാമത്തെ സിസേറിയൻ, അതും പെൺകുഞ്ഞ്. അപ്പോഴേക്കും ഇക്ക കൊല്ലത്തു സ്വന്തമായി ബിസിനസ് തുടങ്ങിയിരുന്നു. വിശ്രമം കഴിഞ്ഞു നാലു വയസ്സും നാലു മാസവും പ്രായമുളള രണ്ടു മക്കളുമായി ഞാനും കൊല്ലത്തേക്കു വണ്ടി കയറി.

പഠനം നിന്നു പോയ വിഷമം മറികടന്നതു ഭർത്താവിനെ ബിസിനസിൽ സഹായിച്ചാണ്. കണ്ണനല്ലൂരിലെ വാടകവീട്ടിൽ താമസിക്കുന്ന ആ കാലത്താണു മൂന്നാമതു ഗർഭിണിയായത്. എട്ടുമാസം പൂർത്തിയായ പിറകേ പ്രസവത്തിനായി നാട്ടിലേക്കു വന്നു.

അധ്യായം രണ്ട് : സിസേറിയൻ

താമരശേരി താലൂക്കാശുപത്രിയിലേക്കു ചെന്നപാടേ െമഡിക്കൽ കോളജിലേക്കു വിട്ടു. അവർ പറഞ്ഞു, ‘ആന്തരികാവയവങ്ങളും തുന്നലുമൊക്കെ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്.’ പേടിയോടെ പ്രാർഥിച്ചു കഴിച്ചു കൂട്ടിയ ആ പകൽ രാത്രിയായതൊന്നും അറി‍ഞ്ഞില്ല. പിറ്റേന്നു വെളുപ്പിനു രണ്ടു മണിക്കു സിസേറിയനിലൂടെ മോൻ ജനിച്ചു.

പിറ്റേന്നാണ് എല്ലാം തലകീഴ് മറിഞ്ഞത്. മരവിപ്പു വിടുംതോറും കടുത്ത വേദന. വയറിലാണോ കാലിലാണോ നടുവിനാണോ കൂടുതൽ വേദനയെന്നു പറയാൻ വയ്യ. കുഞ്ഞിനു പാലു കൊടുക്കാനായി ഒന്നനങ്ങിയാൽ പുളഞ്ഞു പോകും. പിറ്റേന്നു കട്ടിൽ മാറ്റി കിടത്താനായി എഴുന്നേൽപിച്ചു. പച്ചമാംസത്തിൽ കൊളുത്തി വലിക്കുന്നതു പോലെ വേദന. വാർഡിലേക്കു മാറ്റിയ ദിവസം കടുത്ത രക്തസ്രാവമുണ്ടായി. പത്തു ദിവസം പരസഹായമില്ലാതെ അനങ്ങാൻ പോലും പറ്റിയില്ല. മൂന്നാമത്തെ സിസേറിയനോടെ വേദന താങ്ങാനുള്ള ശരീരത്തിന്റെ കഴിവു കുറഞ്ഞുവെന്നു തന്നെ എല്ലാവരും കരുതി.

പല അസുഖങ്ങൾ പതിയെ പിടിമുറുക്കി. വജൈനൽ ഇൻഫെക്ഷനും കടുത്ത രക്തസ്രാവവും സഹിക്ക വയ്യാതെ കെടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. പരിശോധിച്ച ഡോക്ടർ ഞെട്ടിപ്പോയി, വലതുവശത്തെ പാർത്തോളിൽ ഗ്രന്ഥിയിൽ അണുബാധ. അതുകീറി പഴുപ്പുനീക്കി. അപ്പോഴും വയറിലെ കൊളുത്തി വലിക്കുന്ന വേദനയെ കുറിച്ചു മിണ്ടിയില്ല. മൂന്നാമത്തെ സിസേറിയന്റെ സങ്കീർണതകളാണ് അതെന്നു സ്വയം വിശ്വസിച്ചു.

മോനു രണ്ടുമാസമായപ്പോൾ വീണ്ടും കൊല്ലത്തേക്ക്. മൂത്ത മോളെ യുകെജിയിൽ ചേർത്തെങ്കിലും എനിക്കു രാവിലെ എഴുന്നേൽക്കാനാകില്ല. വയറിൽ കൊളുത്തിപിടിക്കുന്ന വേദന. നിൽക്കുമ്പോൾ വലതുവശത്തു നിന്നു കാലിലേക്ക് എന്തോ തുളഞ്ഞിറങ്ങും പോലെ. വീണ്ടും പാർത്തോളിൽ ഗ്രന്ഥിയിൽ അണുബാധ വന്നു, കീറി പഴുപ്പു നീക്കി. ഒന്നര മാസം കഴിഞ്ഞ് അണുബാധ ആവർത്തിച്ചതോടെ ആ ഗ്രന്ഥി നീക്കം ചെയ്തു.

കടുത്ത ക്ഷീണവും രാവിലെയുള്ള ബുദ്ധിമുട്ടുകളും പറഞ്ഞു പലവട്ടം ഡോക്ടർമാരെ കണ്ടു മരുന്നുകൾ കഴിച്ചു. എന്നും കിടക്കാൻ നേരം സങ്കടത്തോടെ ഭർത്താവിനോടു പറയും, ‘സിസേറിയൻ തുന്നലിലെ വേദന സഹിക്കാൻ വയ്യ. 30 വയസ്സാകുമ്പോൾ വേദനിച്ചു മരിച്ചു പോയേക്കും.’

harsheena-2

അധ്യായം മൂന്ന് : വേദന

ബിസിനസിലും ഇതിനിടെ തിരിച്ചടികളുണ്ടായി. പിന്നാലെ കോവിഡ് കാലം വന്നു. എല്ലാം അവസാനിപ്പിച്ചു ഞങ്ങൾ വയനാട്ടിലേക്കു തിരികെ വന്നു. അപ്പോഴേക്കും വേദനകളുടെ രണ്ടു വർഷം പിന്നിട്ടു, എല്ലാത്തിനോടും പൊരുത്തപ്പെട്ട അവസ്ഥ. വീട്ടിൽ പത്താം ക്ലാസു വരെയുള്ള കുട്ടികൾക്കു ട്യൂഷൻ തുടങ്ങി. അങ്ങനെ സമ്പാദിച്ച പണം കൊണ്ടു സ്കൂട്ടർ വാങ്ങി. ഒരു ദിവസം പ്രാക്ടീസിനിടെ സ്കൂട്ടറൊന്നു പാളി. പെട്ടെന്നു കാലു ചവിട്ടിയപ്പോൾ വയറ്റിലൊരു പിടച്ചിൽ. വേദന ഉരുളുപൊട്ടി വന്നു.

2022 ഏപ്രിലിലെ നോമ്പുകാലം. നിസ്കരിക്കാൻ പോലുമാകാത്ത വേദന. മൂത്രമൊഴിക്കുമ്പോഴുള്ള വേദനയ്ക്കു പരിഹാരം തേടി വീണ്ടും ആശുപത്രിയിൽ. അണുബാധ കണ്ടതോടെ ആന്റി ബയോട്ടിക്കുകൾ തന്നു. ആഴ്ചകളോളം മരുന്നു കഴിച്ചിട്ടും പരിഹാരം കാണാനാകാതെ വന്നതോടെ മറ്റൊരാശുപത്രിയിലേക്ക്. അവിടത്തെ ഡോക്ടറോടാണ് ഉള്ളിലെ വേദനയെ കുറിച്ച് ആദ്യമായി സംശയം പറഞ്ഞത്. മൂത്രമൊഴിക്കുമ്പോൾ ഉള്ളിലെവിടെയോ മുള്ളുടക്കുന്നതു പോലെ തോന്നുന്നു.

മൂത്രത്തിലെ കല്ലാണെന്നു കരുതി രണ്ടു മാസം പിന്നെയും ചികിത്സിച്ചു. അതോടെ സ്കാനിങ് നിർദേശിച്ചു. കുട്ടികളുടെ സ്കൂൾ തുറക്കുന്ന സമയമാണ്. വയനാട്ടിലെ എന്റെ വീട്ടിൽ നിന്നു കോഴിക്കോട്ടേക്കു മടങ്ങാനുള്ള ധൃതി കൊണ്ടു അതു നടത്തിയില്ല. പകരം കല്ലുരുക്കാൻ ഒറ്റമൂലി തൊട്ട് ഓൺലൈൻ മരുന്നു വരെ കഴിച്ചു. എന്നിട്ടും താങ്ങാനാകാതെ വന്നതോടെ വീണ്ടും ആശുപത്രിയിലേക്ക്. കോഴിക്കോട് ഇഖ്ര ഹോസ്പിറ്റലിൽ നടത്തിയ സ്കാനിങ്ങിൽ മൂത്രസഞ്ചിക്കുള്ളിൽ ചെറിയ തേങ്ങയുടെ വലുപ്പത്തിൽ കല്ലുണ്ടെന്നു കണ്ടു. വയറിനുള്ളിൽ പല അവയവങ്ങളിലും മുറിവു പോലെ കാണുന്നുണ്ടത്രേ.

അധ്യായം നാല് : കത്രിക

പിറ്റേന്നു നടത്തിയ സിടി സ്കാനിങ്ങിലാണു വയറിനുള്ളിൽ എന്തോ ലോഹ കഷണം ഉണ്ട് എന്നു കണ്ടത്. അതു പുറത്തെടുക്കാൻ വീണ്ടും ഓപ്പറേഷൻ ചെയ്യണമെന്നു കേട്ടപ്പോൾ സമ്മതിച്ചില്ല. അതോടെ ഡോക്ടർ സീരിയസ്സായി. ‘ആ ലോഹവസ്തുവിന്റെ കൂർത്ത മുന മൂത്രസഞ്ചിയിൽ കുത്തിനിൽക്കുകയാണ്. അവിടെ നീരും പഴുപ്പുമുണ്ട്. മൂത്രമൊഴിക്കുമ്പോൾ മൂത്രസഞ്ചി ചുരുങ്ങും, ലോഹമുന മുറിവിൽ നിന്ന് ഉടക്കിവിടുന്ന തീവ്രവേദനയാണ് അനുഭവിക്കുന്നത്. എത്രയും വേഗം ഓപ്പറേഷൻ നടത്തണം.’

സർജറിയുടെ ചെലവോർത്ത് 2022 സെപ്തംബർ 14ന് കോഴിക്കോടു മെഡിക്കൽ കോളജിൽ അഡ്മിറ്റായി. അടുത്ത ദിവസം തന്നെ സർജറി നടത്തി വയറ്റിൽ നിന്ന് അതു പുറത്തെടുത്തു. ഭർത്താവിനെ മാത്രമാണു പാക്ക് ചെയ്ത നിലയിൽ ശസ്ത്രക്രിയാ ഉപകരണം കാണിച്ചുകൊടുത്തത്. അഞ്ച് ഇഞ്ചു നീളമുള്ള ആർട്ടറി ഫോർസെപ്സ്. ഗർഭപാത്രത്തിനു പുറത്തു മൂത്രസഞ്ചിയോടു ചേർന്ന് ഇരുന്ന അതിന്റെ പുറത്തു നീരും കൊഴുപ്പുമടിഞ്ഞു പന്തു പോലെയായിരുന്നു. തൊട്ടു ചേർന്നിരുന്ന അവയവങ്ങളുടെയെല്ലാം പുറത്ത് അതു വേർപെടുത്തിയപ്പോൾ മുറിവുണ്ടായി. ആ മുറിവുണങ്ങിയാൽ വേദനയ്ക്ക് അവസാനമാകും.’

11 ദിവസത്തെ ഐസിയു ജീവിതം കഴിഞ്ഞിറങ്ങിയ അന്നു തന്നെ സ്വന്തം കൈപ്പടയിൽ പരാതി എഴുതി ആശുപത്രി സൂപ്രണ്ടിനും ആരോഗ്യമന്ത്രിക്കും അയച്ചു. പിന്നെയാണു മാധ്യമങ്ങളോടു വിവരം പറഞ്ഞത്. അങ്ങനെ വാർത്ത പുറംലോകം അറിഞ്ഞു. മെഡിക്കൽ കോളജിലെ ആഭ്യന്തര പരാതി പരിഹാര വിഭാഗം നടത്തിയ അന്വേഷണത്തിൽ, ‘മെഡിക്കൽ കോളജിലെ ആർട്ടറി ഫോർസെപ്സ് നഷ്ടപ്പെട്ടതായി കാണുന്നില്ല. അതിനാൽ കത്രിക മെഡിക്കൽ കോളജിലേതല്ല’ എന്നാണു പറയുന്നത്. പിന്നീട് ആരോഗ്യവകുപ്പു നേരിട്ടു മൂന്നു ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു. മൂന്നാമത്തെ ഗർഭകാലത്തു നടത്തിയ അഞ്ചു സ്കാനിങ് റിപ്പോർട്ടുകളും തെളിവായി നൽകിയിട്ടും ആ അന്വേഷണവും പഴയ പടിയായി.

ഇതിനിടെ ആരോഗ്യമന്ത്രിയുടെ വിളിയെത്തി. ‘ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തതയില്ല. അടുത്ത സംഘം വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം തീരുമാനമുണ്ടാക്കും.’ നടപടി ഒന്നുമുണ്ടായില്ല.

harsheena-

അധ്യായം അഞ്ച് : സമരം

നീതിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടു ഞാനും ഭർത്താവും ഇക്കഴിഞ്ഞ ഫെബ്രുവരി 27നു മെഡിക്കൽ കോളജിനു മുന്നിൽ സമരം തുടങ്ങി. ഇതിനിടെ മാർച്ച് ഒന്നിനു കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതിയും നൽകി. മൂന്നു ദിവസം കൂടി കഴിഞ്ഞു മെഡിക്കൽ കോളജിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യമന്ത്രിയെ നേരിട്ടു കണ്ടു കാര്യങ്ങൾ അറിയിക്കാൻ സമയം ചോദിച്ചു. വൈകിട്ടു നാലിനു കാണാൻ അനുവാദം കിട്ടിയെങ്കിലും മൂന്നു മണിയോടെ മന്ത്രി സമരപ്പന്തലിലെത്തി. ഉച്ചഭക്ഷണത്തിനായി പോയ ഭർത്താവിന്റെയും സമരസമിതി നേതാക്കളുടെയും അഭാവത്തിൽ ഞാനും ബന്ധുവും കൂടി മന്ത്രിയോടു കാര്യങ്ങൾ വിശദമാക്കി. എല്ലാം കേട്ട മന്ത്രി പറഞ്ഞു, ‘സർക്കാർ ഒപ്പമുണ്ട്, എല്ലാത്തിനും പരിഹാരം കാണും, അപ്പോൾ സമരം നിർത്തുകയല്ലേ.’

ജീവിതത്തിലാദ്യമായി സമരം നടത്തിയ എനിക്ക് ആ ഉറപ്പിലെ പൊള്ളത്തരം മനസ്സിലായില്ല. സമരസമിതിയോട് ആലോചിക്കണമെന്നു പോലും ഓർക്കാതെ അതു സമ്മതിച്ചുപോയി. നിമിഷനേരം കൊണ്ടു സമരപ്പന്തൽ പൊളിച്ചു നീക്കേണ്ടിവന്നു. കുറച്ചു ദിവസം കഴിഞ്ഞു രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകി കൈകഴുകാൻ സർക്കാർ ശ്രമിച്ചു. അതു കൈപ്പറ്റാൻ മനസ്സു വന്നില്ല. ഉണ്ടായ സാമ്പത്തിക നഷ്ടത്തിന്റെയും കടത്തിന്റെയും ഒരു ശതമാനം പോലും അതുവരില്ല. മേയ് 22ന് വീണ്ടും സമരം തുടങ്ങി.

അധ്യായം ആറ് : നീതി

ആ സമയത്താണു കൊല്ലത്തെ ആശുപത്രിയിൽ വച്ചു നടത്തിയ എംആർഐ സ്കാനിങ്ങിന്റെ കാര്യം ഓർമ വന്നത്. 2017ൽ നടത്തിയ ആ സ്കാനിങ്ങിൽ ശരീരത്തിൽ ഒരിടത്തും ലോഹസാന്നിധ്യം ഉണ്ടെന്നു പറയുന്നില്ല. പൊലീസിനു കൈമാറിയ ആ റിപ്പോർട്ടാണു കേസിൽ നിർണായക തെളിവായത്. അതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോടു മെഡിക്കൽ കോളജിലെ ചികിത്സാപിഴവു ചൂണ്ടിക്കാട്ടി, അന്നു സിസേറിയൻ നടത്തിയ രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും പ്രതികളാക്കി ജൂലൈ അവസാനം പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു, അറസ്റ്റ് രേഖപ്പെടുത്തി. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന ഉറപ്പു കിട്ടിയതോടെ 104 ദിവസം നീണ്ട സമരം അവസാനിപ്പിച്ചു.

2023 ഒാഗസ്റ്റ് ഒന്ന്. മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ഉപകരണം വയറിനുള്ളിൽ കുടുങ്ങിയതെന്ന വാദം മെഡിക്കൽ ബോർഡ് തള്ളി. ഇതിൽ പ്രതിഷേധിച്ച് ഡിഎംഒ ഓഫിസിനു മുന്നിൽ വീണ്ടും പ്രതിഷേധം. ചികിത്സാ പിഴവു തെളിയിക്കണമെങ്കിൽ അന്വേഷണ റിപോർട്ട് മെഡിക്കൽ ബോർഡ് അംഗീകരിക്കണം. പൊലീസ് തെളിയിച്ച കുറ്റം മെഡിക്കൽ ബോർഡ് തള്ളിയതോടെ കേസ് വഴിമുട്ടി. പക്ഷേ, നിയമനടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണു തീരുമാനം. തെളിയിച്ച കുറ്റം നീതിയാകാൻ ഇനി തിരുത്തേണ്ടതു നിയമമാണ്. ഹർഷീന, കോഴിക്കോട് V/s ഗവൺമെന്റ് ഓഫ് കേരള എന്ന പേരിൽ ആ ചരിത്രവിധി വരും വരെ പോരാട്ടം തുടരും.’

പിന്തുണച്ചതു കുടുംബം

ഇളയ മോൾക്ക് ഒരു വയസ്സായപ്പോഴാണു മൂന്നാമതു ഗർഭിണിയായത്, അതോടെ മുലകുടി നിർത്തി. കുഞ്ഞിന്റെ വാശിയും കരച്ചിലും കാരണം പ്രസവത്തിന്റെ തലേന്നു വരെ വയറ്റിൽ കിടത്തിയാണ് ഉറക്കിയത്. പിന്നീടു മോളെ വയറിൽ തൊടാൻ പോലും അനുവദിക്കാനായില്ല. വേദനയ്ക്കിടയിലും അതോർത്തപ്പോൾ നെഞ്ചു നീറി.

ഈ കാലത്തിനുള്ളിൽ പലവിധ പ്രശ്നങ്ങളുടെ പേരിൽ പത്തിലേറെ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഒരാശുപത്രിയിലും കണ്ടുപിടിക്കാത്ത എന്തു വേദനയാണു നിനക്ക് എന്നു മുഖത്തു നോക്കി ചോദിച്ചവരുണ്ട്. ആ ചോദ്യം ചോദിക്കാതെ കൂടെ നിന്നതു ഭർത്താവും കുടുംബവും മാത്രമാണ്. പനിയാണെങ്കിൽ ചൂടുനോക്കാം. വേദനയുടെ അളവ് ആർക്കും മനസ്സിലാകില്ല.

മൂത്തമകൾ ഫഹ്മ സെയ്ൻ യുകെജിയിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് എന്റെ വേദനകൾ. അവളിപ്പോൾ അഞ്ചാം ക്ലാസിലായി. രണ്ടാമത്തെയാൾ റിൻഹ റിസിൻ രണ്ടാം ക്ലാസിൽ, ഇളയവൻഫാരിഖ് സിയാൻ യുകെജിയിലും.

രൂപാ ദയാബ്ജി

ഫോട്ടോ: അരുൺ പയ്യടിമീത്തൽ