Friday 23 September 2022 10:38 AM IST : By സ്വന്തം ലേഖകൻ

കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി, കണ്ണൂരില്‍ പെട്രോൾ ബോംബേറ്, കോട്ടയത്ത് ലോട്ടറിക്കട തകർത്തു; ഹര്‍ത്താലിനിടെ വ്യാപക അക്രമം

kollam-police-attack-1248.jpg.image.845.440

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. കണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. എയർപോട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന എ. നിവേദിനു നേരെയാണു ആക്രമണമുണ്ടായത്. ഇയാളെ പരുക്കുകളോടെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉളിയിൽ കെഎസ്ആർടിസി ബസും ആക്രമിച്ചു. ഡ്രൈവർ അനീഷിനു കല്ലേറിൽ പരുക്കേറ്റു. 

കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്കു പരുക്കേറ്റു. യാത്രക്കാരെ അസഭ്യം പറയുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിൽ ഹർത്താൽ അനുകൂലികൾ കട അടിച്ചുതകർത്തു. 15 പേർ ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കോഴിക്കോട് നടക്കാവിൽ ഹോട്ടലിനു നേരെ കല്ലേറുണ്ടായി. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കോട്ടയം സംക്രാന്തിയിൽ ലോട്ടറിക്കട ഹർത്താൽ അനുകൂലികൾ അടിച്ചുതകർത്തു. തിരുവനന്തപുരം മംഗലപുരത്ത് പെട്രോൾ പമ്പ് അടപ്പിക്കാനെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

തൃശൂർ ചാവക്കാട് എടക്കഴിയൂരിൽ കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് മുഹമ്മദ് റിയാസ് അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏരിയ സെക്രട്ടറിയാണ്. കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.

Tags:
  • Spotlight