Thursday 02 April 2020 12:39 PM IST : By സ്വന്തം ലേഖകൻ

കൊറോണ നിരീക്ഷണത്തിന് വരുന്നു, ‘ഹെൽത്തി കോട്ടയം’ മൊബൈൽ ആപ്പ്! ഒറ്റ ക്ലിക്കിൽ വിവരങ്ങൾ അറിയാം...

corona-healrthy

കൊറോണ നിരീക്ഷണത്തിന് ‘ഹെൽത്തി കോട്ടയം’ മൊബൈൽ ആപ്പ്. ഹോം ക്വാറന്റീൻ നിർദേശിച്ചവർ, അവരുടെ സ്ഥലം, ഓരോരുത്തരുടെയും അവസ്ഥ തുടങ്ങി എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ് ഹെൽത്തി കോട്ടയം ആപ്പ്. നിരീക്ഷണത്തിൽ കഴിയുന്നയാളെ ആപ്പിൽ നിന്നുതന്നെ നേരിട്ട് ഫോണിൽ ബന്ധപ്പെടാം.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ മേഖലകൾ തിരിച്ചറിയുന്നതിനായി ജിയോ മാപ്പിങ് സംവിധാനവുമുണ്ട്. ജില്ലാ ഭരണകൂടത്തിനു വേണ്ടി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. മനോജ് ടി. ജോയിയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ആപ്പ് വികസിപ്പിച്ചത്.

രോഗ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വെബ്സൈറ്റും തയാറാണ്. ഫീൽഡ് തല ആരോഗ്യ പ്രവർത്തകർക്ക് സ്വന്തം ഫോൺ നമ്പർ ഉപയോഗിച്ചു ലോഗ് ഇൻ ചെയ്യാം. ഫീൽഡ് പ്രവർ‍ത്തകർ നൽകുന്ന വിവരങ്ങൾ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ പരിശോധിച്ച് അംഗീകരിച്ചാൽ കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ലഭ്യമാകും. 

Tags:
  • Spotlight