Friday 15 March 2024 04:59 PM IST

വൃക്കരോഗത്തിൽ കൊണ്ടെത്തിച്ച ‘വെളുത്തു പാറൽ ക്രീമുകള്‍’, മസിൽ പെരുപ്പിക്കും പ്രോട്ടീൻ പൗഡറുകൾ: അബദ്ധത്തിൽ ചാടും മുൻപ്

Vijeesh Gopinath

Senior Sub Editor

health-resolution

വ്യക്തിയുടെ ആരോഗ്യം ശരീരത്തിന്റെയും മനസ്സിന്റെയും മാത്രമല്ല. വ്യക്തി സമൂഹത്തിൽ ഇടപെടുന്ന രീതിയും കൂടിയായി മാറി. തെറ്റായ ആരോഗ്യ ചിന്തകൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നതും പുതിയ കാലത്ത് അനാരോഗ്യമായി കണക്കാക്കാം. ഇതൊക്കെ തിരിച്ചറിഞ്ഞു ചികിത്സിച്ച് ആരോഗ്യമുള്ള വ്യക്തിയാകാൻ മേക്ക് ഒാവർ ടിപ്സ്.

∙ ഡയറ്റ് കൃത്യമാക്കുക: എല്ലാ പുതുവർഷത്തിലും ആദ്യം എടുക്കുന്ന അ‍ഞ്ച് തീരുമാനങ്ങളിൽ ഒന്ന്. പക്ഷേ, പലപ്പോഴും രണ്ട് ആഴ്ച കഴിയുമ്പോൾ മറന്നു പോകും; അതാണു പലർക്കും ഡയറ്റ്. അതുകൊണ്ടു തന്നെ നാളെ മുതൽ ഇതൊക്കെ ഉപേക്ഷിക്കും എന്ന് ഒറ്റയടിക്കു തീരുമാനം എടുക്കാതെ പതുക്കെ ഡയറ്റ് കൃത്യമാക്കുക.

∙ ഇൻ ആന്റ് ഒൗട്ട്: കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളായ ധാന്യ വർഗങ്ങൾ‌ കുറച്ച് പ്രോട്ടീൻ കൂടുതലുള്ള പയർ പരിപ്പുവർഗങ്ങളും നോൺവെജ് വിഭവങ്ങളും കൂടുതലായി കഴിക്കുക. അതിൽ ബീഫ് പോലുള്ള ചുവന്ന മാംസാഹാരങ്ങൾ കുറയ്ക്കുക. എണ്ണയുടെ ഉപയോഗം പരിമിതമാക്കുക. പച്ചക്കറികളും പഴവർഗങ്ങളും ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്താം

∙വ്യായാമം: നടക്കാതെ പോവുന്ന തീരുമാനങ്ങളുടെ കൂട്ടത്തിൽ ഡയറ്റിന്റെ കൂട്ടുകാരനാണ് വ്യായാമം. തുടങ്ങും പക്ഷേ, പാതിക്കു വച്ചു നിന്നു പോകും. എന്നാൽ വ്യായാമം ശീലമാക്കി മാറ്റുകയാണ് വേണ്ടത്. ഒരു ദിവസം 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.

∙ തെറ്റ് പ്രചരിപ്പിക്കല്ലേ: ആരോഗ്യരംഗത്തു തെറ്റായ വാർത്തകളുടെ കുത്തൊഴുക്കാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും മുൻപ് മെസേജുകൾ ഫോർവേഡ് ചെയ്യും മുൻപ് ഒന്നോർക്കുക–ഈ ചെയ്യുന്നത് മറ്റൊരാളുടെ ജീവനു ഭീഷണിയാവുമോ? പോസ്റ്റ് ചെയ്യുന്ന സന്ദേശം വായിക്കുന്നവർ നിങ്ങളോടുള്ള വിശ്വാസ്യത കൊണ്ട് അത് ശരിയാണെന്നു ധരിച്ച് ആപത്തിൽ പെട്ടേക്കാം. സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ ആരോഗ്യ വാർത്തകൾ വിശ്വസിക്കും മുൻപു ഡോക്ടറോട് അഭിപ്രായം തേടുക. ആധികാരികമായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുക.

∙ വെളുക്കാൻ തേച്ചത് രോഗമാവരുത്: സൗന്ദര്യ സംരക്ഷണം തീർച്ചയായും വേണം. നമ്മൾ എന്താണോ അതിൽ ആത്മവിശ്വാസവും ആത്മാഭിമാനവും ഉണ്ടാക്കുക. അതിനെ വർധിപ്പിക്കാൻ ശ്രമിക്കുകയും ആവാം. എന്നാൽ സൗന്ദര്യവർധക വസ്തുക്കൾ വളരെ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കുക. ഇത്തരം ഉൽപന്നങ്ങളോടുള്ള അമിതമായ താൽപര്യമാണ് കഴിഞ്ഞ വര്‍ഷം വാർത്തയിൽ നിറഞ്ഞ ‘വെളുത്തു പാറൽ ക്രീമുകളും’ അതുവഴിയുണ്ടായ കിഡ്നി രോഗങ്ങളും. ഒരാഴ്ചകൊണ്ട് വെളുപ്പിക്കാം എന്ന രീതിയിലുള്ള ചതിക്കുഴികളിൽ വീഴരുത്.

∙ പ്രോട്ടീൻ പൗഡർ വാങ്ങുമ്പോൾ: ചെറുപ്പക്കാരോടാണ്. പുതുവൽസര തീരുമാനങ്ങളുടെ ഭാഗമായി ജിമ്മിൽ ചേർന്നോളൂ. പക്ഷേ, പെട്ടെന്നു മസിൽ പെരുപ്പിക്കാൻ പ്രോട്ടീൻ പൗഡറുകളും സ്റ്റിറോയ്ഡ് മരുന്നുകളും ദുരുപയോഗം ചെയ്യാറുണ്ട്. പ്രോട്ടീൻ പൗഡർ കഴിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഡയറ്റീഷന്റെ നിർദേശത്തോടെ മാത്രം കഴിക്കുക. ശരീരഭംഗിക്കായി കുറുക്കു വഴികൾ തേടാതിരിക്കുക. അതിന് കഠിന പരിശീലനം തന്നെ വേണം.

∙ അടുക്കളയിലെ മൂന്നു വില്ലന്മാർ: അടുക്കളയില്‍ പാത്രങ്ങളിലിരിക്കുന്ന മൂന്ന് വെളുത്ത വില്ലന്മാരെ ചങ്ങലയ്ക്കിടുക. ഉപ്പ്, പഞ്ചസാര, അരി– ഇത് മൂന്നും ഈ വർഷം മുതൽ കഠിനമായി നിയന്ത്രിക്കും എന്നുറപ്പിക്കുക. ഇ ത് എത്ര കുറയ്ക്കാൻ പറ്റുന്നോ അത്രത്തോളം ആരോഗ്യം നമുക്കുണ്ടാവും.

∙ മനസ്സിന്റെ ആരോഗ്യം–മനസ്സിനെ ശരീരത്തിലെ ഒരു അവയവം ആയി കാണുക. കൈകാൽ വേദന തോന്നുമ്പോൾ ഡോക്ടറെ കാണുന്ന പോലെ നിയന്ത്രിക്കാനാവാത്ത വേലിയേറ്റങ്ങൾ മനസ്സിലുണ്ടാവുകയാണെങ്കിൽ മടിക്കേണ്ട, നല്ലൊരു സൈക്കോളജിസ്റ്റിനെ അല്ലെങ്കിൽ സൈക്യാട്രിസ്റ്റിനെ കാണുക. രക്താതിമർദത്തിന് മരുന്നു കഴിക്കുന്നില്ലേ, അത്രയേയുള്ളൂ എന്ന നിലപാട് സ്വീകരിക്കുക. മാനസിക സമ്മർദം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ പലപ്പോഴും പറ്റണമെന്നില്ല. തുറന്നു പറച്ചിലുകളിലൂടെ കിട്ടുന്ന ഊർജം എന്തിനാണു വേണ്ടെന്നു വയ്ക്കുന്നത്.

∙ സമയം നൽകുക: വീടിനുള്ളിലെ സമയത്തിനും വേ ണം ചെറിയ മാറ്റങ്ങൾ. ഒാഫിസും വീടും കൂടിക്കുഴഞ്ഞു കിടക്കുമ്പോൾ വീട്ടിലെല്ലാവർക്കും നമ്മൾ സമയം നൽകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുക. ചുറ്റുമുള്ളവരെ പരിഗണിക്കുക. അവർക്ക് സംസാരിക്കാൻ ഉള്ളതു കേൾക്കുക.

∙ ഉറങ്ങുക: ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങാനുള്ള തീരുമാനം എടുക്കുക. കുട്ടികളുടെയും മുതിർന്നവരുടെയും ഉറക്കം താളം തെറ്റുന്ന കാലമാണിത്. മൊബൈലാണു പ്രധാന കാരണം എന്നു പലര്‍ക്കും അറിയാവുന്നതുമാണ്. ഉറക്കക്കുറവു രക്താതിമർദം ഉൾപ്പെടെയുള്ള രോഗാവസ്ഥയ്ക്കു കാരണമാകുന്നു.

2350988589

∙സ്ക്രീൻടൈം കുറയ്ക്കുക: മൊബൈലും കംപ്യൂട്ടരും അമിതമായി ഉപയോഗിക്കുന്നവർ 20-20 റൂൾ പാലിക്കുക. 20 മിനിറ്റ് സ്ക്രീനിൽ നോക്കിയിരുന്നാൽ 20 സെക്കൻഡ് കണ്ണുകൾക്കു വിശ്രമം നൽകുക.

∙ മെഡിക്കൽ ഇൻഷുറൻസ്: മൊബൈൽ വരെ ഇൻഷൂർ ചെയ്യുമെങ്കിലും പലരും ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ മടിക്കും. ചികിത്സാ ചെലവു വർധിക്കുന്ന ഈ കാലത്തു മെഡിക്കൽ ഇൻഷുറൻസ് വളരെ അത്യാവശ്യമാണ്. പെട്ടെന്നുള്ള രോഗം വലിയ സാമ്പത്തിക ബാധ്യത വരുത്താതിരിക്കാൻ കുടുംബത്തിൽ എല്ലാവരും ഉൾപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് എടുക്കുക.

∙ഹെൽത് ചെക്കപ്: ആരോഗ്യ പരിശോധനകൾ വർഷത്തിൽ ഒരിക്കൽ ശീലമാക്കുക. നേരത്തെ കണ്ടെത്തിയാ ൽ മിക്ക രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.സൗമ്യ സരിൻ, മെഡ്കെയർ ഹോസ്പിറ്റൽ, ഷാർജ

ശിശുരോഗവിദഗ്ധയായ ഡോ സൗമ്യ സരിൻ ഹെൽത് വ്ലോഗർ ആണ്. സാമൂഹിക രംഗത്തും ആരോഗ്യ മേഖലയിലും

ചലനമുണ്ടാക്കിയ നിരവധി വിഡിയോസ് ചെയ്തിട്ടുണ്ട്