Monday 21 October 2019 12:36 PM IST : By സ്വന്തം ലേഖകൻ

മഴ ഉടൻ തോരില്ല, ഉച്ചയ്ക്ക് ശേഷം കനത്തു പെയ്യും; പ്രാദേശിക പ്രളയ സാധ്യത! ജാഗ്രത പാലിക്കാൻ നിർദ്ദേശം

monsoon-kerala

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് ഉടൻ ശമനമില്ലെന്ന് റിപ്പോർട്ട്. പോളിങ് തുടരുന്ന അഞ്ചിടങ്ങളിലും മഴ തുടരുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയസമാനമായ സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്. ശക്തമായ മേഘാവരണം നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ നിലവിലെ മഴ തുടരും. പൊടുന്നനെ കുറയില്ല. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത.

മഴ തുടരും: ജാഗ്രത വേണം

സംസ്ഥാനത്ത് ലഭിക്കുന്ന ശക്തമായ മഴ ഏതാനും ദിവസം കൂടി തുടരും. ഒക്ടോബർ 15 മുതൽ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒക്ടാബർ എട്ടിന് കേരള വെതർ വിശദമാക്കിയിരുന്നു. വടക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും ചില ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേരള വെതർ നിരീക്ഷിക്കുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴ തുടരുക.

◾ന്യൂനമർദ്ദങ്ങൾ മഴ കൂട്ടും

അറബിക്കടലിലെ ന്യൂനമർദം ഈ മാസം അവസാനം വരെ സജീവമായി തുടരുമെന്നും ഒക്ടോബർ 25 ന് ശേഷം ചുഴലിക്കാറ്റായേക്കാമെന്നുമാണ് ചില മോഡലുകൾ പറയുന്നത്. ഇത് അടുത്ത 24 മണിക്കൂറിൽ well marked low pressure (WML) ആയി മാറിയേക്കും. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും സാധ്യത കാണുന്നു. പിന്നീട് ഗോവ തീരം ലക്ഷ്യമാക്കിയും തുടർന്ന് മുംബൈ തീരം വഴി ശക്തിപ്പെട്ട് ഗുജറാത്തിൽ കര തൊടാനുമാണ് സാധ്യത കാണുന്നത്.

അതിനിടെ, വ്യാഴാഴ്ച യോടെ മറ്റൊരു ന്യൂനമർദം മധ്യപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ടേക്കും. ഇതിന് താരതമ്യേന ശക്തി കുറവായിരിക്കും.

◾ഇനി ന്യൂനമർദ്ദ മഴ

തുലാമഴയുടെ സഞ്ചാരത്തെ ന്യൂനമർദ്ദങ്ങൾ തടസ്സപെടുത്തുന്നതായാണ് നിരീക്ഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കേരളത്തിലെ കാറ്റിന്റെ ദിശ കാലവർഷ കാലത്തേതു പോലെ തിരിഞ്ഞു. എന്നാൽ തമിഴ്നാട്ടിൽ തുലാവർഷ സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കുന്ന മഴ തുലാവർഷക്കണക്കിലാണ് ഉൾപ്പെടുത്തുക. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം വന്നാലും കേരളത്തിന്റെ കിഴക്ക് ഇടിയോടുകൂടെ മഴ തുടരും. കാറ്റിന്റെ ഗതി മുറിവാണ് കാരണം. അടുത്ത 10 ദിവസം കേരളത്തിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേരള വെതർ കണക്കുകൂട്ടുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയും തുടരും.

◾ജാഗ്രത വേണം; പ്രാദേശിക പ്രളയ സാധ്യത

▪️മഴ ചിലയിടങ്ങളിൽ കനത്തു പെയ്യാൻ സാധ്യതയുള്ളതിനാൽ ചിലയിടത്ത് പ്രാദേശിക പ്രളയ സാധ്യതയുണ്ടാകും. 

▪️പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തുക.

▪️മലയോര മേഖലകളിലെ അനാവശ്യ രാത്രിയാത്ര ഒഴിവാക്കണം

▪️മലവെള്ളപാച്ചിൽ സാധ്യതയുള്ളതിനാൽ ▪️പുഴയിൽ കുളിക്കുകയോ മറ്റോ ചെയ്യരുത്.

▪️വൈകുന്നേരങ്ങളിൽ ഇടിമിന്നൽ ജാഗ്രത വേണം.

▪️പുഴയാരത്തും മറ്റും താമസിക്കുന്നവരും ജാഗ്രത പുലർത്തുക.

▪️സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്, നിർദ്ദേശം ശങ്കിച്ചു നിൽക്കാതെ അനുസരിക്കുക.

കൊച്ചിയില്‍ അതിതീവ്രമഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. എംജി റോഡിലും ഇടപ്പള്ളി – അരൂര്‍ ദേശീയപാതയിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. കുണ്ടന്നൂരില്‍ ഗുഡ്സ് ഓട്ടോ വെള്ളക്കെട്ടില്‍ മറിഞ്ഞു, ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കലൂര്‍ സബ്സ്റ്റേഷനില്‍ വെള്ളം കയറി, സബ്സ്റ്റേഷന്‍റെ പ്രവര്‍ത്തനം നിര്‍ത്തി. 

സൗത്ത്, നോര്‍ത്ത് റയില്‍വെ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചതായി റയില്‍വെ അറിയിച്ചു. കോട്ടയം പാതയില്‍ പിറവം – വൈക്കം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ മണ്ണിടിഞ്ഞു. സംസ്ഥാനത്ത് ട്രെയിനുകള്‍ രണ്ടുമണിക്കൂര്‍ വരെ വൈകിയോടുന്നുന്നുണ്ട്. കൊല്ലത്തും കനത്ത നാശനഷ്ടമാണ്. ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ ആറു ഷട്ടറുകള്‍ ഉയര്‍ത്തി. 

ജില്ലയിലെ ഗ്രാമീണ മേഖലകളിലും മഴ ശക്തമാണ്. കോട്ടയത്തിന്റെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ഇടമുറിയാതെ ശക്തമായ മഴ പെയ്യുന്നു.എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കണ്ണൂരും കാസർകോടും ഒഴിച്ചുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്.

Tags:
  • Spotlight