Monday 15 November 2021 04:56 PM IST : By സ്വന്തം ലേഖകൻ

അടുത്ത മൂന്നു മണിക്കൂറില്‍ 12 ജില്ലകളില്‍ ശക്തമായ മഴ; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്, അതീവ ജാഗ്രത പുലർത്താൻ നിർദേശം

istockphoto-kerala

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആവര്‍ത്തിക്കുന്ന ന്യൂനമര്‍ദങ്ങളും ചക്രവാതചുഴികളും തെക്കേ ഇന്ത്യക്കാകെ ഭീഷണി ഉയര്‍ത്തുകയാണ്. സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടിയെങ്കിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ പരക്കെ മഴക്കും സാധ്യതയുണ്ട്. ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. 

എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനിടയുണ്ട്. കേരളതീരത്തു നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. 

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപിന് സമീപം നിലനില്‍ക്കുന്ന ന്യൂനമര്‍ദം കൂടുതല്‍തീവ്രത കൈവരിച്ച് തമിഴ്നാട്, ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണ്. തമിഴാനട്ടില്‍ നിന്ന് വടക്കന്‍കേരളത്തിലേക്ക് ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നു. കൂടാതെ അറബികടലില്‍ ചക്രവാത ചുഴിയുണ്ട്. ഗോവ , മഹാരാഷ്ടരതീരത്തിനടുത്ത് ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ആവര്‍ത്തിക്കുന്ന ന്യൂനമര്‍ദങ്ങളും ചക്രവാത ചുഴികളും കേരളത്തില്‍ ഒക്ടോബര്‍, നവംബര്‍മാസങ്ങളില്‍ അസാധാരണമായ മഴക്ക് കാരണമായി. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ നൂറുശതമാനം അധികം മഴയാണ് പെയ്തത്. 

401 മില്ലീ മീറ്റര്‍ മഴകിട്ടേണ്ടിടത്ത് 804 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. പത്തനംതിട്ടയില്‍ 184 ശതമാനവും ഇടുക്കിയില്‍ 108 ശതമാനവും അധികം മഴകിട്ടി. മിക്കവാറും എല്ലാ പ്രധാന ഡാമുകളിലും നിറഞ്ഞ അവസ്ഥയിലാണ്. ഇടുക്കി, ആനയിറങ്ങല്‍,പൊന്‍മുടി, കുണ്ടള, ലോവര്‍പെരിയാര്‍, മൂഴിയാര്‍ സംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

for latest updates...

Tags:
  • Spotlight