Friday 15 January 2021 04:00 PM IST : By സ്വന്തം ലേഖകൻ

‘ആവശ്യത്തിലേറെ പണിയുണ്ട്’; സ്റ്റേഷനുകളിൽ ഇനി ഇങ്ങനെ പെരുമാറരുതെന്ന് ഡിസിപിയോട് സർക്കാർ

dcp-main

മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവുനിന്ന വനിത പൊലീസിനെതിരെ നടപടിയെടുത്ത സംഭവത്തിൽ ഡിസിപി ഐശ്വര്യ ഡോങ്റെക്കെതിരെ സ്വരം കടുപ്പിച്ച് സർക്കാർ. ഡിസിപിയുടെ പെരുമാറ്റത്തിൽ ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്.

സംഭവം വാർത്തയാകുകയും ഇവർ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സർക്കാരിന് പതിവുപോലെ റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് താക്കീത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തൽ.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ മഫ്തിയിൽ എറണാകുളം നോർത്തിലുള്ള വനിത പൊലീസ് സ്റ്റേഷനിൽ അടിയന്തര സന്ദർശനത്തിനെത്തുന്നത്. വാഹനം നോർത്ത് സ്റ്റേഷനു മുന്നിൽ പാർക്കു ചെയ്തശേഷം നടന്നു സമീപത്തുള്ള സ്റ്റേഷനിലേക്ക് കയറുകയായിരുന്നു. അധികാര ഭാവത്തിൽ സ്റ്റേഷനിലേക്ക് ഇടിച്ചു കയറുന്ന യുവതിയെക്കണ്ട് പാറാവുനിന്ന വനിത പൊലീസ് തടഞ്ഞു ചോദ്യം ചെയ്തു. അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ലെന്നും മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവു കാട്ടിയെന്നും ചൂണ്ടിക്കാട്ടിയാണ് അവരെ ട്രാഫിക്കിലേക്ക് മാറ്റിയിരിക്കുന്നതെന്നായിരുന്നു ഡിസിപിയുടെ വിശദീകരണം. ഡിസിപിയുടെ നടപടിക്കെതിരെ പൊലീസ് സർവീസ് സംഘടനകളും രംഗത്തു വന്നിരുന്നു.

അതേസമയം, കൊച്ചി സിറ്റി പൊലീസിൽ ചുമതലയേറ്റിട്ട് പത്തു ദിവസം പോലും സ്ഥലത്തില്ലാതിരുന്ന ഉയർന്ന ഉദ്യോഗസ്ഥയെ സിവിൽ പൊലീസ് ഓഫിസർ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് പൊലീസുകാർക്കിടയിൽനിന്ന് ഉയരുന്നത്. പുതുവർഷത്തിൽ ചുമതലയേറ്റെങ്കിലും മറ്റു പല കാരണം കൊണ്ടും അഞ്ചു ദിവസത്തിലേറെ തിരുവനന്തപുരത്തു തന്നെയായിരുന്നു ഐശ്വര്യ.