Wednesday 13 June 2018 02:56 PM IST

കൂട്ടുകാർക്കൊപ്പം ചുറ്റാൻ പോകുമ്പോൾ വഴക്ക് പറയുന്ന അമ്മയാണോ? പിണങ്ങാതെ മക്കളെ ഒപ്പം നിറുത്താൻ വഴികളുണ്ട്

Roopa Thayabji

Sub Editor

teenage1
ഫോട്ടോ: സരിൻ രാംദാസ്

ഡ്യൂഡ്, ലെറ്റ്സ് ഗോ ഫോർ എ പാർട്ടി...’’ ചെവിയിൽ മ്യൂസിക് പ്ലേയറിന്റെ ഹെഡ്ഫോൺ വച്ച് കൂട്ടുകാർ വരുമ്പോൾ തന്നെ അച്ഛനമ്മമാരുടെ നെഞ്ചിടിപ്പ് കൂടും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മക്കൾ കൂട്ടുകൂടി നടക്കുന്നതോർത്ത് ഉറക്കം നഷ്ടപ്പെടുന്നുണ്ടോ. എതിർക്കാൻ നിന്നാല്‍ അച്ഛനമ്മമാരെ ശത്രുക്കളെ പോലെ കാണുമെന്ന പേടിയുണ്ടോ മനസ്സിൽ. എന്തിനും എടുത്തു ചാടി ദേഷ്യപ്പെടുന്നു എന്നതു മുത ൽ പുതിയ ലഹരികളെ പരിചയപ്പെടുമോ എന്ന പേടി വരെ നീളും ടീനേജുകാരെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകൾ. ഈ പേടികൾ മനസ്സിലുള്ളപ്പോഴാണ് പാർട്ടിയെന്നും ഔ ട്ടിങ്ങെന്നും പറഞ്ഞുള്ള മക്കളുടെ ഇറങ്ങിപ്പോക്ക്. ടീനേജിന്റെ മാറ്റങ്ങളെ കരുതലോടെ നേരിടാൻ പല രക്ഷിതാക്കൾക്കുമറിയില്ല. ഈ പൊസിറ്റീവ് വഴികൾ അറിഞ്ഞിരുന്നാൽ ചിരിയോടെ മക്കളുടെ കൂട്ടുകാരാകാം.

ഇഷ്ടങ്ങൾ മാറുന്നു

ടീനേജ് പേരന്റിങ്ങിനെ പറ്റി നമ്മുടെ പല ധാരണകളും ഇപ്പോഴും പഴയതു തന്നെ. സെക്‌ഷ്വാലിറ്റി കൂടുതല്‍ പ്രകടമാകുന്ന ഘട്ടമായതാണ് ടീനേജിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പൊതുവായ ധാരണ. ഈ സെക്‌ഷ്വൽ എമർജിങ് മൂടിവയ്ക്കാനാണ് നിയന്ത്രണങ്ങളിലൂടെയും പരിഭവങ്ങളിലൂടെയും മാതാപിതാക്കൾ ശ്രമിക്കുന്നത്. ഇതു മിക്കപ്പോഴും വഴക്കിലും പ്രശ്നങ്ങളിലുമാണ് അവസാനിക്കുക.

∙ കുട്ടിത്തം വിട്ട് ടീനേജിലേക്ക് കടക്കുമ്പോൾ പ്രായപൂർത്തിയായവരുടെയും കുട്ടിയുടെയും സ്വഭാവം മക്കൾക്കുണ്ടാകും. മുതിർന്നവരുടെ ചർച്ചകളിൽ അഭിപ്രായം പറയുമ്പോൾ ‘കുട്ടികൾ ഇതിലൊന്നും ഇടപെടേണ്ട’ എന്നുപറഞ്ഞ് അവരെ മാറ്റിനിർത്താറാണു പതിവ്. സ്വഭാവത്തിലേക്ക് കടന്നുവന്ന പുതിയ വ്യക്തിത്വം പ്രകടിപ്പിക്കാൻ കുട്ടികൾ ശ്രമിച്ചു കൊണ്ടിരിക്കും എന്നു മനസ്സിലാക്കി വേണം ഇടപെടാൻ.

∙ ഹോർമോൺ വ്യത്യാസം മാത്രമല്ല ടീനേജിലെ മാറ്റങ്ങൾക്ക് കാരണം. അമ്മയുടെ ഉള്ളിൽ കിടക്കുന്ന ഒമ്പതുമാസവും ആദ്യത്തെ രണ്ടുമൂന്ന് വയസ്സുവരെയുമാണ് കുട്ടിയുടെ തലച്ചോറ് വികാസം പ്രാപിക്കുന്നത് എന്നാണ് ന്യൂറോ സയൻസ് പറയുന്നത്. എന്നാൽ പുതിയ പഠനങ്ങൾ മറ്റൊന്നു കൂടി പറയുന്നു, തലച്ചോറിന്റെ വികാസത്തിന്റെ രണ്ടാം ഘട്ടം സജീവമാകുന്നത് ടീനേജിലാണെന്ന്. 13 വയസ്സിൽ തുടങ്ങി 25 വയസ്സുവരെ ഈ ഘട്ടം നിൽക്കും. പുതിയ കാര്യങ്ങൾ അറിയാനും ചെയ്യാനും ചുറുചുറുക്കുണ്ടാകുന്ന പ്രായമാണ് ഇതെന്നു കൂടി പരിഗണിച്ചു വേണം ടീനേജിന്റെ പ്രശ്നങ്ങളെ വിശകലനം ചെയ്യാൻ.

എന്തിനും പൊട്ടിത്തെറി

കുട്ടികളുടെ ശരീരത്തിന് ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്ന ഘ ട്ടമാണ് ടീനേജ് അഥവാ പ്യൂബർട്ടി (പ്രായപൂർത്തി) ഇതാണ് പെട്ടെന്നുള്ള മാറ്റങ്ങൾക്കും അസ്വസ്ഥമായ സ്വഭാവവിശേഷങ്ങൾക്കും കാരണം. പലപ്പോഴും ഇവർക്ക് ദേഷ്യം അടക്കിനി ർത്താൻ കഴിയാതെ വരും. തന്റെ അഭിപ്രായങ്ങൾക്ക് മറ്റുള്ളവർ വില കൽപിക്കണമെന്ന തോന്നലുള്ളതിനാൽ അംഗീകാരം കിട്ടുന്ന ഇടങ്ങളിലേക്ക് മനസ്സടുക്കുന്നതും ഇതുകൊണ്ടാണ്. സുഹൃത്തുക്കളുടെ ലോകത്തേക്ക് ടീനേജ് മനസ്സ് അടുക്കുന്നതിനു കാരണവും ഇതുതന്നെ.

∙ വിദ്യാഭ്യാസം, കരിയർ, ജീവിതശൈലി തുടങ്ങി പല കാര്യങ്ങളിലും സ്വയം തീരുമാനമെടുക്കാൻ കുട്ടികൾ ശ്രമിക്കും. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതിനാൽ തന്നെ ഇക്കാര്യങ്ങളിൽ രക്ഷിതാക്കളുമായി വഴക്കിട്ടേക്കാം.

∙ അഭിപ്രായങ്ങൾക്ക് സ്വീകാര്യത കിട്ടുക എന്നതാണ് ടീനേജുകാർക്ക് പ്രധാനം. അവരുടെ അഭിപ്രായത്തിന് അംഗീകാരം നൽകിയാൽ പ്രശ്നം പരിഹരിക്കാം. കുട്ടിയുടെ അഭിപ്രായത്തിന്റെ നെഗറ്റീവ് വശങ്ങൾ സാവധാനം പറഞ്ഞു മനസ്സിലാക്കുകയും വേണം.

∙ പരാജയം, ദുഃഖം, നിരാശ, ഭയം, നിസ്സഹായാവസ്ഥ തുടങ്ങിയവ പ്രകടിപ്പിക്കാൻ മിക്ക കൗമാരക്കാർക്കും ബുദ്ധിമുട്ടാണ്. ഇതിന്റെയെല്ലാം പ്രകടനം ദേഷ്യമായിരിക്കും. കടുത്ത ഭാഷയിൽ സംസാരിക്കുന്നതും ആരോടും മിണ്ടാതെ കതകടച്ചിരിക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.

∙ പ്രണയനഷ്ടം, ബ്രേക് അപ് പോലുള്ളവ നിരാശയിലേക്കും മാനസിക പ്രശ്നങ്ങളിലേക്കും കുട്ടിയെ തള്ളിവിട്ടേക്കും. ക്ലാസിൽ സുഹൃത്ത് കളിയാക്കിയതിന് പരാതിപ്പെടാൻ പോകാതെ അതിനെ അതേ സ്പിരിറ്റിലെടുക്കാൻ പറഞ്ഞുനോക്കൂ. ചെറിയ പരാജയങ്ങൾ അറിഞ്ഞു വളർന്നാലേ വലിയ വിഷമങ്ങൾ സഹിക്കാനുള്ള കരുത്തുണ്ടാകൂ.

സംസാരിക്കാൻ മടി

മുമ്പ് ബന്ധുവിന്റെയോ മറ്റോ കല്യാണത്തിനു രക്ഷിതാക്കളോടൊപ്പം പോകാൻ കുട്ടികൾക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാൽ ഇന്ന് അടുത്ത ബന്ധുവിന്റെ കല്യാണത്തിനു പോലും കുട്ടികളെ നിർബന്ധിച്ച് കൊണ്ടുപോകേണ്ടി വരും. വീട്ടിലിരിക്കാനാണ് അവർക്കിഷ്ടം. സ്കൂളിൽ നിന്ന് വന്നാലുടൻ മൊബൈലോ, ടാബോ നോക്കിയിരിക്കുന്നു എന്നതും പതിവു പരാതിയാകും. വഴക്കിട്ട് റിമോട്ട് പിടിച്ചുവാങ്ങിയിട്ടോ കംപ്യൂട്ടർ ഉപയോഗിക്കരുതെന്ന് വിലക്കിയിട്ടോ കാര്യമില്ല. ബുദ്ധിപൂർവം വേണം ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ.

∙ കുട്ടികളുടെ തലച്ചോറ് വികസിക്കുന്ന ഘട്ടത്തിൽ ചുറ്റുമുള്ള ലോകമാണ് കൂടുതൽ സ്വാധീനം ചെലുത്തുക. കായികമായ വിനോദങ്ങളും ബന്ധങ്ങളും അതിൽ സുപ്രധാനമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ മാത്രം വ്യാപൃതരാകുന്ന കുട്ടികൾക്ക് വിഷ്വൽ, ഓഡിറ്ററി സ്റ്റിമുലസ് (ദൃശ്യ– ശ്രാവ്യ പ്രേരകങ്ങൾ) ആണ് കൂടുതലുണ്ടാകുക.

∙ പഠിപ്പിലും ടെക്നോളജിയെ സംബന്ധിച്ച അറിവിലുമൊക്കെ ഇവർ മിടുക്കന്മാരാകും. പക്ഷേ, ഹോസ്റ്റലിൽ സുഹൃത്തുമായി റൂം ഷെയർ ചെയ്യുമ്പോഴോ ടീച്ചർ വഴക്കു പറയുമ്പോഴോ കുട്ടി പെട്ടെന്ന് ഡിപ്രഷനിലാകും. മറ്റുള്ളവരോട് ഇടപെടാനോ പരാജയങ്ങളെ നേരിടാനോ കുട്ടിക്ക് അറിയാത്തതാണ് ഇതിനു കാരണം.

∙ അതിഥികളോട് മിണ്ടാൻ കുട്ടിയെ പ്രേരിപ്പിക്കേണ്ടത് ടീനേജിലല്ല, ചെറിയ പ്രായത്തിൽ തന്നെ ഇതിന് അവസരമുണ്ടാക്കണം. മക്കളെ കൂട്ടി ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കാം.ബെർത്ഡേ പാർട്ടിയും മറ്റും സംഘടിപ്പിക്കുന്നതും നല്ലതാണ്.

തുടക്കം മുതലേ കരുതൽ

teenage2

മിക്ക ടീനേജ് പ്രശ്നങ്ങളുടെയും തുടക്കം കുട്ടിയുടെ ബാല്യത്തിൽ തന്നെയാകും. എല്ലാ കാര്യത്തിലും നിയന്ത്രണവും നിബന്ധനകളും വച്ചിരുന്ന പഴയ പേരന്റിങ് ശൈലിക്ക് ഇന്ന് വളരെ മാറ്റം വന്നു. കുട്ടിയുടെ എന്ത് ആഗ്രഹവും സാധിച്ചുകൊടുക്കാൻ മാതാപിതാക്കൾ മത്സരിക്കുകയാണ്. ഈ ശൈലിയും ഒരർഥത്തിൽ തെറ്റാണ്. ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതിനൊപ്പം കുറച്ച് നിയന്ത്രണങ്ങളും വയ്ക്കണം. മക്കളുടെ ഇഷ്ടത്തിന് വീട്ടുകാര്യങ്ങൾ പോലും ചെയ്യുന്ന രീതി നന്നല്ല.

∙ കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും കുട്ടികളെ പഠിപ്പിക്കുന്നത് സ്വഭാവരൂപീകരണത്തിന്റെ ആദ്യപടിയാണ്. ഇതിലൂടെ ചിട്ടകളോടെയുള്ള ജീവിതം കുട്ടി പഠിച്ചുതുടങ്ങും.

∙ ക്ലാസിൽ മിക്കവാറും ബുക്ക് മറന്നുവച്ചിട്ട് വരും, അടങ്ങിയിരിക്കുന്നേയില്ല എന്നിവയൊക്കെ കുട്ടിയെക്കുറിച്ചുള്ള സ്ഥിരം പരാതിയാണോ? ശ്രദ്ധക്കുറവാണ് ഇതിനു കാരണം. ടീനേജിലെ ദേഷ്യത്തിനു കാരണം മിക്കപ്പോഴും ഈ ശ്രദ്ധക്കുറവാണ്.

∙ ചെറിയ കുട്ടികളിൽ 5–7 ശതമാനം പേർക്കേ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ തിരിച്ചറിയപ്പെടുന്നുള്ളൂ. തിരിച്ചറിയപ്പെടാതെ പോകുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡറാണ് ടീനേജിൽ കുട്ടികൾ എടുത്തുചാടി പ്രതികരിക്കുന്നതിനു കാരണം.

∙ കാര്യങ്ങളെ ഇമോഷനലായി മാത്രം സമീപിക്കാതെ ലോജിക്കലായി എങ്ങനെ കാണാമെന്നു പഠിപ്പിക്കാം. പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ എങ്ങനെ കുറഞ്ഞുവെന്നു പരിശോധിക്കാനും അടുത്ത തവണ അത് പരിഹരിക്കാനും കുട്ടിയെ സഹായിച്ചോളൂ. കുട്ടി മികച്ച റിസൽറ്റ് നേടും.

ടീനേജ് പ്രണയത്തെ അറിയാം

ടീനേജ് പ്രായത്തിലുള്ള മകനോ മകൾക്കോ പ്രണയമുണ്ടെന്നറിഞ്ഞാൽ തല്ലാനും എടുത്തുചാടി പ്രതികരിക്കാനും നിൽക്കരുത്. ‘നീയെന്റെ മകളല്ല’ എന്നതുപോലുള്ള സിനിമാ ഡയലോഗുകളും വേണ്ട. കുട്ടികളും എടുത്തുചാടി പ്രതികരിക്കും എന്നോർത്തു വേണം ഇതിനെ നേരിടാൻ.

∙ പുറത്തുവിടാതെ പൂട്ടിയിടുന്നതും ഫോണും മറ്റും വാങ്ങിവയ്ക്കുന്നതും ശരിയല്ലെന്നു പറയാറുണ്ടെങ്കിലും സംശയം തോന്നിയാൽ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രഹസ്യമായി കുട്ടിയുടെ ബാഗും മറ്റും പരിശോധിക്കാം, ഫോൺ സംഭാഷണങ്ങൾ ശ്രദ്ധിക്കാം. അപകടങ്ങളിലേക്ക് കുട്ടി പോകാതെ തടയാനാണ് ഇങ്ങനെ ചെയ്യുന്നത്.

∙ സംയമനം വിടാതെയുള്ള സംസാരമാണ് ഏറ്റവും നല്ലത്. മാതാപിതാക്കളുടെ കരുതൽ കുട്ടിക്ക് മനസ്സിലാകണം. അതിലും വലിയ കരുതലിലേക്ക് അവരെ വിടുമെന്നും അതിനുള്ള പ്രായം ഇതല്ലെന്നും പറഞ്ഞു മനസ്സിലാക്കണം.

∙ നിങ്ങളോ കുട്ടിക്ക് വളരെ അടുപ്പമുള്ള ബന്ധുവോ ഇതിനെപ്പറ്റി സംസാരിക്കുന്നതാണ് നല്ലത്. കൂടുതൽ പേരെ വിവരമറിയിക്കുന്നതും ബഹളം വച്ചോ കരഞ്ഞോ പ്രതികരിക്കുന്നതും കുട്ടിയെ സംഘർഷത്തിലാക്കും.

∙ സംസാരിച്ചുകഴിഞ്ഞാൽ കുട്ടിയുടെ വിഷമവും പ്രയാസവും അടങ്ങാൻ വേണ്ട സമയം കൊടുക്കണം. എങ്കിലേ കുട്ടിക്ക് ശരിതെറ്റുകളെ കുറിച്ച് ആലോചിക്കാനുള്ള സമയം കിട്ടൂ.

നോ പറയാൻ പഠിപ്പിക്കാം

സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ കുട്ടിയെ പഠിപ്പിക്കണം. മറ്റുള്ളവർ എങ്ങനെ ചിന്തിക്കും എന്നോർത്ത് ടെൻഷൻ വേണ്ട. പലപ്പോഴും ‘നോ’ പറയാൻ കുട്ടികൾ മടിക്കുന്നതും ഈ ടെൻഷൻ കാരണമാണ്.

∙ അതിർത്തികൾ നിശ്ചയിക്കുമ്പോൾ അതിന്റെ കാരണം കൂടി മക്കൾക്ക് പറഞ്ഞുകൊടുക്കണം. വേലി കെട്ടുന്നത് പൂവ് ഓടിപ്പോകുമെന്ന് പേടിച്ചല്ല, പൂന്തോട്ടത്തിലേക്ക് പുറത്തുനിന്ന് ആരും വരാതിരിക്കാനാണ് എന്നു പറയണം.

∙ അച്ഛൻ, അമ്മ, മറ്റ് കുടുംബാംഗങ്ങള്‍, ബന്ധുക്കൾ എന്നിവർ ചേർന്ന ഇന്റിമേറ്റ് സർക്കിൾ ഓരോരുത്തർക്കുമുണ്ടാകും. ഈ സർക്കിളിൽ ആരെയൊക്കെ പ്രവേശിപ്പിക്കണം എന്നു തീരുമാനിക്കുന്നത് നിങ്ങൾ തന്നെയാണ്.

∙ മുഖഭാവത്തിലൂടെയോ ചിരിയിലൂടെയോ അനുവാദം നൽകുമ്പോഴാണ് നിങ്ങളുടെ ഇന്റിമേറ്റ് സർക്കിളിലേക്ക് പുറത്തുനിന്നൊരാൾ വരുന്നത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഈ അനുവാദം കൊടുക്കാതിരിക്കാനും നമുക്കാകും.

∙ അതിർത്തി നിശ്ചയിക്കുമ്പോൾ പുറത്തുനിൽക്കുന്നവർ സ്വാഭാവികമായും അസ്വസ്ഥരാകും. ഇതിന്റെ പ്രതികരണമായാണ് നിങ്ങളെ അഹങ്കാരിയെന്നോ മറ്റോ അവർ വിളിക്കുന്നത്. അതോർത്ത് വിഷമിക്കേണ്ട, നിങ്ങളുടെ ആത്മവിശ്വാസമാണ് നിങ്ങളെക്കൊണ്ട് ‘നോ’ പറയിച്ചത്.

∙ മറ്റുള്ളവർ എന്തുകരുതും എന്ന ചിന്തയില്ലാതെ തന്നെ ഇഷ്ടമില്ലാത്ത കാര്യങ്ങളോട് ‘നോ’ പറയണം. അതിൽ കുറ്റബോധത്തിന്റെ ആവശ്യമില്ല. ശാന്തമായും ബഹുമാനത്തോടെയും വിശ്വാസത്തോടെയും വേണം ‘നോ’ പറയാൻ.

ലഹരിയും ടീനേജും

ലഹരിമരുന്നുകൾ നാട്ടിൻപുറങ്ങളിൽ പോലും സുലഭമായതോടെ ടീനേജുകാരുടെ മാതാപിതാക്കൾ ആശങ്കയിലാണ്.

∙ പുതിയ ലഹരികളെ പരിചയപ്പെടാനുള്ള പ്രവണത കൂടുന്ന പ്രായമാണ് ടീനേജ്. സ്റ്റാറ്റസിനു വേണ്ടിയും സുഹൃത്തുക്കളെ അനുകരിച്ചും ഇതിലേക്ക് ഇറങ്ങുന്നവരാണ് മിക്കവരും.

∙ മക്കൾ ലഹരി ഉപയോഗിക്കുന്നു എന്നറിഞ്ഞാൽ പൊട്ടിത്തെറിക്കുകയോ കരഞ്ഞു ബഹളമുണ്ടാക്കുകയോ ചെയ്യരുത്. സംയമനത്തോടെ വേണം കാര്യങ്ങളെ സമീപിക്കാൻ.

∙ കുട്ടിയോട് തുറന്നു സംസാരിക്കുക. പ്രശ്നം കുട്ടിയുടേത് മാത്രമാണെന്ന മുൻധാരണ വേണ്ട. കുടുംബത്തിൽ ഉള്ള ഒരു പ്രശ്നത്തോടുള്ള കുട്ടിയുടെ പ്രതികരണമാകാം ഇത്. കാരണം കണ്ടെത്താൻ സ്നേഹപൂർണമായ ഇടപെടൽ വേണം. അതിനു ശേഷം പരിഹാരത്തെക്കുറിച്ച് ചിന്തിക്കാം.

∙ അച്ഛനമ്മമാരെ അടുത്തു കിട്ടാത്തതു മുതൽ പരീക്ഷയി ൽ മാർക്കു കുറഞ്ഞത് വരെയുള്ള കാരണങ്ങളുണ്ടാകും കുട്ടിയുടെ പുതിയ ശീലത്തിനു പിന്നിൽ. ഓരോ കാരണത്തിനും പരിഹാരം കാണാൻ വീട്ടുകാർ ഒറ്റക്കെട്ടായി നിൽക്കണം.

∙ എല്ലാത്തിലും പ്രശ്നം കാണാൻ നിൽക്കാതെ പൊസിറ്റീവായ കാര്യങ്ങളും നോക്കണം. കുട്ടിയുടെ ശരികളെ പ്രോത്സാഹിപ്പിക്കണം. എങ്കിലേ തെറ്റു തിരുത്താൻ അവർക്ക് മനസ്സുവരൂ.

ലൈംഗികപാഠങ്ങൾ നൽകണം

സ്വന്തം ശരീരത്തിന്റെ വളർച്ചയും അനുബന്ധിച്ചുണ്ടാകുന്ന ഉത്കണ്ഠകളും നേരിടാൻ ടീനേജുകാരെ പഠിപ്പിക്കേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. മകൾക്ക് അമ്മയും മകന് അച്ഛനും കാര്യങ്ങൾ പറഞ്ഞുകൊടുക്കണം.

∙ ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിച്ചു കൊടുക്കണം. നിങ്ങൾ മറുപടി പറഞ്ഞില്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കുമെന്ന് ഓർക്കുക. വീണ്ടും സംശയം വന്നാൽ നിങ്ങളോടു തന്നെ ചോദിക്കുന്ന തരത്തിലാകണം സംസാരം അവസാനിപ്പിക്കാൻ.

∙ നൽകേണ്ട വിവരങ്ങളെ കുറിച്ച് ധാരണ വേണം. എതിർലിംഗത്തിൽ പെട്ടവരോടു തോന്നുന്ന ആകർഷണം മുതൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുൽപാദന വ്യവസ്ഥയെക്കുറിച്ചു വരെ വിവരങ്ങൾ നൽകാം.

∙ സംസാരിക്കുമ്പോൾ യഥാർഥ പദങ്ങൾക്ക് പകരം മറ്റുവാക്കുകൾ ഉപയോഗിക്കുന്നത് ശരിയല്ല. അത്തരം ശൈലി ഉപയോഗിച്ച് മക്കളോട് സംസാരിക്കാനും പാടില്ല.

∙ലൈംഗികകാര്യങ്ങൾ പരീക്ഷിക്കുന്നതിനുള്ള സുഹൃത്തുക്കളുടെ സമ്മർദത്തെ അതിജീവിക്കാൻ പഠിപ്പിക്കണം. ലൈംഗികതയില്ലാത്ത അടുപ്പത്തെക്കുറിച്ചും വിവാഹത്തിനു ശേഷമാണ് ലൈംഗികബന്ധം നല്ലതെന്നും പറയാം.

∙ ടീനേജിന്റെ ലൈംഗികമനസ്സിനെ അതേ രീതിയിൽ തന്നെ മാതാപിതാക്കളും എടുക്കണം. കുട്ടിയുടെ മുറിയിൽ അശ്ലീല മാഗസിനുകളോ ഫോണിൽ വിഡിയോയോ കണ്ടാൽ വലിയ തെറ്റാണെന്ന രീതിയിൽ പെരുമാറുന്നത് കുട്ടിയുടെ ലൈംഗിക ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാം.

∙ മകനോ മകളോ ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നു സൂചന ലഭിച്ചാൽ സംയമനത്തോടെ കൈകാര്യം ചെയ്യണം. കുടുംബത്തിന്റെ മാനം കളഞ്ഞു എന്ന കുറ്റപ്പെടുത്തൽ പാടില്ല. വേണമെങ്കിൽ മനഃശാസ്ത്രജ്ഞന്റെ സഹായം തേടാം. പക്ഷേ, കൗൺസലിങ് ഈ വാക്ക് തന്നെ നെഗറ്റീവായേ കുട്ടി കാണൂ. കുട്ടി പറയുന്ന വാദങ്ങളിൽ നിന്ന് പ്രശ്നത്തെ വിശകലനം ചെയ്യുന്ന രീതിയിലേ പ്രശ്നത്തെ സമീപിക്കാവൂ.

സോഷ്യൽ മീഡിയയും വില്ലൻ

179763931

∙ സോഷ്യൽ മീഡിയയുടെ ലോകത്ത് ജീവിക്കുകയും പരിസരത്തെ കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന മക്കളെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. പെട്ടെന്ന് ഇന്റർനെറ്റും മറ്റും കട്ട് ചെയ്യുന്നത് ഇവരെ പ്രകോപിപ്പിക്കും.

∙ കംപ്യൂട്ടറും ടിവിയും മാത്രം കൂട്ടുകാരായ കുട്ടികൾ പുറത്തു പോയി കളിക്കാനോ കൂട്ടുകൂടാനോ പഠിക്കില്ല. വളർന്നു വരുമ്പോൾ പുതിയ കൂട്ടുകാരുമായി ചങ്ങാത്തം കൂടാനും അതിഥികളോട് ഇടപെടാനും അവനു മടി തോന്നുന്നത് ഇതുകൊണ്ടാണ്. സോഷ്യൽ ഡിസ്കണക്‌ഷൻ സിൻഡ്രോം എന്നാണ് ഇത് അറിയപ്പെടുന്നത്.

∙ എടിഎം കാർഡ് പോലുള്ളവ മക്കളെ കൊണ്ട് കൈകാര്യം ചെയ്യിക്കുന്നത് മിക്കവരുടെയും പതിവാണ്. ഇത് പാടില്ല. പോക്കറ്റ് മണി എന്തിനൊക്കെ ഉപയോഗിക്കുന്നു എന്ന് കൃത്യമായി നിരീക്ഷിക്കണം. ഓൺലൈൻ സംശയങ്ങൾ മക്കളോടു ചോദിക്കുന്നതും നല്ല രീതിയല്ല. നമ്മുടെ അജ്ഞാനം അവർ മുതലെടുത്തേക്കും.

 

വിവരങ്ങൾക്ക് കടപ്പാട്– ഡോ. ജസീം കെ, ലക്ചറർ, ക്ലിനിക്കൽ സൈക്കോളജി, ഇംഹാൻസ്, കോഴിക്കോട്.

ഡോ. വർഗീസ് പുന്നൂസ്, പ്രഫസർ, സെക്കോളജി വിഭാഗം, ഗവ. മെഡിക്കൽ കോളജ്, കോട്ടയം