Saturday 27 January 2024 10:05 AM IST : By സായ്കൃഷ്ണ ആർ.പി

ഉപദേശിച്ചിട്ടും ശാസിച്ചിട്ടും ഫലമില്ല, കടം കയറിയിട്ടും ഭാഗ്യപരീക്ഷണം; 45 വർഷത്തിനിടെ ലോട്ടറിയെടുത്തത് കോടിക്കണക്കിന് രൂപയ്ക്ക്!

ibrahim-lottery

അടച്ചുറപ്പുളള നല്ലൊരു വീട്, പിന്നിലെ തൊഴുത്ത് നിറയെ പശുക്കൾ‌, കൈ നിറയെ പണം... ഇതെല്ലാം സ്വപ്‍നം കണ്ട് കോട്ടയം വായ്പൂര് കണ്ണങ്കര ലക്ഷംവീട് കോളനിയിൽ ഇബ്രാഹിം റാവുത്തർ ലോട്ടറിയെടുക്കാൻ തുടങ്ങിയിട്ട് വർഷം 45 കഴിഞ്ഞു. ഒരു പുരുഷായുസിൽ സമ്പാദിച്ച പണം മുഴുവൻ ലോട്ടറിയെടുത്ത് ജീവിതം വഴിമുട്ടിയ ഈ അറുപത്തിയഞ്ചുകാരന് പറയാൻ ബാക്കിയുളളത് നഷ്ടങ്ങളുടെ കഥ മാത്രമാണ്. ഇതുവരെ കോടിക്കണക്കിന് രൂപയ്ക്കാണ് ലോട്ടറിയെടുത്തത്. ജീവിതം രക്ഷപ്പെടാൻ വേണ്ടിയെടുത്ത ലോട്ടറികളെല്ലാം നിധിപോലെ ചെറിയ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ലോട്ടറിയാണ് ഇബ്രഹാമിന്റെ മെത്ത. അതിലാണ് കിടന്നുറക്കം. വീട്ടുകാരും നാട്ടുകാരുമെല്ലാം ഉപദേശിച്ചിട്ടും ശാസിച്ചിട്ടും തലയിൽ കയറാതെ കിട്ടിയ പണമെല്ലാം ലോട്ടറിയെടുത്ത ഭാഗ്യാന്വേഷി.

പത്തൊമ്പതാം വയസിലാണ് ആദ്യമായി ലോട്ടറിയെടുത്തത്. കേരള ലോട്ടറിക്ക് പുറമെ സിക്കിം, മയിൽ, കുയിൽ, സിംഗം, ഭൂട്ടാൻ ഡാറ്റ, സൂപ്പർ സിറ്റി എന്നീ അന്യസംസ്ഥാന ലോട്ടറികളും പലതവണയെടുത്തു. ആദ്യകാലത്ത് 5000, 10000 രൂപയൊക്കെ ലോട്ടറിയടിച്ച് തുടങ്ങിയപ്പോൾ എടുക്കുന്ന ലോട്ടറികളുടെ എണ്ണവും കൂടി. ഓട്ടോറിക്ഷ ഓടിക്കലും അടയ്ക്ക കച്ചവടവുമാണ് വരുമാന മാർഗം. ദിവസേന 12 ടിക്കറ്റൊക്കെ എടുക്കും. കുറഞ്ഞത് 500 രൂപയെങ്കിലും ലോട്ടറിയെടുക്കാന്‍ ഒരു ദിവസം ചെലവഴിക്കും.

അടയ്ക്ക കച്ചവടം തകൃതിയായി നടന്നിരുന്ന സമയത്ത് ദിനംപ്രതി 3300 രൂപയ്ക്ക് മുകളിൽ ടിക്കറ്റുകൾ എടുത്തിരുന്നു. 12 വർഷങ്ങൾക്കു മുമ്പ് അഞ്ച് ചാക്ക് ലോട്ടറിയാണ് ഭാര്യ കത്തിച്ചുകളഞ്ഞത്. ഇബ്രാഹിം ലോട്ടറിയെടുപ്പ് കടുപ്പിച്ചതോടെ ഭാര്യ പാത്തുമ്മ ബീവി വരുമാന മാർഗം കണ്ടെത്തുന്നതിനായി രണ്ടുവീതം പശുക്കളെയും ആടിനെയും നാല് കാളക്കിടങ്ങളെയും കേരള ബാങ്കിൽ നിന്നും വായ്പയെടുത്ത് വാങ്ങിച്ചെങ്കിലും പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് ഇവ ചത്തു. ഇതിന്റെ പേരില്‍ ഒന്നരലക്ഷം രൂപ കടമുണ്ട്. ബാങ്കിലെ ബാധ്യത തീർ‌ക്കാൻ നാടുവിട്ട് മലപ്പുറത്ത് ഹോം നേഴ്സായി ജോലി നോക്കുകയാണ് ഭാര്യ. പാത്തുമ്മയ്ക്ക് കുടുംബവീതമായി കിട്ടിയ 17 സെന്റ് സ്ഥലം വിറ്റാണ് രണ്ട് പെൺമക്കളുടെ കല്യാണം നടത്തിയത്.

ഭാര്യയും കുടുംബാംഗങ്ങളും ഇബ്രാഹിം ലോട്ടറി എടുക്കുന്നതിന് എതിരാണെങ്കിലും ഒന്നാം സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ലോട്ടറി വാങ്ങൽ തുടരുകയാണ് ഇദ്ദേഹം. കച്ചവടക്കാരെ പോലെ ദിവസവും ലോട്ടറിഫലത്തിന്റെ കോപ്പിയെടുത്തു സൂക്ഷിക്കാറുണ്ട്. ബംബർ തുക ലഭിച്ചാൽ പോലും താൻ ഇതുവരെ എടുത്ത ലോട്ടറിയുടെ കണക്ക് നോക്കിയാൽ കിട്ടുന്ന തുക ഒന്നുമല്ലെന്നാണ് ഇബ്രാഹിം പറയുന്നത്. കാശ് കിട്ടാതെയാകുമ്പോൾ വിഷമം തോന്നാറുണ്ട്. വിഷമിച്ചിട്ടും പ്രയോജനമില്ലെന്ന് അറിയാം. ഇന്ന് അടിക്കും നാളെയടിക്കും എന്ന പ്രതീക്ഷയിലാണ് ലോട്ടറിയെടുക്കുന്നതെന്നും ഇബ്രാഹിം പറഞ്ഞു.

Tags:
  • Spotlight