Thursday 16 December 2021 03:13 PM IST : By സ്വന്തം ലേഖകൻ

നെഞ്ചുപിടഞ്ഞ് സീന ആ പതാക ഏറ്റുവാങ്ങി, 14 ദിവസത്തെ സർവീസ് ബാക്കിയാക്കി അനീഷ് ജോസഫ് പോയി: തോരാകണ്ണീർ

aneesh-joseph

കശ്മീരിലെ ബാരാമുള്ളയിൽ തീപിടിച്ച ടെന്റിൽ നിന്ന് വീണുമരിച്ച ബിഎസ്എഫ് ജവാൻ കൊച്ചുകാമാക്ഷി വടുതലക്കുന്നേൽ അനീഷ് ജോസഫിന് ജന്മനാടിന്റെ യാത്രാമൊഴി. കശ്മീരിൽ ടെന്റിൽ നിന്നു വീണുമരിച്ച ബിഎസ്എഫ് ജവാൻ അനീഷ് ജോസഫിന്റെ സംസ്കാരം നടത്തി.

14 ദിവസത്തെ സർവീസ് ബാക്കിയാക്കി അനീഷ് ജോസഫ് ഇടുക്കി കൊച്ചുകാമാക്ഷിയിലെ വീട്ടിലേക്കു തിരിച്ചെത്തിയപ്പോൾ നാട് കണ്ണീരണിഞ്ഞു. കശ്മീരിലെ ബാരാമുള്ളയിൽ ഡ്യൂട്ടിക്കിടെ തീപിടിച്ച ടെന്റിൽ നിന്നു വീണുമരിച്ച ബിഎസ്എഫ് ജവാൻ കൊച്ചുകാമാക്ഷി വടുതലക്കുന്നേൽ അനീഷ് ജോസഫിനു (44) ജന്മനാടിന്റെ യാത്രാമൊഴി. ബിഎസ്എഫ് തൃശൂർ 88 ബറ്റാലിയന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. ഭൗതികശരീരത്തിൽ പുതപ്പിച്ച ദേശീയപതാക ബിഎസ്എഫ് തൃശൂർ 88 ബറ്റാലിയൻ ഇൻസ്പെക്ടർ അബനി മല്ലിക്ക് അനീഷ് ജോസഫിന്റെ ഭാര്യ സീനയ്ക്കു കൈമാറി. ഈ മാസം 28നാണ് അനീഷ് സേനയിൽ നിന്ന് വിരമിക്കാനിരുന്നത്.

കശ്മീരിൽ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാൻ അനീഷ് ജോസഫിനു അന്തിമോപചാരം അർപ്പിച്ച ശേഷം ഭൗതിക ശരീരത്തിൽ പുതപ്പിച്ച ദേശീയപതാക ബിഎസ്എഫ് തൃശൂർ ബറ്റാലിയൻ ഇൻസ്പെക്ടർ അബനി മലിക്, അനീഷിന്റെ ഭാര്യ സീന ഏബ്രഹാമിനു നൽകുന്നു.

ബിഎസ്എഫ് 63 ബറ്റാലിയൻ അംഗമായ അനീഷ് അതിർത്തിയിലെ ബിഎസ്എഫ് - കരസേന സംയുക്ത നിരീക്ഷണ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ 15 അടി ഉയരമുള്ള ഒറ്റയാൾ ടെന്റിൽ നിന്നു വീണാണ് മരിച്ചത്. മഞ്ഞുകാലത്ത് ഗ്ലാസ് ക്യാബിനുള്ളിൽ ചൂടു കിട്ടാൻ വേണ്ടി ഉപയോഗിക്കുന്ന ഹീറ്റർ പൊട്ടിത്തെറിച്ചു തീ പടർന്നപ്പോൾ താഴേക്കു ചാടിയ അനീഷ് വീഴ്ചയുടെ ആഘാതത്തിൽ മരിച്ചെന്നാണു നിഗമനം. സംഭവത്തിൽ ബിഎസ്എഫും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 9 ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

പൊലീസിന്റെയും ബിഎസ്എഫ് സൈനികരുടെയും അകമ്പടിയോടെ ഭൗതികശരീരം വീട്ടിലെത്തിച്ചു. വീട്ടിലെ പൊതുദർശനത്തിനു ശേഷം സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കാരം നടത്തി. മാർ. ജോൺ നെല്ലിക്കുന്നേൽ കാർമികത്വം വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, കലക്ടർ ഷീബ ജോർജ്, എം.എം.മണി എംഎൽഎ, മുൻ ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി കല്ലാർ, ജില്ലാ പഞ്ചായത്ത്‌ അംഗം പ്രഫ. എം.ജെ. ജേക്കബ്, ബിഎസ്എഫ് ഇൻസ്പെക്ടർ എം.സോണൽ, ഹെഡ് കോബ്സ്റ്റബിൾ കിഷൻ കുമാർ, സിആർപിഎഫ് ഗാന്ധിനഗർ ഗ്രൂപ്പ് സെന്റർ അസിസ്റ്റന്റ് കമൻഡാന്റ് ബിന്ദു മാത്യു,

കോൺസ്റ്റബിൾ മനിൽ മാത്യു, അസിസ്റ്റന്റ് കമൻഡാന്റ് ജൂലി ഡാനിയൽ, ഷീജ മാത്യു എന്നിവരടക്കം വിവിധ സേനാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു. ഇടുക്കി കാമാക്ഷി വടുതലക്കുന്നേൽ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും മകനാണ്. ഗാന്ധിനഗർ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ആയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി സീന ഏബ്രഹാമാണ് ഭാര്യ. ആറാം ക്ലാസ് വിദ്യാർഥിനി അലോണ മരിയ, പ്ലസ് വൺ വിദ്യാർഥിനി എലന മരിയ എന്നിവർ മക്കളാണ്.

More