കോതമംഗലത്ത് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധം കുടുംബത്തിന്റെ അനുമതിയോടെ അല്ലെന്ന് ഇന്ദിരയുടെ സഹോദരന്‍ സുരേഷ്. വിഷയം രാഷ്ട്രീയവല്‍ക്കരിച്ചതിനോട് യോജിപ്പില്ല. പ്രതിഷേധത്തോട് യോജിപ്പില്ലെന്നും മൃതദേഹം വിട്ടുകിട്ടണമെന്ന് ജില്ലാ കലക്ടറോട് കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതേത്തുടര്‍ന്നായിരുന്നു പൊലീസ് നടപടിയെന്നും സുരേഷ് പറഞ്ഞു.
അതേസമയം, കോതമംഗലത്തെ പൊലീസ് നടപടിയില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോതമംഗലത്തെത്തി മാത്യു കുഴല്‍നാടന്‍റെയും എല്‍ദോസ് കുന്നപ്പള്ളിയുടെയും ഉപവാസത്തില്‍ പങ്കുചേരും. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചിനും ആഹ്വാനമുണ്ട്.
ഇന്നലെ കോതമംഗലത്തെ സമരപ്പന്തലില്‍ നിന്ന് മാത്യു കുഴല്‍നാടനെയും അടുത്ത ചായക്കടയില്‍ നിന്ന എറണാകുള ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെയും പൊലീസ് ബലമായി അറസ്റ്റ് ചെയ്തിരുന്നു. രാത്രിതന്നെ ഇരുവരേയും കോതമംഗലത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തെങ്കിലും മജിസ്ട്രേറ്റ് ഇരുവര്‍ക്കും ഇടക്കാല ജാമ്യം നല്‍കിയിരുന്നു.