Wednesday 21 November 2018 10:44 AM IST : By സ്വന്തം ലേഖകൻ

‘കറുത്ത അടിവസ്ത്രം ധരിച്ചാൽ കാൻസർ, അണുബാധ’; സത്യവും മിഥ്യയും വ്യക്തമാക്കി ഡോക്ടറുടെ കുറിപ്പ്

inners

വൃത്തിയുള്ള അടിവസ്ത്രങ്ങൾ നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് യുവഡോക്ടർ ഷിനു ശ്യാമളൻ. ദിവസവും അടിവസ്ത്രങ്ങൾ മാറുന്നതും അവ വൃത്തിയോടെ തന്നെ ധരിക്കുന്നതും നിരവധി ആരോഗ്യ പ്രശ്നങ്ങനളിൽ നിന്നും നമ്മെ കാക്കുമെന്ന് ഡോക്ടർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. അടിവസ്ത്രത്തിൽ നനവ് നിന്നാൽ രോഗാണുക്കൾ മൂലം അസുഖങ്ങൾ വരാം. ചൊറിച്ചിൽ, പൂപ്പൽ, പഴുപ്പ് ഇവ വരാൻ സാധ്യതയേറും. അതു പോലെ തന്നെ ഇറുക്കവും മുറുക്കവുമുള്ള അടിവസ്ത്രങ്ങൾ ടെസ്റ്റീസിലെ താപനില കൂടി, ബീജം ഉണ്ടാകുന്നതിനും, അവയുടെ പ്രവർത്തനത്തെയും ബാധിക്കാമെന്നും ഡോക്ടർ കുറിപ്പിൽ പറയുന്നു.

ഡോക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

വസ്ത്രങ്ങൾ വെയിലത്തിട്ട് ഉണക്കുകയും അടിവസ്ത്രങ്ങൾ മുറിയുടെ ഒരു മൂലയ്ക്ക് വെയിലു തട്ടാതെ, ആരും കാണാതെ പലരും ഉണക്കുന്നതും നാം കാണാറുണ്ട്.

രോഗാണുക്കൾ നശിക്കുവാൻ സൂര്യ രശ്മികൾ നല്ലതാണ്. മുറിയിലും മറ്റുമിട്ട് വെയിലടിക്കാതെ ഉണക്കിയാൽ നനവ് നിന്ന് അണുക്കൾ നശിക്കാതെ സ്വകാര്യ ഭാഗങ്ങളിൽ പൂപ്പൽ അണുബാധ ഉണ്ടാകുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് അടിവസ്ത്രങ്ങളും വെയിലത്തു അയയിലിട്ടു ഉണക്കുക.

ആദ്യ കാലത്ത് മനുഷ്യൻ ഒരു തുണിയാണ് അടിവസ്ത്രമായി ഉപയോഗിച്ചിരുന്നത്. പിന്നീടത് ത്രികോണ രൂപത്തിലുള്ള തുണിയായി. പെറ്റിക്കോട്ട് പോലത്തെ വസ്ത്രം ഒരു കാലത്ത് സ്ത്രീകൾ ഉപയോഗിച്ചിരുന്നു. ഇപ്പോൾ വിവിധ തരത്തിലുള്ള അടിവസ്ത്രങ്ങൾ ലഭ്യമാണ്.

മുറുക്കമുള്ളവ കഴിവതും ഉറങ്ങുമ്പോൾ ഒഴിവാക്കുക. നിങ്ങളുടെ ബിക്കിനി ലൈനിൽ പാട് വരുന്നുണ്ടെങ്കിൽ നിങ്ങൾ മുറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാകാം.

സ്ത്രീകൾക്ക് സ്തനങ്ങൾക്ക് താഴെയായി പാട് വരുകയോ അല്ലെങ്കിൽ ബ്രായുടെ വള്ളികൾ മുറുകിയ പാടുകൾ, അല്ലെങ്കിൽ ബ്രീഫ്‌സ് ഇടുന്നത് കൊണ്ട് ബിക്കിനി ലൈനിൽ പാടുകൾ വരുന്നുണ്ടെങ്കിൽ നിങ്ങൾ ഒരുപക്ഷേ ഇറുകിയ അടിവസ്ത്രങ്ങളാകും ഉപയോഗിക്കുന്നത്.

Underwired ബ്രാ ഉപയോഗിക്കുന്ന സ്ത്രീകൾ ഇന്ന് കൂടി വരുന്നു. അവയിടുന്ന സമയത്തു സ്തനങ്ങൾക്ക് നല്ല ഷേപ്പിൽ നിർത്തുന്നു. ഏതുതരം ബ്രാ ആണെങ്കിലും സ്തനങ്ങൾക്ക് അവയിടുന്ന സമയത്തു സപ്പോർട്ട് തരുന്നു. പ്രസവത്തിന് ശേഷവും, പ്രായമേറുമ്പോഴും സ്തനങ്ങൾ തൂങ്ങുന്നതിന് ബ്രായുമായി ഒരു ബന്ധവുമില്ല.

കറുത്ത നിറത്തിലുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ക്യാൻസർ പോലെയുള്ള രോഗങ്ങൾ വരാം എന്നതിനെ കുറിച്ചു തെളിവൊന്നുമില്ല. പക്ഷെ ചൂട് കാലത്ത് കറുത്ത നിറത്തിലുള്ള അടിവസ്ത്രങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്.

ദിവസവും അടിവസ്ത്രങ്ങൾ മാറണം. നനവ് പറ്റിയാൽ ദിവസത്തിൽ രണ്ടോ മൂന്നോ തവണ അടിവസ്ത്രങ്ങൾ മാറ്റുന്നതിൽ ഒരു കുഴപ്പവുമില്ല. നനവ് നിന്നാൽ രോഗാണുക്കൾ മൂലം അസുഖങ്ങൾ വരാം. ചൊറിച്ചിൽ, പൂപ്പൽ, പഴുപ്പ് ഇവ വരാൻ സാധ്യതയേറും.

നിങ്ങൾക്ക് ആവശ്യമുള്ള സൈസിലുള്ള ബ്രാ, ബ്രീഫ്‌സ് വാങ്ങുക. ഇലാസ്റ്റിക് ഉണ്ടെന്നും പറഞ്ഞു 85 cm അളവിലുള്ള അടിവസ്ത്രം വെണ്ടൊരാൾ 75 cm വാങ്ങി ഉപയോഗിക്കുന്നത് നന്നല്ല.

കഴിവതും ഇലാസ്റ്റിക് ഉള്ള ഭാഗത്തും പുറമെ തുണി കൊണ്ട് ഇലാസ്റ്റിക് മൂടിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. അല്ലെങ്കിൽ ഇലാസ്റ്റിക് ഇല്ലാതെ തുണി കൊണ്ട് മാത്രം നിർമ്മിച്ചവയും ഇന്ന് സുലഭമായി ലഭിക്കും.

ബീജത്തിന്റെ ഉൽപ്പാദനത്തിനും, പ്രവർത്തനത്തിനും ശരീര താപനിലയേക്കാൾ കുറവ്‌ താപനില മതി. ശരീരത്തിന്റെ പുറത്തുള്ള സ്ക്രോട്ടത്തിലുള്ള ടെസ്റ്റീസിലാണ് ബീജങ്ങൾ ഉണ്ടാവുന്നത്. 37 ഡിഗ്രി ശരീര താപനിലയേക്കാൾ രണ്ടോ, മൂന്നോ ഡിഗ്രി ചൂട് കുറവാണ് ടെസ്റ്റീസിൽ.

ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു പക്ഷെ ഈ താപനിലയെ ബാധിക്കാം. അതുപോലെ മുറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു പക്ഷെ ടെസ്റ്റീസിലെ താപനില കൂടി, ബീജം ഉണ്ടാകുന്നതിനും, അവയുടെ പ്രവർത്തനത്തെയും ബാധിക്കാം. ( The United Kingdom's National Institute for Health and Clinical Excellence conducted a lifestyle study that found that wearing constrictive underwear is a greater inhibitor to sperm motility than other lifestyle choices such as consuming alcohol or smoking tobacco. Research suggests that groin constriction can lower sperm levels. )

എന്തായാലും ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. എന്നാലും കഴിവതും മുറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതെയിരിക്കുക.