Tuesday 09 October 2018 04:21 PM IST : By സ്വന്തം ലേഖകൻ

‘വഴുതിപ്പോയ സ്വപ്നങ്ങളെ തിരികെപ്പിടിക്കാൻ തെസ്‍രിയും ഷബാബയും’; വനിതകൾക്കായി ഈ വീട്ടമ്മമാർ തുറന്നിടുന്നു, സിവിൽ സർവ്വീസ് സ്വപ്നങ്ങളുടെ ജാലകം

thesri-shebab

സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ? അങ്ങനെ പറഞ്ഞാൽ തന്നെ, അതു സമ്മതിച്ചു തരാൻ ഷബാബയും തെസ്‍രിയും തയ്യാറായി എന്നു വരില്ല. കുടുംബവും കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിഞ്ഞു കൂടേണ്ടവരാണ് പെണ്ണുങ്ങൾ എന്ന ധാരണകളെ അടിമുടി പൊളിച്ചെഴുതുകയാണ് ഈ സ്ത്രീരത്നങ്ങൾ.

വിവാഹത്തോടെ പാതിവഴിക്കൽ നിന്നു പോയ സിവിൽ സർവ്വീസ് സ്വപ്നങ്ങളെ പൊടിതട്ടിയെടുത്ത ഇവർ ഇന്നൊരു നാടിനു തന്നെ വിളക്കായി മാറിയിരിക്കുകയാണ്. സിവിൽ സർവ്വീസ് സ്വപ്നം ഹൃദയത്തിലേറ്റു വാങ്ങുന്നവർക്ക് വഴികാട്ടുന്ന ഇന്‍സേര്‍ച്ച് വുമണ്‍ സിവില്‍സര്‍വീസ് അക്കാദമി ആന്‍ഡ് സ്റ്റഡി ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ അമരക്കാരാണ് ഇരു വീട്ടമ്മമാരും.

ഇന്ന് വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെയുള്ള വലിയൊരു വിഭാഗം പേർ ഇൻസേർച്ചിലൂടെ സിവിൽ സർവ്വീസ് എന്ന തങ്ങളുടെ സ്വപ്നത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഷബാബയുടേയും തെസ്‍രിയുടേയും വിജയഗാഥ അടയാളപ്പെടുത്തുകയാണ് നജീബ് മൂടാടി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ.

നജീബിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

വടക്കൻപാട്ടിന്റെ മണ്ണിൽ സിവിൽ സർവ്വീസ് സ്വപ്നങ്ങളുടെ പെണ്ണിടം

തലശ്ശേരി ചൊക്ലി സ്വദേശിനി ഷബാബയും കൊയിലാണ്ടി കൊല്ലത്തെ തെസ് രി ഏളംകുന്നത്തും
കണ്ടുമുട്ടുന്നത് കോഴിക്കോട്ടെ ഗവണ്‍മെന്റ് സിവില്‍സര്‍വീസ് അക്കാദമിയിൽ വെച്ചാണ്. പഠനവും വിവാഹവും കഴിഞ്ഞ് കുട്ടികളും ആയ ശേഷമാണ് രണ്ടുപേർക്കും സിവിൽ സർവ്വീസ് മോഹമുദിച്ചത്. പരീക്ഷ എഴുതാനുള്ള
32 എന്ന പ്രായപരിധിയിലേക്ക് (OBC-35) അപ്പോഴേക്കും വലിയ ദൂരമില്ലായിരുന്നു

സിവിൽ സർവ്വീസ് പരീക്ഷക്ക് വേണ്ടി പഠിക്കുക എന്നാൽ അതി ബുദ്ധിജീവികൾക്കല്ലാതെ സാധാരണക്കാർക്ക് എളുപ്പമല്ല എന്ന ധാരണ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ മാറി. താല്പര്യമുള്ള ഒരാൾക്ക് ശ്രമിച്ചാൽ സാധ്യമാകുന്നതേയുള്ളൂ എന്ന ആത്മവിശ്വാസമുണ്ടായി. പക്ഷെ കോഴിക്കോട് വരെയുള്ള യാത്രയായിരുന്നു ദുഷ്കരം.

നാലു മണിക്ക് ക്‌ളാസ് കഴിഞ്ഞു ട്രെയിനിലോ ബസ്സിലോ മാഹിയിലെത്തി അവിടെ നിന്നും ഷബാബ ചൊക്ലിയിലെ വീട്ടിലെത്തുമ്പോൾ രാത്രി എട്ടൊമ്പതു മണിയാവും. സിവിൽ സർവ്വീസ് എന്ന സ്വപ്നവുമായി വടകരയുടെ പരിസര പ്രദേശങ്ങളിൽ നിന്ന് വരുന്ന പല പെൺകുട്ടികളുടെയും അവസ്‌ഥ ഇതായിരുന്നു. മലബാറില്‍ കോഴിക്കോട് കഴിഞ്ഞാല്‍ പിന്നെ കണ്ണൂരില്‍മാത്രമാണ് അക്കാദമിയുള്ളത്. ആണുങ്ങളെ അപേക്ഷിച്ച് യാത്രയുടെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത് സ്ത്രീകളാണ്. പ്രത്യേകിച്ചും വിവാഹിതകൾ.

ഈ കാരണം കൊണ്ടു തന്നെ മിടുക്കികളും പഠനത്തിൽ നല്ല താത്പര്യമുള്ളവരുമായ ചില കൂട്ടുകാരികൾ കോഴിക്കോട്ടെ കോച്ചിങ് പാതിവഴിയിൽ ഉപേക്ഷിച്ച അനുഭവവും ഉണ്ടായി. അതൊരു വലിയ വേദനയായിരുന്നു. അതുകൂടി ആയപ്പോഴാണ് ഇങ്ങനെ ഒരു സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനകേന്ദ്രം തലശ്ശേരിയിലോ വടകരയിലോ ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം ഷബാബ തെസ്‌രിയുമായി പങ്കുവെച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തി പരിചയമുള്ള പല സുഹൃത്തുക്കളോടും ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാൻ അഭ്യർത്ഥിച്ചെങ്കിലും അവരൊന്നും ഒട്ടും താല്പര്യം കാണിച്ചില്ല എന്ന് മാത്രമല്ല. നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് വനിതകൾക്കായി ഒരു സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം സ്വയം തുടങ്ങുന്നതിനെ കുറിച്ച് രണ്ടുപേരും ചിന്തിച്ചത്.

ബിരുദാനന്തര ബിരുദം നേടിയ ഷബാബ വിവാഹം കഴിഞ്ഞ ശേഷം കുറെ വര്‍ഷങ്ങള്‍ ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്നു. സിവില്‍ സര്‍വീസ് എന്ന മോഹവുമായി കോഴിക്കോട് ഗവണ്‍മെന്റ് സിവില്‍സര്‍വീസ് അക്കാദമിയിലെത്തിയെങ്കിലും പ്രായപരിധി കൂടുതൽ അവസരങ്ങൾക്ക് വിലങ്ങുതടിയായി. പഠനത്തിൽ മിടുക്കിയായിരുന്ന തെസ്‌രിയും മുപ്പതാം വയസ്സിലാണ് ഇവിടെ എത്തുന്നത്. തങ്ങളെപ്പോലെ ഒരുപാട് വീട്ടമ്മമാർ കഴിവുണ്ടായിട്ടും, പഠിക്കാൻ സഹചര്യമില്ലാത്തത് കൊണ്ടും സിവിൽ സർവ്വീസ് പ്രവേശന പരീക്ഷകളുടെ ചട്ടങ്ങൾ അറിയാത്തത് കൊണ്ടും ഈ വഴിയിലേക്ക് വരാതെ പോകുന്നു എന്ന് ബന്ധുക്കളും പഴയ സഹപാഠികളും ഒക്കെയുമായുള്ള സംസാരത്തിൽ നിന്ന് മനസ്സിലായി.
വനിതകൾക്കായുള്ള സിവിൽ സർവ്വീസ് പരിശീലന കേന്ദ്രമെന്ന ആശയം ഇതോടെ ഒന്നുകൂടെ ദൃഢമാവുകയായിരുന്നു.

രണ്ടുപേരും ചേർന്ന് ഇന്‍സേര്‍ച്ച് വുമണ്‍ സിവില്‍സര്‍വീസ് അക്കാദമി ആന്‍ഡ് സ്റ്റഡി ഗ്രൂപ്പ് എന്ന പേരിൽ വടകരയിൽ വനിതകൾക്കായുള്ള സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം തുടങ്ങുന്നതിന്റെ ആദ്യപടി ഇങ്ങനെയാണ്.

ഇതേ കുറിച്ച് ആദ്യം സംസാരിച്ചത് കോഴിക്കോട് സബ് കലക്ടർ വി. വിഘ്നേശ്വരിയോടാണ്. നിറഞ്ഞ പ്രോത്സാഹനവും ആവേശവുമായി കൂടെ നിന്ന അവർ തന്നെ കഴിഞ്ഞ മാസം ഇൻസേർച്ചിൽ വെച്ച് നടത്തിയ ഓറിയന്റേഷൻ ക്ലാസ്സിൽ മുഖ്യാതിഥി ആയി എത്തി. ഏറെ പ്രചാരമില്ലാതെ തന്നെ കേട്ടറിഞ്ഞെത്തിയ വിദ്യാർത്ഥിനികളെയും കുടുംബിനികളെയും കൊണ്ട് ആ സദസ്സ് നിബിഢമായിരുന്നു.
പിന്നീട് നടത്തിയ പ്രവേശന പരീക്ഷയിലും ദൂരെ ജില്ലകളിൽ നിന്ന് പോലും എത്തിയ കുടുംബിനികളുടെ സാന്നിധ്യം അമ്പരപ്പിച്ചു.

പരിശീലന ക്ലാസ്സുകളിൽ പങ്കെടുത്തത് കൊണ്ടോ പരീക്ഷ എഴുതിയത് കൊണ്ടോ മാത്രം എല്ലാവരും സിവിൽ സർവ്വീസ് രംഗത്ത് എത്തണമെന്നില്ലെങ്കിലും ഇതിനായുള്ള പഠനം ഓരോ വ്യക്തിയിലും പ്രത്യേകിച്ചും സ്ത്രീകളിൽ ഉണ്ടാക്കുന്ന മാറ്റം ചെറുതല്ല എന്നതാണ് ഷബാബയുടെയും തെസ്‌രിയുടെയും അനുഭവം.

ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ തങ്ങളുടെ കടമകളെയും അവകാശങ്ങളെയും കുറിച്ചുള്ള ശരിയായ അറിവ് നൽകുന്ന ആത്മവിശ്വാസവും ബോധ്യങ്ങളും ചെറുതല്ല. ഏതെങ്കിലും സർക്കാർ ഓഫീസുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ ചെറിയ ഒരു കാര്യങ്ങൾക്ക് വേണ്ടി പോലും പലവട്ടം കയറി ഇറങ്ങേണ്ടി വരുന്ന അനുഭവം സ്ത്രീകൾക്കാണ് ഏറെയും. നിയമങ്ങളെയും ചട്ടങ്ങളെയും ആനുകൂല്യങ്ങളെയും അവകാശങ്ങളെയും കുറിച്ചുള്ള അജ്ഞതയും, നേരിട്ടു ചെന്ന് സംസാരിക്കാനുള്ള മടിയുമാണ് പലപ്പോഴും അർഹതയുള്ള പല കാര്യങ്ങളും ലഭിക്കാതെ പോവാനുള്ള കാരണം. കാര്യങ്ങളെ കുറിച്ച് അറിവും ധാരണയുമുള്ള ഒരാൾക്ക് ഇങ്ങനെ ഒരു അവസ്‌ഥ വരില്ല. അതുപോലെ പരിസ്ഥിതിയെ കുറിച്ചും ചുറ്റുപാടിനെ കുറിച്ചും സമൂഹത്തെ കുറിച്ചുമൊക്കെയുള്ള അറിവും ചരിത്രബോധവും വർധിക്കുവാനും ഈ പരിശീലനം സഹായകമാവുന്നുണ്ട്. വീട് ഭരിക്കുന്ന കുടുംബിനികൾക്ക് നാടിനെ കുറിച്ചും സമൂഹത്തെക്കുറിച്ചും ഭരണത്തെ കുറിച്ചും നിയമങ്ങളെ കുറിച്ചുമുള്ള അറിവുകൾ ഉണ്ടാവുന്നത് വ്യക്തിപരമായി മാത്രമല്ല കുടുംബത്തിനും സമൂഹത്തിനും ഒട്ടേറെ ഗുണം ചെയ്യും. അതുപോലെ അവകാശങ്ങളെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമൊക്കെ വ്യക്തമായ ധാരണയുള്ള വനിതകൾക്ക് പ്രകൃതിയോടുള്ള കൈയേറ്റവും അഴിമതിയും അടക്കമുള്ള തിന്മകൾക്കെതിരെ ജാഗ്രതയോടെ നിലകൊള്ളാനും തലമുറകളെ തന്നെ നേർവഴിയിൽ നയിക്കാനുമാവും. കുറഞ്ഞ കാലത്തെ സിവിൽ സർവ്വീസ് പരീക്ഷക്കുള്ള പരിശീലന കാലത്തെ മുൻനിർത്തി ഷബാബയും തെസ്‌രിയും പറയുന്നു.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍വരെ ഇന്‍സേര്‍ച്ചില്‍ പഠിതാക്കളാവൻ എത്തുന്നുണ്ട്. ബിരുദം നേടാത്തവര്‍ പോലും സിവില്‍സര്‍വീസിലേക്കുള്ള വഴികളെപറ്റി അന്വേഷിക്കുന്നതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പല കാരണങ്ങളാല്‍ പഠനം പാതിയില്‍ നിലച്ചുപോയവര്‍ക്കും സ്വപ്‌നസാക്ഷാത്കാരത്തിനുള്ള വഴികാട്ടിയായി മാറും ഈ സ്ഥാപനം. ചോദ്യങ്ങള്‍ ചോദിക്കാനും സ്വന്തം കാലില്‍നില്‍ക്കാനും സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഇന്‍സേര്‍ച്ചിന്റെ ലക്ഷ്യം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, പഠനമികവ് പുലർത്തുന്നവർക്ക് സൗജന്യനിരക്കില്‍ കോഴ്സ് പൂര്‍ത്തിയാക്കാന്‍ സഹായം ചെയ്യും. വിദ്യയിലൂടെ പ്രബുദ്ധരായ സ്ത്രീ സമൂഹമെന്നതാണ് ഇന്‍സേര്‍ച്ചിലൂടെ ലക്ഷ്യം വെക്കുന്നത്.

ഒന്‍പതിലും നാലിലും പഠിക്കുന്ന രണ്ട് മക്കളാണ് ഷബാബക്ക്. തെസ്‌രിയുടെ മക്കൾ രണ്ടുപേരും ഒന്നാം ക്ലാസിലും എല്‍.കെ.ജിയിലുമായി പഠിക്കുന്നു. ഗൾഫ് പ്രവാസികളായ, ഷബാബയുടെ ഭര്‍ത്താവ് നൗഷാദിന്റെയും തെസ്‌രിയുടെ പ്രിയതമൻ ഫൗഷാദിന്റെയും നിറഞ്ഞ പ്രോത്സാഹനത്തോടൊപ്പം വീട്ടുകാരുടെ
അകമഴിഞ്ഞ പിന്തുണയുമാണ്‌ രണ്ടു പേരുടെയും ധൈര്യവും ഊർജ്ജവും.

കേരളത്തിൽ ആദ്യമായാണ് വനിതകൾക്കായി ഒരു സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന കേന്ദ്രം. ഇങ്ങനെയൊരു സ്ഥാപനത്തെ കുറിച്ചറിഞ്ഞ കടത്തനാട്ടുകാരി കൂടിയായ അദീല IAS ഉം, മലയാളികളുടെ ഉള്ളിൽ താരമായി വളർന്ന തൃശൂർ ജില്ലാ കളക്ടർ അനുപമയുമടക്കം ഈ രംഗത്തുള്ള വനിതകൾ ഏറെ പ്രോത്സാഹനമാണ് നൽകിയത്. പ്രഗത്ഭരായ അധ്യാപകരിലൂടെ തിങ്കൾ മുതൽ ശനി വരെ റെഗുലർ ക്ലാസ്സുകളും,
ഹൈസ്കൂൾ, ഹയർ സെക്കന്ററി, ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്നവർക്കുള്ള സൺ‌ഡേ ബാച്ചുമാണ് ഉദ്ദേശിക്കുന്നത്. അടുത്ത മാസം ആദ്യത്തോടെ ക്ലാസ്സുകൾ ആരംഭിക്കുന്ന ഇൻസേർച്ചിൽ വീട്ടമ്മമാരും വിദ്യാർത്ഥിനികളും അടക്കം ധാരാളം വനിതകൾ പ്രവേശനം നേടിക്കഴിഞ്ഞു. താത്പര്യമുള്ളവരെ പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുക്കുന്നത്.

പഴയ കാലത്തെ അപേക്ഷിച്ച് സ്വന്തം കഴിവുകളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും ബോധ്യമുള്ള വനിതകൾ അറിവു കൊണ്ടും കഴിവ് കൊണ്ടും സ്വന്തം സ്ഥാനം അടയാളപ്പെടുത്തുമ്പോൾ ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ഇൻസേർച്ച് ഇതിനൊരു തുടക്കമാവട്ടെ. വിവാഹവും കുടുംബജീവിതവും ഒരാളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ വളർച്ചയെ തടയുന്ന ഘടകങ്ങളല്ല എന്നു തെളിയിക്കുകയാണ് ഷബാബയും തെസ്‌രിയും ഇതിലൂടെ. വടക്കൻ പാട്ടിന്റെ മണ്ണിൽ നിന്ന് ഇനിയും കരുത്തുള്ള വനിതകൾ ഉയർന്നു വരട്ടെ.
#നജീബ്മൂടാടി