Wednesday 13 November 2019 05:56 PM IST

അംഗപരിമിതരുടെ വാട്സാപ്പ് കൂട്ടായ്മയിലൂടെ ഒരു പ്രണയ സാക്ഷാത്കാരം! ജനേഷും ദീപയും കൈപിടിച്ചത് റീജ കൊരുത്ത സ്നേഹച്ചരടിൽ

Binsha Muhammed

reeja

‘എല്ലാവരേയും പോലെ വിവാഹം കഴിച്ച് കുഞ്ഞുകുട്ടി പരാധീനതകളുമായി സ്വന്തം കാര്യവും നോക്കി നടന്നാൽ മാത്രം മതിയോ? ആകെയുള്ളൊരു ജീവിതത്തിന് എന്തെങ്കിലുമൊക്കെ അര്‍ത്ഥം വേണ്ടേ? ആവുന്നിടത്തോളം ആൺതുണയില്ലാതെ ഞാനിങ്ങനെ ഒറ്റയ്ക്കും നിവർന്നു നിൽക്കും. എന്നാലാകും വിധം പാവപ്പെട്ടവർക്ക് തണലൊരുക്കും. എന്റെ ജീവിതത്തിന്റെ ലക്ഷ്യവും അതാണ്.’

സ്വാർത്ഥതയാണ് ലോകമെന്ന് വിധിയെഴുതിയവരുടെ മുന്നിൽ നിന്ന് നാൽപ്പത്തിരണ്ടുകാരി റീജ ഇതു പറയുമ്പോൾ ഒരു വിജയിയുടെ ഭാവമായിരുന്നു മുഖത്ത്. പിന്നെ കൂട്ടിച്ചേർക്കും, ‘മറ്റുള്ളവന്റെ കണ്ണീരൊപ്പാനാണ് എന്റെ ജീവിതം...അതിൽ എനിക്ക് യാതൊരു മനഃസ്ഥാപവുമില്ല.’

ഫിസിയോ തെറപ്പിസ്റ്റും ഏറ്റുമാനൂർക്കാരിയുമായ റീജ മാത്യു വിവാഹം പോലും വേണ്ടെന്നു വച്ച് അശരണരുടെ കണ്ണീരൊപ്പാൻ ഇറങ്ങിത്തിരിച്ചിട്ട് വർഷം 10 കഴിഞ്ഞിരിക്കുന്നു. അരയ്ക്കു കീഴ്പ്പോട്ട് തളർന്ന ജനേഷും, കതിർമണ്ഡപത്തിൽ ജനേഷിന്റെ കൈപിടിച്ച ദീപയുമാണ് റീജയുടെ സ്നേഹച്ചരടിലെ ഒടുവിലത്തെ കണ്ണികൾ. ഒരു നന്മക്കല്യാണത്തിന്റെ കഥ സോഷ്യൽ മീഡിയയും ആഘോഷിച്ചതോടെയാണ് അതിനു കാരണക്കാരിയെക്കുറിച്ചും അന്വേഷണം നീണ്ടത്. അണമുറിയാതെ ഒഴുകുന്ന ആ സ്നേഹ പ്രവാഹത്തിന്റെ കഥയന്വേഷിച്ചെത്തിയപ്പോൾ റീജ പറഞ്ഞു തുടങ്ങി. ജീവിതം പോലും തുലാസിലായി പോകുമായിരുന്ന രണ്ട് പേര്‍ക്ക് പുതുജീവൻ പകർന്ന കഥ, എല്ലാത്തിനും മേലെ ദാമ്പത്യജീവിതം പോലും വേണ്ടെന്നു വച്ച് നൂറുകണക്കിന് പേർക്ക് കാവൽ വിളക്കായ കഥ.

r4

പണ്ടേക്കു പണ്ടേ ആ തീരുമാനം

പ്രായമിത്ര ആയിട്ടും വിവാഹം കഴിച്ചില്ലേ? എന്തു പറ്റി എന്നൊക്കെയുള്ള സംശയത്തിൽ പൊതിഞ്ഞ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു തുടങ്ങാം. അടക്കം പറയുന്ന മാതിരി പ്രത്യേകിച്ച് ഫ്ലാഷ് ബാക്കൊന്നും എന്റെ ജീവിതത്തിനില്ല. വിവാഹം കഴിക്കില്ലെന്നും മറ്റുള്ളളരെ സഹായിക്കാനായി ജീവിതം ഉഴിഞ്ഞു വയ്ക്കുമെന്നും ഞാൻ പണ്ടേക്കു പണ്ടേ തീരുമാനം എടുത്തതാണ്. അതിന്റെ പേരിൽ തരി പോലും എനിക്ക് ദുഖമില്ല. –റീജ പറ‍‌ഞ്ഞു തുടങ്ങുകയാണ്.

വർഷങ്ങൾക്കു മുൻപാണ്. 2009ൽ. അന്ന് ഞാൻ ബംഗളുരുവിലെ ഒരു പാലിയേറ്റീവ് കെയറിൽ ഫിസിയോ തെറപ്പിസ്റ്റായി പ്രവർത്തിക്കുകയാണ്. കാൻസർ അവസാന സ്റ്റേജിലെത്തിയവരെ ചികിത്സിച്ച് പരിപാലിക്കുന്ന സ്ഥലമാണ്. അവിടെ കണ്ട കാഴ്ചകളും ലഭിച്ച അനുഭവങ്ങളും ജീവിതം മാറ്റിമറിച്ചു. 2013ൽ കേരളത്തിലേക്കു മടങ്ങി. രോഗപീഡകളാൽ ബുദ്ധിമുട്ടുന്നവർ, വീടില്ലാത്തവർ, നിത്യരോഗികൾ, വിവാഹ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച യുവതികൾ എല്ലാം കണ്ണിലെ കണ്ണീർ കാഴ്ചകളായി. മനസു മരവിച്ചു പോയ നിമിഷങ്ങളിൽ അവർക്കായി മുന്നിട്ടിറങ്ങാൻ തീരുമാനിച്ചു. ഫിസിയോതെറപ്പിസ്റ്റ് എന്ന മേൽവിലാസത്തിനൊപ്പം ശരിക്കുമൊരു പാലിയേറ്റീവ് പ്രവർത്തകയാകുന്നത് അങ്ങനെയാണ്. 2013 മുതലാണ് കോട്ടയം ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പാലിയേറ്റീവ് ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നത്. അവിടെ ആദ്യമായി ഫിസിയോ തെറപ്പി യൂണിറ്റ് ആരംഭിക്കുമ്പോൾ ചുക്കാൻ പിടിക്കാൻ ഞാനുമുണ്ടായിരുന്നു.

r3
r3

ജനേഷിന്റെ സ്വപ്നം

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ആ കല്യാണത്തിലെ ചെക്കന്റെ പേര് ജനേഷ് എന്നാണ്. കോട്ടയം കുമരകം സ്വദേശി. ചെത്തുതൊഴിലാളിയായ ജനേഷിന്റെ ജീവിതം വീൽചെയറിലാകുന്നത് 2012ലാണ്. ഫിസിയോ തെറപ്പിസ്റ്റു കൂടിയായ എനിക്കരിലേക്ക് എത്തുമ്പോൾ അരയ്ക്കു കീഴ്പ്പോട്ട് പൂർണമായും തളർന്ന നിലയിലായിരുന്നു. ഡോക്ടർമാരായ ആശയുടേയും സാറാമ്മയുടേയും സഹായത്തോടെ ജനേഷിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനുള്ള പോരാട്ടമായിരുന്നു ഇതുവരേയും. ചലനമറ്റ ജനേഷിന്റെ ശരീരത്തെ ഭാഗികമായെങ്കിലും തിരികെ കൊണ്ടു വരാനായത് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും, ഞങ്ങളുടെ പ്രയത്നവുമാണെന്ന് അഭിമാനത്തോടെ പറയാനാകും.

ജനേഷ് ഞങ്ങളുടെ അരികിൽ ചികിത്സയ്ക്കെത്തിയ അന്നു തൊട്ട് ഇന്നു വരെ ജനേഷിന്റെ ചികിത്സയും ജീവിതവും എന്റെ കൺമുന്നിലുണ്ട്. രണ്ട് സഹോദരിമാരാണ് അയാൾക്ക്. രണ്ടു പേരെയും ഈ ചെറുപ്പക്കാരൻ തന്നെ കഷ്ടപ്പെട്ട് വിവാഹം കഴിപ്പിച്ചയച്ചു. ശേഷം സ്വന്തമായൊരു ജീവിതം സ്വപ്നം കണ്ടപ്പോഴായിരുന്നു ഈ ദുർഗതി. ജീവിത സാഹചര്യങ്ങൾ നോക്കിയാലും വലിയ ബുദ്ധിമുട്ടിലായിരുന്നു ആ കുടുംബം. അടച്ചുറപ്പുള്ളൊരു വീടു പോലുമില്ല. ജനേഷിനു വേണ്ടി ഞാനുൾപ്പെടെയുന്ന സന്നദ്ധ പ്രവർത്തകർ മുന്നിട്ടിറങ്ങുന്നത് അങ്ങനെയാണ്. വീടുപണിക്കായി ഞാൻ തന്നെ മുന്നിട്ടിറങ്ങി, സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ സ്വരൂപിച്ചു. വീടിന്റെ ഫ്ലോറിങ്ങ്, ഫർണിച്ചർ, പെയിന്റിങ് അങ്ങനെ ഓരോന്നും ഓരോരുത്തരായി ഏറ്റെടുത്തതോടെ കാര്യങ്ങൾ എളുപ്പമായി. കഴിഞ്ഞ വർഷം നവംബർ 23ന് വീടിന്റെ പാലുകാച്ചൽ ഗംഭീരമായി നടന്നു. ബാധ്യതകൾ ഒന്നൊന്നായി വഴിമാറിയപ്പോൾ വീട്ടുകാർ എന്നോട് പറഞ്ഞത് ജനേഷിനെ കൊണ്ട് ഒരു വിവാഹം കൂടി കഴിപ്പിക്കണം എന്നാണ് അതിനും ഞങ്ങൾ മുന്നിട്ടിറങ്ങി.

r2

ദീപയ്ക്ക് മിന്നുചാർത്തി ജനേഷ്

അംഗപരിമിതരുടെ ഒരുവാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് ജനേഷും ദീപയും പരിചയപ്പെടുന്നത്. മലപ്പുറം സ്വദേശിയായ ദീപയും പോളിയോ ബാധിതയാണ്. കാലിന് ചെറിയ മുടന്തുണ്ട്. ദീപയെ വിവാഹം കഴിക്കാനുള്ള ഇഷ്ടം ഞങ്ങളെ അറിയിക്കുമ്പോൾ അതിനൊപ്പം നിൽക്കാനും ഞങ്ങൾ മുന്നിട്ടിറങ്ങി. കോട്ടയം ജില്ലാ ആശുപത്രിയില്‍ വച്ച് ഒട്ടും നിനച്ചിരിക്കാതെ ഒരു പെണ്ണു കാണൽ. വിവാഹത്തിന്റെ ചെലവിനു വേണ്ടിയുള്ള ഓട്ടമായിരുന്നു പിന്നീട്. സുഹൃത്തുക്കളുടെ സഹായത്തോടെ സ്വർണവും മറ്റ് ചെലവുകളും സ്വരുക്കൂട്ടി. കൂട്ടത്തിൽ ഏറ്റവുമധികം സഹായിച്ചത് പ്രവാസി സുഹൃത്ത് സജിയാണ്. എല്ലാം ഒത്തു വന്നപ്പോൾ ഇക്കഴിഞ്ഞ നവംബർ 10ന് ശുഭമൂഹൂർത്തത്തിൽ ജനേഷ് ദീപയുടെ കഴുത്തിൽ മിന്നുചാർത്തി. ഞങ്ങൾ ഒരു നിയോഗമാണ്. ആ നിയോഗം ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നത് ദൈവം നേരിട്ടാണ് എന്നു വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം.