Friday 09 February 2024 11:16 AM IST

‘ഇളയമകന്റ വേര്‍പാടിൽ മനസു തകർന്നു, ആ വേദന മറന്നത് പാചകത്തിലൂടെ’: ഇഷ്ടവിനോദം വരുമാനമായ കഥ പറഞ്ഞ് ജാൻസി

Merly M. Eldho

Chief Sub Editor

jancy-14 ഫോട്ടോ : ഇട്ടൂപ്പ് കുര്യൻ മൂഴിയിൽ

ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ച വനിതകൾ. കാസർകോടു മുതൽ തിരുവനന്തപുരം വരെ 10 സ്ഥലങ്ങളിൽ നിന്നു തിരഞ്ഞെടുത്ത 10 ഹോം ഷെഫുമാരുടെ രുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു വനിത.

ഇഷ്ടവിനോദം വരുമാനമായി : ജാന്‍സി, കോട്ടയം

ഇഷ്ടവിനോദമായ പാചകത്തെ വരുമാനമാര്‍ഗമാക്കി മാറ്റിയ കഥയാണ് കോട്ടയത്തെ ജാന്‍സീസ് കിച്ചണ്‍ ഉടമ ജാന്‍സി പ്രിന്‍സിനു പറയാനുള്ളത്. 2001ല്‍ തുടങ്ങിയ ഹോംമെയ്ഡ് ഫൂഡ് ബിസിനസ് ഇപ്പോള്‍ ചില്ലിസ് കേറ്ററിങ് എന്ന ഔട്ട്ഡോര്‍ കേറ്ററിങ് യൂണിറ്റായി വരെ വളര്‍ന്നു.

‘‘ഇളയമകന്റ വേര്‍പാടിന്റെ ദുഃഖത്തില്‍ നിന്നു മനസ്സിനെ തിരിച്ചുവിടാനാണ് ഫൂഡ് ബിസിനസിലേക്കു ശ്രദ്ധവച്ചത്. മുന്‍പ് ഞാന്‍ തയാറാക്കിയ ഭക്ഷണം കഴിച്ചിട്ടുള്ള പ ലരും ഓര്‍ഡറുകള്‍ സ്വീകരിച്ചു ഭക്ഷണം ഉണ്ടാക്കി നല്‍കാമോ എന്നു ചോദിച്ചതും വഴിത്തിരിവായി.’’

സാധാരണ റൈസ്, കറികള്‍ എന്നിവയ്ക്കു പുറമേ മധുരവിഭവങ്ങളും കേക്കും ഫ്രോസണ്‍ ഫൂഡുകളും ഫ്രോസണ്‍ ഗ്രേവികളും റെഡി ടു കുക്ക് വെജിറ്റബിള്‍ മിക്സും അച്ചാറുകളും മസാലപ്പൊടികളും ജാന്‍സി തയാറാക്കി നല്‍കുന്നുണ്ട്. വണ്ടന്‍മേട്ടിലുള്ള സ്വന്തം തോട്ടത്തിലെ മ സാലകള്‍ ഉപയോഗിച്ചാണ് ശുദ്ധമായ മസാലപ്പൊടികള്‍ തയാറാക്കുന്നത്. ആവശ്യമനുസരിച്ചു മറ്റു കേറ്ററിങ്ങുക ള്‍ക്കു വേണ്ടി ഡിസേര്‍ട്ടുകളും ജാന്‍സി ചെയ്തു കൊടു ക്കുന്നു. ഇതിനെല്ലാം ഭര്‍ത്താവ് പ്രിന്‍സ് ജോര്‍ജിന്റെയും മക്കള്‍ റിച്ചിയുടെയും റബേക്കയുടെയും മുഴുവന്‍ സപ്പോര്‍ട്ടുമുണ്ട്.

‘‘ഹോംമെയ്ഡ് ഫൂഡുകള്‍ക്ക് ഇന്നു വലിയ വിപണനസാധ്യതയുണ്ട്. ചെറിയൊരു വിഭവമാണെങ്കില്‍ പോലും രുചികരമായി ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ വീട്ടമ്മമാര്‍ക്ക് അതിനെ നല്ലൊരു വരുമാനമാര്‍ഗമാക്കി മാറ്റാം.’’ ജാന്‍സി പറയുന്നു.

ബീഫ് കോക്കനട്ട് ഫ്രൈ

1. ബീഫ് – ഒരു കിലോ, കഷണങ്ങളാക്കിയത്

2. ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

3. എണ്ണ – അരക്കപ്പ്

4. തേങ്ങാക്കൊത്ത് – അരക്കപ്പ്

5. കടുക് – കാല്‍ ചെറിയ സ്പൂണ്‍

6. കറിവേപ്പില – രണ്ടു തണ്ട്

വെളുത്തുള്ളി – 25 ഗ്രാം, ചതച്ചത്

ഇഞ്ചി – 20 ഗ്രാം, ചതച്ചത്

7. സവാള – 100 ഗ്രാം, കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്

8. കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

ബീഫ് മസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

9. ഗരംമസാലപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

പാകം െചയ്യുന്ന വിധം

∙ ബീഫ് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വേവിച്ചു വയ്ക്കുക.

∙ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി തേങ്ങാക്കൊത്തു വറുത്തു കോരി വയ്ക്കുക.

∙ ഇതേ എണ്ണയില്‍ കടുകു പൊട്ടിച്ച ശേഷം ആ റാമത്തെ ചേരുവ വഴറ്റണം. സവാളയും ചേര്‍ത്തു വഴറ്റി ഗോള്‍ഡന്‍ ബ്രൗണ്‍നിറമാകുമ്പോള്‍ എട്ടാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.

∙ ഇതിലേക്ക് ബീഫ് വെന്ത ചാറ് അല്‍പം ചേര്‍ത്തിളക്കി പൊടികളുടെ പച്ചമണം മാറ്റണം. പിന്നീട് ബീഫും ചേര്‍ത്തിളക്കി അല്‍പസമയം അടച്ചു വച്ച ശേഷം തേങ്ങാക്കൊത്തു ചേര്‍ത്തിളക്കി ചാറു വറ്റിച്ചെടുക്കുക.

∙ ഗരംമസാലപ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്തു നന്നായിളക്കി വിളമ്പാം.