Thursday 04 January 2024 09:47 AM IST : By സ്വന്തം ലേഖകൻ

‘ലോക്കല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച; എന്നെപ്പോലും സംശയമുനയില്‍ നിര്‍ത്തി അന്വേഷണം പലവഴിക്ക് പോയി’: ജയിംസ് ജോസഫ് പറയുന്നു

jesna-ar1

ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണമെന്ന് പിതാവ് ജയിംസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല, തെളിവ് ലഭിച്ചാല്‍ തുടരന്വേഷണം ഉണ്ടാകും. ഇന്റര്‍പോളിന്‍റെയും ആധാറിന്‍റെയും സഹായത്തോടെ കൃത്യമായ അന്വേഷണം നടന്നു. ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടുണ്ടായെന്നും തന്നെയും സംശയമുനയില്‍ നിര്‍ത്തി അന്വേഷണം പലവഴിക്ക് പോയെന്നും ജയിംസ് ജോസഫ് പറഞ്ഞു.

കോട്ടയം എരുമേലിയില്‍ നിന്ന് കാണാതായ ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താനുള്ള അന്വേഷണം സി.ബി.ഐയും അവസാനിപ്പിച്ചു. ജെസ്നയ്ക്ക് എന്ത് സംഭവിച്ചൂവെന്നതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടില്‍ കോടതിയുടെ തീരുമാനം നിര്‍ണായകമാകും.

ജെസ്ന എവിടെയെന്ന് കേരളം അഞ്ച് വര്‍ഷത്തിലേറെയായി ഉയര്‍ത്തിയ ചോദ്യം ഉത്തരമില്ലാതെ അവസാനിക്കുകയാണ്. ജെസ്ന ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ തുടങ്ങിയ അടിസ്ഥാന സംശയങ്ങള്‍ക്ക് പോലും ഉത്തരമില്ല. 2018 മാര്‍ച്ച് 22നാണ് എരുമേലി വെച്ചുച്ചിറ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ ജെസ്നയെ കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജെസ്ന മുണ്ടക്കയം ബസ് സ്റ്റാന്റിലൂടെ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വരെ ലഭിച്ചു. അതിനുശേഷം എന്ത് സംഭവിച്ചൂവെന്നതിന് ഒരു തെളിവുമില്ല. 

ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ ജെസ്നയേക്കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പറഞ്ഞിരുന്നു. പക്ഷെ, കണ്ടെത്തിയില്ല. പിന്നാലെ സിബിഐ കേസേറ്റെടുത്തെങ്കിലും ക്രൈംബ്രാഞ്ച് നിഗമനങ്ങള്‍ തള്ളി. തച്ചങ്കരി അവകാശപ്പെട്ടതുപോലെ നിര്‍ണായക തെളിവൊന്നും ലഭിച്ചില്ലെന്നാണ് സിബിഐ പറയുന്നത്. 

പൂജപ്പുര ജയിലിലെ തടവുകാരന്‍ നല്‍കിയ മൊഴിയായിരുന്നു സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷ നല്‍കിയത്. ജെസ്നക്ക് എന്ത് സംഭവിച്ചെന്ന് തനിക്ക് അറിയാമെന്ന് കൊല്ലം ജില്ല ജയിലില്‍ തനിക്കൊപ്പം കഴിഞ്ഞ ഒരു തടവുകാരന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി. പക്ഷെ, ആ തടവുകാരനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് ജസ്ന എവിടെപ്പോയി, എന്ത് സംഭവിച്ചൂ തുടങ്ങിയ കാര്യങ്ങളിലൊന്നും തെളിവില്ലെന്നും നിര്‍ണായക വിവരം ലഭിക്കാതെ ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ജെസ്ന തിരോധാനം ദുരൂഹതകള്‍ ഒഴിയാതെ അവസാനിക്കും.

Tags:
  • Spotlight