വയനാട്ടിലെ തലപ്പുഴയിൽ ജീപ്പ് മറിഞ്ഞ് ഒന്‍പത് തോട്ടം തൊഴിലാളികള്‍ മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്.
ടീ ട്രേഡിങ് കമ്പനിയുടെ തൊഴിലാളികളുമായി വാളാട് നിന്ന് കമ്പമലയ്ക്കു പോവുകയായിരുന്ന ജീപ്പ് തലപ്പുഴ കണ്ണോത്തുമലയ്ക്ക് സമീപമാണ് അപകടത്തിൽ പെട്ടത്. വളവില്‍ കലുങ്ക് തകര്‍ത്ത് നിയന്ത്രണം വിട്ട് 25 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
മരിച്ച ഒൻപതു പേരും സ്ത്രീകളാണ്.
റാണി (57), ലീല (60), റാബിയ (62), ചിന്നമ്മ (60), ഷാജ (47), ശാന്ത (55) കാര്‍ത്ത്യായനി (65), ചിത്ര (55), ശോഭന (55) എന്നിവരാണ് മരിച്ചത്. തലപ്പുഴ മക്കിമല സ്വദേശികളാണ് എല്ലാവരും. ഉമാദേവി (40), ജയന്തി (45), ലത (38), മോഹന സുന്ദരി, ഡ്രൈവര്‍ മണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. മരിച്ചവരില്‍, മക്കിമല ആറാം നമ്പര്‍ പാടിയിലെ ശാന്തയും മകള്‍ ചിത്രയുംഅമ്മയും മകളുമാണ്.
ജീപ്പ് അരുവിയിലെ കല്ലുകള്‍ക്ക് മുകളിലേക്ക് വീണത് മരണസംഖ്യ ഉയരാന്‍ കാരണമായി. ഇറക്കത്തില്‍ ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്ന് ഡ്രൈവര്‍ മണി പറഞ്ഞത്. ജീപ്പ് പൂര്‍ണമായി തകര്‍ന്നു.
പരുക്കേറ്റവർ കോഴിക്കോട്, വയനാട് മെഡി. കോളജുകളില്‍ ചികില്‍സയില്‍ തുടരുന്നു.